Categories: Articles

ദണ്ഡവിമോചനം (Indulgence) അറിയേണ്ടതെല്ലാം

മരിച്ചുപോയ ഒരു വ്യക്തിക്ക് വേണ്ടിയുള്ള പ്രാർത്ഥനകളിലൂടെയും നന്മ പ്രവർത്തികളിലൂടെയും ശുദ്ധീകരണ സ്ഥലത്തിലെ കാലിക ശിക്ഷയിൽ നിന്ന് മോചനം ലഭിക്കുന്നു...

ലോക വയോജന ദിനമായ ജൂലൈ 23 ന് പൂർണ ദണ്ഡവിമോചനം ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചു. ഫ്രാൻസിസ് പാപ്പ അധികാരത്തിൽ വന്നതിനുശേഷം പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് 13 ദണ്ഡ വിമോചനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവസരത്തിൽ എന്താണ് ദണ്ഡവിമോചനം? ആർക്ക്? എപ്പോൾ? എങ്ങനെ അവ സ്വികരിക്കാം? ആർക്കാണ് അവ നൽകാൻ അധികാരമുള്ളത്? എന്നീ കാര്യങ്ങളാണ് കാണാൻ ശ്രമിക്കുന്നത്.

  1. ഒരല്പം ചരിത്രം

ഉർബൻ രണ്ടാമൻ ( Urban II) പാപ്പ 1095 ൽ കുരിശു യുദ്ധത്തിൽ പങ്കെടുത്ത എല്ലാവർക്കും, കുമ്പസാരിച്ചു പാപമോചനം നേടിയവർക്ക്, അവരുടെ പാപക്കടങ്ങളിൽ നിന്നുള്ളവായ ശിക്ഷയിൽ നിന്ന് ഇളവ് നൽകി. പിന്നീട്, കുരിശു യുദ്ധങ്ങൾക്ക് പോകാൻ കഴിഞ്ഞില്ലായെങ്കിലും അവയ്ക്ക് സാമ്പത്തിക സഹായം നൽകിയവരുടെയും പാപ കടങ്ങൾ സഭ ഇളച്ചു നൽകി. 1343 – ൽ ക്ലമന്റ് 6 മൻ ( Clament VI) പാപ്പ ” ക്രിസ്തുവിന്റെ യോഗ്യതകളുടെ നിക്ഷേപമാണ് ( The merits of Christ is the treasury of Indulgence ) ദണ്ഡ വിമോചനങ്ങളുടെ അടിസ്ഥാനം എന്ന് വ്യക്തമാക്കി. 1517-ൽ റോമിലെ St Peter’s Baselica പണിയുന്നതിന് സാമ്പത്തിക സഹായം നൽകുന്നവർക്ക് ദണ്ഡവിമോചനം പ്രഖ്യാപിച്ചു. പിന്നീട് സഭയിലെ പല ആവശ്യങ്ങൾക്കും പണം സ്വരുപിക്കുന്നതിന് വേണ്ടി ദണ്ഡവിമോചനങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടു. ഇതിനെതിരെ മാർട്ടിൻ ലുതർ ശബ്ദമുയർത്തി. 1567 ൽ പണംനൽകി /സ്വകരിച്ചു കൊണ്ട് ദണ്ഡവിമോചനങ്ങൾ നൽകുന്നത്/ സ്വികരിക്കുന്നത് സഭ നിർത്തലാക്കി.

പിന്നീട് വന്ന പാപ്പമാർ ദണ്ഡവിമോചനങ്ങൾ നൽകുന്നതിനും സ്വികരിക്കുന്നതിനുമുള്ള നിയമ നിർമാണങ്ങൾ നടത്തി. 1917 ൽ ആദ്യത്തെ കാനോൻ നിയമം നിലവിൽ വന്നപ്പോൾ അതിൽ 911-936 വരെ 25 കാനോനുകൾ ദണ്ഡ വിമോചനങ്ങളെക്കുറിച്ച് ഉണ്ടായിരുന്നു. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം പോൾ ആറാമൻ ( Paul VI) പാപ്പ 1967 ജനുവരി 1 ന് ” Indulgentiarum Doctrina ” (ID) എന്ന Apostolic Constitution പുറത്തിറക്കി നിയമങ്ങൾ കുറെ കൂടെ പരിമിതപ്പെടുത്തി. പിന്നീട് ദണ്ഡവിമോചനങ്ങളെക്കുറിച്ച് വിശദമായി അപ്പസ്തോലിക സിംഹാസനം (Apostolic Penitentiary) പാപ്പമാരുടെ നിയമങ്ങളും 1917 ലെ കാനോൻ നിയമത്തിലെ 25 കാനോനുകളും ക്രോഡീകരിച്ച് 1968 ൽ Enchiridion Indulgentiarum (E I) എന്ന പേരിൽ ദണ്ഡവിമോചനങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കി. പിന്നീട് 1983 ൽ ലത്തീൻ സഭയുടെ പുതിയ കാനോൻ നിയമം പുറത്തിറക്കിയപ്പോൾ (“Codex Iuris Canonici” CIC) അതിലെ നാലാം പുസ്തകത്തിൽ (സഭയുടെ വിശുദ്ധികരണ ദൗത്യം) നാലാം ശീർഷകത്തിലെ നാലാം അധ്യായത്തിൽ 992 – 997 വരെയുള്ള 6 കാനോനുകളിൽ
👉 എന്താണ് ദണ്ഡ വിമോചനം (992-993)
👉 ആർക്കാണ് അത് സ്വീകരിക്കാൻ സാധിക്കുന്നത് (994)
👉 അവ നൽകാൻ അധികാരം ഉള്ളത് ആർക്കാണ് (995)
👉 അവ യോഗ്യതയോടെ സ്വീകരിക്കാനുള്ള നിബന്ധനകൾ (996)
👉 ദണ്ഡവിമോചനങ്ങളെ കുറിച്ചുള്ള പ്രത്യേക നിയമങ്ങൾ
(997) എന്നിവ ഉൾക്കൊള്ളിച്ചു.
പൗരസ്ത്യ കാനോൻ നിയമം പൊതുവിൽ ദണ്ഡവിമോചനങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. ഓരോ സ്വയം ഭരണാധികാരസഭയും (Sui Iuris Church) റോമിൽ നിന്ന് പുറത്തിറങ്ങിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക നിയമനിർമ്മാണം നടത്തുകയോ ലത്തീൻ സഭയുടെ നിയമങ്ങൾ അതേപടി പാലിക്കുകയോ ആണ് ചെയ്യുന്നത്.

