ഫാ.ബിബിൻ മഠത്തിൽ
“കഴിഞ്ഞ ശനിയാഴ്ച ഞങ്ങൾക്ക് ഹോളോദൊമോറിന്റെ ഓർമ്മ ദിവസം ആയിരുന്നു.” ഇഹോർ പറഞ്ഞു തുടങ്ങി. ഇഹോർ ഉക്രേനിയയിൽ നിന്നാണു വരുന്നത്. ഞാൻ താമസിക്കുന്നിടത്ത് ഇഹോറിനെ കൂടാതെ മറ്റു മൂന്നു ഉക്രേനിയക്കാർ കൂടി താമസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും ഉക്രേനിയക്കാരുടെ ജീവിതത്തെയും രാഷ്ട്രീയത്തെയും മതാചാരങ്ങളെയും കുറിച്ചൊക്കെ ഇടക്കൊക്കെ അവരുമായി ചർച്ച ചെയ്യാറുണ്ട്. അങ്ങനെയുള്ള ഒരു ചർച്ചയുടെ ഭാഗമായാണ് ഇഹോർ ഇക്കാര്യം പറഞ്ഞത്. “ഫാസിസത്തിന്റെയും ഹിറ്റ്ലറിന്റെയും ഹോളോകോസ്റ്റുകളും വംശഹത്യയുമൊക്കെ ലോകം ചർച്ച ചെയ്യാറുണ്ട്. എന്നാൽ കമ്മ്യൂണിസത്തെയൊ സ്റ്റാലിനെയൊ അതുപോലെ ഓഡിറ്റ് ചെയ്യാൻ പലരും തയ്യാറാകുന്നില്ല.” ഇഹോർ തുടർന്നു. ഹോളോദൊമോർ (Holodomor) എന്ന വംശഹത്യയാണു ഇപ്പോൾ ഇതു പറയാൻ ഇഹോറിനെ പ്രേരിപ്പിച്ചത്.
1932 -ൽ നടന്ന ഈ വംശഹത്യയെ ഓർത്തുകൊണ്ട് നവംബർ മാസത്തിലെ അവസാന ശനിയാഴ്ച ആണു ഉക്രേനിയക്കാർ Holodomor Remembrance Day ആചരിക്കുന്നത്. അന്നു സോവിയറ്റ് യൂണിയൻ ഭരിച്ചിരുന്ന ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തിൽ നടന്ന ആസൂത്രിത ക്ഷാമവും അതുവഴി കൊല്ലപ്പെട്ട ഒരുകോടിയോളം ഉക്രേനിയൻ വംശജരെയുമാണു ഈ ദിവസം അവർ ഓർക്കുന്നത്. (പതിനൊന്നു മില്ല്യൻ എന്നാണു ഇഹോർ പറഞ്ഞത്. ഇന്റർനെറ്റിൽ ഇതിനെക്കുറിച്ച് വ്യത്യസ്തമായ കണക്കുകളാണു കാണുന്നത്.)
സ്വകാര്യസ്വത്തുക്കൾ ഇല്ലാതാക്കുന്നതിന്റെയും എല്ലാം പൊതുഭണ്ടാരത്തിലേക്ക് ഒരുമിച്ചു ചേർക്കുന്നതിന്റെയും ഭാഗമായി സോവിയറ്റ് യൂണിയൻ നടത്തിയ ‘കൂട്ടുടമവ്യവസ്ഥയുടെ” (collectivization of agriculture) ഭാഗമായാണു ഉക്രേനിയയിലെ ഹോളോദൊമേർ നടന്നത് എന്നാണു പൊതുവിലുള്ള ധാരണ. എന്നാൽ ഉക്രേനിയക്കാരെ സംബന്ധിച്ചിടത്തോളം ഇതു ‘അതുക്കും മേലെ’ ആയിരുന്നു. ഈ കളക്റ്റിവൈസേഷൻ 1932 -ലെ വസന്തകാലത്തു തന്നെ പൂർത്തിയായിരുന്നു. എന്നാൽ മോസ്കോ അവിടം കൊണ്ട് നിർത്തിയില്ല. ഉക്രേനിയക്കാരുടെ രാഷ്ട്രീയവും സാംസ്കാരികവും മതപരവുമായ ധാരകളെ ഇല്ലാതാക്കിയ ശേഷം സ്റ്റാലിൻ ഗ്രാമങ്ങളിലേക്ക് തിരിഞ്ഞു. കാരണം, അവിടെയായിരുന്നു ഉക്രേനിയക്കാരുടെ പാരമ്പര്യവും സ്വത്വബോധവും വസിച്ചിരുന്നത്. അവയെ ഇല്ലാതാക്കുന്നതുവഴി സ്വാതന്ത്രത്തിനുവേണ്ടിയുള്ള ഉക്രേനിയക്കാരുടെ ശ്രമങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കാമെന്ന് സ്റ്റാലിൻ കരുതി. അങ്ങനെ ഹോളോദൊമോറിലേക്ക് നയിച്ച കാര്യങ്ങൾക്ക് സ്റ്റാലിന്റെ നേതൃത്വത്തിൽ മോസ്കോ തുടക്കം കുറിച്ചു.
