ഫാ. ഷാജ്കുമാർ
ലോകമൊന്നായി ഏറ്റുപറഞ്ഞു: “ഫ്രത്തേല്ലി തൂത്തി” ഏവരും സോദരര്‍… നമ്മളേവരും സോദരര്‍. ഫ്രാന്‍സിസ് പാപ്പയുടെ ഹൃദയമൊഴികള്‍ക്ക് ഹൃദയംകൊണ്ടുതന്നെ സഹോദരങ്ങള്‍ മറുപടി നല്കി. കടലേഴിനപ്പുറത്തെ ഹൃദയസരസ്സില്‍ നിന്നുയര്‍ന്ന ഇളം തെന്നല്‍ ‘സോദരാ’ എന്ന ആര്‍ദ്രനാദം പേറി വന്നപ്പോള്‍ ഹൃദയസാഗരങ്ങള്‍ ആര്‍ത്തിരമ്പി “ഞാന്‍ ഫ്രാന്‍സിസ് പാപ്പയെ സ്നേഹിക്കുന്നു.” ജാതി, മതം, വേഷം, ഭാഷ തുടങ്ങി മനുഷ്യരെ അകറ്റുന്ന മതിലുകളെയെല്ലാം പരസ്പരം ബന്ധിപ്പിച്ച് ഒന്നാക്കിത്തീര്‍ക്കുന്ന പാലമായിത്തീര്‍ന്നു ആ വിളി. സ്വയം തകര്‍ന്നുപോകാത്ത ആര്‍ക്കും തകര്‍ക്കാനാവാത്ത ബന്ധങ്ങളുടെ പാലം പണിയുകയാണ് പാപ്പ. അതിനൊന്നേ വേണ്ടൂ. ഹൃദയംകൊണ്ട് അപരനെ സോദരാ/സോദരീ എന്നു വിളിക്കുക. ഇലക്ഷന്‍ പ്രചരണത്തിനിടയില്‍ പറയുന്ന പാഴ്‍വാക്കായിട്ടല്ല ജീവിതവൈരുദ്ധ്യങ്ങളുടെ മദ്ധ്യേ സ്വയം തിരഞ്ഞെടുക്കുന്ന ഒരു നിലപാട് തന്നെയാകണമത്. നാം സോദരരാണെന്ന തിരിച്ചറിവ് – അതുണ്ടാകുന്നത് നമ്മെ സോദരരാക്കിത്തീര്‍ക്കുന്ന പിതാവുമായുള്ള ബന്ധമാണ്.
ഫ്രാന്‍സിസ് പാപ്പ പലവുരു ചൂണ്ടിക്കാണിച്ചിട്ടുള്ള ഒരു യാഥാര്‍ത്ഥ്യം ‘ഏവരും സോദരര്‍’ എന്നര്‍ത്ഥമുള്ള “ഫ്രത്തേലി തൂത്തി” എന്ന തന്റെ ചാക്രികലേഖനത്തിലും ആവര്‍ത്തിച്ചു പറയുന്നുണ്ട്. അത്യാധുനിക ശാസ്ത്രസാങ്കേതിക വികസനം നമ്മള്‍ തമ്മിലുള്ള അകലം കുറച്ചിട്ടുണ്ട്. ലോകത്തിന്റെ പല കോണുകളില്‍ കഴിയുന്നവരെ പരസ്പരം അയല്‍ക്കാരാക്കിയിട്ടുണ്ട്. പക്ഷേ അവയൊന്നും നമ്മെ സഹോദരങ്ങളാക്കിയിട്ടില്ല. പുരോഗതിയുടെ പാതയിലുള്ള അതിവേഗയാത്രയില്‍ പാതയോരത്ത് ഉപേക്ഷിക്കപ്പെട്ടവരെ കാണാനോ, പരിഗണിക്കാനോ കഴിയാതെ പോകുന്നു. വഴിയിലെ സഹയാത്രികനെ സഹോദരനായി തിരിച്ചറിയാതെ അപരിചിതരായി നടന്നകലുന്നു. അടഞ്ഞ ലോകത്തിന്റെമേല്‍ ഇരുണ്ടമേഘങ്ങള്‍ ഉരുണ്ടു കൂടുകയാണ്. ഒരുമിച്ചു സ്വപ്നം കാണാത്തതുകൊണ്ട് എല്ലാവര്‍ക്കുംവേണ്ടിയുള്ള പൊതുപദ്ധതികള്‍ രൂപംകൊള്ളുന്നില്ല. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ആരെയും ഉപയോഗിച്ച് വലിച്ചെറിയാന്‍ ആര്‍ക്കും മടിയില്ലാത്ത ഒരു ജീവിതശൈലി ഒരു മഹാമാരിപോലെ പടര്‍ന്നുപിടിക്കുന്നു. കോവിഡ് 19 നല്‍കുന്ന പാഠങ്ങള്‍പോലും ഉള്‍ക്കൊള്ളാതെ, ആര്‍ക്കും ഒറ്റക്കു വിജയിക്കാന്‍ കഴിയില്ല എന്ന സത്യം തള്ളിക്കളയുന്നു. മനുഷ്യമഹത്വം ആദരിക്കപ്പെടുന്നില്ല. നിര്‍ലജ്ജമായ കയ്യേറ്റങ്ങള്‍ വസ്തുവകകളുടെ കാര്യത്തില്‍ മാത്രമല്ല, ആശയവിനിമയത്തിന്റെ കാര്യത്തിലും അറിവ് സൃഷ്ടിക്കലിന്റെ രംഗത്തുമെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആത്മനിന്ദയുടെയും അടിമപ്പെടുത്തലിന്റെയും പുതുരൂപങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ദരിദ്രരായ ആളുകള്‍ പരാജിതരായിത്തീരുന്ന സാഹചര്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന പാപ്പ, പക്ഷേ, ദോഷൈകദൃക്കായി ഉള്‍വലിയുകയല്ല ചെയ്യുന്നത്. പ്രത്യാശയുടെ ചക്രവാളത്തില്‍ സാമൂഹികതിന്മകളുടെ കാര്‍മേഘപാളികള്‍ സൂര്യനെ മറക്കുകയും നീലാകാശത്ത് ഇരുള്‍ പരത്തുകയും ചെയ്യുമ്പോഴും ചക്രവാളസീമകളില്‍ മഴവില്ലഴക് തെളിയുന്നത് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്രശ്നങ്ങള്‍ അപഗ്രഥിച്ച് ഏറ്റവും ഉചിതമായ പരിഹാരമാര്‍ഗങ്ങള്‍ അവതരിപ്പിക്കുന്നതിലാണ് ഫ്രാന്‍സിസ് പാപ്പയുടെ ശ്രദ്ധ. മറ്റുള്ളവര്‍ മതിലുകള്‍ മാത്രം കാണുന്നിടത്ത് നടവഴികള്‍ കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയണം എന്ന പ്രചോദനാത്മക വാക്കുകള്‍ പറയുക മാത്രമല്ല, പുതിയ പാതകള്‍ തെളിക്കുകയും ആ വഴി നടക്കുകയും മുന്നില്‍നിന്ന് നയിക്കുകയും ചെയ്യുന്നു. തിന്മയ്ക്കെതിരായ പോരാട്ടത്തില്‍ പോര്‍വിളി ഉയര്‍ത്തുന്നതിനും പടവാളേന്തുന്നതിനും യുദ്ധമുറകള്‍ പയറ്റുന്നതിനുമെല്ലാം പാപ്പ മുന്നില്‍ത്തന്നെയുണ്ട്. സാഹോദര്യം പുലരണം, സമാധാനം നിലനിൽക്കണം, ദരിദ്രര്‍ വിജയിക്കണം എന്നുമാത്രമേ അദ്ദേഹം ആഗ്രഹിക്കുന്നുള്ളൂ. ലോകം മുഴുവനുമുള്ള സര്‍വമനുഷ്യരും ഏകോദര സോദരരായി പരസ്പരം സ്നേഹത്തില്‍ വളര്‍ന്ന് സുസ്ഥിര വികസനത്തിന്‍റെ പാതയിലൂടെ മുന്നേറുന്നതിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ അദ്ദേഹം നല്കുന്നു. രാജ്യാന്തരതലത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹം ആവശ്യപ്പെടുന്നു. അതിന് പുതിയൊരു രാഷ്ട്രീയസംസ്കാരം രൂപപ്പെടണം. ഏവരെയും പ്രത്യേകിച്ച് നാളിതുവരെ നാടിന്റെ വികസനത്തിന്റെ ഇരകളായിപ്പോയവരെ പരിഗണിക്കുന്ന വികസനതന്ത്രങ്ങള്‍ രൂപപ്പെടണം.