2. എന്താണ് ദണ്ഡവിമോചനം???

ലത്തീൻ കാനോൻ നിയമത്തിലെ CIC 992 മത്തെ കാനോനും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥo ( CCC) 1471 എന്താണ് ദണ്ഡവിമോചനം എന്ന് പറയുന്നുണ്ട്. ” ദണ്ഡവിമോചനം എന്നത് അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയിൽ നിന്ന് ദൈവതിരുമുൻപാകെയുള്ള ഇളവ് ചെയ്യലാണ്. ശരിയായ മനോഭാവമുള്ളതും ചില നിർദിഷ്ട വ്യവസ്ഥകൾ പാലിക്കുന്നതുമായ ക്രിസ്തീയ വിശ്വാസിഅത് നേടിയെടുക്കുന്നു. വീണ്ടെടുപ്പിന്റെ ശുശ്രൂഷക എന്ന നിലയിൽ, ക്രിസ്തുവിന്റെയും വിശുദ്ധരുടെയും പരിഹാരകർമ്മങ്ങളുടെ നിക്ഷേപം അധികാരത്തോടെ വിതരണം ചെയ്യുകയും വിനിയോഗിക്കുകയും ചെയ്യുന്ന സഭയുടെ പ്രവർത്തിയിലൂടെയാണ് ക്രിസ്തീയ വിശ്വാസികൾക്ക് ദണ്ഡവിമോചനം ലഭിക്കുന്നത്”.

“അപരാധമുക്തമായ പാപങ്ങൾ” എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വിശുദ്ധ കുമ്പസാരത്തിലൂടെ മോചിപ്പിക്കപ്പെട്ട പാപങ്ങൾ എന്നാണ്.
എന്താണ് “കാലിക ശിക്ഷ” (Temporal Punishments of sin) കാലിക ശിക്ഷ എന്നത് മറ്റൊരു വാക്കിൽ പറഞ്ഞാൽ “പാപക്കടം, ഉത്തിരിപ്പ് കടം ” എന്നാണ് അർത്ഥം. അപ്പോൾ ഒരു സംശയം വരാം. കുമ്പസാരിച്ചു പ്രായശ്ചിത്തം ചെയ്തു കഴിഞ്ഞാൽ നമ്മുടെ എല്ലാ പാപങ്ങളും കടങ്ങളും പൊറുക്കപ്പെടുകയില്ലേ? അപ്പോൾ കുമ്പസാരത്തിൽ എന്താണ് സംഭവിക്കുന്നത്??

ഒരു വ്യക്തി മാരക പാപം ചെയ്യുമ്പോൾ രണ്ട് വിധത്തിലുള്ള ശിക്ഷകൾക്ക് അർഹനാകുന്നു:
[ ] നിത്യ ശിക്ഷയും ( Eternal punishment of sin)
[ ] കാലിക ശിക്ഷയും ( Temporal punishment of sin).

