റെജി ജോസഫ്
കോട്ടയം: മുപ്പത്തിനാലാം വയസിൽ മെത്രാനായതും 41 വർഷം മെത്രാൻ പദവിയിലിരുന്നതും മാത്രമല്ല ദിവംഗതനായ ആർച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയിലെ അപൂർവത. ഭാരത കത്തോലിക്കാ സഭയിൽ ഇന്നേവരെയുണ്ടായ മെത്രാൻമാരിൽ നൂറാമൻ എന്നതിലും കോട്ടയം ക്നാനായ അതിരൂപതക്കാരനായ ആദ്യ ആർച്ച്ബിഷപ് എന്നതിലും തീരുന്നതല്ല വിശേഷണങ്ങൾ.
ലാളിത്യം എന്ന വാക്കിനു പര്യായമായി ആർച്ച്ബിഷപ് ഏബ്രഹാം വിരുത്തക്കുളങ്ങരയെ ആരെങ്കിലും വിശേഷിപ്പിച്ചാൽ അത് നൂറു ശതമാനം ശരി. കല്ലറ പുത്തൻപള്ളി ഇടവകയിൽപ്പെട്ട വിരുത്തക്കുളങ്ങര വീട്ടിൽനിന്നു പതിനഞ്ചാം വയസിലാണ് മിഷനറിയാകാൻ പുറപ്പെട്ടത്. തീവണ്ടി കയറുന്പോൾ പത്താം ക്ലാസ് ഫലം പുറത്തുവന്നിരുന്നില്ല. നാഗ്പൂർ സെന്റ് ചാൾസ് സെമിനാരിയിൽ പരിശീലനത്തിനുശേഷം വൈദികനാകുമ്പോൾ വയസ് 26.
വഴിയും വെളിച്ചവുമില്ലാത്ത മധ്യപ്രദേശിലെ കുഗ്രാമങ്ങളിൽ ആദ്യം ദൈവവേലയ്ക്കായി കടന്നുചെന്ന കാലം. ഖാണ്ട്വ രൂപതയിലെ വനാന്തരങ്ങളിൽ കാട്ടുമനുഷ്യനും കാട്ടുമൃഗങ്ങളും മാത്രമേയുണ്ടായിരുന്നുള്ളു. മലന്പനിയിലും പട്ടിണിയിലും മനുഷ്യൻ മരിക്കുന്നതു സാധാരണമായിരുന്നു. വായിക്കാൻ അറിയുന്നവരായി കാട്ടിൽ ആരുമില്ല. പറയുന്നതാകട്ടെ വ്യാകരണവും ലിപിയുമില്ലാത്ത ഗോത്രഭാഷയും. പച്ചക്കിഴങ്ങും പച്ചയിലയും തിന്നിരുന്ന ആദിവാസികൾ അർധനഗ്നരായാണു കാട്ടിൽ കഴിഞ്ഞിരുന്നത്. ഈ സമൂഹത്തിന് സാക്ഷരതയും സേവനവും എത്തിക്കാൻ ഒരു മാർഗമേയുണ്ടായിരുന്നുള്ളു, അവരുടെ ഗോത്രഭാഷ കേട്ടു പഠിക്കുക. കൊടുംകാട്ടിൽ അപരിചിതരായ ആ ജനതയുടെ ജീവിതത്തോട് പങ്കുചേർന്നു വള്ളിക്കുടിലുകളിലും ഗുഹകളിലും പാർത്ത് അവരുടെ സ്വന്തം ഭാഷകൾ പഠിച്ചു. ഇരുപതു മൈൽവരെ നടന്ന ദിവസങ്ങൾ പതിവായിരുന്നു. നൂറും ഇരുന്നൂറും കിലോമീറ്റർ ഇടവിട്ടുള്ള മിഷൻ സ്റ്റേഷനുകളിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ നടപ്പു മാത്രമായിരുന്നു മാർഗം.
