Categories: Meditation

Advent 2nd_Sunday_മരുഭൂമിയിലെ ശബ്ദം (ലൂക്കാ 3:1-6)

എളിയവരെ തെരഞ്ഞെടുക്കുന്നത് ദൈവത്തിന്റെ ലോജിക്കാണ്. അവനാണല്ലോ ശക്തന്മാരെ സിംഹാസനത്തിൽ നിന്നും മറിച്ചിടുന്നവൻ...

ആഗമനകാലം രണ്ടാം ഞായർ

തീർത്തും രാജോചിതമായിട്ടാണ് ലൂക്കായുടെ സുവിശേഷം യേശുവിന്റെ പരസ്യജീവിതത്തെ കുറിച്ചുള്ള വിവരണമാരംഭിക്കുന്നത്. ആ കാലഘട്ടത്തിലെ രാജാക്കന്മാരുടെയും പുരോഹിതരുടെയും ഒരു ലിസ്റ്റ് തയ്യാറാക്കി കൊണ്ടാണ് അത് തുടങ്ങുന്നത്. പക്ഷേ, പെട്ടെന്നുതന്നെ ആ രാജകീയ വിവരണം ഹൈജാക്ക് ചെയ്യപ്പെടുന്നതായിട്ട് നമുക്ക് കാണാൻ സാധിക്കും. ആഖ്യാനം പിന്നീട് യൂദയായിലെ മരുഭൂമിയിലേക്ക് വഴിതിരിക്കപ്പെടുന്നു. സുവിശേഷം പറയുന്നു; “സഖറിയായുടെ പുത്രനായ യോഹന്നാന്‌ മരുഭൂമിയില്‍ വച്ചു ദൈവത്തിന്റെ അരുളപ്പാടുണ്ടായി” (v.2).

അപരിമേയമായ വചനം ചരിത്രത്തിന്റെ പൂർണ്ണതയെന്നപോലെ ഒരു എളിയവനിലേക്ക് ഇറങ്ങിവരുന്നു. പറഞ്ഞുതുടങ്ങിയ രാജാക്കന്മാരുടെയും പുരോഹിതന്മാരുടെയും ചരിത്രകഥകൾക്ക് എന്തോ കുറവുള്ളത് പോലെ തോന്നുന്നു. ദൈവവചനം ചരിത്രത്തിന്റെമേൽ ഏതോ ഒരു നിർവൃതി കുത്തിവയ്ക്കുന്നു. അത് ഒരു ഉന്മാദലഹരിയിലെന്നപോലെ അധികാരത്തിന്റെയും ആധിപത്യത്തിന്റെയും യുക്തിയിൽ നിന്ന് സ്വയം ഉയർന്നു പൊങ്ങുന്നു. വലിയ രാജ്യങ്ങളുടെ തലസ്ഥാന നഗരികളിൽ മാത്രം ചുരുണ്ട് കിടന്നുറങ്ങിയ ചരിത്രം രാജകൊട്ടാരങ്ങളും അന്തഃപുരങ്ങളും ഉപേക്ഷിച്ചു മരുഭൂമിയിലേക്ക് യാത്ര തിരിക്കുന്നു.

എളിയവരെ തെരഞ്ഞെടുക്കുന്നത് ദൈവത്തിന്റെ ലോജിക്കാണ്. അവനാണല്ലോ ശക്തന്മാരെ സിംഹാസനത്തിൽ നിന്നും മറിച്ചിടുന്നവൻ. പാവങ്ങളുടെ കരങ്ങളിൽ രാജഭരണത്തിന്റെ താക്കോൽ ഏൽപ്പിക്കുന്ന യുക്തി അവന് മാത്രമുള്ളതാണ്. അതുകൊണ്ടുതന്നെ ദൈവത്തെ സംബന്ധിച്ച് വചനത്താൽ കത്തിജ്വലിക്കുന്ന ഒരുവൻ മാത്രം മതി, ചരിത്രത്തിന്റെ ഗതിയെ പാടെ മാറ്റിമറിക്കുന്നതിന്.

