അഡ്വ.ഷെറി ജെ.തോമസ്
ആരാണ് ഇന്ത്യൻ പൗരൻ?
‘ആരാണ് ഇന്ത്യൻ പൗരൻ?’ എന്ന ചോദ്യത്തിന് മറുപടി ആരംഭിക്കുന്നത് ഭരണഘടനയുടെ രണ്ടാം ഭാഗം ആർട്ടിക്കിൾ 5 മുതൽ 11 വരെയുള്ള വിവരണങ്ങളിൽ ആണ്. ഭരണഘടന രൂപീകരിക്കപ്പെട്ട സമയം ഇന്ത്യയിൽ സ്ഥിര താമസം ഉള്ളവർക്കും, ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ ജനിച്ചവർക്കും, മാതാപിതാക്കളിൽ ഒരാൾ ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ ഇതിൽ ജനിച്ചവരും, ഭരണഘടന ആരംഭിക്കുന്നതിനുമുമ്പ് അഞ്ചുവർഷം തുടർച്ചയായി ഇന്ത്യയിൽ താമസിച്ചവരും ആണ് ആർട്ടിക്കിൾ 5 പ്രകാരം ഇന്ത്യയുടെ പൗരന്മാർ.
1948 ജൂലൈ 19-ന് മുമ്പ് പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വന്നവരെ പൗരന്മാരായി കണക്കാക്കും. 1947 മാർച്ച് ഒന്നിന് ശേഷം ഇന്ത്യയിൽനിന്ന് പാകിസ്ഥാനിലേക്ക് കുടിയേറിയ വർക്ക് ഇന്ത്യൻ പൗരത്വം ഉണ്ടാവില്ല. രാജ്യത്തിന്റെ പാർലമെൻറിന് പൗരത്വത്തെ നിർവചിക്കാനും പൗരത്വം സംബന്ധിച്ചുള്ള നിയമനിർമാണത്തിനും ഭരണഘടന അധികാരം നൽകുന്നു. ഇപ്രകാരമുള്ള അധികാരമുപയോഗിച്ച് 1955-ൽ പൗരത്വ നിയമം നിലവിൽ വന്നു.
എങ്ങനെയാണ് ഇന്ത്യയിൽ പൗരത്വം?
1955-ലെ പൗരത്വ നിയമ പ്രകാരം, ഭരണഘടന നിർവചനങ്ങൾക്ക് വിധേയമായി നാല് തരത്തിലാണ് പൗരത്വം ലഭിക്കുന്നത്.
1. ജനനം കൊണ്ടുള്ള പൗരത്വം
എ) 1950 ജനുവരി 26-നോ അതിനുശേഷമോ, എന്നാൽ 1987 ജൂലൈ ഒന്നിനു മുൻപ് ഇന്ത്യയിൽ ജനിച്ചവർ.
ബി) 1987 ജൂലൈ ഒന്നിനു ശേഷവും 2003-ലെ പൗരത്വഭേദഗതിക്ക് (6 of 2004) മുമ്പും ജനിച്ചവരിൽ മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരൻ ആയിട്ടുള്ളവർ.
സി) 2003-ലെ പൗരത്വ നിയമഭേദഗതിക്ക് ശേഷം ജനിച്ചവരിൽ, മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യൻ പൗരന്മാരായ വരോ, മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരൻ ആയവരിൽ മറ്റേയാൾ കുട്ടിയുടെ ജനന സമയം അനധികൃത കുടിയേറ്റക്കാരല്ല എന്നിരുന്നാലും പൗരത്വം ലഭിക്കും.
2. വംശപരമ്പര വഴിയുള്ള പൗരത്വം
എ) ജനനസമയം പിതാവ് ഇന്ത്യൻ പൗരനായവരും 1950 ജനുവരി 26നോ അതിനുശേഷമോ ജനിച്ചവരും 1992 ഡിസംബർ 10 ന് മുൻപ് ജനിച്ചവരും.