ഇവയെല്ലാം ചെയ്യേണ്ടത് മറ്റാരുടെയോ ചുമതലയാണെന്നു കരുതി, വ്യക്തിപരമായ ഉത്തരവാദിത്തത്തില്‍നിന്ന് ആരും ഒഴിഞ്ഞുമാറരുതെന്ന് പാപ്പ പഠിപ്പിക്കുന്നു. അന്തര്‍ദേശീയ തലത്തില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. എന്നാല്‍ അതു തുടങ്ങേണ്ടത് സ്വന്തം അയൽപക്കത്തുനിന്നാണ് എന്ന് മനസിലാക്കണം.”നിങ്ങള്‍തന്നെ അവര്‍ക്കു ഭക്ഷണം നല്കുവിന്‍” എന്ന് ഗുരുവും നാഥനുമായ യേശു ഇന്നും തന്‍റെ ശിഷ്യരോട് ആവശ്യപ്പെടുന്നുണ്ട്. ഇതിന് ഉചിതമായ പ്രത്യുത്തരം അനുദിന ജീവിതത്തില്‍ നാം നല്കേണ്ടതുണ്ട്. നാട്ടിലെ പൗരന്മാര്‍ക്ക് മുട്ടില്ലാതെ ഭക്ഷണം നല്കുകയെന്നത് ഭരണകൂടത്തിന്‍റെ പ്രഥമ ധര്‍മ്മമാണ്. അതിനായി സര്‍ക്കാരിന് നിരവധിയായ പദ്ധതികളുമുണ്ട്. എങ്കിലും ഭക്ഷണം ലഭിക്കാതെ അനേകര്‍ നമ്മുടെ ചുറ്റിലും കഴിയുന്നുണ്ട്. വിവിധ കാരണങ്ങളാല്‍ യഥാസമയം ഉചിതമായ ഭക്ഷണം ലഭിക്കാത്ത ആള്‍ക്കാരുടെ നേരെ നാം കണ്ണടക്കരുത്. ഒപ്പം മറ്റൊരു കാര്യം നാം മനസിലാക്കണം- ഭക്ഷണമെന്നത് നാം കഴിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ മാത്രമല്ല. വലിച്ചുവാരിത്തിന്നതുകൊണ്ട് മാത്രം ആരും തൃപ്തരാകുന്നില്ല. മനുഷ്യന്‍റെ അന്തസ്സ് (വൗാമി റശഴിശ്യേ) ഉയര്‍ത്തുന്നില്ലെങ്കില്‍ ആഹാരം കഴിക്കുന്നത് ഒരു വൃഥാ വ്യായാമം ആയിത്തീരുന്നു. മനുഷ്യാന്തസ്സിന് ചേര്‍ന്ന വിധം ഭക്ഷണം കഴിക്കാന്‍ കഴിയണം. അന്തസ്സോടെ ഭക്ഷിക്കാന്‍ സാധിക്കുന്ന ഇടങ്ങളും സാഹചര്യങ്ങളും കൂട്ടായ്മകളും ഒരുക്കാന്‍ നമുക്ക് സാധിക്കണം. ഇവിടെയാണ് ‘അച്ചന്‍ വിളമ്പുന്ന അമ്മ ഊണ്’ പ്രസക്തമാകുന്നത്.