ഗ്രാമപ്രദേശങ്ങളിൽ നിന്ന് ഭക്ഷണയോഗ്യമായ സകലതും പിടിച്ചെടുക്കപ്പെട്ടു. ധാന്യങ്ങളും പൊടികളും മൃഗങ്ങളും മുട്ടയും പാലും വരെ കമ്മ്യൂണിസ്റ്റ് സർക്കാർ പിടിച്ചെടുത്തു. ഇത്രയും പോരാഞ്ഞിട്ട് ഭക്ഷണം പാചകം ചെയ്യുന്ന പാത്രങ്ങൾ പോലും സർക്കാർ കൊണ്ടുപോയി. ഉക്രേനിയയുടെ അതിർത്തികൾ അടച്ചു. അവിടേക്ക് ഒരു വിധത്തിലുമുള്ള ഭക്ഷണങ്ങൾ കയറ്റിവിട്ടില്ല. ആരെയും അവിടെ നിന്നു പുറത്തേക്കും വിടുമായിരുന്നില്ല. അങ്ങനെ സമാധാനകാലത്ത് സോവിയറ്റ് റഷ്യയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നേതൃത്വത്തിൽ മനുഷ്യനിർമ്മിതമായ കൊടിയ ക്ഷാമത്തിനു ഉക്രയിൽ സാക്ഷ്യം വഹിച്ചു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഉക്രേനിയയിൽ നിന്നു പട്ടിണിമരണങ്ങൾ കേട്ടു തുടങ്ങി. മാസങ്ങൾക്കുള്ളിൽ ഉക്രേനിയയിലെ ഗ്രാമങ്ങൾ തന്നെ എന്നെന്നേക്കുമായി ഇല്ലാതായി. ഏകദേശം ഒരു വർഷത്തിനുശേഷം ‘ഉക്രേനിയൻ ദേശീയവാദത്തെ’ എന്നെന്നേക്കുമായി ഇല്ലാതാക്കി എന്നു സോവിയറ്റ് യൂണിയൻ അവകാശവാദം ഉന്നയിക്കുമ്പോൾ സത്യത്തിൽ ഒരുകോടിയിലധികം ഉക്രേനിയക്കാർ മരിച്ചു കഴിഞ്ഞിരുന്നു.
സോവിയറ്റ് യൂണിയന്റെ പതനത്തോടെ 1991 -ലാണു ഉക്രയിൻ പിന്നീട് സ്വതന്ത്ര രാജ്യമാവുന്നത്. 2006 -ലാണു ഉക്രയിൻ ഹോളോദൊമോറിനെ ഒരു വംശഹത്യയായി പ്രഖ്യാപിക്കുന്നത്. ഇന്നും ഹിറ്റ്ലറിന്റെ നേതൃത്വത്തിൽ യഹൂദർക്കെതിരെ നടന്ന വംശഹത്യയായ ഹോളോകോസ്റ്റിനെ പലരും അതികഠിനമായി വിമർശിക്കുമ്പോഴും സ്റ്റാലിന്റെ നേതൃത്വത്തിൽ ഉക്രേനിയൻ വംശജരെ ഇല്ലാതാക്കിയ ഹോളോദോമോറിനെ കുറിച്ച് പറയാൻ പലർക്കും മടിയാണ്. റഷ്യ ഇന്നും ഉക്രേനിയയുമായി നിരന്തരം സംഘർഷത്തിലാണു എന്ന വസ്തുത കൂടി ഓർക്കേണ്ടതുണ്ട്.
“സ്റ്റാലിന്റെ വംശഹത്യ” എന്നാണു ഇഹോർ ഹോളോദോമോറിനെ വിശേഷിപ്പിക്കുന്നത്. വംശഹത്യ മാത്രമല്ല, രാഷ്ട്രീയവും സാംസ്കാരികവും മതപരവും സാമ്പത്തികവുമായ സകല സ്വത്വത്തെയും ഇല്ലാതാക്കാൻ ഉള്ള ശ്രമമായിരുന്നു ഹോളോദോമോർ. ചരിത്രത്തെ ഓഡിറ്റ് ചെയ്യുമ്പോൾ ഹോളോകോസ്റ്റിനേക്കാൾ ക്രൂരമായിരുന്നു ഹോളോദൊമേർ എന്ന് നമുക്ക് അംഗീകരിക്കേണ്ടി വരും.
വാൽക്കഷണം: ഇന്നു അതേ ഉക്രേനിയയിൽ നിന്ന് നാലു പേർ എന്നോടൊപ്പം പഠിക്കുന്നുണ്ട്. അതിലൊരാൾ വൈദികനാണ്. മറ്റു മൂന്നു പേർ ഉടൻ വൈദികരാകാൻ പോകുന്നവരും. ഗ്രീക്ക് ഓർത്തഡോക്സ് സഭയിലും ഗ്രീക്ക് കത്തോലിക്കാസഭയിലും അംഗങ്ങളാണു ഉക്രേനിയക്കാരിൽ ഭൂരിപക്ഷവും. ബലപ്രയോഗം കൊണ്ട് എന്നെന്നേക്കുമായി വിശ്വാസത്തെ തളർത്താനാവില്ല എന്നതിന്റെ ഉദാഹരണമാണു ഉക്രേനിയയിലെ ക്രൈസ്തവ സഭ.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.