ബി) 1992 ഡിസംബർ 10 നോ അതിനുശേഷമോ ജനിച്ചവരിൽ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ കുട്ടിയുടെ ജനന സമയം ഇന്ത്യൻ പൗരൻ ആയിട്ടുള്ളവർ.
3. രജിസ്ട്രേഷൻ വഴിയുള്ള പൗരത്വം
അനധികൃത കുടിയേറ്റക്കാർ അല്ലാത്തവർക്ക് കാലാകാലം ഉള്ള നിബന്ധനകൾക്ക് വിധേയമായി അപേക്ഷ നൽകാവുന്നതാണ്.
4. സ്വാഭാവിക പൗരത്വം
അനധികൃത കുടിയേറ്റക്കാരനല്ലാത്ത ഏതെങ്കിലും ഒരു പ്രായപൂർത്തിയായ വ്യക്തി അപേക്ഷ നൽകിയാൽ നിയമത്തിൻറെ മൂന്നാം പട്ടികയിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം അർഹതയുള്ള ആളാണെങ്കിൽ പൗരത്വം നൽകും. ഈ ഭാഗം വിവരിക്കുന്ന മൂന്നാം പട്ടികയിലാണ് നിയമ ഭേദഗതി വരുത്തിയത്.
പൗരത്വ നിയമത്തിന്റെ രണ്ടാം വകുപ്പിൽ ഒരു ഉപവകുപ്പ് കൂട്ടിച്ചേർത്തു. അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിലേക്ക് കടന്നിട്ടുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജെയിൻ, പാഴ്സി ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ടവരെ അനധികൃത കുടിയേറ്റക്കാർ എന്ന ഗണത്തിൽ ഉൾപ്പെടുത്തില്ല.
അതുപോലെതന്നെ നിയമത്തിന്റെ മൂന്നാം ഷെഡ്യൂളിൽ സ്വാഭാവികമായി പൗരത്വം ലഭിക്കുന്നത് സംബന്ധിച്ച് ഭാഗത്ത് പൗരത്വത്തിന് അപേക്ഷിക്കുന്ന ആളുകൾ ഇന്ത്യയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട കാലയളവ് മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്നും വരുന്ന മുമ്പ് സൂചിപ്പിച്ച മതവിഭാഗങ്ങൾക്ക് മാത്രമായി 11 വർഷത്തിൽ നിന്ന് അഞ്ചുവർഷമായി കുറച്ചു.
അതോടൊപ്പമുള്ള മറ്റൊരു ഭേദഗതി, ഏഴാം വകുപ്പിൽ വരുത്തിയിരിക്കുന്ന ഭേദഗതി പ്രകാരം ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) എന്ന ഗണത്തിൽ പെടുന്നവർ പൗരത്വ നിയമത്തെയോ സമയാസമയങ്ങളിൽ കേന്ദ്ര ഗവൺമെൻറ് ഉണ്ടാക്കുന്ന മറ്റ് നിയമങ്ങളുടെയോ ലംഘനം നടത്തിയാൽ അതിനാൽ തന്നെ പൗരത്വം റദ്ദാക്കപ്പെടാം.
രാജ്യത്തിന്റെ രണ്ട് സഭകൾ- ‘ലോകസഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി നിയമം എങ്ങനെ നിയമവിരുദ്ധം’ ആകുന്നു?
ഭരണഘടനയാണ് ലോക സഭയെക്കാളും രാജ്യസഭയെക്കാളും വലുത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഏതൊക്കെയാണ് എന്ന് കേശവാനന്ദഭാരതി കേസിൽ ചീഫ് ജസ്റ്റിസ് സിക്രിയുടെ നേതൃത്വത്തിൽ സുപ്രീം കോടതിയുടെ 13 അംഗ ബഞ്ച് 1973-ൽ നിർവചിച്ചിട്ടുണ്ട്. രാജ്യത്തിൻറെ പരമാധികാരം, റിപ്പബ്ലിക് ജനാധിപത്യ സ്വഭാവമുള്ള ഭരണകൂടം, മതേതര സ്വഭാവം, അധികാര വേർതിരിവ്, ഫെഡറൽ സ്വഭാവം എന്നിങ്ങനെ അഞ്ച് കാര്യങ്ങളാണ് പ്രധാനമായും ഭരണഘടനയുടെ അടിസ്ഥാന തത്വം.