ആരായിരിക്കും ഇനി ചരിത്രത്തിന്റെ താളുകളിൽ തെളിഞ്ഞു നിൽക്കുക? ശരിയാണ്, ഹേറോദേസിന്റെ ഒരു മങ്ങിയ ചിത്രം അവിടെയുണ്ടാകും. പക്ഷേ, ആ ചിത്രത്തിൽ ഒത്തിരി കുരുന്നുകളുടെ രക്തക്കറയുമുണ്ടാകും. പീലാത്തോസും അവിടെ ഉണ്ടാകും, നിഷ്കളങ്കന്റെ മരണത്തിന് കൂട്ടുനിന്ന ഭരണാധികാരി എന്ന നിലയിൽ. അപ്പോഴും ഓർക്കുക, നന്മയുടെ വിത്തുകൾ ചിന്തകളായും വാക്കുകളായും പ്രവൃത്തികളായും വിതച്ചിട്ടുള്ളവരുടെ ചിത്രങ്ങൾ മാത്രമാണ് ചരിത്രത്തിന്റെ താളുകളിൽ ഇപ്പോഴും ശോഭയോടെ നിൽക്കുന്നത്. കാരണം, അവർ വിതച്ച വിത്തുകൾ സ്വർഗ്ഗത്തിന്റെ വിത്തുകളായിരുന്നു.

“യോഹന്നാന് മരുഭൂമിയിൽ വച്ച് ദൈവത്തിന്റെ അരുളപ്പാടുണ്ടായി”. വചനം അവനിലേക്ക് ഇറങ്ങിവന്നു. അതെ, ദൈവത്തിന്റെ അരുളപ്പാട് ഇപ്പോഴും ഉണ്ടാകുന്നുണ്ട്. ദൈവവചനം ഒരു അമ്മക്കിളിയെന്നപോലെ കൂട് അന്വേഷിച്ച് പറന്നു നടക്കുന്നു. നിത്യ പാന്ഥനെന്നപോലെ ഒരു ശാലീന ഹൃദയമന്വേഷിച്ച് തെരുവുകളിലൂടെ അലയുന്നു. അക്ഷരകൂട്ടായി മാറുന്നതിനു വേണ്ടി വചനം അതിന്റെ ലിപികളെ തേടുന്നു. ഓർക്കുക, ഒരു പ്രവാചകനായി തീരുവാൻ സാധിക്കാത്ത തരത്തിൽ ആരുംതന്നെ ദൈവത്തിന്റെ മുമ്പിൽ അത്രയ്ക്ക് പാപികളൊ ചെറുതൊ അല്ല.

“മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്‌ദം: കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍;അവന്റെ പാത നേരെയാക്കുവിന്‍. താഴ്‌വരകള്‍ നികത്തപ്പെടും, കുന്നും മലയും നിരത്തപ്പെടും, വളഞ്ഞവഴികള്‍ നേരെയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും” (vv. 4-5) മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം ചിത്രീകരിക്കുന്നത് കൈപ്പേറിയ കാര്യങ്ങളാണ്. ഹിംസയുടെ ചരിത്രത്തെ അത് സ്പർശിക്കുന്നുണ്ട്. കുന്നും മലകളുമെല്ലാം ഗ്രാമങ്ങൾക്ക് സംരക്ഷണം നൽകുന്ന മതിലുകളായിരുന്നു. താഴ്‌വരകൾ നികത്തപ്പെടുമെന്നു മാത്രല്ല സുവിശേഷം പറയുന്നത്, മലയിടുക്കുകൾ നികത്തപ്പെടുമെന്നും അത് ഉദ്ദേശിക്കുന്നുണ്ട് (φάραγξ എന്ന പദത്തിന് മലയിടുക്ക് എന്നും അർത്ഥമുണ്ട്). ശത്രുക്കളിൽ നിന്നുള്ള സംരക്ഷണമാണ് മലയിടുക്കുകൾ. ഇനി അതു വേണ്ട. വരുന്ന നാളുകളിൽ ശത്രുക്കളുണ്ടാവുകയില്ല. ഭയത്തിന്റെ ഒറ്റപ്പെടലോ ഏകാന്തതയോ ഇനിയുണ്ടാകില്ല. ഈ കുന്നും മലയും കന്ദരവുമെല്ലാം നമ്മുടെ ആന്തരികമായ ഭൂമിശാസ്ത്രം കൂടിയാണ്. ഉണങ്ങിയിട്ടില്ലാത്ത മുറിവുകളുടെ ഒരു ഭൂപടം നമുക്കുണ്ട്. മറ്റുള്ളവരിൽ നിന്നും മറഞ്ഞുനിൽക്കുന്നതിനായി ഉയർന്ന മലകളും, ആരും കടന്നു വരാതിരിക്കാനായി ആഴമുള്ള ഗർത്തങ്ങളും നമുക്കുണ്ട്. അതുകൊണ്ട് എല്ലാം പരുപരുത്തതായി അനുഭവപ്പെടുന്നു. ഒരു തുറവ് നമുക്കും ആവശ്യമുണ്ട്, ഗർത്തങ്ങൾ നികത്തിയും മലകൾ നിരത്തിയും വളഞ്ഞ വഴികൾ നേരെയാക്കിയും മൃദുവായ പാതയിലൂടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിനായി.