ഒരു വ്യക്തി പാപം ചെയ്യുമ്പോൾ രണ്ടു വിധത്തിലുള്ള ഫലങ്ങൾ ഉളവാകുന്നു.
👉 മാരക പാപങ്ങൾ ദൈവവുമായുള്ള ബന്ധത്തിൽ നിന്ന് നമ്മെ വേർപെടുത്തുന്നു അതുവഴി നിത്യജീവിതത്തിന് നാം അനർഹരായിമാറുന്നു
👉 മാരക പാപം നമ്മുടെ “നിത്യ ശിക്ഷയ്ക്ക്” കാരണമായി മാറുന്നു. അതായത് മാരക പാപം ഒരു വ്യക്തിയുടെ ഹൃദയത്തിലെ സ്നേഹത്തിന്റെ ദൈവീക ശക്തി നശിപ്പിക്കുന്നു. ആ ദൈവീകശക്തി കൂടാതെ നിത്യ സൗഭാഗ്യം നേടുവാൻ നമുക്ക് സാധിക്കുകയില്ല. ( UCAT 316) മാരക പാപം നമ്മെ ദൈവത്തിൽ നിന്ന് അകറ്റുന്നു.എന്നാൽ ലഘുപാപം അവിടുന്നുമായുള്ള ബന്ധത്തിൽ ഉലച്ചിൽ വരുത്തുന്നതേയുള്ളൂ. കുമ്പസാരം എന്ന കൂദാശയിലൂടെ ദൈവവുമായുള്ള നമ്മുടെ ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നു.ഇതുവഴി പാപം മോചിക്കപ്പെടുകയും നിത്യശിക്ഷയിൽ നിന്ന് നാം ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ കുമ്പസാരത്തിൽ പാപം മോചിക്കപ്പെട്ടാലും പാപത്തിൽ നിന്നുളവായ “കാലിക ശിക്ഷ” നിലനിൽക്കുന്നു (CCC 1473). നാം ചെയ്ത മാരകമായ പാപങ്ങൾക്ക് അനുസൃതമായ പ്രായശ്ചിത്ത പ്രവർത്തികളിലൂടെ മാത്രമേ കാലിക ശിക്ഷയിൽ നിന്ന് മോചനം ലഭിക്കുകയുള്ളൂ. കുമ്പസാരത്തിൽ നമ്മുടെ പാപക്കറകൾ നീക്കി നിത്യശിക്ഷയിൽ നിന്ന് മോചനം നേടുകയാണ് ചെയ്യുന്നത്. ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഞാനൊരു വ്യക്തിയുടെ പണം മോഷ്ടിക്കുന്നു. പിന്നീട് ഞാൻ കുമ്പസാരത്തിൽ ഈ പാപം ഏറ്റുപറഞ്ഞു പാപമോചനം നേടുന്നു. കുമ്പസാരത്തിൽ എനിക്ക് ലഭിക്കുന്നത് ഞാൻ ചെയ്ത മോഷണം എന്ന കുറ്റത്തിന്റെ പാപക്കറയിൽ നിന്നുള്ള മോചനമാണ്. ഞാൻ ചെയ്ത മോഷണം എന്ന കുറ്റത്തിന് ഒരു ശിക്ഷയുണ്ട്. കാരണം ഞാൻ മോഷ്ടിച്ച പണം ഇപ്പോഴും എന്റെ കയ്യിലാണ്. ആ കുറ്റത്തിനുള്ള കാലിക ശിക്ഷയിൽ നിന്ന് മോചനം ലഭിക്കണമെങ്കിൽ ഞാൻ ആ പണം തിരിച്ചു കൊടുക്കുകയും അതിന് തക്കതായ പ്രായശ്ചിത്തം ചെയ്യുകയും വേണം. പണം കൊടുക്കുവാൻ ആയിട്ട് കഴിവില്ലായെങ്കിൽ അതിനു തക്കതായ പരിഹാരംചെയ്യണം. എങ്കിൽ മാത്രമേ ആ പാപത്തിൽ നിന്നുളവായ കാലിക ശിക്ഷയിൽനിന്ന് മോചിക്കപ്പെടുകയുള്ളൂ. നാം ചെയ്യുന്ന ഓരോ മാരക പാപവും ഒരു പാപക്കടം അഥവാ താൽക്കാലിക ശിക്ഷയ്ക്ക് നമ്മെ അർഹരാക്കുന്നുണ്ട്. ഇപ്രകാരമുള്ള കാലിക ശിക്ഷയിൽ നിന്ന്/ പാപക്കടങ്ങളിൽ നിന്നുള്ള മോചനമാണ് ദണ്ഡ വിമോചനം. ചുരുക്കത്തിൽ കുമ്പസാരത്തിൽ മോചനം ലഭിച്ച പാപങ്ങളുടെ കടം അഥവാ ശിക്ഷയിൽ നിന്ന് ജീവിച്ചിരിക്കുന്നവർക്കും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്കും ദൈവത്തിനു മുൻപാകെ ഇളവ് നൽകുന്നതിനെയാണ് ദണ്ഡ വിമോചനം എന്ന് പറയുന്നത്. ദണ്ഡവിമോചനം പാപങ്ങളിൽ നിന്നുള്ള മോചനം അല്ല മറിച്ച് പാപക്കടങ്ങളിൽ നിന്നുള്ള/ പാപത്തിൽ നിന്നുളവായ ശിക്ഷയിൽ നിന്നുള്ള മോചനമാണ്. കുമ്പസാരത്തിൽ പാപം ക്ഷമിക്കപ്പെടുന്നു. പാപത്തിൽ നിന്നുളവായ ശിക്ഷ എടുത്ത് മാറ്റുന്നതാണ് ദണ്ഡവിമോചനം. ക്രിസ്തുവിന്റെ യും സകല വിശുദ്ധരുടെയും പരിഹാര കർമങ്ങളുടെ നിക്ഷേപത്തിൽ നിന്നാണ് സഭ തന്റെ മക്കൾക്ക് കാലിക ശിക്ഷയിൽ നിന്ന് ദണ്ഡ വിമോചനങ്ങൾ വഴിയും മറ്റു പരിഹാര പ്രവർത്തികൾ വഴിയും കാലിക ശിക്ഷയിൽനിന്ന് ഇളവ് നൽകുന്നത്.

3. കാലിക ശിക്ഷയിൽ നിന്ന് എങ്ങനെയെല്ലാം മോചനം നേടാം?

ഒരു വ്യക്തി കാലിക ശിക്ഷയിൽ നിന്ന് മോചനം നേടുന്നതിന് ഈ ലോകത്തിലായിരിക്കുമ്പോൾ, ജീവിതത്തിൽ ഉണ്ടാകുന്ന സഹനങ്ങളെയും എല്ലാത്തരം ബുദ്ധിമുട്ടുകളെയും സന്തോഷത്തോടെ സ്വകരിച്ചു കൊണ്ടും മരണത്തെ ശാന്തമായി അഭിമുഖീകരിച്ചും ഈ കാലിക ശിക്ഷയെ ദൈവകൃപയായി കണ്ടുകൊണ്ട് സ്വീകരിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഉപവി പ്രവർത്തികൾ ചെയ്തുകൊണ്ടും പ്രാർത്ഥനയും പ്രായശ്ചിത്തവും ചെയ്തുകൊണ്ടും കാലിക ശിക്ഷയിൽ നിന്ന് മോചനം നേടി” “പഴയ മനുഷ്യനെ” ഉരിഞ്ഞു മാറ്റി” പുതിയ മനുഷ്യനായി” രൂപാന്തരപ്പെടുന്നുവെന്നും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു ( CCC 1473). മരിച്ചുപോയ ഒരു വ്യക്തിക്ക് വേണ്ടിയുള്ള പ്രാർത്ഥനകളിലൂടെയും നന്മ പ്രവർത്തികളിലൂടെയും ശുദ്ധീകരണ സ്ഥലത്തിലെ കാലിക ശിക്ഷയിൽ നിന്ന് മോചനം ലഭിക്കുന്നു.