എത്ര മൃഗീയ ഭൂരിപക്ഷം ഉണ്ടെങ്കിലും അടിസ്ഥാനതത്വങ്ങൾ ഭേദഗതി ചെയ്യുന്നതിന് നിയമ നിർമ്മാണ സഭകൾക്ക് അധികാരമില്ല. പൗരത്വ നിയമ ഭേദഗതി മതത്തെ അടിസ്ഥാനമാക്കി കൊണ്ടുവരികയും മതത്തിൻറെ പേരിൽ വിവേചനം ഉണ്ടാവുകയും ചെയ്യുന്നതുവഴി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നായ മതേതര സ്വഭാവത്തിന് എതിരായ നിയമഭേദഗതി ആണ് ഇത്. ആർട്ടിക്കിൾ 14 എന്ന മൗലിക അവകാശം പറയുന്നത് എല്ലാവരും നിയമത്തിനു മുന്നിൽ തുല്യമായിരിക്കണം എന്നാണ്. ഈ ഭേദഗതിയിൽ മതത്തിന്റെ പേരിൽ ആളുകളെ വിവേചിച്ച് കാണുന്ന രീതിയാണ് ഉള്ളത്.
എന്തുകൊണ്ടാണ് ‘തുല്യത എന്ന മൗലികാവകാശത്തിന്റെ ലംഘനം’ ആകുന്നത്?
ഒരു നിയമം തുല്യത എന്ന മൗലികാവകാശത്തിന്റെ -ആർട്ടിക്കിൾ 14-ന്റെ ലംഘനമാണോ എന്ന് മനസ്സിലാക്കുന്നതിന് ചില മാനദണ്ഡങ്ങൾ ഉപയോഗിക്കാം.
ഒന്നാമതായി; ഈ നിയമഭേദഗതി സ്വേച്ഛാപരമായത് (Arbitrary) ആണോ എന്നുള്ളതാണ്. രാജ്യത്തിൻറെ അതിർത്തി പങ്കിടുന്ന നിരവധി രാജ്യങ്ങളിൽ ഇതിൽ പല മത വിഭാഗത്തിൽ ഉള്ളവരും പല കാരണങ്ങളാൽ വംശീയ, രാഷ്ട്രീയ, ഭാഷാപരമായ, മതപരമായ പീഡനങ്ങൾ നടക്കുമ്പോൾ മതപീഡനങ്ങൾ ഉണ്ട് എന്ന കാരണത്താൽ മൂന്ന് രാജ്യങ്ങളെ (അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്) മാത്രം തിരഞ്ഞെടുക്കുകയും 6 മതങ്ങളെ മാത്രം ഉൾപ്പെടുത്തുകയും മുസ്ലിം മതത്തെ ഒഴിവാക്കുകയും ചെയ്തതു വഴി സ്വേച്ഛാപരമായ തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളത്.
രണ്ടാമതായി; സുവ്യക്തമായ, നീതിപൂർവ്വമായ വേർതിരിവ് (Intelligible differentia) ആണോ രാജ്യങ്ങളെയും മതങ്ങളെയും തെരഞ്ഞെടുത്ത കാര്യത്തിൽ ഉണ്ടായിട്ടുള്ളത് എന്നത് അന്വേഷിച്ചാലും മറുപടി – സുവ്യക്തമായ, യുക്തിപൂർവ്വമായ തെരഞ്ഞെടുപ്പ് അല്ല എന്നുള്ളതായിരിക്കും. കാരണം വിവിധ തരത്തിലുള്ള പീഡനങ്ങൾ നടക്കുമ്പോൾ മതപീഡനം മാത്രം തിരഞ്ഞെടുത്തതും, ശ്രീലങ്ക, ഭൂട്ടാൻ, മ്യാൻമാർ, നേപ്പാൾ, ടിബറ്റ് തുടങ്ങിയ അയൽരാജ്യങ്ങളിലും മതപീഡനങ്ങൾ നടക്കുമ്പോൾ മൂന്നു രാജ്യങ്ങൾ മാത്രം തെരഞ്ഞെടുത്തതും സുവ്യക്തമായ തെരഞ്ഞെടുപ്പ് അല്ല.
മൂന്നാമതായി; വിവിധതരം പീഡനങ്ങളിൽ മതപീഡനം മാത്രം തെരഞ്ഞെടുത്തത് യുക്തിപൂർവമായ വർഗീകരണം (Rational nexus) അല്ല. മുസ്ലിം വിഭാഗത്തിലെ തന്നെ അഹമ്മദീയ ഷിയ വിഭാഗങ്ങൾ ഈ പറഞ്ഞ മൂന്നു രാജ്യങ്ങളിൽ തന്നെ പീഡനത്തിന് ഇരയാകുന്നുണ്ട്; എന്നാൽ അവയൊന്നും ഉൾപ്പെടുത്താതിരുന്നതും യുക്തിപരമായ വർഗ്ഗീകരണം അല്ല എന്ന് പറയേണ്ടിവരും.
കേശവാനന്ദഭാരതി കേസിൽ വിധി പറഞ്ഞത് ഇന്ത്യയിലെ സുപ്രീം കോടതി ആണെങ്കിൽ, അതിന് ആധാരമായത് ഈ രാജ്യത്തിൻറെ ഭരണഘടന ആണെങ്കിൽ ഈ കോടതിയിലും ഭരണഘടനയിലും വിശ്വസിക്കുന്ന ഭാരതീയന് ഈ നിയമ ഭേദഗതി നിയമവിരുദ്ധമെന്നേ പറയാനാകൂ.
പൗരത്വ നിയമ ഭേദഗതി മൂലം നിലവിൽ ഇന്ത്യയിൽ നിയമവിധേയമായി ജീവിക്കുന്നവർക്ക് എന്താണ് പ്രശ്നം?
പൗരത്വ നിയമ ഭേദഗതിയിൽ ഒരു മതത്തെ ഒഴിവാക്കി എന്നത് കൊണ്ട് ആ മതവിഭാഗത്തിന് മാത്രമായിരിക്കില്ല ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരിക. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് പൗരത്വ രജിസ്റ്റർ വരുമ്പോഴാണ്. പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാൻ എന്തൊക്കെയാണ് മാനദണ്ഡങ്ങൾ എന്നത് നിലവിൽ ആസാമിൽ മാത്രമാണ് ചൂണ്ടിക്കാണിക്കാവുന്നത്. 14 തരത്തിലുള്ള രേഖകൾ ആണ് ആണ് ഇതിന് തെളിവായി വരുന്നത്. 1971 മാർച്ച് 24-ന് മുമ്പ് ഉള്ള രേഖകൾ ആയിരിക്കണം ഇത്.
ആ രേഖകൾ ഇവയാണ്
1. 1951 ലെ പൗരത്വത്തിൽ പേരുള്ളവർ
2. 1971 മാർച്ച് 24 ന് മുൻപുള്ള തെരഞ്ഞെടുപ്പ് പട്ടികയിലുള്ളവർ
3. ഭൂമി ഉടമസ്ഥത രേഖകൾ
4. പൗരത്വ സർട്ടിഫിക്കറ്റ്
5. സ്ഥിരതാമസ സർട്ടിഫിക്കറ്റ്
6. അഭയാർത്ഥി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
7. ഏതെങ്കിലും സർക്കാർ ലൈസൻസ് /സർട്ടിഫിക്കറ്റ്
8. സർക്കാർ ഉദ്യോഗം/ ഉപയോഗ സർട്ടിഫിക്കറ്റ്
9. ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ട്
10. ജനന സർട്ടിഫിക്കറ്റ്
11. സ്കൂൾ/ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ്
12. കോടതി ഉത്തരവുകൾ
13. പാസ്പോർട്ട്
14. ഏതെങ്കിലും എൽഐസി പോളിസി.
നിങ്ങൾക്ക് ഈ രേഖകൾ ഉണ്ടോ?
ഉത്തരം എളുപ്പമായി തോന്നും. ഈ രേഖകളിൽ ഏതെങ്കിലും ഒക്കെ നിങ്ങൾക്ക് ഇപ്പോൾ ഉണ്ടാകാം. എന്നാൽ അത് പോരാ. ആസാമിൻറെ കാര്യത്തിൽ 1971 ആയിരുന്നുവെങ്കിൽ (ആസാം കരാർ) കേരളത്തിൽ അത് പൗരത്വ നിയമത്തിലെ വകുപ്പു 3 (1) A പൊതുവായി പറഞ്ഞിരിക്കുന്നതു പ്രകാരം 1950 ജനുവരി 26-നോ അതിനുശേഷമോ ജനിച്ചവരും എന്നാൽ 1987 ജൂലൈ 1-ന് മുമ്പ് ജനിച്ചവരും ആയിരിക്കണം എന്ന കണക്ക് അടിസ്ഥാനമാക്കിയായിരിക്കും. അതിനുശേഷം 2003 വരെയുള്ള കാലയളവിൽ ജനിച്ചവർക്ക് പൗരത്വം ലഭിക്കണമെങ്കിൽ മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാർ ആണ് എന്ന് തെളിയിക്കണം. 2003-ന് ശേഷം ജനിച്ചയാളുടെ മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യൻ പൗരന്മാർ ആവുകയും അവരിലൊരാൾ അനധികൃത കുടിയേറ്റക്കാരാകാതിരിക്കുകയും വേണം. ചുരുക്കത്തിൽ നിങ്ങളോ നിങ്ങളുടെ പൂർവികരോ 1987 ജൂലൈ 1-ന് മുമ്പ് ഇന്ത്യയിൽ ജനിച്ചു എന്ന് തെളിയിക്കുന്ന രേഖകൾ ഉണ്ടാവണം. ആസാമിൽ അത് മേൽപ്പറഞ്ഞ 14 രേഖകൾ ആണെങ്കിൽ ഇവിടെ എന്തായിരിക്കുമെന്ന് പറഞ്ഞിട്ടില്ല. ഇന്ന് രാജ്യത്തെ ജനസംഖ്യയിൽ നല്ലൊരു ശതമാനം 33 വയസ്സിന് താഴെയാണ്. (1987 ന് ശേഷം ജനിച്ചവരെ ഉദ്ദേശിക്കുന്നു). അങ്ങനെയുള്ളവർ തങ്ങളുടെ പൗരത്വം തെളിയിക്കാൻ ഏതു മതം ആണെങ്കിലും, മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാർ ആയിരുന്നു എന്ന സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കണം. അങ്ങനെ തെളിയിക്കാൻ പറ്റിയില്ലെങ്കിൽ മുസ്ലിം ഒഴികെയുള്ള മറ്റ് ആറ് മതവിഭാഗങ്ങൾക്ക് അവർ അഫ്ഗാനിസ്ഥാനിൽ നിന്നോ, ബംഗ്ലാദേശിൽ നിന്നോ, പാക്കിസ്ഥാനിൽ നിന്നോ, വന്ന അനധികൃത കുടിയേറ്റക്കാരാണ് എന്ന് പറഞ്ഞാൽ പൗരത്വം ലഭിക്കുമത്രേ.
