Meditation

32nd Sunday_2026_രാത്രിയുടെ അന്ത്യത്തിൽ ഒരു ആലിംഗനം (മത്താ 25: 1-13)

മണവാളനെ എതിരേൽക്കാൻ പ്രതീക്ഷയുടെ വെളിച്ചവുമായി യാത്രയാകുന്ന പത്തു ജീവിതങ്ങൾ!..

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ

പത്ത് കന്യകമാരുടെ ഉപമയാണ് ഇന്നത്തെ ധ്യാനവിഷയം. ഈ ഉപമയിലെ കഥാപാത്രങ്ങളിൽ ആരും തന്നെ പൂർണമായും മാതൃകാപരമായവരല്ല. അതിരുവിട്ട് വൈകിയെത്തുന്ന മണവാളനോ, വാതിൽ കൊട്ടിയടയ്ക്കുന്ന കാവൽക്കാരനോ, സ്വന്തം എണ്ണ പങ്കുവെക്കാൻ വിമുഖത കാട്ടുന്ന വിവേകമതികളായ അഞ്ചു കന്യകമാരോ ആരും നമ്മുടെ ആരാധനാപാത്രങ്ങളാകുന്നില്ല. എങ്കിലും, ഈ ഉപമയുടെ ആരംഭത്തിൽ തെളിയുന്ന ദൃശ്യം എത്രയോ മനോഹരമാണ്! രാത്രിയുടെ നിശ്ശബ്ദതയിൽ പത്തു കുഞ്ഞുദീപങ്ങൾ… ആഘോഷത്തിന്റെ ആനന്ദപ്രതീക്ഷ… ഇരുട്ടിനെ ഭേദിച്ച് വഴിയിലേക്കിറങ്ങുന്ന മനുഷ്യർ… മണവാളനെ എതിരേൽക്കാൻ പ്രതീക്ഷയുടെ വെളിച്ചവുമായി യാത്രയാകുന്ന പത്തു ജീവിതങ്ങൾ!

ദൈവരാജ്യം ഒരു കൂടിക്കാഴ്ചയ്ക്കു തുല്യമാണ്. ജീവിതത്തിന്റെ ഏതോ അഗാധതയിൽനിന്ന് അല്പം സ്നേഹവും, അല്പം സൗന്ദര്യവും, രാത്രിയുടെ അന്ത്യത്തിൽ ഒരു സ്നേഹാലിംഗനവും പ്രതീക്ഷിച്ചുകൊണ്ടുള്ള കാത്തിരിപ്പുപോലെയാണത്.

രാത്രിയുടെ പശ്ചാത്തലത്തിൽ എത്ര മനോഹരമായൊരു ചിത്രം! കത്തിജ്വലിക്കുന്ന പത്തു ദീപങ്ങൾ… ഇരുളിലൂടെ നീങ്ങുന്ന ഒരു നക്ഷത്രക്കൂട്ടം… ആകാശത്തിന്റെ ഒരു ചെറുഖണ്ഡം ഭൂമിയിലേക്ക് ഇറങ്ങിവന്നതുപോലെ! ഇരുളിന്റെ അനന്തതയിൽ മിന്നാമിനുങ്ങുകളെപ്പോലെ പത്തു ഹൃദയങ്ങൾ രാത്രിയെ വെല്ലുവിളിക്കുന്നു. സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ വൈകുന്നതിനെപ്പോലും അവ ധീരമായി നേരിടുന്നു. അവരുടെ കൈവശമുള്ളത് ഒരു ചെറിയ ദീപം മാത്രം; അതിൽ അണയാത്ത വലിയ പ്രതീക്ഷയുണ്ട്.

“അവരെല്ലാവരും ഉറങ്ങിപ്പോയി…” അപ്പോഴാണ് ഉപമയിൽ അപ്രതീക്ഷിതമായൊരു വഴിത്തിരിവുണ്ടാകുന്നത്. അർധരാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ച് ഒരു സ്വരം ഉയരുന്നു. ഉറങ്ങിക്കിടക്കുന്ന ജീവിതങ്ങളെ ഉണർത്താൻ കഴിവുള്ള ഒരു സ്വരം: “ഇതാ, മണവാളൻ വരുന്നു! അവനെ എതിരേൽക്കാൻ പുറപ്പെടുവിൻ!” ഓരോ രാത്രിയിലും, ഓരോ ഏകാന്തതയിലും, ഓരോ ഉപേക്ഷിക്കപ്പെടലിലും, ഓരോ ക്ഷീണത്തിലും, ജീവിതത്തിന്റെ മയക്കത്തിൽനിന്ന് നമ്മെ ഉണർത്താൻ ഒരു സ്വരം വന്നെത്തുമെന്ന തിരിച്ചറിവ് എത്രയോ ആശ്വാസകരമാണ്! ആ സ്വരം നാമെല്ലാവരും എപ്പോഴെങ്കിലും കേട്ടിട്ടുണ്ട്. ചിലപ്പോൾ അതൊരു സുഹൃത്തിന്റെ സ്വരമായിരിക്കാം. ആ സുഹൃത്തിന്റെ പേര് നമുക്കു പറയാൻ കഴിയും. മറ്റുചിലപ്പോൾ അതൊരു പുസ്തകമായിരിക്കാം; അതിന്റെ പേരും നമുക്കു പറയാനാകും. നക്ഷത്രങ്ങളുടെ വിസ്മയവും ഹൃദയത്തിന്റെ നിലവിളിയും നിറഞ്ഞ ഒരു സങ്കീർത്തനമായിരിക്കാം അത്. അല്ലെങ്കിൽ, യേശുവിന്റെ അധരങ്ങളിൽനിന്നുയർന്ന ഒരു ‘നിങ്ങൾ ഭാഗ്യവാന്മാർ’ എന്ന അനുഗ്രഹവചനമായിരിക്കാം.

