Categories: Sunday Homilies

ദൈനംദിന ജീവിതത്തിൽ പ്രാർത്ഥനയ്ക്കായി സമയം മാറ്റിവയ്ക്കുമ്പോൾ അത് നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമൊ?

ദൈനംദിന ജീവിതത്തിൽ പ്രാർത്ഥനയ്ക്കായി സമയം മാറ്റിവയ്ക്കുമ്പോൾ അത് നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമൊ?

ആണ്ടുവട്ടത്തിലെ  അഞ്ചാം ഞായർ

ഒന്നാം വായന: ജോബ് 7:1 – 4, 6-7

രണ്ടാം വായന: 1 കൊറിന്തോസ് 9:16-19, 22-23

സുവിശേഷം : വി.മാർക്കോസ് 1: 29-39

ദിവ്യബലിയ്ക്ക് ആമുഖം

ഈ തിരുവൾത്താരയ്ക്ക് ചുറ്റും നാം ഒരുമിച്ച് കൂടിയിരിക്കുമ്പോൾ നമ്മുടെ മനസ്സിന്റെ ഒരുവശത്ത് ആകുലതകളും ഇതുവരെയുള്ള നമ്മുടെ ജീവിതവുമാണ്.  മറുവശത്ത് സുവിശേഷം കേൾക്കാനും യേശുവിനാൽ സ്പർശിക്കപ്പെടാനും അവന്റെ തിരുശരീരവും തിരുരക്തവും സ്വീകരിക്കാനും നാം ആഗ്രഹിക്കുന്നു.  ഇതേ യഥാർത്ഥ്യം തന്നെയാണ് ഇന്നത്തെ തിരുവചനങ്ങളിലും നാം കാണുന്നത്.  സ്വന്തം ജീവിതത്തിന്റെ ആകുലതകൾ പങ്ക് വയ്ക്കുന്ന ജോബിനെ ഒന്നാം വായനയിൽ നാം കാണുന്നു.  സുവിശേഷത്തിനുവേണ്ടി എല്ലാവർക്കും എല്ലാമായ പൗലോസപ്പോസ്തലനെ രണ്ടാം വായനയിൽ നാം ദർശിക്കുന്നു.  സുവിശേഷത്തിലാകട്ടെ തന്റെ പക്കൽവന്ന വിവിധ രോഗങ്ങൾ ബാധിച്ചവരെ സുഖപ്പെടുത്തുന്ന യേശുവിനെ നമുക്ക് കാണാം.  നമ്മുടെ ജീവിതം പൂർണ്ണമായി ദൈവകരങ്ങളിൽ സമർപ്പിച്ച് കൊണ്ട് തിരുവചനം ശ്രവിക്കാനും യേശുവിനെ സ്വീകരിക്കുവാനുമായി നമക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണ കർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരേ,

ഇന്നത്തെ ഒന്നാം വായനയിൽ പഴയ നിയമത്തിലെ ജോബിന്റെ വാക്കുകളാണ് നാം ശ്രവിച്ചത്.  നീതിമാൻ എന്തിന് സഹിക്കണം? സഹനത്തിന്റെ അർത്ഥമെന്ത്? എന്നീ സുപ്രധാന ചോദ്യങ്ങളെ അപഗ്രഥിക്കുന്ന ജോബിന്റെ പുസ്തകത്തിലെ ചോദ്യങ്ങൾക്ക് നൂറ്റാണ്ടുകളായി പലരും ഉത്തരം നല്കാൻ ശ്രമിച്ട്ടുണ്ട്.  ജോബിന്റെ ജീവിതവും ചോദ്യങ്ങളും നമുക്കും പ്രധാനപ്പെട്ടതാണ്.  കാരണം, ആ ചോദ്യങ്ങൾ നമ്മുടേതും കൂടിയാണ്.  മനുഷ്യജീവിതത്തിന്റെ നിസാരതതേയും, സഹനത്തെയും, കഷ്ടതയേയും, സുഖ ദു:ഖങ്ങളെയും, നന്മ തിന്മകളെയും എല്ലാറ്റിനുമുപരി നീതിമാന്റെ ജീവിതത്തിന്റെ അർത്ഥമെന്തന്നുമൊക്കെ ചോദിക്കുന്ന ജോബ് നമ്മുടെ ഓരോരുത്തരുടേയും ഉള്ളിലുണ്ട്.  വിശ്വാസികളായ നാം പഴയ നിയമത്തിലെ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നത് പുതിയ നിയമത്തിലെ യേശുവിലും അവന്റെ ജീവിതത്തിലും സഹനത്തിലും മരണത്തിലും ഉയർത്തെഴുന്നേൽപ്പിലുമാണ്.