പ്രവാചകൻ ഒരു ഉറപ്പു നൽകുന്നുണ്ട് സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണുമെന്ന് (v.6). സകല മനുഷ്യരോ? അതെ, സകല മനുഷ്യരും. ദൈവം കടന്നുവരുകയാണ്, ഒരു ഗർത്തത്തിനോ മലയ്ക്കോ അവനെ തടഞ്ഞു നിർത്താൻ സാധിക്കുകയില്ല. വിരൂപമെന്നു നീ കരുതുന്ന നിന്റെ ഹൃദയം പോലും അവനൊരു തടസ്സമല്ല. അവൻ എല്ലാവരിലേക്കും കടന്നു വരും, തന്റെ വചനം കൊണ്ട് അവരുടെ മാനസത്തെ നിറയ്ക്കുകയും ചെയ്യും. അങ്ങനെ മാനവികതയും ദൈവികതയും ഒന്നായി മാറും.

vox_editor

Recent Posts

ഇത് കത്തോലിക്കാസഭയിലെ പ്രായം കുറഞ്ഞ കര്‍ദിനാള്‍

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ശനിയാഴ്ച കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ 21 കര്‍ദിനാള്‍മാരില്‍…

1 day ago

ഫ്രാന്‍സിസ് പാപ്പക്ക് ബെന്‍സിന്‍റെ സമ്മാനം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് സഞ്ചരിക്കാനുളള മേഴ്സിഡസ് ബന്‍സ് സ്പേണ്‍സര്‍ ചെയ്യ്ത പുതിയ ഇലക്ട്രിക് കാറെത്തി.…

6 days ago

വിശുദ്ധ വാതിലിന്‍റെ താക്കോലുകള്‍ പുറത്തെടുത്തു

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: ഡിസംബര്‍ 24 ന് ഫ്രാന്‍സിസ് പാപ്പ ജൂബിലി വര്‍ഷവുമായി ബന്ധപ്പെട്ട് തുറക്കുന്ന വിശുദ്ധ വാതിലുമായി…

6 days ago

1st Sunday_Advent_ജാഗരൂകരായിരിക്കുവിൻ (ലൂക്കാ 21: 25-28. 34-36)

ആഗമനകാലം ഒന്നാം ഞായർ പെസഹായ്ക്കും കാൽവരിയനുഭവത്തിനും മുൻപുള്ള യേശുവിന്റെ അവസാനത്തെ പഠിപ്പിക്കലാണിത്. അവനിപ്പോൾ ദേവാലയ പരിസരത്താണ്. സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും…

2 weeks ago

വത്തിക്കാനില്‍ “ക്രിസ്മസ് ട്രീ” ഉയര്‍ന്നു

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ക്രിസ്മസിന് മുന്നോടിയായി വത്തിക്കാന്‍ ചത്വരത്തില്‍ ഉയര്‍ത്തുന്ന ക്രിസ്മട്രീയുടെ ഒരുക്കങ്ങള്‍ വത്തിക്കാന്‍ ചത്വരത്തില്‍ ആരംഭിച്ചു.…

3 weeks ago

Christ the King_കുരിശിലെ രാജാവ് (യോഹ. 18: 33-37)

ക്രിസ്തുരാജന്റെ തിരുനാൾ പീലാത്തോസിന്റെ പ്രത്തോറിയത്തിൽ, കാൽവരിയുടെ പശ്ചാത്തലത്തിൽ വിരിയുന്ന കുരിശിന്റെ രാജകീയതയാണ് ഇന്നത്തെ സുവിശേഷം. കുരിശാണ് സുവിശേഷത്തിന്റെ കേന്ദ്രം. കുരിശാണ്…

3 weeks ago