എഴുന്നേൽക്കുക! യാത്ര തുടരുക! സൗമ്യഹൃദയരേ, നിർമ്മലരേ, ദരിദ്രരേ, നന്മയുള്ളവരേ, ദൈവത്തിന്റെ സ്നേഹത്തിൽ ജീവിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങളിൽ വീണ്ടും പ്രത്യാശയുടെ ജ്വാല തെളിയിക്കുക! ഒരുപക്ഷേ, അത് സ്നേഹപൂർവമായ ഒരു തലോടലായിരിക്കാം. എന്നാൽ, വെറുമൊരു സ്പർശനമല്ല; ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജീവിതത്തെ വീണ്ടും ഉണർത്തുന്ന ഒരു യഥാർഥ സ്നേഹസ്പർശം!

രണ്ടാമത്തെ അപ്രതീക്ഷിത സംഭവം ഇതാണ്: അഞ്ചു കന്യകമാരുടെ എണ്ണ തീർന്നുപോയിരിക്കുന്നു. ഈ ഉപമയിലെ നിഗൂഢമായ എണ്ണ എന്താണെന്ന് സുവിശേഷം നമ്മോടു വിശദീകരിക്കുന്നില്ല. എന്നാൽ, കവിതയ്ക്ക് അതിന്റെ പൊരുൾ പറഞ്ഞുതരാൻ കഴിയും. എണ്ണ വിശ്വാസമാണ്, കരുണയാണ്, സ്നേഹമാണ്. അനേകം ആത്മാക്കളെ ഉൾക്കൊള്ളുന്ന നന്മയുടെ ജ്വാലയാണ്.

ആ അഞ്ചു കന്യകമാരുടെ വീടുകളിൽ എണ്ണയുണ്ടായിരുന്നു. എന്നാൽ അവർ അത് കൂടെ കരുതിയില്ല. കൈവശമുണ്ടായിരുന്നിട്ടും ഉപയോഗിക്കാതെ പോയ ഒരു സമ്പത്ത്! വിനിയോഗിക്കപ്പെടാതെ പാഴായിപ്പോയ ഒരു ഊർജം! ജീവിതത്തിൽ നമുക്കു ലഭിച്ചിട്ടുള്ള സാധ്യതകളെ തിരിച്ചറിയാതെയും അവയെ ഫലപ്രദമായി ഉപയോഗിക്കാതെയും പോകുമ്പോൾ സംഭവിക്കുന്നതും ഇതുതന്നെയാണ്.

ഉന്നതമായ മൂല്യങ്ങൾക്കായി നമ്മുടെ ജീവിതശക്തിയും ഊർജവും വിനിയോഗിക്കാതെ വരുമ്പോൾ നമ്മുടെ ജീവിതത്തിലും ഈ ദുരന്തം സംഭവിക്കുന്നു. കാരണം, കണ്ടുമുട്ടാനും, ആഘോഷിക്കാനും, സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും, ഒരു മണവാളനെ സ്വീകരിക്കാനും, ജീവിതത്തിന്റെ പൂർണതയും സൗന്ദര്യവും അനുഭവിക്കാനുമാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട്, നിന്റെ ഉള്ളിലുള്ള എല്ലാ വിഭവങ്ങളും ഉപയോഗിക്കുക. നമുക്കു ലഭിച്ചിരിക്കുന്ന ജീവിതസമ്പത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക. നമ്മുടെ ചെറുതും വലുതുമായ ജീവിതകലശങ്ങളിൽ പ്രത്യാശയുടെ എണ്ണ വീണ്ടും നിറയ്ക്കുക. നമ്മുടെ ഉള്ളിലെ ജ്വാല അണയാതെ സൂക്ഷിക്കുക.