4. ദണ്ഡവിമോചനങ്ങൾ എത്ര തരം? CIC 993, ID 2

ദണ്ഡവിമോചനങ്ങൾ രണ്ട് തരത്തിലാണ് ഉള്ളത്. പാപം മൂലമുണ്ടായ കാലിക ശിക്ഷ ഭാഗികമയി ഇളവ് ചെയ്യുന്നതിനെ “ഭാഗിക ദണ്ഡവിമോചനം” ( Partial Indulgence) എന്നും പൂർണ്ണമായി പാപങ്ങളിൽ നിന്നുളവായ എല്ലാം കാലിക ശിക്ഷയിൽ നിന്നും ഇളവ് ചെയ്യുന്നതിനെ “പൂർണ്ണ ദണ്ഡ വിമോചനം ” ( Plenary Indulgence) എന്നും വിളിക്കുന്നു. ഭാഗിക ദണ്ഡവിമോചനം എന്നത് പാപത്തിൽ നിന്ന് ഉളവായ ശിക്ഷയിൽ നിന്നുള്ള ഭാഗികമായ മോചനമാണ്. ഭാഗിക ദണ്ഡമോചനം സ്വീകരിക്കുമ്പോൾ പാപത്തിന്റെ ഏതെങ്കിലും ഒരു മേഖലയെ സമർപ്പിച്ചു ദണ്ഡവിമോചനം സ്വീകരിക്കണം. ഉദാഹരണമായി മൂല പാപങ്ങൾ ഓരോന്നും സമർപ്പിച്ച് അല്ലെങ്കിൽ ദൈവ പ്രമാണങ്ങളിൽ ഏതെങ്കിലും ഒരു പ്രമാണത്തിനെതിരെ ( ദൈവത്തിനെതിരെ, മാതാ പിതാക്കൾക്കെതിരെ ചെയ്തത്, കൊലപാതകം, വ്യഭിചാരം, മോഷണം etc…) ചെയ്ത പാപത്തിൽ നിന്നുള്ള ശിക്ഷയിൽ നിന്നുള്ള മോചനം. പൂർണ്ണ ദണ്ഡവിമോചനമാകട്ടെ പാപത്തിൽ നിന്നുണ്ടായ എല്ലാ കാലിക ശിക്ഷയിൽ നിന്നുമുള്ള മോചനമാണ്.

5. ആർക്കാണ് ദണ്ഡവിമോചനം സ്വികരിക്കാൻ സാധിക്കുന്നത്? CIC 994 ; ID 3 EI 3,

വിശ്വാസികൾക്ക് ഭാഗികമോ പൂർണമോ ആയ ദണ്ഡവിമോചനങ്ങൾ തനിക്ക് വേണ്ടി തന്നെയോ അല്ലെങ്കിൽ മരിച്ചവരുടെ പാപമോചനത്തിന് വേണ്ടിയോ ( ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്ക് വേണ്ടി ) കാഴ്ചവയ്ക്കാവുന്നതാണ്. എന്നാൽ ജീവിച്ചിരിക്കുന്ന മറ്റൊരാൾക്ക് വേണ്ടി ദണ്ഡ വിമോചനം സ്വീകരിക്കുവാൻ ഒരാൾക്ക് സാധിക്കുകയില്ല.

6. ദണ്ഡവിമോചനങ്ങൾ നേടുന്നതിനുള്ള നിബന്ധനകൾ ഏതെല്ലാം? CIC 996-997, EI 17, 20

👉 ജ്ഞാനസ്നാനം സ്വീകരിച്ച വ്യക്തി ആയിരിക്കണം
👉 സഭാ ഭ്രഷ്ട് ശിക്ഷ ( Not Excommunicated ) ലഭിക്കാത്ത വ്യക്തിയായിരിക്കണം
👉 വരപ്രസാദത്തിൽ ആയിരിക്കണം
👉 അവ നേടുന്നതിനും സ്വീകരിക്കുന്നതിനുമുള്ള പൊതുവായ നിയോഗമെങ്കിലും ഉണ്ടായിരിക്കണം
👉 ദണ്ഡവിമോചനം സ്വീകരിക്കുന്നതിന് നിർദ്ദേശിച്ചിരിക്കുന്ന പ്രവർത്തികൾ അവ നൽകുമ്പോഴുള്ള നിബന്ധന പ്രകാരം നിശ്ചയിച്ചിരിക്കുന്ന സമയത്തും ഉചിതമായ രീതിയിലും നിറവേറ്റണം.
👉 ദണ്ഡ വിമോചനങ്ങൾ സ്വീകരിക്കുന്നതിനെയും ഉപയോഗിക്കുന്നതിനെയും സംബന്ധിച്ച് സഭയുടെ പ്രത്യേക നിയമത്തിലെ മറ്റു നിർദ്ദേശങ്ങളും പാലിക്കണം.
👉👉 പൂർണ്ണ ദണ്ഡ വിമോചനം ( Plenary Indulgence ) നേടുന്നതിന് പാപം ചെയ്യാനുള്ള എല്ലാ ആകർഷണങ്ങളെയും, ലഘുപാപം ഉൾപ്പെടെ, ഉപേക്ഷിക്കുന്നതിനോടൊപ്പം വിമോചനം നേടുന്നതിന് നിഷ്കർഷിച്ചിരിക്കുന്ന പ്രവർത്തിയും ചെയ്യുണം. കൂടാതെ താഴെ പറയുന്ന

മൂന്നു നിബന്ധനകൾ കൂടെ നിർവഹിക്കണം
[ ] കുമ്പസാരിക്കണം
[ ] കുർബാന സ്വികരിക്കണം
[ ] പരിശുദ്ധ പിതാവിന്റെ നിയോഗത്തിന് വേണ്ടി 1 സ്വർഗ്ഗസ്ഥനായ പിതാവേ, 1 നന്മ നിറഞ്ഞ മറിയമേ എന്നീ പ്രാർത്ഥനകൾ ചെല്ലുക. കൂടാതെ ഓരോരുത്തർക്കും ഇഷ്ടമുള്ള മറ്റു പ്രാർത്ഥനകളും ചേർക്കാവുന്നതാണ്.
👉 ഒരു പ്രാവശ്യം കുമ്പസാരിച്ച ശേഷം ( മാരക പാപങ്ങൾ ചെയ്തില്ലയെങ്കിൽ ) 20 ദിവസത്തിനുള്ളിൽ ( മുൻപ് 8 ദിവസത്തിനുള്ളിൽ ആയിരുന്നു) ആ കുമ്പസാരത്തിന്റെ കൃപയിൽ ഒന്നിലധികം ദണ്ഡവിമോചനങ്ങൾ നേടാവുന്നതാണ്. എന്നാൽ കുർബാന സ്വീകരണവും പരിശുദ്ധ പിതാവിന്റെ നിയോഗത്തിനു വേണ്ടിയുള്ള പ്രാർത്ഥനകളും ഓരോ ദണ്ഡ വിമോചനത്തിനും പ്രത്യകം പ്രത്യകമായി ചൊല്ലേണ്ടതാണ്.
👉 പൂർണ ദണ്ഡ വിമോചനത്തിന്റെ എല്ലാ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കപ്പെടുന്നില്ല എങ്കിൽ ഭാഗിക ദണ്ഡവിമോചനമേ ആ വ്യക്തിക്ക് ലഭിക്കു ( 20/4)

7. ആർക്കാണ് ദണ്ഡവിമോചനങ്ങൾ നൽകാൻ അധികാരമുള്ളത്?? CIC 995 EI 5-10

സഭയിൽ ദണ്ഡവിമോചനം നൽകാൻ അധികാരമുള്ളത് പരിശുദ്ധ പിതാവിന് പുറമേ, നിയമത്താൽ അംഗീകരിക്കപ്പെട്ടിട്ടുള്ളവർക്കോ, പരിശുദ്ധ പിതാവ് പ്രത്യേകമായി അധികാരം നൽകിയിട്ടുള്ളവർക്കും മാത്രമേ ദണ്ഡവിമോചനം നൽകാൻ കഴിയൂ. ഈ അധികാരം അപ്പോസ്തോലിക സിംഹാസനം സ്പഷ്ടമായി നൽകിയിട്ടില്ലെങ്കിൽ മാർപാപ്പയ്ക്ക് കീഴെ ഒരു അധികാരിക്കും അത് മറ്റുള്ളവർക്ക് ഏൽപ്പിച്ചു കൊടുക്കാൻ ആകുന്നതല്ല. No delegation of Indulgence (CIC 995/1-2). നിയമപരമായി ദണ്ഡ വിമോചനങ്ങൾ നൽകുവാൻ അധികാരമുള്ളത് ആർക്കൊക്കെയാണെന്ന് Apostolic Penitentiary പുറത്തിറക്കിയ ” Enchiridion Indulgentiarum ” Norms on Indulgences No. 5-10 വ്യക്തമാക്കുന്നുണ്ട്.
👉 റോമൻ കൂരിയായിൽ ദണ്ഡവിമോചനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും, വിശ്വാസപരമായ പഠനങ്ങളിൽ ഒഴികെ (whatever pertains to dogmatic teaching concerning Indulgence ) ഇതിനുള്ള അധികാരം വിശ്വാസ തിരുസംഘത്തിനാണ് DDF, അനുവാദം നൽകാൻ അധികാരം ഉള്ളത് Apostolic Penitentiary ക്കാണ്. (No 6)
👉 താഴെപ്പറയുന്നവർക്ക് ഭാഗിക ദണ്ഡവിമോചനം ( Partial Indulgence ) നൽകാൻ നിയമപരമായ അധികാരമുണ്ട്
( E I no 7-10)
👉 എപ്പാർക്കിയൽ / രൂപത മെത്രാന്മാർക്ക് ( Eparchial and Diocesan Bishops) തങ്ങളുടെ രൂപതയിലെ വിശ്വാസികൾക്ക് തിരുനാളുകളിലും പ്രത്യേക അവസരങ്ങളിലും മറ്റുo നൽകാവുന്നതാണ്
👉 മെട്രോപോളിറ്റൻ മെത്രാന് തന്റെ കീഴിലുള്ള രൂപതകൾക്ക് നൽകാൻ അധികാരമുണ്ട്.
👉 പാത്രിയാർക്കസിനും മേജർ ആർച്ച് ബിഷപ്പിനും ( Patriarchs and Major Archbishop) ഭാഗിക ദണ്ഡ വിമോചനവും, വർഷത്തിൽ മൂന്നു പ്രാവശ്യം അപ്പസ്തോലിക ആശിർവാദത്തോടെ ( Papal Blessing) പ്രത്യേക ആത്മീയ സാഹചര്യങ്ങളും കാരണങ്ങളും കണക്കിലെടുത്തുകൊണ്ട് പൂർണ്ണ ദണ്ഡവിമോചനവും ( Plenary Indulgence ) നൽകാവുന്നതാണ്.
👉 റോമൻ കത്തോലിക്കാ സഭയിലെ എല്ലാ കർദിനാൾ മാർക്കും എല്ലായിടത്തും ഭാഗിക ദണ്ഡവിമോചനം നൽകാവുന്നതാണ്.
മുകളിൽ പറഞ്ഞിരിക്കുന്നവർ ഒഴികെ മറ്റാർക്കും അപ്പോസ്ഥലിക സിംഹാസനത്തിന്റെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ ദണ്ഡവിമോചനങ്ങൾ നൽകാൻ പാടില്ല. കൂടാതെ മുകളിൽ പറഞ്ഞിരിക്കുന്നവർക്ക് നൽകിയിരിക്കുന്ന ദണ്ഡവിമോചന അധികാരം മറ്റൊരു വ്യക്തിക്ക് ഏൽപ്പിച്ചു നൽകാൻ പാടുള്ളതുമല്ല ( No delegation of Indulgence ).

