Categories: Daily Reflection

അനുഗ്രഹത്തിന്റെ ആഴം അളന്നിട്ടുണ്ടോ?

നീ അനുഗ്രഹത്തിന്റെ ഒരു ദിവസം പോലും നഷ്ടമാക്കരുത്...

ദൈവത്തിന്റെ കൃപകളുടെ വലുപ്പമാണ് എസക്കിയേൽ പ്രവാചകന്റെ പുസ്തകം 47:1 മുതൽ കാണുന്നത്. ദേവാലയ പൂമുഖത്തുനിന്നും ഒഴുകുന്ന വെള്ളം, അത് അളക്കുന്ന പ്രവാചകന് അവസാനം അളക്കാൻ പറ്റാത്തവിധം ആഴമുള്ള നദിപോലെയായി എന്ന് വചനം. ഇവിടെ സുന്ദരമായ ഒരു കാര്യമുണ്ട്, ദൈവത്തിന്റെ അനുഗ്രഹങ്ങൾ എന്നും അനവധിയാണ്, അത് മനുഷ്യന് അളക്കാൻ പറ്റാത്തവിധം അനവധിയാണ്. ആർക്കാണ് അത് അനുഭവിക്കാൻ കഴിയുക? അതിനുവേണ്ടി ആഗ്രഹിക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നവനാണ് അത് അനുഭവിക്കാൻ കഴിയുന്നത്. ഇവിടെ പ്രവാചകൻ വെറുതെയിരുന്നില്ല, ദൈവത്തിന്റെ വാക്കുകേട്ട് ജലത്തിന്റെ ആഴം അലക്കുന്നുണ്ട്, അളക്കുന്തോറും അളക്കാൻ പറ്റാത്തവിധം ആഴമുള്ളതായി മാറി. അനുഗ്രഹങ്ങളുടെ ആഴവും വലുപ്പവും പ്രവാചകൻ അളക്കുന്നു.

ഈ അനുഗ്രഹങ്ങളുടെ ആഴം അളക്കാൻ പറ്റാതെപോയ ഒരു വ്യക്തിയെയാണ് യോഹന്നാന്റെ സുവിശേഷം 5:1-16 ൽ കാണുന്നത്. 38 വർഷമായി അവനു ആഗ്രഹമുണ്ടായിരുന്നു അനുഗ്രഹത്തിന്റെ തീരം തേടാൻ പക്ഷേ സാധിച്ചിരുന്നില്ല. 38 വർഷം ഒരു മനുഷ്യന്റെ ആയുസ്സിന്റെ പ്രധാനഭാഗമാണ്. മോശ ഇസ്രായേൽ ജനങ്ങളുടെ കൂടെ മരുഭൂമിയിൽ സഞ്ചരിച്ചത് 38 വർഷമാണ്. ഇസ്രായേൽക്കാരെ മോചിപ്പിച്ച് തേനുംപാലും ഒഴുകുന്ന നാട്ടിൽ എത്തിക്കുന്നതുവരെയുള്ള, അനുഗ്രഹത്തിന്റെ നാട്ടിലെത്തുന്നതുവരെയുള്ള സമയം. ആ അർത്ഥത്തിൽ ഈ 38 വർഷക്കാലം അനുഗ്രഹത്തിനുവേണ്ടിയുള്ള ആഗ്രഹത്തിൽ കഴിയുകയായിരുന്നു. പക്ഷെ അവനു സാധിച്ചില്ല. കാരണം, ഒരർത്ഥത്തിൽ അവനെ ആരും സഹായിച്ചില്ല എന്നതാണ്. എന്നാൽ യഹൂദരുടെ ഇടയിലുണ്ടായിരുന്ന ഇത്തരം രോഗികൾക്ക് സുഖം പ്രാപിക്കാനുള്ള ആഗ്രഹവും ഇല്ലായിരുന്നുവെന്നുകൂടി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്, കാരണം രോഗാവസ്ഥ വിട്ടാൽ അവൻ സാധാരണ മനുഷ്യരെപ്പോലെ ജോലിചെയ്തു ജീവിക്കേണ്ടതായി വരും. ആ അർത്ഥത്തിൽ ഈ മനുഷ്യൻ ചിലപ്പോൾ അനുഗ്രഹം പ്രാപിക്കുന്ന സമയത്ത് വെള്ളത്തിൽ ഇറങ്ങാൻ തീവ്രമായി പരിശ്രമിച്ചിട്ടുണ്ടാവില്ല എന്നുകൂടി വ്യാഖ്യാനിക്കാം. അതുകൊണ്ടാണ് യേശു അവനോടു പറയുന്നത് നീ നിന്റെ കിടക്കയെടുത്ത് നടക്കുക. ഇനി നീയാണ് പരിശ്രമിക്കേണ്ടത്, നിന്നെ സഹായിക്കാൻ വേറെ ഒരാൾ വരേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ഇനി നീ മറ്റുവരിൽ ആശ്രയിക്കാൻ പാടില്ല, നീ തന്നെ അനുഗ്രഹത്തിന്റെ നീർച്ചാലിലേക്കു നടന്നടുക്കണം എന്നു കൂടി യേശുവിന്റെ വാക്കുകൾക്ക് അർത്ഥമുണ്ട്.

അത് സാബത്ത് ദിവസം കൂടിയായിരുന്നു. അനുഗ്രഹത്തിന്റെ ദിവസം. ഇനിമേൽ നീ അനുഗ്രഹത്തിന്റെ ഒരു ദിവസം പോലും നഷ്ടമാക്കരുത്. അനുഗ്രഹത്തിന്റെ തീരത്തിലൂടെ അനുഗ്രഹത്തിന്റെ ആഴം അളന്നളന്നു പോകണം. എസക്കിയേൽ പ്രവാചകനുണ്ടായ അനുഭവം പോലെ, അനുഗ്രഹത്തിന്റെ അളക്കാൻ പറ്റാത്തത്രആഴത്തിലേക്ക് നീ ഇറങ്ങണം എന്നുകൂടി അതിനു ധ്വനിയുണ്ട്. അനുഗ്രഹത്തിന്റെ വഴിയിലൂടെ നടക്കുന്ന നമുക്കുള്ള ഒരു ആഹ്വാനം കൂടിയാണത്, ഒരു ദിവസം അനുഗ്രഹം കിട്ടി, പിന്നെ കുറേനാൾ മാറിനിന്നു, വീണ്ടും ആവശ്യമുള്ളപ്പോൾ അവിടുത്തെ തേടി. അങ്ങിനെയുള്ള ഒന്നല്ല ആത്മീയത. അനുഗ്രഹത്തിന്റെ വഴിലൂടെ ഒരിക്കലും നിലക്കാത്ത ദാഹത്തോടെ ഒരിക്കലും തളരാത്ത മനസോടെ അന്വേഷിക്കണമെന്ന് സാരം. അപ്പോൾ ആളക്കാൻ പറ്റാത്തത്ര ആഴമുള്ള അനുഗ്രഹത്തിന്റെ പെരുപ്പം നമുക്കും ദർശിക്കാനാകും.

vox_editor

Share
Published by
vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

3 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

4 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

7 days ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

7 days ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

7 days ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago