Categories: Vatican

ഹങ്കറി, സ്ലൊവാക്യ അപ്പോസ്തോലിക സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് പാപ്പാ തിരിച്ചെത്തി

പാപ്പാ വ്യോമ-കര മാർഗ്ഗങ്ങളിലായി 2,772 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും 13 പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു...

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിനാലാം അപ്പൊസ്തോലിക സന്ദർശനത്തിന് പരിസമാപ്തിയായി. 12/09/21ഞായറാഴ്‌ച രാവിലെ ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ വിമാനമിറങ്ങി ആരംഭിച്ച അപ്പോസ്‌തോലിക സന്ദർശനം 15/09/21 ബുധനാഴ്ച സ്ലൊവാക്യയിൽ നിന്ന് വത്തിക്കാനിലേയ്ക്ക് വിമാനം കയറിയതോടെയാണ് അവസാനിച്ചത്. ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിന്റെ സമാപന ദിവ്യബലിയർപ്പണത്തിന് ശേഷം തന്റെ ചതുർദിന അജപാലന സന്ദർശനത്തിനായി സ്ലൊവാക്യയിലേയ്ക്ക് പോവുകയായിരുന്നു. അപ്പൊസ്തോലിക സന്ദർശനത്തിനായി പാപ്പാ വ്യോമ-കര മാർഗ്ഗങ്ങളിലായി 2,772 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും 13 പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.

ഫ്രാൻസിസ് പാപ്പായുടെ തന്മയത്തത്തോടെയുള്ള പ്രവർത്തികളും, മറുപടികളും വളരെ ആകാംക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്. പാപ്പായുടെ മാനുഷിക പരിഗണനയും മാനവികതയും വെളിപ്പെടുത്തുന്ന പ്രവൃത്തികൾക്ക് മുൻപിൽ ലോകം അത്ഭുതംകൂറുമ്പോൾ, പലപ്പോഴും പാപ്പായുടെ പ്രതികരണങ്ങൾ മാധ്യമങ്ങളാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട് ലോകത്തെയും വിശ്വാസസമൂഹത്തെയും അമ്പരിപ്പിക്കാറുമുണ്ട്. ഹങ്കറി, സ്ലൊവാക്യ അപ്പോസ്തോലിക സന്ദർശനത്തെയും വ്യത്യസ്തമാക്കുന്ന ചിലതൊക്കെ സംഭവിച്ചിട്ടുണ്ട്.

1) ഈശോസഭയുടെ മേൽനോട്ടത്തിലുള്ള ധ്യാനകേന്ദ്രത്തിലെ അടുക്കളയിൽ അപ്രതീക്ഷിത സന്ദർശനം:
കൊഷിത്സെ സെമിനാരിയിലേക്കുള്ള യാത്രാവേളയിൽ പാപ്പാ ഇടയ്ക്കു വച്ച് ഈശോസഭയുടെ മേൽനോട്ടത്തിലുള്ള ഒരു ധ്യാനകേന്ദ്രത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. പ്രെഷോവിൽ ദിവ്യബലിക്കായി എത്തിയിരുന്ന മെത്രാന്മാർക്കു വേണ്ടി ഉച്ചഭക്ഷണം ഒരുക്കകയായിരുന്നുതിനാൽ ദിവ്യബലിയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന സന്യസ്ഥരോടും മറ്റ് അല്മായ സഹോദരങ്ങളുമൊത്ത് അല്പനേരം സംവദിക്കുകയും, അടുക്കളയിൽ ഉണ്ടായിരുന്നവരെയെല്ലാം അഭിവാദ്യം ചെയ്യുകയും ചെയ്തു.

2) നാടോടി വംശജരുമായുള്ള നേർക്കാഴ്ച:
സ്ലൊവാക്യയിൽ നാടോടിവംശജർ ഏറ്റവും കൂടുതൽ വസിക്കുന്ന സ്ഥലമായ ലുൺയീക്കിലായിരുന്നു (Luník) പാപ്പായുടെ സന്ദർശനം. സലേഷ്യൻ സമൂഹത്തിന്റെ അജപാലന ശുശ്രൂഷയിലാണ് അവർ മുന്നേറുന്നത്. നാടോടി വംശജർക്കായി സലേഷ്യൻ സമൂഹം നടത്തുന്ന പ്രവർത്തനങ്ങളെ പാപ്പാ അഭിനന്ദിച്ചു. 6 വർഷം മുമ്പ് നാടോടി വംശജരുടെ ഒരു സമൂഹം റോമിലേക്കു നടത്തിയ തീർത്ഥാടനവേളയിൽ പാപ്പായുമായി നടത്തിയ കൂടിക്കാഴ്ചയുടെ മധുരസ്മരണയിൽ യാൻ ഹീറൊ എന്ന 5 മക്കളുടെ പിതാവും നാടോടി ദമ്പതികളും തങ്ങളുടെ ജീവിത സാക്ഷ്യം നൽകി. തുടർന്ന്, അവരെ പാപ്പാ അഭിസംബോധന ചെയ്തു. യാൻ ഹീറോ തന്റെ സാക്ഷ്യത്തിൽ ഉദ്ധരിച്ച വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ വാക്കുകൾ: “നാടോടിവംശജർ സഭയിലെ അതിര്വരമ്പുകളിലല്ല, മറിച്ച് അവർ സഭയുടെ ഹൃദയസ്ഥാനത്താണ്” എന്നത് അനുസ്മരിച്ചുകൊണ്ട് പാപ്പായുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: പുറന്തള്ളപ്പെടുകയോ, മാറ്റി നിറുത്തപ്പെടുകയോ ചെയ്തവരാണ് തങ്ങളെന്ന തോന്നൽ സഭയിൽ ആർക്കും ഉണ്ടാകരുത്. കാരണം സഭയിലായിരിക്കുകയെന്നാൽ ദൈവത്താൽ വിളിച്ചുകൂട്ടപ്പെട്ടവരായി ജീവിക്കുകയും, ഒരേ അവയവത്തിലെ അംഗങ്ങളാണെന്ന ബോധ്യം പുലർത്തുകയുമാണ്. വ്യത്യസ്തരായ നാമെല്ലാവരും തനിക്കു ചുറ്റും ഉണ്ടായിരിക്കണമെന്നതാണ് ദൈവഹിതവും, പാപ്പാ വ്യക്തമാക്കി.

3) യുവജനങ്ങളോട് കുരിശിനെ ആലിംഗനം ചെയ്യാൻ ആഹ്വാനം:
കുരിശു സ്വീകരിക്കുന്നുതിന് ഭയപ്പെടാതിരിക്കാൻ യുവജനതയ്ക്ക് പ്രചോദനം നൽകിയ പാപ്പാ “കുരിശിനെ ആശ്ലേഷിക്കുക” എന്ന കർമ്മമാണ് നിർദ്ദേശിച്ചത്. ‘ആശ്ലേഷിക്കുക’ എന്നത് മനോഹരമായ ഒരു ക്രിയാപദമാണെന്നും, ആശ്ലേഷം ഭയത്തെ ജയിക്കാൻ സഹായിക്കുമെന്നും ഉദ്ബോധിപ്പിച്ചു. നാം ആലിംഗനം ചെയ്യപ്പെടുമ്പോൾ നമുക്ക് നമ്മിലും ജീവിതത്തിലുമുള്ള നമ്മുടെ ആത്മവിശ്വാസം നാം വീണ്ടെടുക്കുകയാണ് ചെയ്യുക, അതിനാൽ യേശുവിനാൽ ആശ്ലേഷിതരാകാൻ നാം നമ്മെത്തന്നെ വിട്ടുകൊടുക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കാരണം, യേശുവിനെ ആശ്ലേഷിക്കുമ്പോൾ നാം പ്രത്യാശയെ വീണ്ടും പുണരുകയാണ്. കുരിശിനെ ആലിംഗനം ചെയ്യാൻ നമുക്കു തനിച്ചു സാധിക്കില്ല, വേദന ആരെയും രക്ഷിക്കില്ല, എന്നാൽ സ്നേഹമാകട്ടെ വേദനയെ രൂപാന്തരപ്പെടുത്തുന്നുവെന്നും പാപ്പാ യുവജനകളോട് പറഞ്ഞു.

4) വ്യാകുല മാതാവിൽ പ്രകടമാകുന്ന അനുകമ്പ:
മറിയത്തിന്റെ അനുകമ്പയെക്കുറിച്ച് പരമാർശിച്ച പാപ്പാ അവളുടെ വിശ്വാസം കരുണാർദ്രമായിരുന്നുവെന്ന് ഉദ്‌ബോധിപ്പിച്ചു. ദൈവത്തിന്റെ ദാസിയായി സ്വയം വിശേഷിപ്പിച്ച അവൾ മാതൃത്വത്തിന്റെ കരുതലോടെയാണ് കാനായിലെ കല്ല്യാണവേളയിൽ വീഞ്ഞു തീർന്നുപോയപ്പോൾ ഇടപെടുകയും, സ്വപുത്രന്റെ രക്ഷാകര ദൗത്യത്തിൽ കുരിശിൻ ചുവടുവരെയും അനുധാവനം ചെയ്യുകയും ചെയ്തതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. വ്യാകുലയായി കുരിശിൻ ചുവട്ടിൽ അവൾ നിൽക്കുന്നു, അവൾ പലായനം ചെയ്യുന്നില്ല, സ്വയം രക്ഷിക്കാൻ നോക്കുന്നില്ല ഇതാണ് അനുകമ്പയുടെ തെളിവ്. വിശ്വാസമെന്ന ദാനത്തിന് നന്ദിയുള്ളവരായിരിക്കാനും, അനുകമ്പയുള്ളവരായിരിക്കാനും പരിശുദ്ധ മറിയത്തിന്റെ സഹായം നിരന്തരം പ്രാർത്ഥിക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

5) വിവാഹം ഒരു കൂദാശയാണ്, സഭയ്ക്ക് അത് മാറ്റുവാൻ അധികാരമില്ല:
വിവാഹം ഒരു കൂദാശയാണ്, സഭയ്ക്ക് അത് മാറ്റുവാനോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുവാനോ അധികാരമില്ലെന്നും, കാരണം, ക്രിസ്തുവാണ് അത് സ്ഥാപിച്ചതെന്നും പാപ്പാ വ്യക്തമാക്കി. അതേസമയം, വ്യത്യസ്തമായ ലൈംഗിക ആഭിമുഖ്യമുള്ളവരെ സഹായിക്കുന്നതിനും, അവരുടെ മാനുഷിക ചുറ്റുപാടുകൾ മെച്ചപ്പെടുത്തുന്നതിനുമാണ് നിയമങ്ങളെന്നും, നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതെ അവയെ ഉൾക്കൊള്ളുന്നതിന് അവരെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും, കാരണം അവരും ഈ സഭയുടെ ഭാഗമാണെന്നും പാപ്പാ പറഞ്ഞു.
ഇനി അഥവാ, അവർക്ക് ഒന്നിച്ച് ജീവിക്കണമെങ്കിൽ അവരുടെ ജീവിതസാഹചര്യങ്ങൾക്കും, ആരോഗ്യ സാഹചര്യങ്ങൾക്കും വേണ്ട സഹായം ചെയ്യുവാൻ അതാത് രാഷ്ട്രങ്ങൾക്ക് കടമയുണ്ട്. അവരെ സഹായിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. നാം പരസ്പരം ബഹുമാനിക്കണം. ഓർക്കുക അത് ഒരിക്കലും വിവാഹമല്ല, വിവാഹം ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലാണ്. ഒരിക്കലും സ്വവർഗ ലൈംഗീക ആഭിമുഖ്യത്തോടെ ഒന്നിച്ച് ജീവിക്കുന്നതിനെ വിവാഹം എന്ന് വിളിക്കരുതെന്നും, അത്തരത്തിലുള്ള സംശയങ്ങൾ ഉണ്ടാക്കരുതെന്നും പാപ്പാ പറഞ്ഞു.

vox_editor

Recent Posts

കര്‍ദിനാള്‍ ഫിലിപ് നേരി സിസിബിഐ പ്രസിഡന്‍റ്

സ്വന്തം ലേഖകന്‍ ഭുവനേശ്വര്‍ : കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പ്രസിഡന്‍റായി കര്‍ദ്ദിനാള്‍ ഫിലിപ്പ് നേറി…

3 days ago

ലത്തീന്‍ ദിവ്യബലിക്ക് റോമന്‍ മിസാളിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി

സ്വന്തം ലേഖകന്‍ ഭൂവനേശ്വര്‍ : ലത്തീന്‍ ദിവ്യബലിക്കുപയോഗിക്കുന്ന റോമന്‍ മിസാളിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി സിസിബിഐ. ഒഡീഷയിലെ ഭൂവനേശ്വറില്‍ നടക്കുന്ന…

4 days ago

4rth Sunday_എതിർക്കപ്പെടുന്ന അടയാളം (ലൂക്കാ 2:22-40)

യേശുവിന്റെ സമർപ്പണത്തിരുന്നാൾ "മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി" (ലൂക്കാ 2…

4 days ago

അമേരിക്കയിലെ വിമാനാപകടം : അനുശോചനം അറിയിച്ച് ഫ്രാന്‍സിസ് പാപ്പ

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : അമേരിക്കയില്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളും പ്രാര്‍ഥനയുമായി ഫ്രാന്‍സിസ് പാപ്പ. വാഷിംഗ്ടണ്‍ ഡിസിയിലെ പൊട്ടോമാക്…

5 days ago

പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും വാതില്‍ തുറന്നിടാന്‍ ഇന്ത്യയിലെ ലത്തീന്‍ ബിഷപ്പ്മാരോട് പാപ്പ

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : പാവപ്പെട്ടവരെയും ദുര്‍ബലരെയും സ്വീകരിക്കുവാനായി തുറന്നിട്ട ഒരിടമായി സഭ മാറണമെന്ന് ഇന്ത്യന്‍ കത്തോലിക്കാസഭാനേതൃത്വങ്ങളെ ഓര്‍മ്മിപ്പിച്ച്…

6 days ago

ഇന്ത്യയില്‍ ക്രൈസ്തവര്‍ ആശങ്കയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ദിനാള്‍ ഫിലിപ്പ് നേരി

  അനില്‍ ജോസഫ് ഭുവനേശ്വര്‍ (ഒഡീഷ) : ഇന്ത്യയിലെ മതസ്വാതന്ത്രിത്തില്‍ കടുത്ത ആശങ്ക അറിയിച്ച് ഗോവ-ദാമന്‍ ആര്‍ച്ച് ബിഷപ്പും സിസിബിഐ…

7 days ago