യുവജനങ്ങളോടും ജീവിതത്തിന്റെ പുതിയ വസന്തത്തിലേക്ക് കാലെടുത്തുവയ്ക്കുന്നവരോടും മാത്രമല്ല, ഓരോ മനുഷ്യനോടും ഈ ഉപമ ഒരു വലിയ ആഹ്വാനം നടത്തുന്നു: നന്നായി ഒരുങ്ങുക; മഹത്തായ കാര്യങ്ങൾക്കായി ഒരുങ്ങുക! ഒരു പിതാവായിത്തീരാൻ, ഒരു മാതാവായിത്തീരാൻ, ഒരു നല്ല സുഹൃത്തായിത്തീരാൻ, സ്നേഹനിധിയായ ജീവിതപങ്കാളിയായിത്തീരാൻ, മറ്റൊരാളുടെ വഴിയിൽ വെളിച്ചമായി മാറാൻ, വഴിയരികിൽ മുറിവേറ്റുകിടക്കുന്നവന്റെ അടുത്തെത്തുന്ന നല്ല സമരിയാക്കാരനായിത്തീരാൻ സ്വയം ഒരുക്കുക.

നമ്മുടെ ജീവിതമാകുന്ന ചെറിയ പാത്രങ്ങളിൽ വിവേകപൂർവം എണ്ണ നിറയ്ക്കുക. നമുക്കു ലഭിച്ചിട്ടുള്ള ബന്ധങ്ങളുടെ സമ്പത്ത് കരുതലോടെ പരിപാലിക്കുക. സൗഹൃദങ്ങളെയും സ്നേഹത്തെയും ഹൃദയബന്ധങ്ങളെയും നിസ്സാരമായി കാണരുത്. അങ്ങനെ ചെയ്താൽ, സൗന്ദര്യം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ അതിനെ തിരിച്ചറിയാനും ഹൃദയം തുറന്ന് സ്വീകരിക്കാനും നമുക്കു കഴിയാതെ വരും. കാരണം, നമ്മെ കാത്തിരിക്കുന്നത് മഹത്തായ ഒരു ജീവിതമാണ്! സമൃദ്ധമായ ജീവിതം, അനേകം മനുഷ്യർ, അനന്തമായ സൗന്ദര്യം, സർഗാത്മകതയുടെ വിസ്മയങ്ങൾ, നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന കണ്ണുകൾ… മറ്റൊരാളുടെ കണ്ണീരൊപ്പാനും, ഒരു ജീവിതത്തിന് പ്രത്യാശ പകരാനും, ദൈവം തുടർന്നുകൊണ്ടിരിക്കുന്ന സൃഷ്ടികർമത്തിൽ അവിടത്തേക്ക് ഒരു കൈത്താങ്ങാകാനുമുള്ള അനേകം അവസരങ്ങൾ!

ജീവിതത്തിലെ നന്മകളുടെ ജ്വാല അണയാൻ അനുവദിക്കരുത്. സ്നേഹത്തിന്റെ തീ കെട്ടുപോകാൻ ഇടവരുത്തരുത്. പ്രത്യാശയുടെ ദീപം മങ്ങിപ്പോകാൻ അനുവദിക്കരുത്. വൈകിയെത്തുന്നവൻ തീർച്ചയായും വരും. ഉറങ്ങുന്ന ജീവിതത്തെ ഉണർത്തുന്ന ഒരു സ്വരമായി അവൻ വരും. അടഞ്ഞുകിടക്കുന്ന വാതിലുകൾ തുറക്കുന്നവനായി അവൻ വരും. വക്കോളം നിറഞ്ഞുനിൽക്കുന്ന ജീവിതകലശത്തിന്റെ സമൃദ്ധിയായി അവൻ വരും. അപ്പോൾ, രാത്രിയുടെ അന്ത്യത്തിൽ ഒരു ആലിംഗനത്തിന്റെ അതുല്യമായ സൗന്ദര്യം നമ്മെ കാത്തിരിക്കും. നീണ്ട കാത്തിരിപ്പുകൾക്കും ഏകാന്തതകൾക്കും കണ്ണീർക്കാലങ്ങൾക്കും ഒടുവിൽ ലഭിക്കുന്ന ഒരു സ്നേഹാലിംഗനം! അതിനാൽ ഭയപ്പെടേണ്ടാ! രാത്രി എത്ര ദീർഘമായാലും, കാത്തിരിപ്പ് എത്ര വേദനാജനകമായാലും, സ്വപ്നങ്ങൾ പൂവണിയാൻ എത്ര വൈകിയാലും പ്രത്യാശയുടെ ദീപം അണയാതെ സൂക്ഷിക്കുക. കാരണം, ഒടുവിൽ, ആ രാത്രിയെ താണ്ടി നിന്റെ അരികിലേക്ക് കടന്നുവരുന്നത് അവൻ തന്നെയായിരിക്കും — മണവാളൻ! അവൻ്റെ വരവിൽ എല്ലാ കാത്തിരിപ്പുകളും സഫലമാകും; എല്ലാ രാത്രികളും പുലരിയാകും; എല്ലാ ദാഹങ്ങളും സ്നേഹത്തിന്റെ ആലിംഗനത്തിൽ ശാന്തമാകും.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker