ഓശാന ഞായർ
ജീവിക്കുന്ന ദൈവത്തിന്റെ പീഡാനുഭവവും മരണവും. ഇതാണ് ക്രൈസ്തവീകതയുടെ ഹൃദയം. ആ ഹൃദയത്തിൽ നമ്മൾ എത്തിയിരിക്കുന്നു. യേശുവിൻ്റെ മരുഭൂമിയനുഭവത്തിലൂടെയാണ് നമ്മൾ നോമ്പുകാലം ആരംഭിച്ചത്. അവിടെനിന്നും നമ്മൾ താബോറിലെ സ്വർഗീയ ലാവണ്യമനുഭവിച്ചു. അതിനുശേഷം നിക്കോദേമോസിനെ പോലെ നമ്മൾ അവനുമായി സംഭാഷണത്തിൽ ഏർപ്പെടുകയും ഗ്രീക്കുകാരെ പോലെ അവനെ ആഴത്തിൽ അറിയുകയും ചെയ്തു. ഇപ്പോഴിതാ, അവനോടൊപ്പം നമ്മൾ ജെറുസലേമിലേക്ക് പ്രവേശിക്കുന്നു. ഇനിയുള്ള ദിനങ്ങൾ വിശുദ്ധമാണ്. നിഷ്ക്രിയമായ വിശുദ്ധിയായിരിക്കില്ല ഈ ദിനങ്ങളുടെ പ്രത്യേകത. നിശബ്ദതയുടെയും ഭയത്തിന്റെയും വേദനയുടെയും വഞ്ചനയുടെയും ഒരു അന്തരീക്ഷത്തിലേക്കാണ് നമ്മൾ ഇനി പ്രവേശിക്കാൻ പോകുന്നത്. നസ്രായന്റെ നൊമ്പരനാളുകളാണത്. ഇതാ, ദൈവപുത്രൻ മരിക്കാൻ തന്നെ തീരുമാനിച്ചിരിക്കുന്നു. ദൈവത്തിന്റെ മരണം! ഇതൊരു അറ്റകൈ പ്രയോഗമാണ്. ഒരു സ്വർഗ്ഗീയ വിരോധാഭാസം. അതെ, വിശുദ്ധവാരം ഒരു വൈരുദ്ധ്യവാരം കൂടിയാണ്.
ഒലിവ് ചില്ലകൾ ഉയർത്തി “ദാവീദിന്റെ പുത്രന് ഹോസാന” എന്ന് വിജയാഹ്ലാദം മുഴക്കിയവർ തന്നെയാണ് കുറച്ചു ദിവസങ്ങൾക്ക് ശേഷം “അവനെ ക്രൂശിക്കുക” എന്നും ആക്രോശിക്കാൻ പോകുന്നത്. ഈ വൈരുദ്ധ്യാത്മകതയാണ് സഹനങ്ങളെ പീഡാനുഭവമാക്കുന്നത്. കർത്താവിനുവേണ്ടി ജീവൻ പോലും ത്യജിക്കാൻ സന്നദ്ധനാണെന്നു പറഞ്ഞ പത്രോസാണ് ഒരു പെൺകുട്ടിയുടെ ലളിതമായ ചോദ്യത്തിനു മുൻപിൽ പകച്ചു നിൽകുന്നത്. രാവും പകലും അവനോടൊപ്പം ഉണ്ടായിരുന്ന മറ്റു ശിഷ്യരോ? കൂടെ നിൽക്കേണ്ട സമയത്ത് ഉറങ്ങുകയും ഓടിയൊളിക്കുകയും ചെയ്തു. യൂദാസിന്റെ കാര്യം പറയേണ്ട കാര്യമില്ലല്ലോ… യേശുവിന്റെ നൊമ്പര നിമിഷങ്ങളെ ധ്യാനിക്കുമ്പോൾ ഒരു കാര്യം നമ്മൾ ഓർക്കണം, അവൻ്റെ ചരിത്രത്തിൽ നല്ലവരും ചീത്തവരും ഇല്ല. അവിടെ നിഴലും വെളിച്ചവുമായി നമ്മൾ തന്നെയാണുള്ളത്. അവന്റെ കൂടെയായിരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരാണ് നമ്മൾ ഓരോരുത്തരും, പക്ഷെ ചില നിമിഷങ്ങളിൽ നമ്മൾ പത്രോസിനെ പോലെയാണ് “അവനെ അറിയില്ല” എന്ന് പറയും. ചില നേരങ്ങളിൽ ഓടിയൊളിക്കും, ഒറ്റിക്കൊടുക്കും. പീലാത്തോസിനെപ്പോലെ കൈകഴുകി കാൽവരിയിലേക്ക് അവനെ തള്ളിവിടും. അങ്ങനെ നമ്മുടെ തന്നെ ഉള്ളിൽ നിന്നും അവനെ പുറത്താക്കുകയും ചെയ്യും. അതെ, വിശുദ്ധവാരം ഇന്നലെ നടന്ന ഒരു സംഭവമല്ല, അനുദിനം നമ്മുടെ ഉള്ളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു യാഥാർത്ഥ്യം കൂടിയാണ്. ഈ ആന്തരിക വൈരുദ്ധ്യം നമ്മൾ അംഗീകരിച്ചാൽ മാത്രമേ ഉത്ഥാനം ഒരു അനുഭവമാകൂ. കാരണം, വിശുദ്ധവാരം വലിയ വിജയമായി മാറിയ ഒരു പരാജയത്തിന്റെ ആഘോഷമാണ്. വിജയിയായി മാറിയത് കുരിശിൽ കിടന്നവൻ മാത്രമല്ല, കാൽവരിയിൽ നിന്നും ഓടിയൊളിച്ച ശിഷ്യരും കൂടിയാണ്. ഇതാണ് ദൈവിക വൈരുദ്ധ്യാത്മകത! ബലിയായവൻ ബലവാനായപ്പോൾ ബലഹീനരും അവനാൽ ബലവാന്മാരായി.
ഇന്നത്തെ പീഡാനുഭവ വിവരണം മർക്കോസിന്റെ സുവിശേഷത്തിൽ നിന്നാണ്. ആദ്യത്തെ സുവിശേഷമാണത്. പച്ചയായ മനുഷ്യനാണ് മർക്കോസിന്റെ സുവിശേഷത്തിലെ യേശു. ഒരു സാധാരണ മനുഷ്യനെ പോലെയാണ് അവൻ്റെ പ്രതികരണങ്ങൾ. അവൻ ദേഷ്യപ്പെടുന്നവനാണ്, ഭയപ്പെടുന്നവനാണ്. ഗത്സെമനിയിൽ അവൻ പ്രാർത്ഥിക്കുന്ന രംഗം കാണുക. അവൻ പര്യാകുലനും അസ്വസ്ഥനുമായിരുന്നു എന്നാണ് സുവിശേഷകൻ പറയുന്നത്. ഒരു സാധാരണ മനുഷ്യൻ്റെ സകല വികാരങ്ങളും അവനിലുണ്ടായിരുന്നു. എന്നിട്ടും യൂദാസ് അവനെ ചുംബിക്കാൻ വരുമ്പോൾ അവൻ ഒന്നും മിണ്ടുന്നില്ല, കൂടെയുണ്ടായിരുന്ന ഒരുവൻ പ്രധാന പുരോഹിതന്റെ സേവകനെ മുറിവേൽപ്പിച്ചപ്പോൾ അവൻ പ്രതികരിക്കുന്നില്ല. സുവിശേഷ തത്വങ്ങളിൽ നിന്നും നേർവിപരീതമായ പ്രവൃത്തിയാണ് അവിടെ സംഭവിച്ചത്. എന്നിട്ടും അവൻ നിർന്നിമേഷനായി നിൽക്കുന്നു. ചോദ്യശരങ്ങളുടെ നടുവിലാണ് അവർ അവനെ നിർത്തിയത്. അവിടെയും അവൻ നിശബ്ദനായി. രണ്ടു ചോദ്യങ്ങൾക്കു മാത്രം അവൻ ഉത്തരം നൽകി; പ്രധാനപുരോഹിതനോടും പീലാത്തോസിനോടും.
“നീയാണോ വാഴ്ത്തപ്പെട്ടവന്റെ പുത്രനായ ക്രിസ്തു?”
“ഞാൻ തന്നെ”.
“നീ യഹൂദരുടെ രാജാവാണോ?”
“നീതന്നെ പറയുന്നു”.
തനിക്ക് തടയാൻ കഴിയാത്ത സംഭവങ്ങൾക്കെതിരെ അവൻ മത്സരിക്കുന്നില്ല. ഒരു വാക്കു കൊണ്ടു പോലും അവൻ പ്രതിരോധം ഉയർത്തുന്നുമില്ല. എല്ലാം അവൻ നിശബ്ദമായി അംഗീകരിക്കുന്നു. തനിക്ക് സാധിക്കാത്തത് പിതാവിന് സാധിക്കും എന്ന വ്യക്തമായ ബോധ്യത്തോടെ. എങ്കിൽ മാത്രമേ തിരുവെഴുത്തുകൾ നിറവേറൂ.