8. ദണ്ഡവിമോചനങ്ങൾ എത്ര പ്രാവശ്യം സ്വീകരിക്കാം?? EI 18

പൂർണ ദണ്ഡവിമോചനം ഒരു ദിവസത്തിൽ ഒരെണ്ണം മാത്രമേ സ്വികരിക്കാൻ സാധിക്കുകയുള്ളൂ. ഒരു വ്യക്തി മരണാസന്നമായ അവസ്ഥയിൽ ആണെങ്കിൽ ദിവസത്തിൽ രണ്ട് പ്രാവശ്യം പൂർണ ദണ്ഡവിമോചനം സ്വികരിക്കാൻ സാധിക്കും. എന്നാൽ ഭാഗിക ദണ്ഡവിമോചനം ദിവസത്തിൽ പല പ്രാവശ്യം സ്വികരിക്കാൻ സാധിക്കും.
👉 ഒരു പ്രത്യേക പ്രാർത്ഥനയുമായി ബന്ധപ്പെട്ടിരിക്കുന്ന ദണ്ഡവിമോചനങ്ങൾ ആ പ്രാർത്ഥന വ്യക്തിപരമായി ചൊല്ലുന്നതിലൂടെയോ അല്ലെങ്കിൽ മറ്റൊരാൾ പ്രാർത്ഥിക്കുന്നതിനോടൊപ്പം ചേരുന്നതുവഴിയും ലഭിക്കുന്നതാണ്.
👉സന്യാസ സമർപ്പിത ജീവിതം നയിക്കുന്നവർക്ക് അവരുടെ സന്യാസ സഭയുടെ നിയമം അനുശാസിക്കുന്ന പ്രത്യേക പ്രാർത്ഥകളും കാരുണ്യ പ്രവർത്തികളും വഴി ദണ്ഡ വിമോചനം നേടാവുന്നതാണ്.
👉 ഒരു ദേവാലയമോ അല്ലെങ്കിൽ ഓറട്ടറിയോ ആയി ബന്ധപ്പെട്ടിരിക്കുന്ന ദണ്ഡവിമോചനങ്ങൾ സ്വീകരിക്കുന്നതിന് അനുവദിച്ചിരിക്കുന്ന പ്രത്യേക ദിവസത്തിന്റെ തലേദിവസം ഉച്ചമുതൽ (Noon ) പ്രത്യേക ദിവസത്തിന്റെ പാതിരാത്രി വരെയാണ് ദണ്ഡ വിമോചനം സ്വീകരിക്കാനുള്ള സമയം (14). ഉദാഹരണമായി ഓഗസ്റ്റ് 2 നുള്ള “Portiuncula” പൂർണ്ണദണ്ഡ വിമോചനം സ്വീകരിക്കുന്നതിന് ഓഗസ്റ്റ് ഒന്നാം തിയതി ഉച്ചക്ക് 12 മണി മുതൽ 2 തിയതി പാതിരാത്രി (12 മണി ) വരെ ഇടവക ദേവാലയമോ കത്തീഡ്രൽ ദേവാലയമോ ഭക്തിയോടെ സന്ദർശിക്കുന്നത് വഴി ലഭിക്കുന്നതാണ്. ഇപ്രകാരം ദേവാലയവുമായി ബന്ധപ്പെട്ട പൂർണ്ണ ദണ്ഡ വിമോചനത്തിനായി സന്ദർശിക്കുമ്പോൾ 1 സ്വർഗ്ഗ, വിശ്വാസ പ്രമാണം എന്നിവ ചൊല്ലണം ( 19).

9. നിബന്ധനകളിൽ ഇളവ് ഉണ്ടോ? അത് നൽകാനുള്ള അധികാരം ആർക്കാണ്?

👉കുമ്പസാരിപ്പിക്കുന്ന വൈദികന് ദണ്ഡ വിമോചനവുമായി ബന്ധപ്പെട്ട് ചെയ്യേണ്ട പ്രവർത്തിയോ അല്ലെങ്കിൽ അതിൽ ഉൾക്കൊണ്ടിരിക്കുന്ന നിബന്ധനകളിലോ അവ ചെയ്യാൻ അസാധ്യമായ നിയമാനുസൃത തടസ്സങ്ങൾ ( Legitimate Impediments ) ഉള്ളവർക്ക് അനുകൂലമായി ഇളവ് ചെയ്തു കൊടുക്കാവുന്നതാണ്
👉 രൂപത മെത്രാനും പ്രാദേശിക സഭാധികാരിക്കും ( Hirarchs/ local ordinary) തങ്ങളുടെ കീഴിലുള്ള വിശ്വാസികൾക്ക്, കുമ്പസാരിക്കുവാനും കുർബാന സ്വീകരിക്കുവാനും അസാധ്യമായ ഇടങ്ങളിൽ, കുമ്പസാരവും കുർബാന സ്വീകരണവും കൂടാതെ പൂർണ്ണ ദണ്ഡവിമോചനം ( plenary indulgence ) സ്വീകരിക്കുന്നതിന് അനുവദിക്കാവുന്നതാണ്. എന്നാൽ അതേ സമയം ഇപ്രകാരം സ്വീകരിക്കുന്ന വ്യക്തികൾക്ക് അവരുടെ പാപങ്ങളെക്കുറിച്ച് ശരിയായ അനുതാപവും ഏറ്റവും അടുത്ത സാധ്യമായ സമയത്ത് കുമ്പസാരിക്കാനുള്ള ഉറച്ച തീരുമാനവും ഉണ്ടായിരിക്കണം.
👉 ബധിരരും മൂകരുമായ വ്യക്തികൾക്ക് ( Both the deaf and the mute) പൊതുവായ പ്രാർത്ഥനകളിൽ, തങ്ങളുടെ മനസ്സും വിചാരങ്ങളും ദൈവത്തിലേക്ക് ഉയർത്തി, പങ്കെടുത്തു കൊണ്ടോ, പ്രാർത്ഥനകൾ വ്യക്തിപരമായി ചൊല്ലിക്കൊണ്ടോ, അടയാളഭാഷകളിലൂടെയോ പ്രാർത്ഥനകൾ ഉച്ചരിക്കാതെ അവ വായിച്ചുകൊണ്ടോ ദണ്ഡ വിമോചനം സ്വീകരിക്കാവുന്നതാണ്.

10. വയോജന ദിനത്തിലെ ദണ്ഡ വിമോചനം ലഭിക്കാൻഎന്ത് ചെയ്യണം?

👉 തിരുസഭ പ്രഖ്യാപിച്ച മുത്തശ്ശി മുത്തശ്ശന്മാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള ദിനത്തിൽ പ്രായമായവരെയും ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങളെ സന്ദർശിക്കുക
👉 വിദൂരങ്ങളിൽ ആയിരിക്കുന്ന വയോജനങ്ങളെയും പ്രിയപ്പെട്ടവരെയും ഫോൺ മുഖാന്തിരമോ മറ്റോ വിളിച്ച് സ്നേഹ സംഭാഷണം നടത്തുക
👉 കുമ്പസാരം നടത്തി ഭയഭക്ത്യദരങ്ങളോടെ വിശുദ്ധ കുർബാന അന്നേദിവസം സ്വീകരിക്കുക
👉 പാപത്തിൽ നിന്ന് അകന്നു ജീവിക്കുമെന്ന് ദൃഢ പ്രതിജ്ഞ എടുക്കുക
👉 പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്കായി 1സ്വർഗ്ഗ, 1 നന്മ എന്നിവ ചൊല്ലിക്കാഴ്ച വയ്ക്കുക

