Categories: Sunday Homilies

Palm Sunday_Year B_വിശുദ്ധവാരത്തിലേക്കുള്ള വാതിൽ

ഈ ലോകത്തിന്റെ ശക്തിക്കും അധികാര ഗർവ്വിനുമെതിരെ ലാളിത്യത്തിന്റെയും സൗമ്യതയുടേയും പാഠം...

കുരുത്തോല തിരുനാൾ
ഒന്നാം വായന: ഏശയ്യ 50:4-7
രണ്ടാം വായന: ഫിലിപ്പി 2:6-11
സുവിശേഷം: വി.മാർക്കോസ് 14:1-15:47

ആമുഖം

‘വിശുദ്ധ വാരത്തിലേക്കുളള വാതില്‍’ എന്ന് വിശേഷിപ്പിക്കാറുളള “ഓശാന ഞായറി”ലേക്കു നാം പ്രവേശിച്ചിരിക്കുകയാണ്. നമ്മുടെ ആരാധനാ ക്രമത്തില്‍ ഈ ഞായറിനെ ‘കര്‍ത്താവിന്റെ പീഡാനുഭവത്തിന്റെ കുരുത്തോല ഞായറാഴ്ച’ എന്ന് വിശേഷിപ്പിക്കുന്നു. കുതിരയും ചെങ്കോലും കിരീടവും മേലങ്കിയുമില്ലാത്ത ഒരു രാജാവ് കഴുതക്കുട്ടിയുടെ പുറത്ത് വിനയാന്വിതനായി, നന്മയുടെ ചെങ്കോലും, സ്നേഹത്തിന്റെ മേലങ്കിലും സാഹോദര്യത്തിന്റെ കിരീടവുമണിഞ്ഞ്, ജനമനസുകളിലെ നിരത്തുകളിലൂടെ സമാധാനത്തിന്റെ രാജാവായി പ്രവേശിക്കുകയാണ്. കൊറോണാ മഹാമാരിയുടെ ഭീതിയിൽ ഇത്തവണയും കുരുത്തോല പ്രദിക്ഷണത്തിൽ സാധാരണപോലെ പങ്കെടുക്കുവാൻ നമുക്ക് സാധിക്കില്ലായിരിക്കാം, എങ്കിലും പരിമിതമായ സാഹചര്യങ്ങളിൽ പങ്കെടുത്തുകൊണ്ട് ഓശാനാ ഞായറിലൂടെ വിശുദ്ധ വാരത്തിലേയ്ക്ക് നമുക്ക് പ്രവേശിക്കാം.

വചനപ്രഘോഷണ കർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,
ജറുസലേമിലേയ്ക്കുള്ള രാജകീയ പ്രവേശനത്തിൽ യേശുവിനെ ആർപ്പുവിളികളോടുകൂടി എതിരേറ്റവരിൽ ഭൂരിഭാഗവും പെസഹാ തിരുനാളിനായി ദേവാലയത്തിൽ വന്നവരായിരുന്നു. കൂടാതെ യേശുവിനെ അനുഗമിച്ചിരുന്ന ജനാവലിയും സ്ഥലവാസികളും ഇതിൽ പങ്കെടുക്കുന്നു. സാഘോഷമായ ജറുസലേം നഗരപ്രവേശനത്തെ വിവരിച്ചുകൊണ്ട് യേശുവിലൂടെ സംജാതമായ ദൈവരാജ്യത്തിന് സുവിശേഷകൻ സാക്ഷ്യം നൽകുകയാണ്. അതിന്റെ വ്യക്തമായ സൂചനയാണ് രാജാവായ യേശുവിന്റെ കുഴുതകുട്ടിയുടെ പുറത്ത് കയറിയുള്ള യാത്ര.

യേശുവിന്റെ കാലത്തെ റോമൻ സാമ്രാജ്യത്തിലെ അധികാരികൾ മേന്മയേറിയ കുതിരപ്പുറത്തും രഥങ്ങളിലും സഞ്ചരിക്കുമ്പോൾ യേശുവിനും അഞ്ഞൂറു വർഷങ്ങൾക്ക് മുൻപ് “സീയോൻ പുത്രി അതിയായി ആനന്ദിക്കുക, ജറുസലേം പുത്രി അതിയായി ആർപ്പുവിളിക്കുക ഇതാ നിന്റെ രാജാവ് നിന്റെ അടുക്കലേയ്ക്ക് വരുന്നു. അവൻ പ്രതാപവാനും ജയശാലിയുമാണ്. അവൻ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുത കുട്ടിയുടെ പുറത്ത് കയറി വരുന്നുവെന്ന്” സഖറിയാ പ്രവാചകൻ വരാനിരിക്കുന്ന രാജാവിനെക്കുറിച്ച് പറഞ്ഞതുപോലെ (സഖറിയ 9:9) യേശു കഴുത കുട്ടിയുടെ പുറത്ത് കയറി വരികയാണ്.