വ്ലാത്താങ്കരയിലെ അമ്മ ഊണ്
ഫ്രാന്‍സിസ് പാപ്പയുടെ സ്വപ്നം വ്ളാത്താങ്കര നിവാസികള്‍ സാക്ഷാത്കരിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങളെല്ലാം പട്ടിണിയും ദാരിദ്ര്യവും അതിജീവിച്ച് ‘ഫ്രത്തേലി തൂത്തി’യായി കഴിയണമെന്ന് ഫ്രാന്‍സിസ് പാപ്പ ആഗ്രഹിക്കുന്നു. ഈ അന്താരാഷ്ട്രപ്രശ്നം പരിഹരിക്കുന്നതിന് പ്രാദേശികകൂട്ടായ്മകളും അവരുടെ സ്നേഹ ഇടപെടലുകളും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ‘അമ്മ ഊണ്’ ഒരുക്കി വ്ളാത്താങ്കരയിലെ ജനങ്ങള്‍ പാപ്പയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നു. ഇടവകവികാരിയുടെ നേതൃത്വത്തില്‍ ഇടവക കൗണ്‍സില്‍ മുന്നിട്ടിറങ്ങിയപ്പോള്‍ പുതിയ സംരംഭവുമായി സഹകരിക്കുവാന്‍ അനേകം ആള്‍ക്കാര്‍ ഒരുമിച്ചുകൂടി. കോവിഡ് 19 സാമൂഹികഅകലം സൃഷ്ടിക്കുകയും പൊതുഫണ്ട് ചോര്‍ത്തിക്കളയുകയും വരുമാനമാര്‍ഗങ്ങള്‍ അടയ്ക്കുകയും ചെയ്തപ്പോള്‍ വ്ളാത്താങ്കര ഇടവക വലിയ സാമ്പത്തിക ചിലവ് വരുന്ന പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചു. അവധിയില്ലാതെ തുടര്‍ച്ചയായി എല്ലാ ദിവസവും അനേകര്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം നൽകുന്ന സ്നേഹപദ്ധതി – അമ്മ ഊണ്. നാട്ടിലാരും ഒരു നേരം നല്ല ഭക്ഷണമില്ലാതെ കഴിയുന്ന അവസ്ഥയുണ്ടാകരുത് എന്ന് അവര്‍ നിശ്ചയിച്ചു. കയ്യില്‍ കാശില്ലാത്ത ആര്‍ക്കും ഈ ഊട്ടുപുരയില്‍നിന്ന് സൗജന്യമായി ഭക്ഷണം കഴിക്കാം. സന്മനസ്സുള്ളവര്‍, പ്രത്യേകിച്ച് വ്ളാത്താങ്കര മാതാവിന്‍റെ അനുഗ്രഹം പ്രാപിച്ചവര്‍, അതിനാവശ്യമായ സംഭാവനകള്‍ നല്കുന്നുണ്ട്.
എന്നാല്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യഭക്ഷണം നല്കുന്ന ഒരു ഉപവികേന്ദ്രം എന്നതില്‍നിന്നും വളരെ ഉയരത്തിലുള്ള ഒരു നിലയിലാണ് അമ്മ ഊണ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം ഇല്ലാത്ത പാവങ്ങളും ഭക്ഷണത്തിന് കുറവില്ലാത്ത വികാരിയച്ചനും മറ്റനേകരും ഒരേ സമയം അതിഥികളും ആതിഥേയരുമാവുകയാണിവിടെ. ഒരുമിച്ച് ഭക്ഷണം ഒരുക്കാനും ഒന്നിച്ചിരുന്ന് ഭക്ഷിക്കുവാനും ഒരുമയില്‍ വളരാനും ഒരിടം ഒരുങ്ങുന്നു. സാധാരണഹോട്ടലുകളില്‍ നടക്കുന്നതുപോലെ കൊടുക്കുന്ന കാശിന്റെ വിലയും ലഭിക്കുന്ന ഭക്ഷണത്തിന്റെ മൂല്യവും തമ്മില്‍ താരതമ്യപ്പെടുത്തേണ്ടി വരുന്നില്ല. മനുഷ്യാന്തസ്സ് ഉയര്‍ത്തുന്ന ഒരു ഭക്ഷണസംസ്കാരമാണിവിടെ. ആര്‍ക്കും കടന്നുവരാം. ആസ്വദിച്ച് ഭക്ഷിക്കാം. അന്തസ്സോടെ കടന്നുപോകാം. തുടര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം. അതേ, അച്ചന്‍ വിളമ്പുന്ന അമ്മ ഊണ് ഭക്ഷിക്കുന്നവര്‍ ഫ്രത്തേലി തൂത്തിയാകുന്നു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില് തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.