11. പ്രായമായവർക്ക് ദന്ധവിമോചനം ലഭിക്കാൻ

👉 വത്തിക്കാനിലോ രൂപതകളിലോ നടക്കുന്ന വയോജന ദിന തിരുകർമ്മത്തിൽ തൽസമയം പങ്കെടുക്കുക ( ഓൺലൈൻ പങ്കെടുത്താലും
മതി )
👉പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്കായി 1സ്വർഗ്ഗ, 1 നന്മ എന്നിവ ചൊല്ലിക്കാഴ്ച വയ്ക്കുക
👉 വീടുകളിൽ കഴിയുന്നവർ അടുത്ത ദിവസം തന്നെ കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുക

12. പൂർണ ദണ്ഡ വിമോചനങ്ങൾ ലഭിക്കുന്ന ദിനങ്ങൾ

👉ഇടവക മധ്യസ്ഥന്റെ തിരുനാൾ ദിനം
👉ഓഗസ്റ്റ് 2 – Portiuncula ദിനം
👉നവംബർ 1-8 : സെമിത്തേരി സന്ദർശിച്ച് മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുക, ദേവാലയത്തിൽ സന്ദർശിച്ച് 1 സ്വർഗ്ഗ, വിശ്വാസപ്രമാണം എന്നിവ ചൊല്ലുക

13. പൂർണ്ണദണ്ഡ വിമോചനം ( Plenary Indulgences ) ലഭിക്കുന്ന ചില ദിനങ്ങളും പ്രവർത്തികളും

[ ] ക്രിസ്തുരാജന്റെ തിരുനാൾ ദിനം
[ ] തിരുഹൃദയ തിരുനാൾ ദിനം
[ ] പാപ്പയുടെ, റോമിനും ലോകത്തിനും, അപ്പസ്തോലിക ആശിർവാദം ( Urbi et Orbi) കൊടുക്കുന്ന ദിനം അത് സ്വീകരിച്ചാൽ ( Telecast പങ്കെടുത്താലും മതി )
[ ] പ്രത്യേക നിയോഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ സമർപ്പിക്കപ്പെട്ട ദിനങ്ങൾ. ഉദാ : ദൈവവിളി ദിനം, രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും വേണ്ടിയുള്ള ദിനം etc
[ ] ദിവ്യകാരുണ്യ ആരാധനയും പ്രദക്ഷിണവും: 1/2 മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്തിയാൽ, പെസഹാ വ്യാഴാഴ്ച ആരാധനയ്ക്ക് “Tantum Ergo” ഭക്ത്യാവണങ്ങുക എന്ന ഗീതം ഭക്തിയോടെ ആലപിക്കുമ്പോൾ, ഈശോയുടെ തിരുശരീര- രക്തങ്ങളുടെ തിരുനാൾ ദിനത്തിലെ പ്രദക്ഷിണത്തിൽ പങ്കെടുക്കുമ്പോൾ…
[ ] ദുഃഖ വെള്ളിയാഴ്ചത്തെ കുരിശാരാധനയിൽ പങ്കെടുക്കുമ്പോൾ
[ ] ദുഃഖവെള്ളിയാഴ്ച വ്യക്തിപരമായി കുരിശിന്റെ വഴി നടത്തുകയോ പരിശുദ്ധ പിതാവ് നയിക്കുന്ന കുരിശിന്റെ വഴിയിൽ നേരിട്ടോ അല്ലാതെയോ പങ്കെടുക്കുന്നത്
[ ] ആദ്യകുർബാന സ്വീകരണ ദിനം
[ ] വാർഷിക ധ്യാനത്തിൽ പങ്കെടുക്കുമ്പോൾ ( ധ്യാനം മൂന്ന് ദിവസമെങ്കിലും ഉണ്ടായിരിക്കണം)
[ ] അരമണിക്കൂർ ബൈബിൾ വായിക്കുകയോ വായിക്കുന്നത് ശ്രവിക്കുകയോ ( Audio ആയാലും മതി ) ചെയ്യുമ്പോൾ
[ ] ഒരു പ്രത്യേക നിയോഗത്തിന് വേണ്ടി ഒരുമിച്ച് കുടുംബ പ്രാർത്ഥനയിലോ , മറ്റു കുറച്ചു പേർ ഒരുമിച്ചോ ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ
[ ] പരിശുദ്ധ പിതാവിനോടൊപ്പം ജപമാല ചൊല്ലുമ്പോൾ ( ടിവിയിലൂടെ കണ്ടു ഒരുമിച്ചു പ്രാർത്ഥിച്ചാലും മതി )
[ ] ഈസ്റ്റർ ജാഗരണ ( Easter Vigil ) പ്രാർത്ഥനയിൽ പങ്കെടുക്കുമ്പോൾ
[ ] ജ്ഞാനസ്നാന വാർഷിക ദിനത്തിൽ, ജ്ഞാനസ്നാന വ്രതം നവീകരിക്കുമ്പോൾ
[ ] ഡിസംബർ 31 ന് രാത്രിയിൽ ഒരു വർഷത്തെ കൃപകൾക്ക് നന്ദി പറഞ്ഞു “Te Deum”( ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു എന്ന ഗീതം ആലപിക്കുമ്പോൾ
[ ] തിരുപ്പട്ടം സ്വീകരിച്ച പുരോഹിതൻ തന്റെ പ്രഥമ ബലിയർപ്പിക്കുമ്പോൾ, ഒപ്പം ജൂബിലി ബലികൾ ( 25,50, 60,70) അർപ്പിക്കുന്ന പുരോഹിതർക്കും അതിൽ പങ്കെടുക്കുന്ന ജനങ്ങൾക്കും
[ ] വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ :
👉റോമിലെ 4 ബസിലിക്കകൾ ( St Peter, St Paul, Lateran, Mary Major)
👉Minar ബസിലിക സന്ദർശനം
👉അന്തർദേശീയ, ദേശീയ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ,
👉കത്തീഡ്രൽ ദേവാലയം സന്ദർശിക്കുമ്പോൾ
👉 ഇടവക ദേവാലയം സന്ദർശിക്കുമ്പോൾ.
ഇവിടെയെല്ലാം ഈ ദേവാലയങ്ങളിലെ പ്രധാന തിരുനാൾ ദിവസമോ, ഓഗസ്റ്റ് രണ്ടാം തീയതിയോ, മറ്റ് പ്രധാനപ്പെട്ട തീർത്ഥാടന ദിനങ്ങളിലോ സന്ദർശിച്ചു പൂർണ ദണ്ഡവിമോചനം നേടാവുന്നതാണ്.

