Categories: Meditation

Baptism of the Lord_Year C_ആത്മാവും അഗ്നിയും (ലൂക്കാ 3 : 15-16, 21-22)

ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്നവർ അവൻ നൽകുന്ന സ്നാനത്തിലേക്ക് സഹജരെ നയിക്കുന്നവരാണ്...

കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾ

“എന്നെക്കാള്‍ ശക്‌തനായ ഒരുവന്‍ വരുന്നു… അവന്‍ പരിശുദ്‌ധാത്മാവിനാലും അഗ്‌നിയാലും നിങ്ങള്‍ക്കു സ്‌നാനം നല്‍കും” (v.16). ഇതാണ് സ്നാപക സാക്ഷ്യത്തിന്റെ കാതൽ. ശക്തമായ വാക്കുകളുള്ളവനാണെങ്കിലും എളിമയുടെ മൂർത്തീഭാവമാണവൻ. വരാനിരിക്കുന്നവന്റെ ചെരുപ്പിന്റെ കെട്ടുകൾ അഴിക്കാൻ പോലും തനിക്ക് യോഗ്യതയില്ല എന്ന് പറയുന്നതിലൂടെ ഒരു അടിമയെക്കാൾ ചെറിയവനാകുകയാണ് ഈ പ്രവാചകൻ. താൻ ആർക്കാണ് സാക്ഷ്യം നൽകുന്നത് ആ സാക്ഷ്യത്തിനു മുകളിൽ സ്വയം അവൻ പ്രതിഷ്ഠിക്കുന്നില്ല. ശക്തനായവന്റെ മുമ്പിൽ എളിമയോടെ നിൽക്കാൻ കഴിയുന്ന മനസ്സ്; അതാണ് സ്നാപകന്റെ തനിമ. ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്നവർ അവനേക്കാൾ വലിയവരായി സ്വയം പ്രതിഷ്ഠിക്കുന്ന ഈ കാലയളവിൽ സ്നാപകൻ ഒരു മാതൃകയാണ്. നോക്കുക, സ്നാപകനെ പോലെ സാക്ഷ്യവും സാക്ഷിയും തമ്മിലുള്ള പൊരുത്തത്തിൽ നിന്നുമാത്രമേ ക്രൈസ്തവ വിശ്വാസത്തിന്റെ വിത്തുകൾ ഭൂമിയിൽ മുളക്കു.

ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്നവർ അവൻ നൽകുന്ന സ്നാനത്തിലേക്ക് സഹജരെ നയിക്കുന്നവരാണ്. ക്രിസ്തു പ്രദാനം ചെയ്യുന്ന സ്നാനത്തിലേക്ക് കേൾവിക്കാരെ നയിക്കാൻ സാധിക്കാത്ത തരത്തിലുള്ള പ്രഘോഷണമാണ് നമ്മൾ നടത്തുന്നതെങ്കിൽ ആ പ്രഘോഷണം സാക്ഷ്യമല്ല, അത് വെറും പ്രഭാഷണം മാത്രമാണ്. നിലനിൽപ്പിന്റെ ധർമ്മസങ്കടത്തിനു മുമ്പിൽ സത്യത്തെ ബലികഴിക്കാത്ത ഒരു മനസ്സും ദൈവിക ചോദനയുടെ മുമ്പിൽ ഒരു അടിമയായി മാറാനുള്ള ഹൃദയ നൈർമ്മല്യവും മാത്രം മതി സ്നാപകനെ പോലെ ഒരു സാക്ഷിയാകാൻ നമുക്കും സാധിക്കും. ക്രിസ്തുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് “ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്നവൻ അവനെ നിങ്ങൾ അനുഗമിക്കു” എന്നു പറയാൻ സാധിക്കുന്നവരാണ് യഥാർത്ഥ ക്രിസ്തുസാക്ഷികൾ (cf. യോഹ 1:36-37). സ്നാനം വേണ്ട, ക്രിസ്തുവിനെ  നിങ്ങൾ വെറുതെ അറിഞ്ഞാൽ മാത്രം മതി എന്ന ചിന്ത സുവിശേഷാത്മകമല്ല. രാഷ്ട്ര നിർമ്മിതിക്കും സാമൂഹിക പുരോഗതിക്കും സാംസ്കാരിക വളർച്ചയ്ക്കും ഉപകരിക്കുന്ന സംഭാവനകൾ നൽകികൊണ്ട് ചില ഉപവി പ്രവർത്തനങ്ങളിൽ മുഴുകുകയെന്നതല്ല ക്രൈസ്തവ സാക്ഷ്യം. പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്നാനം നൽകുന്ന യേശുവിനെ ചൂണ്ടിക്കാണിക്കാനുള്ള ആത്മീയ ഉത്തരവാദിത്വം കൂടിയാണത്. ഈ ഉത്തരവാദിത്വത്തെ അവഗണിക്കാനും തമസ്കരിക്കാനും ഉപദേശിക്കുന്നവർ മരുഭൂമിയിലെ പ്രലോഭകനു തുല്യമാണ്. അവർ പിശാചിന്റെ പ്രതിനിധികളാണ്. അങ്ങനെയുള്ളവരെ ദൈവവചനം ഉപയോഗിച്ച് മാറ്റിനിർത്തുകയെന്നത് ക്രിസ്തുവിൽ സ്നാനം സ്വീകരിച്ച നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