“അങ്ങനെ ചെരിപ്പില്ലാതെ, കുടയില്ലാതെ, തിന്നാനും കുടിക്കാനും കാര്യമായി ഒന്നുമില്ലാതെ നടന്നുനടന്നു മുന്നേറിയ കാലത്ത് ഞാൻ അൽപം ലക്ഷ്വറി ആകാൻ തീരുമാനിച്ചു.’ ഒരു അഭിമുഖ ത്തിനിടെ ആർച്ച്ബിഷപ്പ് ചെറിയൊരു ചിരിയോടെ പറഞ്ഞു. “അക്കാലത്ത് ഞാനൊരു സൈക്കിൾ വാങ്ങിച്ചു. പുത്തനല്ല കേട്ടോ അൽപം പഴയത്.’ വഴിയുള്ളിടങ്ങളിലൊക്കെ സൈക്കിൾ ചവിട്ടിപ്പോയി. അങ്ങനെ തുടങ്ങിയ മിഷനറി ജീവിതത്തിന്റെ പത്താം വാർഷികത്തിലാണ് ഖാണ്ട്വയുടെ മെത്രാനായി നിയമി തനായത്. ബിഷപ്പായശേഷവും പഴയ നടപ്പും സൈക്കിളും ഉപേക്ഷിച്ചിരുന്നില്ല. വനം അതിരാക്കിയ, മെത്രാസനമന്ദിരവും കത്തീഡ്രലും ഒന്നുമില്ലാത്ത ബിഷപ്പിന് അതൊക്കെ ധാരാളം മതിയായിരുന്നു. ചോളം ചുട്ടുതിന്നും ഗോതമ്പുമണികൾ പച്ചയ്ക്കുതിന്നും പച്ചവെള്ളം കൈയിൽ കോരിക്കുടിച്ചും ജീവിച്ച് പാവങ്ങളെ ശുശ്രൂഷിച്ചു പോന്ന അദ്ദേഹത്തിന് ആഡംബരജീവിതത്തേക്കുറിച്ചു ചിന്തിക്കാനേ വയ്യ.
കാലം കഴിഞ്ഞപ്പോൾ അങ്ങിങ്ങ് പ്രൈമറി സ്കൂളുകളും ആശുപത്രികളുമൊക്കെ ഉയർത്താനായി. ഷെഡ്ഡും പുൽക്കെട്ടുകളുമായി കുറെ പള്ളികളും. ഏറെക്കാലം കഴിഞ്ഞപ്പോൾ 1998-ൽ നാഗ്പൂർ ആർച്ച്ബിഷപ്പായി പുതിയ നിയോഗം. ആർച്ച്ബിഷപ്പായി എന്നതുകൊണ്ടു ശുശ്രൂഷയ്ക്കു മാറ്റം വരുത്തിയില്ല. നാഗ്പൂർ അതിരൂപതയിലും ദാരിദ്ര്യവും ദുരിതവും ഏറെയുണ്ടായിരുന്നു.
ആത്മീയ വിശുദ്ധിയിൽ ദൃഢമായിരുന്നു പിതാവിന്റെ ധന്യമായ ജീവിതം. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ നടന്ന വിവിധ മെത്രാഭിഷേകങ്ങളിലും സമ്മേളനങ്ങളിലുമൊക്കെ കാണുന്പോൾ സ്നേഹനിറവിൽ സംസാരിച്ചിരുന്ന വലിയ പിതാവ്. അവസാനം കണ്ടപ്പോൾ പിതാവ് പറഞ്ഞുനിറുത്തിയതും ദീപികയെക്കുറിച്ചാണ്. “ലോകത്തിൽ എവിടെയാണെങ്കിലും രണ്ടുനേരം ദീപിക ഓണ്ലൈൻ ഞാൻ വായിക്കും. രാവിലെയും വൈകുന്നേരവും. ഒരു നിവൃത്തിയുമില്ലാതെ വന്നാൽ സെക്രട്ടറിയച്ചന്റെ മൊബൈലിൽനിന്ന് ദീപിക ഇ - പേപ്പർ വായിക്കും.’