ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ
ടയീർ, സീദോൻ തുടങ്ങിയ പ്രദേശങ്ങൾ ചുറ്റി സഞ്ചരിച്ച് യേശു ദെക്കാപ്പോളീസിലൂടെ ഗലീലിക്കടൽത്തീരത്ത് എത്തിയിരിക്കുന്നു. ഇതര മത ദേശങ്ങളാണെങ്കിലും ആഴമായ വിശ്വാസം കണ്ടെത്തിയ ഇടമാണവ. മതം എന്നത് ഭക്തിയുടെ ആചാരങ്ങളാണ്. വിശ്വാസം ആന്തരികതയും. അത് നമ്മുടെ നാഡികളിൽ ഒഴുകുന്ന സ്നേഹമാണ്.
ഇതാ, ബധിരനും മൂകനും ആയ ഒരുവൻ. നിശബ്ദതയുടെ തടവറയിൽ ബന്ധിതനാക്കപ്പെട്ടവൻ. ആശയവിനിമയം അസാധ്യമായവൻ. ഒറ്റപ്പെടലിന്റെ തുരുത്തിലാണവൻ. കേൾക്കാനോ പറയാനോ സാധിക്കാതെ ചിന്തകളുടെയും അഭ്യൂഹങ്ങളുടെയും അഭിനിവേശങ്ങളുടെയും രാവണൻ കോട്ടയിൽ കുടുങ്ങിക്കിടക്കുകയാണവൻ. സ്വന്തം തലക്കുള്ളിലെ വികാര-വിചാരങ്ങളിൽ അകപ്പെട്ടു കിടക്കുന്നവൻ. വലിയൊരു ഒറ്റപ്പെടലാണിത്. പരസഹായമില്ലാതെ അവിടെനിന്നും ആർക്കും കരകയറാൻ സാധിക്കുകയില്ല.
ബധിരനും മൂകനുമായ ഒരുവനെ ആരൊക്കെയോ കൂടിയാണ് യേശുവിന്റെ അടുത്തേക്ക് കൊണ്ടുവരുന്നത്. നിശബ്ദരാക്കപ്പെടുന്ന അവസ്ഥയിൽ, മൂകതയുടെ തുരുത്തിൽ ഒറ്റപ്പെടുന്ന വേളയിൽ മറ്റുള്ളവർ നമ്മെ സഹായിക്കാൻ നമ്മളും അനുവദിക്കണം. ഉള്ളിൽ പ്രകാശമുള്ളവരാണ് അവർ. അവർ യേശുവിലേക്ക് നമ്മെ നയിക്കും. യാഥാർത്ഥ്യം അപ്പോൾ നമ്മൾ തിരിച്ചറിയും.
യേശു എന്താണ് അയാളോട് ചെയ്യുന്നത്? അവൻ അയാളെ ജനക്കൂട്ടത്തിൽനിന്നു മാറ്റിനിർത്തുന്നു. അയാളെ ആൾക്കൂട്ടത്തിലെ ഒരുവനായിട്ട് കാണാനല്ല അവൻ ആഗ്രഹിക്കുന്നത്. വ്യക്തിപരമായ ഒരു ബന്ധം സ്ഥാപിക്കുകയാണ്. ആൾക്കൂട്ടത്തിന്റെ ഇടയിൽ ആയിരിക്കുക എന്നത് ഒരു സംരക്ഷണമാണ്. പക്ഷേ യേശുവിനെ കണ്ടുമുട്ടണോ, എങ്കിൽ ആ കൂട്ടത്തിൽ നിന്നും പുറത്തേക്കു വരാനുള്ള ധൈര്യമുണ്ടാകണം. ഏതെങ്കിലും ആശ്രമത്തിലേക്കോ പർവ്വതങ്ങളിലേക്കോ ഒറ്റപ്പെട്ട സ്ഥലത്തേക്കോ ഉള്ള പലായനത്തെക്കുറിച്ചല്ല നമ്മൾ പറഞ്ഞു വരുന്നത്. എല്ലാ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞ് യേശുവുമായുള്ള ഒരു ഏകാന്ത നിമിഷം വേണം. അപ്പോൾ അവൻ നമ്മെ സ്പർശിക്കും.
യേശു അയാളുടെ ചെവികളിൽ വിരലുകളിട്ടു, ഉമിനീർ കൊണ്ട് അയാളുടെ നാവിൽ സ്പർശിച്ചു. തുറവ് ഇല്ലാത്ത മനസ്സിന്റെ ഒരു പ്രതീകമാണ് അയാൾ. അങ്ങനെയുള്ള ഇടങ്ങളിൽ വചനം മാത്രം പോരാ, സ്പർശനവും വേണം. ആത്മാവിന്റെ പ്രതീകമായ ഉമിനീരും വേണം. അതിനൊരു ഔഷധ മൂല്യമുണ്ട്. അടഞ്ഞുകിടക്കുന്ന ഒരു വാതിൽ തുറക്കുന്നതു പോലെയാണ് അയാളുടെ ചെവികളിൽ വിരലുകൾ ഇടുന്നത്. തുറവ് ആണ് ജീവിതത്തിന്റെ സൗന്ദര്യം. തുറക്കുക എന്നതിനർത്ഥം പുതിയതിനെ അനുവദിക്കുകയും കണ്ടുമുട്ടുകയും ചെയ്യുക എന്നതാണ്. അതൊരു മനോഭാവവും ജീവിതശൈലിയും ആകണം. കാരണം തുറവാണ് ജീവിതം, അടയൽ മരണമാണ്.
