Categories: Daily Reflection

ഡിസംബർ 2: സംരക്ഷണം

രണ്ടാം ദിവസം
“കർത്താവിൽ എന്നേക്കും ആശ്രയിക്കുവിൻ; ദൈവമായ കർത്താവ് ശാശ്വതമായ അഭയ ശിലയാണ്” (ഏശയ്യ 26:4).

ദൈവം എന്ന പദം മനസ്സിലെത്തുമ്പോൾ നമ്മുടെ ഉള്ളിൽ നിറയുന്ന വികാരം ആശ്വാസവും, സമാധാനവുമായിരിക്കും. സാമൂഹിക ജീവിയാണെന്നവകാശപ്പെടുമ്പോഴും ഒറ്റപ്പെടലിന്റെ വേദനയിലാണ് ഭൂരിഭാഗം മനുഷ്യരും. അതേസമയം, ചിലർക്കെങ്കിലും നിരീശ്വരവാദിയാണെന്ന് പറയുന്നതിൽ തെല്ലും മടിയില്ലെന്ന് മാത്രമല്ല അതൊരു ക്രെഡിറ്റായി കരുതുന്നവരും നിരവധിയാണ്. ദൈവവിശ്വാസമെന്ന മഹത്തായ സംരക്ഷണവലയത്തിൽ ജീവിക്കുന്നവർക്ക് ലഭിക്കുന്ന വലിയ അനുഗ്രഹമാണ് സന്തതസഹചാരിയായ ഒരു സംരക്ഷകന്റെ അദൃശ്യ വലയം.

ദൈവത്തിന് ഏറ്റവും യോജിക്കുന്ന പേര് ‘സംരക്ഷകൻ’ എന്നായിരിക്കും. ഒരു ദൈവം മനുഷ്യനായി അവതരിച്ചുവെങ്കിൽ, സംശയമില്ല മാനവരാശിയെ മുഴുവനും തന്റെ കരവലയത്തിനുള്ളിൽ ചേർത്തണക്കുന്നതിനു വേണ്ടിയാണത്. പാപത്തിന്റെ അന്ധകാരത്തിൽ എങ്ങോട്ടെന്നറിയാതെ വഴിതെറ്റിയലഞ്ഞ മാനവരാശിക്ക് പ്രകാശമായി ബദ്ലഹേമിൽ ജനിച്ചവനെ രക്ഷകനായിട്ടാണ് എല്ലാവരും കാണുക. വിദേശാധിപത്യത്തിന്റെ അടിമത്തത്തിൽ കഴിഞ്ഞിരുന്ന ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരമായിരുന്നത് ഭൗതികമായ സാമ്രാജ്യത്തിന്റെ ഒരു ചക്രവർത്തിയെയാണ്. എന്നാൽ ദൈവപുത്രൻ മനുഷ്യന്റെ സമഗ്ര മോചനത്തിന്റെ രക്ഷകനായിട്ടാണ് പിറന്നുവീണത്.

നക്ഷത്രങ്ങളുടെ ജനനം മനസ്സിലാക്കിക്കൊണ്ട് യഹൂദരുടെ രക്ഷകൻ എവിടെയാണ് പിറക്കുന്നതെന്ന് ജ്ഞാനികൾ ഹേറോദോസിനോട് അന്വേഷിക്കുന്നുണ്ട്. “വരാനിരിക്കുന്ന രക്ഷകൻ നീ തന്നെയാണോ അതോ ഞങ്ങൾ വേറെയാരെയെങ്കിലും കാത്തിരിക്കണമോ”യെന്ന് കാരാഗ്രഹത്തിലടക്കപ്പെട്ട സ്നാപകയോഹന്നാൻ തന്റെ ശിഷ്യരെ വിട്ട് അന്വേഷിക്കുന്നുണ്ട്.

“ദാവീദിന്റെ പുത്രനായ നസ്രായേനെ, ഞങ്ങളെ രക്ഷിക്കണമേ” എന്നാണ് രോഗികൾ ആർത്തു വിളിച്ചത്. കാൽവരിയുടെ സഹനത്തിന്റെ പൂർണ്ണതയിലും ഈ മനുഷ്യനെ “യഥാർത്ഥ രക്ഷകനെ”ന്ന് ശതാധിപൻ തിരിച്ചറിയുന്നുണ്ട്. “കർത്താവേ നീ പറുദീസയിലാ യിരിക്കുമ്പോൾ, എന്നെയോർക്കണമേ” എന്നുപറഞ്ഞ നല്ല കള്ളനും ക്രിസ്തുവിൽ രക്ഷകനെ കണ്ടെത്തുകയാണ്.

“രക്ഷ പ്രാപിക്കണമെങ്കിൽ എന്ത് ചെയ്യണ”മെന്ന് ഒരു നിയമ പണ്ഡിതൻ ക്രിസ്തുവിനോട് ചോദിക്കുന്നുണ്ട്. സ്നേഹമെന്നുള്ള കൽപ്പനയാണ് അതിനുള്ള ക്രിസ്തുവിനന്റെ മറുപടി. സ്നേഹിക്കുന്നവനെ മറ്റുള്ളവരെ രക്ഷിക്കുവാൻ സാധിക്കുകയുള്ളൂ. തീപിടിച്ച ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിൽക്കുന്ന കുഞ്ഞു താഴെ നിൽക്കുന്ന പിതാവിന്റെ കരങ്ങളിലേക്ക് അമാന്തിക്കാതെ എടുത്തു ചാടുന്നതും സ്നേഹത്തിന്റെ സംരക്ഷണം ഉള്ളതുകൊണ്ടാണ്. “ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനാണോ?” എന്ന കായേലിന്റെ മനോഭാവം സ്നേഹത്തിലാണ് തിരുത്തപ്പെടുന്നത്.