സൗഖ്യദായകനായ യേശുവിനെയാണ് ഇന്നത്തെ സുവിശേഷം നമുക്ക് കാണിച്ച് തരുന്നത്.  യേശുവിന്റെ വചനവും സ്പർശനവും ഒരു പ്രദേശത്തെ അനേകം രോഗികൾക്കും പിശാചു ബാധിതർക്കും സൗഖ്യം നൽകി.  യേശു നൽകുന്ന സൗഖ്യം ശാരീരികമായ സൗഖ്യം മാത്രമല്ല അത് ഒരേ സമയം ശരീരത്തിന്റയും മനസ്സിന്റെയും സൗഖ്യമാണ്.  ശിമയോന്റെ അമ്മായിയമ്മയെ കൈപിടിച്ച് എഴുന്നേൽപ്പിച്ചപ്പോൾ അവളുടെ പനി മാറി അവളുടെ ഊർജ്ജസ്വലമായ ജീവിതത്തിലേയ്ക്ക് തിരികെ വരികയും ഒരു യഹൂദ ആതിഥേയുടെ കർത്തവ്യം നിർവ്വഹിക്കുകയും ചെയ്യുന്നു.  നാമും സൗഖ്യം ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മുടെ ഊർജ്ജസ്വലമായ ജീവിതത്തിലേയ്ക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദൈവവചനത്താൽ സ്പർശിക്കപ്പെടാനും, പിടിച്ച് എഴുന്നേൽപ്പിക്കപ്പെടാനും നമ്മെതന്നെ അനുവദിക്കുക.

“അതിരാവിലെ അവൻ ഉണർന്ന് ഒരു വിജന സ്ഥലത്തേയ്ക്ക് പോയി. അവിടെ അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു”.  ഈ തിരുവചനത്തിലൂടെ യേശുവിന്റെ അത്ഭുത പ്രവർത്തനങ്ങളുടെയും, യേശു നൽകുന്ന രോഗ ശാന്തിയുടേയും അടിസ്ഥാനം മാജിക്കൊ, സൂത്രവിദ്യകളൊ അല്ല മറിച്ച് യേശുവിന് പിതാവുമായിട്ടുള്ള അഭേദ്യമായബന്ധമാണെന്ന് വി.മാർക്കോസ് നമുക്ക് വെളിപ്പെടുത്തുന്നു. ഇന്നത്തെക്കാലത്ത് അത്ഭുതങ്ങളുടെ പിന്നാലെ പായുമ്പോൾ അത്ഭുങ്ങളുടെ ഉറവിടംകൂടി നമുക്ക് അന്വേഷിക്കാം.  നാം പോകേണ്ടത്  അത്ഭുതങ്ങളുടേയും രോഗശാന്തിയുടെയും പിന്നാലെയല്ല അതിനെക്കാളുപരി അതിന് കാരണമാകുന്ന ത്രീത്വൈക ദൈവവുമായിട്ടുള്ള അദേദ്യമായ ബന്ധത്തിന്റെ പിന്നാലെയാണ്.

യേശുവിന്റെ ദൈനംദിന ജീവിതത്തെ വിവരിച്ചുകൊണ്ട് ”പ്രാർത്ഥനയും പ്രവർത്തിയും” അഥവാ ” പ്രാർത്ഥനയും ജോലിയും” എങ്ങനെയാണ് വിശ്വാസ ജീവിതത്തിൽ സമന്വയിപ്പിച്ചു കൊണ്ട് പോകേണ്ടതെന്ന ചില പ്രായോഗിക കാഴ്ചപ്പാടുകൾ ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്നു.  യേശു അതിരാവിലെ ഉണർന്ന് പ്രാർത്ഥിക്കാനായി പോകുന്നു.  യേശുവിനറിയാം ദിവസം തുടങ്ങിക്കഴിഞ്ഞാൽ ധാരാളംപേർ യേശുവിനെ അന്വേഷിച്ച് വരുമെന്ന് .  അതുകൊണ്ട് തന്നെ തന്റെ പ്രവർത്തനം ആരംഭിക്കുന്നതിനുമുന്നെ പ്രാർത്ഥനക്കായി സമയം കണ്ടെത്തുന്നു.  ജീവിതത്തിലെ തിരക്കുകൾകൊണ്ട് പ്രാർത്ഥിക്കുവാൻ സമയമില്ലന്ന് പരിഭവിക്കുന്ന നമുക്കും ഇതിലും നല്ലൊരു മാതൃക ലഭിക്കാനില്ല.  സൂര്യാസ്തമയം വരെ രോഗസൗഖ്യം നൽകുകയും അതിരാവിലെ പ്രാർത്ഥിക്കുകയും വീണ്ടും പ്രവർത്തിക്കാനായി പോകുകയും ചെയ്യുന്ന യേശു പ്രാർത്ഥനയും പ്രവർത്തനവും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണിക്കുകയുമാണ്. പ്രാർത്ഥനയില്ലാത്ത പ്രവർത്തി അർത്ഥശൂന്യമാണ്.  പ്രവർത്തനമില്ലാത്ത പ്രാർത്ഥന ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിക്കും.  ഇവിടെ പ്രവർത്തികൊണ്ട്  ഉദ്ദേശിക്കുന്നത് ഒരോരുത്തരുടേയും ഉത്തരവാദിത്വങ്ങളാണ്.  ഉദാഹരണമായി വിദ്യാർത്ഥികൾക്ക് പഠനം, മറ്റുള്ളവർക്ക് അവർ ഏർപ്പെട്ടിരിക്കുന്ന തൊഴിൽ അല്ലങ്കിൽ ജോലികൾ… ഏതവസ്ഥയിലും പ്രാർത്ഥനയും പ്രവർത്തിയും ഉൾകൊള്ളുന്ന ഒരു സമഗ്രമായ ജീവിതത്തിലേയ്ക്ക് യേശു നമ്മെ വിളിക്കയാണ്.

ദൈനംദിന ജീവിതത്തിൽ പ്രാർത്ഥനയ്ക്കായി സമയം മാറ്റിവയ്ക്കുമ്പോൾ അത് നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമൊ? അല്ലങ്കിൽ, അത് നമ്മുടെ ജീവിത നിലവാരം കുറയ്ക്കുമൊ? അല്ലെങ്കിൽ, പ്രാർത്ഥനാ സമയം കൂടി പ്രവർത്തിച്ച്കൊണ്ട് ജീവിതം മെച്ചപ്പെടുത്തുകയല്ലേ വേണ്ടത്? എന്ന് ചിന്തിക്കുന്നവരുണ്ട്.  ഈ സംശയങ്ങൾക്കുള്ള ഉത്തരം ഇന്നത്തെ സുവിശേഷത്തിലുണ്ട്. പ്രാർത്ഥിച്ചുകൊണ്ടിരുന്ന യേശുവിനെ കണ്ട് “എല്ലാവരും നിന്നെ അന്വേഷിക്കുന്നു” എന്ന് പറഞ്ഞ പത്രോസിനോട് യേശു പറയുന്നത് “നമുക്ക് അടുത്ത പട്ടണത്തിലേയ്ക്ക് പോകാം അവിടെയും എനിയ്ക്ക് പ്രസംഗിക്കേണ്ടിയിരിക്കുന്നു എന്നാണ് ” അതായത് പ്രാർത്ഥനയ്ക്ക് ശേഷം യേശു തന്റെ പ്രവർത്തനം ചുരുക്കുകയൊ മന്ദീഭവിപ്പിക്കുകയൊ അല്ല ചെയ്യുന്നത് മറിച്ച് തന്റെ പ്രവർത്തനം വ്യാപിപ്പിക്കുകയും മറ്റനേകം സ്ഥലങ്ങളിൽ സുവിശേഷം പ്രഘോഷിക്കുകയും ചെയ്യുന്നു.  ദൈനംദിന ജീവിതത്തിൽ നാം പ്രാർത്ഥനയ്ക്ക് സമയം കണ്ടെത്തുമ്പോൾ നമ്മുടെ ജീവിതം മന്ദീഭവിക്കുകയും ചുരുങ്ങുകയുമല്ല മറിച്ച് മെച്ചപ്പെടുകയും മഹത്വപൂർണ്ണമാകുകയുമാണ് ചെയ്യുന്നത്.  കാരണം പ്രാർത്ഥന ഊർജ്ജ സ്രോതസ്സാണ്.  പ്രാർത്ഥിക്കുന്നവൻ ദൈവത്തിൽ നിന്ന് തന്റെ ജീവിതത്തിൽ ഊർജ്ജം നിറയ്ക്കുന്നു.

ആമേൻ

ഫാ.സന്തോഷ് രാജൻ

vox_editor

View Comments

Recent Posts

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

6 days ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

1 month ago