ആണ്ടുവട്ടം ഇരുപത്തിയെട്ടാം ഞായർ
ഒന്നാം വായന: ഏശയ്യാ 25:6-10
രണ്ടാം വായന: ഫിലിപ്പി. 4:12-14,19-20
സുവിശേഷം: വി.മത്തായി 22:1-14.
ദിവ്യബലിക്ക് ആമുഖം
“എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും” എന്ന പൗലോസ് അപ്പോസ്തലന്റെ വാക്കുകളിലൂടെ (രണ്ടാം വായന) തിരുസഭ ഇന്ന് നമ്മെ ധൈര്യപ്പെടുത്തുകയും, നമുക്ക് ശക്തിപകരുകയുമാണ്. നമ്മെ ശക്തരാക്കുന്ന ക്രിസ്തുവാകട്ടെ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ “വിവാഹവിരുന്നിന്റെ ഉപമയിലൂടെ” ദൈവ രാജ്യത്തിന്റെ രഹസ്യങ്ങൾ നമ്മോട് പങ്കുവയ്ക്കുകയാണ്. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്കൊരുങ്ങാം.
ദൈവവചന പ്രഘോഷണകർമ്മം
ഇന്നത്തെ ഒന്നാം വായനയും, സുവിശേഷവും ദൈവം ഒരുക്കുന്ന വിരുന്നിനെക്കുറിച്ചാണ് പറയുന്നത്. ഈ വിരുന്നിന് നാമെല്ലാവരും ക്ഷണിക്കപ്പെട്ടിരിക്കുന്നു. വിരുന്നിനു പങ്കെടുക്കണമോ, വേണ്ടയോ? എങ്ങനെ പങ്കെടുക്കണം? എന്നീ ചോദ്യങ്ങളും ഉത്തരങ്ങളും ഇന്നത്തെ തിരുവചനത്തിലുണ്ട്, നമുക്ക് അവയെ മനസ്സിലാക്കാം.
ബിബ്ലിക്കൽ വ്യാഖ്യാനം
യേശുവിന്റെ ശ്രോതാക്കൾക്കും, പിന്നീട് വി.മത്തായിയുടെ സമൂഹത്തിനും ഇന്നത്തെ സുവിശേഷം യാതൊരു വ്യാഖ്യാനവും കൂടാതെ മനസ്സിലാക്കാം. രാജാവ് ദൈവമാണ്; പുത്രൻ യേശുവാണ്; വിവാഹ വിരുന്നാണ് ദൈവരാജ്യം. ആദ്യം വിളിക്കപ്പെട്ടവർ യഹൂദജനമാണ്. ആദ്യമേ തന്നെ അവർ ദൈവ രാജ്യത്തിലേക്ക് വരാൻ വിസമ്മതിക്കുന്നു. പിന്നീട് ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു പിന്മാറുന്നു. വീണ്ടും രാജാവ് അവരെ വിളിക്കാൻ ഭൃത്യരെ അയച്ചപ്പോൾ, അവർ അവരെ അപമാനിക്കുകയും വധിക്കുകയും ചെയ്യുന്നു. ആദ്യം ക്ഷണിക്കപ്പെട്ടവർ വരാത്തതുകൊണ്ട് രാജാവ് വഴിക്കവലകളിൽ കണ്ടവരെപ്പോലും വിരുന്നിന് ക്ഷണിക്കാൻ ഭൃത്യരെ നിയോഗിക്കുന്നു. ഇങ്ങനെ രണ്ടാമത് ക്ഷണിക്കപ്പെടുന്നവർ “യഹൂദരല്ലാത്ത വിജാതിയരാണ്”. ദൈവരാജ്യവും, യേശു നൽകുന്ന രക്ഷയും യഹൂദർക്ക് വേണ്ടി മാത്രമല്ല, ഈ ലോകത്തിലെ എല്ലാ പേർക്കും വേണ്ടിയാണെന്ന് സാരം.
അങ്ങനെ ദുഷ്ടരും ശിഷ്ടരും തുടങ്ങി എല്ലാപേരുമടങ്ങിയ വിരുന്നു ശാലയിലേക്ക് രാജാവ് വരുമ്പോൾ അവിടെ വിവാഹ വസ്ത്രം ധരിക്കാത്ത ഒരുവനെ കാണുന്നു. അക്കാലത്തെ പാലസ്തീനായിലെ വിവാഹ വിരുന്നിൽ അതിഥികൾ പ്രത്യേകമായ വിവാഹ വസ്ത്രം ധരിക്കുന്ന പതിവുണ്ട്. ഒരാൾക്ക് അത് ലഭ്യമായില്ലെങ്കിൽ, വരന്റെ അല്ലെങ്കിൽ വധുവിന്റെ പിതാവിന്റെ പക്കൽനിന്ന് അത് ചോദിച്ചു വാങ്ങാവുന്നതാണ്. വിവാഹത്തിന്റെ സുഗമമായ നടത്തിപ്പിന് വിവാഹവസ്ത്രം അത്യന്താപേക്ഷിതമാണ്. അതില്ലാതെ വിവാഹത്തിൽ പങ്കെടുക്കുന്നത് ആതിഥേയരെ അപമാനിക്കുന്നത് പോലെയാണ്.