സ്നാനത്തിന് മലയാളത്തിൽ ഉപസർഗ്ഗമായി നമ്മൾ ജ്ഞാനമെന്ന പദവും ചേർക്കുന്നുണ്ട്. അങ്ങനെ സ്നാനം ജ്ഞാനസ്നാനമാകുന്നു. അപ്പോഴും ഒരു കാര്യം ഓർക്കണം, ക്രിസ്തുവിനെക്കുറിച്ചുള്ള അറിവു മാത്രല്ല ഈ സ്നാനം. ക്രിസ്തുവെന്ന അനുഭവമാണ്. ആ അനുഭവത്തിലേക്കാണ് സ്നാപകൻ തന്റെ കേൾവിക്കാരെ ക്ഷണിക്കുന്നത്.

ആത്മാവിലും അഗ്നിയിലും സ്നാനം നൽകുന്നവനാണ് യേശു. ആത്മാവും അഗ്നിയും – വിശുദ്ധിയെ നിർവചിക്കാൻ ഇതിലും മനോഹരമായ പ്രതീകങ്ങൾ വേറെയില്ല. ജലം ശുദ്ധിയുടെ പ്രതീകമാകുമ്പോൾ, അഗ്നി വിശുദ്ധിയുടെതാണ്. ദൈവമെന്ന അഗ്നിയിൽ മുങ്ങി കുളിക്കുക! മറ്റൊരു രീതിയിൽ പറഞ്ഞാൽ അഗ്നിശുദ്ധിയാണ് ജ്ഞാനസ്നാനം. സഹനത്തിന്റെ അർത്ഥതലങ്ങൾ അടങ്ങിയിട്ടുള്ള യാഥാർത്ഥ്യം; ഒരു ഉഷ്ണാനുഭവം. അതുകൊണ്ടാണ് സുവിശേഷത്തിൽ എവിടെയോ കാൽവരി സംഭവത്തെ ഒരു സ്നാനമായി യേശു താരതമ്യം ചെയ്യുന്നത് (cf. മർക്കോ 10:39, ലൂക്കാ 12:50). ആ ഉഷ്ണം സ്നേഹത്തിന്റെ ഊഷ്മളതയാണ്. ക്രിസ്തുസ്നേഹത്തിന്റെ ചൂടാണത്. അതുകൊണ്ടുതന്നെ എന്താണ് ജ്ഞാനസ്നാനം എന്ന് ചോദിച്ചാൽ  ക്രിസ്തുവെന്ന സ്നേഹാഗ്നിയിൽ മുങ്ങിനിവരുന്ന പ്രക്രിയയാണത് എന്നുമാത്രമേ പറയാൻ സാധിക്കൂ.

തന്നിലൂടെ പിതാവിനെ ലോകത്തിന് കാണിച്ചു നൽകി എന്നതു മാത്രമല്ല യേശു ചെയ്ത പ്രവർത്തികൾ, അതിലൂടെ സഹായകനായ ആത്മാവിനെയും പകർന്നു നൽകി എന്നതാണ്. അമൂർത്തമായ ആ ദൈവിക യാഥാർത്ഥ്യത്തിന് സ്നേഹമെന്ന് മാത്രമേ പര്യായമുള്ളൂ. ആത്മാവിലും സ്നാനം നല്കുന്നവനാണ് ക്രിസ്തുവെന്ന് പറയുമ്പോൾ സ്നേഹം ധാരയായി പകർന്നുനൽകുന്നവനാണ് അവനെന്നും അർത്ഥമുണ്ട്. അതെ, സ്നാനം ആത്യന്തികമായി സംഭവിക്കുന്നത് ആത്മാവിലാണ്. അത് ക്രിസ്തു സ്നേഹത്തിലുള്ള ഒരു മുങ്ങിക്കുളിയാണ്. ആ സ്നേഹത്തിന്റെ ഈറനണിഞ്ഞു കൊണ്ട് സഹജരിൽ കുളിർമയാകുന്നവരെ മാത്രമെ ക്രിസ്ത്യാനികൾ എന്ന് വിളിക്കാൻ സാധിക്കു.

vox_editor

Recent Posts

4th Advent Sunday_രണ്ടു സ്ത്രീകൾ (ലൂക്കാ 1:39-45)

ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…

6 days ago

ക്രിസ്‌തുമസ്കാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്, പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിന്റെ പ്രവാചകരാകാൻ; ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…

6 days ago

ഫ്രഞ്ച് ദ്വീപിലേക്ക് പാപ്പയെ അനുഗമിച്ച് കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്

അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…

1 week ago

Advent 3rd Sunday_മനുഷ്യത്വമാണ് വിശുദ്ധി (ലൂക്കാ 3: 10-18)

ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…

2 weeks ago

ഫ്രാന്‍സീസ് പാപ്പാ മുന്നാമതും ഫ്രാന്‍സിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …

2 weeks ago

ഫ്രാന്‍സിസ് പാപ്പ വൈദികനായിട്ട് 55 വര്‍ഷങ്ങള്‍

  വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…

2 weeks ago