മർക്കോസിന്റെ പീഡാനുഭവ വിവരണത്തിൽ മുഴച്ചുനിൽക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് മേൽവസ്ത്രം ഉപേക്ഷിച്ചു നഗ്നനായി ഓടിമറഞ്ഞ യുവാവും ശതാധിപനും. നമുക്കറിയില്ല ആരാണ് ഈ യുവാവ് എന്ന് (14:51-52). അത് സുവിശേഷകൻ തന്നെയാണ് എന്നാണ് പാരമ്പര്യം പറയുന്നത്. അവൻ ഉപേക്ഷിച്ച കച്ച അഥവാ മേൽവസ്ത്രത്തിന് (σινδών – sindón) ആഴമായ അർത്ഥതലങ്ങളുണ്ട്. കച്ച ആവരണമാണ്. ഉത്ഥിതന്റെ പ്രതിബിംബം പതിയേണ്ട ആവരണം. പടയാളികൾക്ക് യേശുവിനെ ബന്ധിക്കാൻ സാധിച്ചു, പക്ഷേ അവൻ അവർക്ക് നൽകാൻ പോകുന്നത് ആ കച്ചയിൽ പതിഞ്ഞ പ്രതിബിംബമായിരിക്കും. ശതാധിപനാണ് രണ്ടാമത്തെയാൾ. ആരാണ് യേശു എന്ന ചോദ്യത്തിനുള്ള ഉത്തരം തേടലാണ് മർക്കോസിന്റെ സുവിശേഷം. ഒടുവിൽ ഇതാ ഉത്തരം! ഒരു ശിഷ്യൻ്റെ അധരങ്ങളിലൂടെയല്ല, ഒരു വിജാതീയ പടയാളിയുടെ അധരങ്ങളിൽ നിന്നാണ്; “സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു” (15:39). ഇതുതന്നെയാകണം നമ്മുടെയും വിശ്വാസം. മുറിവേറ്റവനിൽ ദൈവത്തെ കാണുമ്പോഴാണ് നമ്മുടെ വിശ്വാസം യഥാർത്ഥമാകുന്നത്. വിശുദ്ധവാരത്തിൽ നമ്മൾ ധ്യാനിക്കേണ്ടത് ഈ മുറിവേറ്റ മുഖത്തെ മാത്രമായിരിക്കണം.
നമ്മളായിരുന്നു നോമ്പുകാലത്തെ പ്രധാന കഥാപാത്രങ്ങൾ. നമ്മുടെ പ്രാർത്ഥനകൾ, ഉപവാസങ്ങൾ, ദാനധർമ്മങ്ങൾ എന്നിവയ്ക്കായിരുന്നു ഈ ദിനങ്ങളിൽ പ്രാധാന്യമുണ്ടായിരുന്നത്. വിശുദ്ധ വാരത്തിൽ നമ്മളല്ല, യേശുവാണ് നായകൻ. നമ്മൾ എന്തു ചെയ്തു എന്നതല്ല ഇനി ധ്യാനിക്കേണ്ടത്, ദൈവം നമുക്ക് വേണ്ടി എന്തു ചെയ്യുന്നു എന്നതാണ്. ഈ വാരത്തിൽ നമ്മൾ കാഴ്ചക്കാരല്ല. പങ്കുകാരാണ്. ചിലപ്പോൾ നമ്മൾ ഭയപ്പാടേറ്റ ശിഷ്യരെ പോലെ ആയിരിക്കാം, യൂദാസ് അല്ലെങ്കിൽ പത്രോസ്, ശതാധിപൻ അല്ലെങ്കിൽ കുരിശിനു കീഴിലുള്ള സ്ത്രീകളിൽ ആരെങ്കിലും ഒരാൾ… ഒരു തിരിച്ചറിവ് നൽകുന്ന ധ്യാനമായി ഈ ദിനങ്ങൾ നമുക്കു മാറണം. മനസ്സിലാക്കാനല്ല, അനുഭവിക്കാനായി നമ്മൾ അവനോടൊപ്പം യാത്ര തുടരണം. അവൻ്റെ നൊമ്പരങ്ങൾ തിരുവചനങ്ങളായി നമ്മുടെ ആത്മാവിലും ശരീരത്തിലും പതിയണം. അപ്പോൾ നമ്മൾ തിരിച്ചറിയും ശരീരത്തിൽ പീഡകളേറ്റവൻ സ്വന്തം ശരീരം നൽകിയാണ് നമ്മെ സ്നേഹിച്ചതെന്ന കാര്യം. അതെ, മാംസനിബന്ധം കൂടിയാണ് രാഗം.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്‌ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.