രാജാവ് കണ്ടെത്തുന്ന വിവാഹ വസ്ത്രം ധരിക്കാത്ത അതിഥി, ഇപ്രകാരം വിവാഹവസ്ത്രം ലഭ്യമായിരുന്നിട്ടും അത് ചോദിച്ചു വാങ്ങാനും, അത് ധരിക്കാനും താൽപര്യമില്ലാത്ത വ്യക്തിയാണ്. അതോടൊപ്പം തന്റെ പ്രവൃത്തിക്ക് തക്കതായ മറുപടി നൽകാനും അവനു സാധിക്കുന്നില്ല. ദൈവരാജ്യത്തിലെ വിരുന്നിന് പങ്കു ചേർന്നിട്ട് ദൈവരാജ്യത്തിനനുസൃതമായി ജീവിക്കാൻ താല്പര്യം കാണിക്കാത്ത ആ അനർഹനായ അതിഥിയെ വിലാപവും പല്ലുകടിയും നിറഞ്ഞ അന്ധകാരത്തിലേക്ക് വലിച്ചെറിയാൻ രാജാവ് കല്പിക്കുന്നു.
ഇന്നത്തെ സുവിശേഷത്തിന്റെയും ബിബ്ലിക്കൽ വ്യാഖ്യാനത്തിന്റെയും അടിസ്ഥാനത്തിൽ ഈ കാലഘട്ടത്തിൽ ദൈവം ക്ഷണിക്കുന്ന അതിഥികളെ നാല് ഗ്രൂപ്പുകളായി തിരിക്കാം. അതോടൊപ്പം നാമോരോരുത്തരും ഇതിൽ ഏത് ഗ്രൂപ്പിൽ പെടുന്നുവെന്ന് സ്വയം കണ്ടെത്തുകയും ചെയ്യാം.
ഒന്നാമത്തെ ഗ്രൂപ്പ്
ഒന്നാമത്തെ ഗ്രൂപ്പിൽപ്പെടുന്നവർ ദൈവരാജ്യത്തിലേയ്ക്ക് ക്ഷണിക്കപ്പെട്ടിട്ടും പലവിധ ഒഴിവുകഴിവുകൾ പറഞ്ഞുകൊണ്ട് (ഉദാഹരണം വയൽ, വ്യാപാരം) അവിടേക്ക് പോകാൻ വിസമ്മതിക്കുന്ന വരും, താൽപ്പര്യം കാണിക്കാത്തവരുമാണ്. അവർക്ക് ദൈവരാജ്യത്തെക്കാൾ വലുത് മറ്റു പലതുമാണ്. ദൈവത്തിൽ വിശ്വാസമുണ്ട് എന്നാൽ പള്ളിയിൽ പോകാനും ദിവ്യബലിയിൽ പങ്കെടുക്കാനും സമയം കണ്ടെത്താത്തവരാണവർ. ഞായറാഴ്ച ദിവ്യബലിയെക്കാളും തൊഴിലിനും പണത്തിനും പഠനത്തിനും പ്രാധാന്യം കൊടുക്കുന്നവർ. ചുരുക്കത്തിൽ ദൈവത്തെക്കാൾ മറ്റു പലതിനും പ്രാധാന്യം കൊടുക്കുവാൻ താൽപ്പര്യം കാണിക്കുന്നവർ. പക്ഷേ, ഇന്നത്തെ സുവിശേഷം അനുസരിച്ച് നാം മനസ്സിലാക്കുന്നത് ദൈവത്തിന്റെ ക്ഷണത്തിന് താൽപര്യം കാണിക്കാത്തവരോട് ദൈവവും താൽപര്യം കാണിക്കുന്നില്ല എന്നാണ്.
രണ്ടാമത്തെ ഗ്രൂപ്പ്
രണ്ടാമത്തെ ഗ്രൂപ്പിൽപ്പെടുന്നവർ രാജാവിന്റെ ശത്രുക്കൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരാണ്. രാജാവിന്റെ ക്ഷണവുമായി വന്ന ഭൃത്യന്മാരെ പിടികൂടി അപമാനിക്കുകയും വധിക്കുകയും ചെയ്തവർ. ദൈവനിഷേധികളും, നിരീശ്വരവാദികളും, സഭാ വിരോധികളും, യേശുവിൽ വിശ്വസിക്കുന്നവരെ പരിഹസിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരാണിവർ. യേശുവിന്റെ കാലത്ത് ജെറുസലേമിൽ തുടങ്ങി ചരിത്രത്തിലുടനീളം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യേശുവിനെ അപമാനിക്കുകയും ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നവർ. പ്രത്യക്ഷമായും, പരോക്ഷമായും, രക്തരൂക്ഷിതമായും, സാമൂഹ്യ മാധ്യമങ്ങളിലും അവരത് ചെയ്യുന്നു. എന്നാൽ, ഇവരോട് രാജാവ് എപ്രകാരം പ്രതികരിക്കുമെന്നും ഇന്നത്തെ സുവിശേഷം വ്യക്തമായി പറയുന്നുണ്ട്. “രാജാവ് ക്രുദ്ധനായി സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്നിക്കിരയാക്കി”. ദൈവത്തിനെതിരെ നിലപാടെടുത്തവരൊക്കെ വിധിയുടെ നാളിൽ കണക്കു കൊടുക്കേണ്ടിവരും എന്ന് സാരം.