യേശു എന്താണ് ചെയ്യുന്നത്? അവൻ അയാളുടെ ഇന്ദ്രിയങ്ങൾ തുറക്കുന്നു. യാഥാർത്ഥ്യവുമായുള്ള ആശയവിനിമയത്തിന്റെ വഴികൾ സുതാര്യമാക്കുന്നു. അങ്ങനെ അയാളെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. ഇതുതന്നെയാണ് യേശു നമ്മുടെ ജീവിതത്തോടും ചെയ്യുന്നത്. നമ്മുടെ ഒറ്റപ്പെടലിന്റെ വിഷാദ ചിന്തകളിൽ നിന്നും സ്വർഗ്ഗീയ മൂല്യങ്ങളിലേക്ക് അവൻ വാതിൽ തുറക്കുന്നു.
“എഫ്ഫാത്താ” – ഒരു കൽപ്പന മാത്രമല്ല, ആർദ്രമായ പ്രവൃത്തി കൂടിയാണ്. ആ പ്രവൃത്തിയിൽ ഒരു മാറ്റിനിർത്തൽ, വിരലുകൾ, ഉമിനീർ, നാവ്, സ്പർശനം… അങ്ങനെ ആർദ്രതയുടെ എല്ലാ തലങ്ങളുമുണ്ട്. ഇങ്ങനെയൊക്കെയാണ് വചനം മാംസമാകുന്നത്. അനുദിന യാഥാർത്ഥ്യവുമായുള്ള ദൈവത്തിന്റെ സമ്പർക്കമാണത്. നമ്മൾ ആയിരിക്കുന്ന അവസ്ഥയിൽ അവൻ നമ്മെ “സ്പർശിക്കാൻ” അനുവദിക്കുമ്പോഴാണ് ഒരു ആത്മീയ സൗഖ്യം നമ്മിലും സാധ്യമാകുക. ദൈവത്തെ ഒരു ആശയ പ്രേമമായി ഒതുക്കരുത്. നമ്മുടെ ദൈനംദിന സാഹചര്യങ്ങളിൽ അവനെ കണ്ടുമുട്ടാൻ നമുക്ക് സാധിക്കണം.
ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന പ്രശ്നം സൗഖ്യമല്ല, നൊമ്പരങ്ങൾക്കും മുറിവുകൾക്കും ദൗർബല്യങ്ങൾക്കും എന്ത് പേരിടണം എന്നതാണ്. ആ തിരിച്ചറിവിൽ നിന്നാണ് സൗഖ്യത്തിനുള്ള സാധ്യത ആരംഭിക്കുന്നത്. സുവിശേഷം ആ സാധ്യതയാണ് നമുക്ക് നൽകുന്നത്. നമുക്ക് വേണമെങ്കിൽ സുഖപ്പെടാം. അല്ലെങ്കിൽ പേരറിയാത്ത നൊമ്പരങ്ങളുടെ തടവറയിൽ ബധിരമൂകരായി ജീവിക്കാം. അത് അടിമത്തമാണ്. ഒരു അടിമയും സ്വയം മോചിതനായിട്ടില്ല. അവന് പരസഹായം വേണം. യേശു എന്ന സ്നേഹത്താൽ നവീകരിക്കപ്പെടാൻ സ്വയം അനുവദിക്കണം. ജീവിക്കുക എന്നാൽ ദെക്കാപ്പോളീസിലെ ആ ബധിര-മൂകന്റെ അതേ പാത പിന്തുടരുക എന്നതാണ്: നിശബ്ദതയിൽ നിന്നും സംസാരത്തിലേക്ക് വരിക, ഒറ്റപ്പെടലിൽ നിന്നും യേശുവിന്റെ കൈപിടിച്ചു നടക്കുക.
നമ്മുടെ പല കുടുംബങ്ങളും സമർപ്പിത ഭവനങ്ങളും മൂകതയുടെയും ഒറ്റപ്പെടലിന്റെയും തൊട്ടിലുകളായി മാറിക്കഴിഞ്ഞു. സഹജന്റെ ഹൃദയത്തിൽ തൊടാതെയുള്ള ഭാഷണങ്ങൾ നിറയുന്ന ഇടം. ആരും കേൾക്കാത്തവരുടെ വാക്കുകൾ നാലുകെട്ടുകൾക്കുള്ളിൽ കണ്ണീർമഴയായി പെയ്തിറങ്ങുന്നു. ഭാഷണങ്ങളുടെ ദാരിദ്യത്തിൽ നിന്ന് നമ്മൾ സുഖം പ്രാപിക്കുന്നത് ശ്രവിക്കാൻ ഹൃദയമുള്ളപ്പോൾ മാത്രമാണ്. ഓർക്കുക, നമ്മുടെ അടച്ചുപൂട്ടലുകളിൽ യേശു തളരുന്നില്ല. നമ്മുടെ നൊമ്പരദേശങ്ങളിൽ അവൻ നമ്മെ തേടി വരും. അവനോടൊപ്പം ജനക്കൂട്ടത്തിൽ നിന്നും മാറി നിൽക്കാനും അവൻ്റെ സാന്നിധ്യം ആസ്വദിക്കാനും അവൻ നമ്മെ ക്ഷണിക്കുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.