സ്വന്തമായി ഭൂമിയില്ലാത്തവരാണ് ദളിത് പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടു വരുന്നവരിൽ ഭൂരിഭാഗവും. ആസാമിൽ പറഞ്ഞതുപോലുള്ള രേഖകൾ ആണെങ്കിൽ തന്നെ, പൂർവികന്മാരുടെ പേരിൽ അതൊക്കെ സംഘടിപ്പിക്കാൻ നന്നായി മെനക്കെടേണ്ടി വരും. ദളിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെയും കാര്യത്തിൽ ആയിരിക്കും ഇത്തരത്തിൽ രേഖകൾ ഹാജരാക്കാൻ ഏറെ ബുദ്ധിമുട്ട്.പൗരത്വം തെളിയിക്കാൻ ആയില്ലെങ്കിൽ പാസ്പോർട്ട് നിയമപ്രകാരവും ഫോറിനേഴ്സ് നിയമപ്രകാരവും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട അനധികൃത കുടിയേറ്റക്കാരായ പരിഗണിക്കും. അവർക്കുവേണ്ടി കൽത്തുറുങ്കുകൾ തയ്യാറാകുന്നുണ്ട്.
രാജ്യത്തിന് ഒരു പൗരത്വ പട്ടിക വേണ്ടേ?
പ്രസക്തമായ ചോദ്യമാണത്. പൗരത്വ പട്ടിക പ്രസിദ്ധീകരിക്കാൻ മുൻപ് ശ്രമിച്ചുവെങ്കിലും പ്രായോഗികമല്ല എന്ന കാരണത്താൽ ഉപേക്ഷിച്ചതാണ്. ഇനി എല്ലാത്തരം കഷ്ടപ്പാടുകളും നേരിട്ട് പൗരത്വ രജിസ്റ്റർ ഉണ്ടാക്കണമെങ്കിൽ, നോട്ട് നിരോധന സമയത്ത് (എന്തിനു വേണ്ടിയായിരുന്നു എന്ന് അധികാരികൾക്ക് പോലും ഇന്ന് മറുപടിയില്ല) ജനം വരി നിന്നത് പോലെ വലിയ വരികൾ ഇനിയുമുണ്ടാകും.
ഇന്ത്യയിൽ ജനിച്ചവരാണ് എന്ന് കാണിക്കാൻ ആധികാരികമായ രേഖകൾ പറയുമ്പോൾ ഏറ്റവും എളുപ്പത്തിൽ ആളുകളെ ഉൾപ്പെടുത്താൻ പറ്റുന്നതായിരിക്കണം. നിലവിലെ വോട്ടർപട്ടികയിലെ പേര്, സ്വയം സമർപ്പിക്കുന്ന സത്യവാങ്മൂലം മുതലായവയൊക്കെ അതിന് ഉപകരിക്കുന്നതാ
കണം. അവിടെ എല്ലാ മതവിഭാഗക്കാർ ഒരു പോലുള്ള മാനദണ്ഡങ്ങൾ ആയിരിക്കണം എന്നത് പരമപ്രധാനമായ കാര്യം.
ഒരു രാജ്യത്തെ പൗരന്മാർ ആരാണെന്ന് തീരുമാനിക്കുന്നതിനുള്ള ബാധ്യത പൗരന്മാരിൽ മാത്രമായി അടിച്ചേൽപ്പിക്കാൻ ഉള്ളതല്ല. കോടിക്കണക്കിന് ജനങ്ങളെ പൗരത്വം തെളിയിക്കുന്നതിന് വരി നിർത്തുന്നതിന് പകരം സാമാന്യമായ രീതിയിൽ ജാതിമത വേർതിരിവുകൾക്ക് അതീതമായി ഒരു സംവിധാനം ഉണ്ടാക്കുന്നതിന് മുന്നോട്ട് വരികയാണ് ഭരണകൂടം ചെയ്യേണ്ടത്.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.