താൻ രാജാവാണന്നും എന്നാൽ അധികാരം കൈയ്യാളുന്ന റോമാക്കാരെപ്പോലയോ, അധികാരത്തെ അക്രമത്തിലൂടെ തോൽപ്പിക്കാൻ ശ്രമിക്കുന്ന ഗലീലിയൻ വിപ്ലവകാരികളെ (zealots) പോലെയോ അല്ല, തന്റെ ശൈലിയും രാജത്വവുമെന്ന് കഴുത കുട്ടിയുടെ പുറത്തുള്ള യാത്രയിലൂടെ യേശു വ്യക്തമാക്കുകയാണ്. തന്റെ യാത്രയ്ക്കായി ഗ്രാമത്തിൽ നിന്നഴിച്ചെടുക്കുന്ന കഴുതക്കുട്ടിയെ കർത്താവിന്റെ ആവശ്യം കഴിഞ്ഞാൽ ഉടനെ തിരിച്ചയയ്ക്കുന്നതാണെന്ന് ശിഷ്യന്മാരിലൂടെ മുൻകൂട്ടി പറഞ്ഞ് കൊണ്ട് തന്റെ രാജത്വത്തിലെ മര്യാദയും, മാന്യതയും കാണിക്കുന്നു. തന്റെ അധികാരം മറ്റുള്ളവരുടെ സമ്പത്ത് കൈക്കലാക്കുന്നതിലല്ലെന്നും യേശു വെളിപ്പെടുത്തുന്നു.

കർത്താവിന്റെ നാമത്തിൽ ദാവീദിന്റെ രാജ്യം പുന:സ്ഥാപിക്കാൻ വരുന്ന യേശുവിനെ, പഴയ നിയമത്തിൽ എലീഷ പ്രവാചകന്റെ കാലത്ത് അഭിഷേകം ചെയ്യപ്പെട്ട ഇസ്രായേൽ രാജാവായ യേഹുവിനെപ്പോലെ (2രാജാക്കന്മാർ 9:13) ജനങ്ങൾ വസ്ത്രം നിലത്ത് വിരിച്ച് സ്വീകരിക്കുകയാണ്. ജീവിതത്തിന്റെ വ്യത്യസ്ത അവസ്ഥകളിലും സമസ്ത മേഖലകളിലും ക്രൈസ്തവൻ സ്വീകരിക്കേണ്ട നിലപാട് കഴുത കുട്ടിയുടെ പുറത്ത് വരുന്ന യേശു നമ്മെ പഠിപ്പിക്കുകയാണ്. ഈ ലോകത്തിന്റെ ശക്തിക്കും അധികാര ഗർവ്വിനുമെതിരെ ലാളിത്യത്തിന്റെയും സൗമ്യതയുടേയും പാഠവും, വിജയിയാകുമ്പോൾ വിനയമുള്ളവനാകാനും, ജയിക്കുന്നവനേക്കാർ സ്നേഹിക്കുന്നവനാകാനും യേശുവിന്റെ ഈ രാജകീയ യാത്ര നമ്മെ പഠിപ്പിക്കുന്നു. ഈ ലോക രാജാക്കന്മാരും അവരുടെ രാജത്വവും നശിച്ച് പോയിട്ടും യേശുവിന്റെ ആത്മീയ സ്നേഹ സാമ്രാജ്യം ഇന്നും വളരുന്നത് ഇക്കാരണത്താലാണ്. ആശീർവദിച്ച കുരുത്തോലകൾ നമ്മുടെ ഭവനങ്ങളിൽ സൂക്ഷിച്ച് ഓരോ ദിവസവും അത് കാണുമ്പോൾ യേശു പഠിപ്പിക്കുന്ന ഈ പാഠം നമുക്കോർമിക്കാം.

യേശുവിന്റെ രാജകീയ പ്രവേശനത്തില്‍ സന്തോഷിച്ച് അവന്റെ ശിഷ്യഗണവും അവനെ സ്നേഹിക്കുന്നവരും ആര്‍പ്പുവിളിച്ചപ്പോള്‍ യേശുവിനെ വെറുക്കുന്നവരും അവനോട് അസൂയ ഉളളവരും ദുഃഖിതരാകുന്നു. എന്നാല്‍, പിന്നീട് യേശു പിടിക്കപ്പെടുമ്പോള്‍ യേശുവിനെ സ്നേഹിച്ചവര്‍ ദുഃഖിക്കുകയും അവന്‍റെ ശത്രുക്കള്‍ സന്തോഷിക്കുകയും “അവനെ ക്രൂശിക്കുക” എന്ന് ആക്രോശിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഇത്തരത്തിൽ തത്തുല്യമായ ഒരു അവസ്ഥയിലൂടെ നാമും കടന്നുപോയിട്ടുണ്ട്. നമ്മെ സ്നേഹിക്കുന്നവരും, നമ്മോടു വെറുപ്പുളളവരും, നമ്മുടെ ജയപരാജയങ്ങളില്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍, കുരിശില്‍ കിടന്നുകൊണ്ട് യേശു എല്ലാവരോടും ക്ഷമിക്കുന്നു.

ഓശാന ഞായര്‍ പ്രദക്ഷിണവും, കുരിശിന്റെ വഴിയും, യേശു കടന്നുപോയ നമ്മുടെ ജീവിത വഴികള്‍ തന്നെയാണ്. ഈ രണ്ട് വഴികളിലൂടെയും സഞ്ചരിച്ചുകൊണ്ട് നമ്മുടെ ജീവിത യാത്രയ്ക്ക് അവന്‍ മാതൃക നല്‍കുന്നു. നമുക്ക് അവനെ അനുഗമിക്കാം.

ആമേൻ.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…

1 day ago

നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന്

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…

2 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലലല്ല… നിര്‍ണ്ണായക വിവരങ്ങളുമായി മെഡിക്കല്‍ സംഘം

അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…

2 days ago

പാപ്പയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…

3 days ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…

3 days ago

ഫ്രാന്‍സിപ് പാപ്പക്ക് ന്യൂമോണിയോ ബാധ സ്ഥിതീകരിച്ചു

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…

5 days ago