12 വർഷത്തെ കാത്തിരിപ്പിന് വിരാമം എൽ.എൽ.എം. പ്രവേശനത്തിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് 3 ശതമാനം സംവരണം.
ഫോർട്ട്കൊച്ചി നസ്രത്ത് സ്വദേശി ആന്റണി നിൽട്ടൺ റമേലോയാണ് ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തിയത്...
ജോസ് മാർട്ടിൻ
കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്സ് പ്രവേശനത്തിൽ മൂന്ന് ശതമാനം വിദ്യാഭ്യാസ സംവരണം അനുവദിച്ച് സർക്കാർ നടപടി. 2026–27 അധ്യയന വർഷത്തെ എൽ.എൽ.എം. പ്രവേശന പ്രോസ്പെക്ടസിലാണ് സംവരണം ഉൾപ്പെടുത്തി പുതിയ വ്യവസ്ഥ കൊണ്ടുവന്നിരിക്കുന്നത്. ഇതോടെ 2014-ൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്റെ ആനുകൂല്യം സമുദായത്തിന് ലഭ്യമാകും.
2014 മെയ് 23-ന് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ പുറപ്പെടുവിച്ച G.O. (MS) No.10/2014/BCDD ഉത്തരവിലൂടെയാണ് വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹയർ സെക്കൻഡറി, പ്രൊഫഷണൽ കോളേജ് പ്രവേശനങ്ങളിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായങ്ങളുടെ വിദ്യാഭ്യാസ സംവരണം രണ്ട് ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി ഉയർത്തിയത്. എന്നാൽ, പ്രവേശന പരീക്ഷാ കമ്മീഷണർ (CEE) മുഖേന അലോട്ട്മെന്റ് നടത്തുന്ന എൽ.എൽ.എം. കോഴ്സുകളിൽ ഈ ഉത്തരവ് നടപ്പിലാക്കിയിരുന്നില്ല. ഇതിനെതിരെ സമുദായത്തിന്റെ അവകാശം നേടിയെടുക്കുന്നതിനായി ഏഴ് വർഷത്തിലേറെ നീണ്ട നിയമപോരാട്ടമാണ് നടന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് നൽകിയ നിവേദനങ്ങൾക്കു പുറമെ കേരള ഹൈക്കോടതിയിൽ WP(C) No. 20553/2020, WP(C) No. 10548/2024 എന്നീ റിട്ട് ഹർജികളും സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 2014-ലെ സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ നിർദേശിച്ച് 2024 ഒക്ടോബർ 24-ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് G.O. (Rt) No. 1331/2024/HEDN എന്ന ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ, ഈ ഉത്തരവിനു ശേഷവും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് സംവരണ വ്യവസ്ഥ നടപ്പിലാക്കാൻ തയ്യാറായില്ല. ഇതേത്തുടർന്ന് WP(C) No. 12208/2025 എന്ന നമ്പറിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹർജിയിലെ നടപടികൾ പുരോഗമിക്കുന്നതിനിടെ പിന്നാക്ക വിഭാഗ വികസന വകുപ്പ് (കത്ത് നമ്പർ: A2/52/2026/BCDD) ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാൻ നിർദേശം നൽകി. ഇതിന്റെ തുടർച്ചയായാണ് 2026–27 അധ്യയന വർഷത്തെ എൽ.എൽ.എം. പ്രവേശന പ്രോസ്പെക്ടസിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് മൂന്ന് ശതമാനം സംവരണം ഉൾപ്പെടുത്തിയത്. 2025–26 അധ്യയന വർഷത്തെ പ്രോസ്പെക്ടസിൽ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തെ ഒഴിവാക്കി ലത്തീൻ കത്തോലിക്കർക്ക് മാത്രം രണ്ട് ശതമാനം സംവരണമായിരുന്നു അനുവദിച്ചിരുന്നത്.
ഫോർട്ട്കൊച്ചി നസ്രത്ത് സ്വദേശി ആന്റണി നിൽട്ടൺ റമേലോയാണ് ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് അർഹമായ സംവരണം ലഭ്യമാക്കുന്നതിനായി ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തിയത്. വിവിധ ഘട്ടങ്ങളിലായി അഭിഭാഷകരായ ഷെറി ജെ. തോമസ്, ഉണ്ണികൃഷ്ണൻ പി.ജെ., റെനീഷ് രവീന്ദ്രൻ, ജോമോൻ ആന്റണി, അഞ്ജന പി.വി., ലിഗേഷ് സേവ്യർ, ആൻ മരിയ ജോൺസൺ എന്നിവർ ഹർജികളിൽ ഹാജരായിരുന്നു.
പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഈ ഉത്തരവ് ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിലെ നിയമപഠന വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നു നൽകുന്നതാണ്. ദീർഘകാലമായി നിലനിന്നിരുന്ന അവകാശ പ്രശ്നത്തിന് നിയമ നടപടികളിലൂടെ പരിഹാരമായതോടെ സമുദായത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ സംവരണാവകാശം കൂടുതൽ ഉറപ്പിക്കപ്പെടുകയാണ്.