14. ഭാഗിക ദണ്ഡവിമോചനം (Partial Indulgence) ലഭിക്കുന്ന ചില കാര്യങ്ങൾ

👉 ദിവ്യകാരുണ്യം സന്ദർശിക്കുക
👉 ദിവ്യകാരുണ്യ സ്വീകരണശേഷം “മിശിഹായുടെദിവ്യാത്മാവേ’ എന്ന പ്രാർത്ഥന ചൊല്ലുക
👉ഭക്തിയോടെ കുരിശു വരയ്ക്കുന്നത്
👉 വിശ്വാസപ്രമാണം ചൊല്ലുന്നത്
👉 ഏതെങ്കിലും അവസരത്തിൽ ജ്ഞാന സ്നാന വ്രതം നവീകരിക്കുന്നത്
👉 ലിറ്റനി ചൊല്ലി പ്രാർത്ഥിക്കുന്നത്: തിരുഹൃദയം, ഈശോയുടെ തിരു ശരീരരക്തങ്ങളുടെ ലിറ്റനി, മാതാവിന്റെയും യൗസേപിതാവിന്റെയും വിശുദ്ധരുടെയും ലിറ്റനി
👉 മാസ ധ്യാനത്തിൽ പങ്കെടുക്കുമ്പോൾ
👉 “ഭാഗ്യപ്പെട്ട മാർ യൗസെപ്പെ” എന്ന് പ്രാർത്ഥന ചൊല്ലുമ്പോൾ
👉 “മറിയത്തിന്റെ സ്തോത്ര ഗീതം”Magnificat” ആലപിക്കുമ്പോൾ
👉 ത്രിസന്ധ്യ ജപം 3 നേരം ചൊല്ലുമ്പോൾ (കർത്താവിന്റെ മാലാഖ )
👉 വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ദിനം
👉 നോവേനകളിൽ പങ്കെടുക്കുമ്പോൾ: ക്രിസ്മസ്, പെന്തക്കോസ്താ തിരുനാൾ, അമലോൽഭവ മാതാവിന്റെ തിരുനാൾ എന്നിവയ്ക്ക് ഒരുക്കമായ നൊവേനകൾ…

ഉപസംഹാരം

ക്രിസ്തുവിന്റെ പീഡ സഹന മരണ ഉത്ഥാനത്തിന്റെ യോഗ്യതകളാലും പരിശുദ്ധ അമ്മയുടെയും സകല വിശുദ്ധരുടെയും പുണ്യ ജീവിതത്താലും പാപപരിഹാര കർമ്മങ്ങളുടെ വലിയ ഒരു നിധി നിക്ഷേപം സഭയ്ക്ക് നല്കപ്പെട്ടിരിക്കുന്നു. സഭ ഒരു അമ്മ എന്ന നിലയിൽ, ആരും നഷ്ടപ്പെട്ടു പോകാതെ പുണ്യത്തിൽ അഭിവൃദ്ധി പ്രാപിക്കുന്നതിനും നിത്യജീവൻ പ്രാപിക്കുന്നതിനുമായി ക്രിസ്തു നേടിത്തന്ന നിധി നിക്ഷേപത്തിൽ നിന്നെടുത്തു, അധികാരത്തോടെ വിതരണം ചെയ്യുകയും വിനിയോഗിക്കുകയും ചെയ്തുകൊണ്ട് ദണ്ഡവിമോചനങ്ങൾ തന്റെ മക്കൾക്കായി നൽകുന്നു. ഉത്തമ കുമ്പസാരത്തിലൂടെ നിത്യ ശിക്ഷയിൽ നിന്നും പുണ്യ പ്രവർത്തികളും പ്രായശ്ചിത്ത പ്രവർത്തികളും ചെയ്തും ദണ്ഡവിമോചനങ്ങൾ സ്വീകരിച്ചും പാപത്തിലൂടെ വന്ന കാലിക ശിക്ഷയിൽ നിന്നും മോചനം ലഭിക്കുന്നു. കുമ്പസാരം, കുർബാന സ്വീകരണം, പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്ക് വേണ്ടി 1 സ്വർഗ്ഗ, 1 നന്മ എന്നിവ ചൊല്ലി ഒപ്പം ഓരോ ദണ്ഡവിമോചനങ്ങളോടും ചേർത്തിട്ടുള്ള മറ്റ് ദണ്ഡവിമോചന പ്രവർത്തികളും ചെയ്യുക വഴി പൂർണ്ണമോ ഭാഗികമോ ആയ ദണ്ഡവിമോചനങ്ങൾ സ്വീകരിച്ച് നിർമ്മലരായി വിശുദ്ധയിൽ വളരാം.

vox_editor

Recent Posts

ഭരണങ്ങാനത്ത് ഭാരതത്തിലെ മെത്രാന്‍മാരുടെ സംഗമം

സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…

5 days ago

33rd Sunday_ഉണർന്നിരിക്കുവിൻ (മർക്കോ 13: 24-32)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…

5 days ago

വെട്ടുകാട് ക്രിസ്തുരാജ തിരുനാളിന് ഇന്ന് തുടക്കം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…

6 days ago

സെന്‍റ് പീറ്റേഴ്സ് ബസലിക്ക എ ഐ സാങ്കേതിക വിദ്യയില്‍ കാണാം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…

1 week ago

വെട്ടുകാട് തീര്‍ഥാടന കേന്ദ്രത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു

അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…

1 week ago

മാര്‍ത്തോമാ സഭയിലെ പിതാക്കന്‍മാര്‍ റഫാന്‍സിസ്പ്പയുമായി കൂടികാഴ്ച

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…

1 week ago