ഓരോ മനുഷ്യനും ജനിച്ചു വീഴുമ്പോൾ അവനെ സംരക്ഷിക്കുവാനായി കാവൽമാലാഖയെ നൽകിയിട്ടുണ്ട് എന്നത് സഭയുടെ വിശുദ്ധമായ വിശ്വാസ പാരമ്പര്യമാണ്. ജീവിതത്തിന്റെ കൊടുങ്കാറ്റുകൾ ആഞ്ഞുവീശുമ്പോഴും വഞ്ചിയുടെ അമരത്ത് സംരക്ഷകൻ ഉണ്ടെന്ന ഉറച്ച വിശ്വാസം നമുക്ക് നൽകുന്ന ആത്മവിശ്വാസം വലുതായിരിക്കും. “ഇമ്മാനുവേൽ” എന്ന പദത്തിനർത്ഥം തന്നെ “ദൈവം നമ്മുടെ കൂടെ”യെന്നാണ്. ഏദൻതോട്ടത്തിൽ ആദിമ മനുഷ്യരുടെ കൂടെ നടന്ന ദൈവം നമ്മുടെ ഇടയിൽ വസിക്കുന്നു. നമ്മെ വഴി നടത്തുന്നു.

പ്രകൃതിക്ഷോഭത്തിലും, കാലവർഷക്കെടുതിയിലും, മഹാമാരിയിലുംപെട്ട് നട്ടംതിരിയുന്നവർക്ക് സംരക്ഷണവും, ധൈര്യവും ഉറപ്പുവരുത്തുന്ന വചനമാണ്: “ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയേയും, നട്ടുച്ചക്കു വരുന്ന വിനാശത്തേയും നീ പേടിക്കേണ്ട”യെന്നത് (സങ്കീർത്തനം 91:6). സ്നേഹത്തോടെ അവനോട് ചേർന്നു നിന്നുകൊണ്ട് അവനെ വിളിച്ചപേക്ഷിക്കുന്നവരെ സംരക്ഷിക്കുമെന്നുള്ള വാഗ്ദാനത്തെ അരക്ഷിതാവസ്ഥ നേരിടുന്ന ഈ കാലഘട്ടത്തിൽ ഓർക്കുകയും ആ സംരക്ഷകനിൽ പൂർണ്ണമായും ആശ്രയിക്കുകയും ചെയ്യാം.

ദൈവത്തിന്റെ വചനം “പൂർണ്ണമായി പാലിക്കുകയും, അനുസരിക്കുകയും ചെയ്യുന്നവർ”ക്കാണ് കർത്താവിന്റെ സംരക്ഷണം അനുഭവിക്കാൻ സാധിക്കുന്നതെന്ന് ലൂക്കാ സുവിശേഷകൻ പറഞ്ഞു വയ്ക്കുന്നുണ്ട്. ജീവിതത്തിന്റെ ഭയാനകമായ ചുഴിയിൽപ്പെട്ടുഴലുമ്പോഴും വചനത്തിൽ വിശ്വസിക്കുന്നവർ പാറമേൽ പണിത ഭവനംപോല ബലിഷ്ടമായി തന്നെ നിലകൊള്ളുന്നു. കെട്ടുറപ്പുള്ള ഭവനത്തിനു മാത്രമേ ഒരു കുടുംബത്തെ സംരക്ഷിക്കാൻ കഴിയൂ. അതിനാൽ നോഹയുടെ പേടകത്തിനുസമാനമായ ഭവനം പണിയുവാൻ വിശുദ്ധ ഗ്രന്ഥം നമ്മെ ഉദ്ബോധിപ്പിക്കുന്നു. മഹാപ്രളയത്തിൽ നിന്നും രക്ഷപ്പെടാൻ നോഹ തയ്യാറാക്കിയ പേടകത്തിന്റെ യഥാർത്ഥ സംരക്ഷകൻ ദൈവം തന്നെയായിരുന്നു. ദൈവത്തിന്റെ ഇഷ്ടപ്രകാരം പണിത പെട്ടകത്തിൽ ദൈവസാന്നിധ്യമുണ്ടായിരുന്നു. നമ്മുടെ കുടുംബങ്ങളിലും പരസ്പര സ്നേഹത്തിലൂടെയും, കരുതലിലൂടെയും, പങ്കുവെക്കലിലൂടെയും ദൈവസാന്നിധ്യം ഉറപ്പുവരുത്തിക്കൊണ്ട് ദൈവീക സംരക്ഷണം യാഥാർഥ്യമാക്കാം.

കുടുംബത്തെയും, പ്രിയപ്പെട്ടവരെയുംവിട്ട് കോടാനുകോടി ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്ന സൈനികർ നമ്മുടെ ഹീറോകളാണ്. എന്നാൽ തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ ശത്രുവിൽ നിന്നും സംരക്ഷിക്കുവാനായി ചിറകിനടിയിൽ സൂക്ഷിക്കുന്നതുപോലെ എല്ലാവിധ ശത്രുക്കളിൽ നിന്നും, ദുരന്തങ്ങളിൽ നിന്നും, അപകടങ്ങളിൽ നിന്നും നമ്മെ കാത്തു പരിപാലിക്കുന്ന അദൃശ്യകരങ്ങൾക്കുടമയായ സർവ്വശക്തനായ ക്രിസ്തു തന്നെയാണ് നമ്മുടെ സൂപ്പർ ഹീറോ.

“കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? എന്റെ ജീവിതത്തിന് കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?” (സങ്കീർത്തനം 27:1) – ഇതായിരിക്കട്ടെ ആഗമന കാലത്ത് നമ്മെ മുന്നോട്ട് നയിക്കുന്ന വേദവാക്യം!

vox_editor

Share
Published by
vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

5 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago