മൂന്നു ശതാബ്ദങ്ങൾ പിന്നിടുന്ന റോമിലെ പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമി (Pontifical Academy of Theology) ഇന്നും കത്തോലിക്കാ സഭയിൽ ഒരു സജീവ സാന്നിധ്യമാണ്. 1718-ൽ ക്ലെമന്റ് പതിനൊന്നാമൻ പാപ്പയാണ് ദൈവശാസ്ത്ര അക്കാദമി സ്ഥാപിച്ചതും അതിന് ആദ്യത്തെ നിയമാവലിയും പ്രവർത്തനരീതിയും നിശ്ചയിച്ചുകൊടുത്തതും. ദൈവശാസ്ത്രം സഭയ്ക്കും സഭാപ്രവർത്തനങ്ങൾക്കും മാർഗദർശിയാകണമെന്ന കാഴ്ചപ്പാടാണ് ക്ലെമന്റ് പാപ്പയെ അക്കാദമിയുടെ സ്ഥാപനത്തിലേക്കു നയിച്ചത്.
1999-ൽ ജോൺ പോൾ രണ്ടാമൻ പാപ്പയാണു ചിന്തയുടെ വിശാലചക്രവാളങ്ങളുമായി സംവദിക്കുന്നതിന് അക്കാദമിക്കു പ്രേരകശക്തി നൽകിയത്. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ’’വിശ്വാസവും യുക്തിയും’’ എന്ന ചാക്രികലേഖനവും ’’അക്കാദമിക ദൗത്യങ്ങൾ’’ എന്ന അപ്പസ്തോലിക ലേഖനവും ദൈവശാസ്ത്ര അക്കാദമിക്കു നവചൈതന്യം നൽകി. സമൂഹത്തോടും സഭയോടും പ്രതിബദ്ധതയുടേതായ ബന്ധം അക്കാദമിക്കുണ്ട്.
കാലഘട്ടത്തോടും സമകാലിക സംസ്കാരത്തോടും ക്രിയാത്മകവും വിമർശനാത്മകവുമായ സമീപനം പുലർത്തിക്കൊണ്ട് ദൈവികസത്യങ്ങളെ അക്കാദമിയുടെ അംഗങ്ങൾ ഇന്നത്തെ മനുഷ്യർക്കു വ്യാഖ്യാനിച്ചുകൊടുക്കണമെന്ന് ജോൺ പോൾ പാപ്പ ചൂണ്ടിക്കാട്ടി. ദൈവശാസ്ത്രത്തിനു നവമായ ഒരു വ്യാഖ്യാന ശാസ്ത്രത്തിന്റെ ആവശ്യകത തന്നെയുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. തത്ത്വചിന്തയും അതിന്റെ ഉന്നതതലമായ അതിഭൗതികശാസ്ത്രവും (Metaphysics) ഇതിനാവശ്യമാണ്. മനുഷ്യാസ്തിത്വത്തെ സമഗ്രതയിൽ കാണുന്ന തത്ത്വശാസ്ത്രപരമായ മനുഷ്യവിജ്ഞാനീയ (Philosophical Anthropology) വും ഇവിടെ പ്രത്യേക പ്രാധാന്യമർഹിക്കുന്നു.
ദൈവശാസ്ത്രദൗത്യം
ദൈവശാസ്ത്ര അക്കാദമിയുടെ മൂന്നാം ശതാബ്ദിയുടെ ഭാഗമായി വത്തിക്കാനിലെ അപ്പസ്തോലിക് പാലസിന്റെ കൺസിസ്റ്ററി ഹാളിൽ സമ്മേളിച്ച അക്കാദമി അംഗങ്ങളോടു സംസാരിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ദൈവശാസ്ത്രത്തിന്റെ ദൗത്യം ചൂണ്ടിക്കാട്ടി. മാറ്റങ്ങളുടെ മധ്യേ അക്കാദമിയുടെ നിർവഹണത്തിൽ മാറ്റമില്ലാതെ നിലകൊള്ളേണ്ടത് ദൈവശാസ്ത്രം സഭയുടെ സേവനത്തിൽ ആയിരിക്കണമെന്നതാണെന്നു പാപ്പ ചൂണ്ടിക്കാട്ടി. യേശുക്രിസ്തുവിലൂടെ വെളിവായ സദ്വാർത്ത സങ്കീർണപ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യസമൂഹത്തിനു നൽകുകയാണ് അക്കാദമിയുടെ ഉത്തരവാദിത്വമെന്ന് പാപ്പ ഓർമിപ്പിച്ചു. അതിനായി സമകാലികലോകത്തിലെ ചിന്താധാരകളും സാസ്കാരിക പ്രവണതകളും പഠനവിഷയമാക്കണം.
മൂന്നു ശതാബ്ദങ്ങൾ അക്കാദമിയെ സംബന്ധിച്ചു വലിയൊരു നാഴികക്കല്ലാണ്. ഫ്രാൻസിസ് പാപ്പ പറഞ്ഞു: ഇതു നാർസിസത്തിന്റെയോ നോൾസ്റ്റാൽജിയയുടെയോ വികാരമല്ല, ദൗത്യബോധത്തിന്റെ ചിന്തയാണ് ഉണർത്തേണ്ടത്. തുറന്ന മനോഭാവത്തോടെ എല്ലാ ദൈവശാസ്ത്രകേന്ദ്രങ്ങളോടും യൂണിവേഴ്സിറ്റികളോടും ബന്ധത്തിലും സഹകരണത്തിലും അക്കാദമി പ്രവർത്തിക്കണമെന്നു പാപ്പ നിർദേശിച്ചു.
ഇന്നത്തെ ഘടനയും പ്രവർത്തനങ്ങളും
ദൈവശാസ്ത്ര അക്കാദമി രൂപം കൊള്ളുന്നതും ആദ്യകാലങ്ങളിൽ പ്രവർത്തിച്ചതും റോമിന്റെ ചുറ്റുപാടിലാണ്. റോമിലെ ദൈവശാസ്ത്രജ്ഞരായിരുന്നു അംഗങ്ങളായിരുന്നത്. ജോൺ പോൾ രണ്ടമാൻ പാപ്പ അക്കാദമിയെ കൂടുതൽ വിശാലമായ ലോകത്തിലേക്ക് കൊണ്ടുവന്നു. ഇന്നത്തെ അക്കാദമിയുടെ ആകെയുള്ള നാല്പത് അംഗങ്ങൾ വ്യത്യസ്ത രാജ്യക്കാരാണ്. എങ്കിലും ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ഇതിൽ അംഗങ്ങൾ നന്നേ കുറവാണ്. 2005 മുതൽ ഈ ലേഖകൻ ഇന്ത്യയിൽ നിന്നുള്ള ഏക മെംബറാണ്.
ഇന്നത്തെ അക്കാദമിയുടെ ദൈവശാസ്ത്രപരമായ ഒരു പ്രധാന പ്രവർത്തനം പ്രസിദ്ധീകരണമാണ്. ബൈ- ആനുവൽ ആയ PATH എന്ന പ്രസിദ്ധീകരണമാണ് ഇതിൽ പ്രധാനം. കൂടാതെ ദൈവശാസ്ത്ര വിഷയങ്ങളെക്കുറിച്ചുള്ള പഠനഗ്രന്ഥങ്ങളുടെ ഒരു പരമ്പര അക്കാദമിക്കുണ്ട്. സെമിനാറുകളും സ്റ്റഡിഫോറങ്ങളും അക്കാദമി നടത്തുന്നുണ്ട്. അക്കാദമിയുടെ ഇന്റർനാഷണൽ തിയോളജിക്കൽ ഫോറം സമയം തെറ്റാതെ കൃത്യമായി നടക്കുന്ന ഒന്നാണ്.
റവ. ഡോ. ജോർജ് കാരക്കുന്നേൽ
(പൊന്തിഫിക്കൽ അക്കാദമി മെംബറാണു ലേഖകൻ)
കടപ്പാട് ; ദീപിക