മൂന്നാമത്തെ ഗ്രൂപ്പ്
വിവാഹ വസ്ത്രം ധരിക്കാതെ വിവാഹ വിരുന്നിൽ പങ്കെടുത്ത വ്യക്തി പ്രതിനിധാനം ചെയ്യുന്നത് ഈ മൂന്നാമത്തെ ഗ്രൂപ്പിനെയാണ്. നാം “ബിബ്ലിക്കൽ വ്യാഖ്യാനത്തിൽ” കണ്ടതുപോലെ വിവാഹ വസ്ത്രം ധരിക്കാൻ താൽപര്യം കാണിക്കാത്തവൻ. സഭയിൽ അംഗമായിരുന്നിട്ടും അപ്രകാരം ജീവിക്കാൻ ശ്രമിക്കാത്ത വ്യക്തിയാണയാൾ. ബാഹ്യമായി അംഗമാണ് എന്നാൽ ആന്തരികമായിട്ടല്ല. വിവാഹവിരുന്നിലെ ക്രമീകരണം പാലിക്കാൻ താല്പര്യം കാണിക്കാത്തതുപോലെ സഭയജീവിതത്തിലും നിർജ്ജീവത്വം പുലർത്തുന്നവർ, അസന്തുഷ്ടമായ രീതിയിൽ മനസ്സില്ലാമനസ്സോടെ, ആരെയോ ബോധിപ്പിക്കാനെന്നതുപോലെ സഭാജീവിതവും വിശ്വാസജീവിതവും നയിക്കുന്നവരാണ് ഇവർ. സഭയിൽ അംഗമാണ് എന്നാൽ പൂർണമായും അല്ല.
സഭാ ജീവിതത്തിലെ വിവാഹ വസ്ത്രത്തെ ബൈബിൾ പണ്ഡിതന്മാർ പല രീതിയിൽ വ്യാഖ്യാനിക്കാറുണ്ട്. ചിലർ “വിവാഹ വസ്ത്രത്തെ” ജ്ഞാനസ്നാനം എന്നു പറയാറുണ്ട്. മറ്റുചിലരാകട്ടെ നാം സഭ ജീവിതത്തിൽ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ കാത്തുസൂക്ഷിക്കേണ്ട പരസ്നേഹവും, ഉപവിയും, സഹായം മനോഭാവവും, സാഹോദര്യവും, കൂട്ടായ്മയുമാണ് “വിവാഹവസ്ത്രം” എന്ന് പറയാറുണ്ട്. ക്ഷണിക്കപ്പെട്ടിട്ടും വിവാഹ വസ്ത്രം ധരിക്കാതെ വിരുന്നിൽ പങ്കെടുത്ത അഥവാ സഭയിൽ അംഗമായിട്ടും അതനുസരിച്ച് ജീവിക്കാത്ത വ്യക്തിക്ക് സംഭവിക്കുന്നത് എന്താണെന്ന് നാം സുവിശേഷത്തിൽ വ്യക്തമായി കണ്ടു.
നാലാമത്തെ ഗ്രൂപ്പ്
ദൈവരാജ്യത്തിലെ വിരുന്നിൽ ക്ഷണിക്കപ്പെട്ട് വിവാഹവസ്ത്രം ധരിച്ച് അതിൽ സന്തോഷപൂർവം പങ്കെടുക്കുന്നവരാണിവർ. ജീവിതത്തിന്റെ “വഴിക്കവലകളിൽ” നിന്ന് ഈ വിരുന്നിന് ക്ഷണിക്കപ്പെട്ടത് സ്വന്തം യോഗ്യതയെക്കാളുപരി ദൈവത്തിന്റെ സ്നേഹത്താലാണെന്ന് തിരിച്ചറിഞ്ഞവർ. ആ വിരുന്നിലെ എല്ലാ ക്രമീകരണങ്ങളും അനുസരിച്ച്, രാജാവിനോടൊപ്പം വിരുന്ന് ആസ്വദിക്കുന്നവരാണിവർ. ദൈവത്തിന്റെ സ്നേഹത്തിനും ക്ഷണത്തിനും ഏറ്റവും പൂർണ്ണ മനസ്സോടുകൂടി മറുപടി നൽകി, അതനുസരിച്ച് ജീവിക്കുന്നവർ.
ഇന്ന് ദൈവത്തിന്റെ വിരുന്നിനെക്കുറിച്ച് ധ്യാനിക്കുമ്പോൾ, നാം ഓരോരുത്തരും ഇതിൽ ഏത് ഗ്രൂപ്പിൽപ്പെടും എന്ന് ചിന്തിക്കാം.
ആമേൻ.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര്‍ 10ന് ലാറ്റിന്…
This website uses cookies.
View Comments
Very good and thought provoking reflection.