Categories: Articles

ചക്രവർത്തിയും ദൈവീകതയും പിന്നെ മോദിയും

സ്വാതന്ത്ര്യവും നീതിയും ലഭ്യമാക്കാനുള്ള പുതിയ ചിന്താധാരയ്ക്ക് ഭാരതം കാതോർക്കുന്നുണ്ട്...

റോസ് ബാബു അംബ്രോസ്

ലോകചരിത്രത്തിൽ സാമ്രാജ്യത്വ ആരാധന (Imperial cult) അഥവാ ചക്രവർത്തിയെ ദൈവമായി ആരാധിക്കൽ എന്നത് ക്രിസ്തു വർഷത്തിനു മുൻപേ റോമാസാമ്രാജ്യത്തിൽ നിലനിന്നിരുന്നു. (രാജാവിനെ മാത്രമല്ല രാജകുടുംബാംഗങ്ങളെയും രാജഭരണത്തിലെ പ്രഭുക്കന്മാരേയും ദൈവ പുരുഷന്മാരായി കണ്ടിരുന്നു). ജൂലിയസ് സീസറിന്റെ മരണാനന്തരം റോമൻ സെനറ്റ് ദൈവീക സ്ഥാനം (divus) നൽകി സീസറിനെ ആരാധിച്ചു. BC 29-ൽ അഗസ്റ്റസ് സീസർ ഗ്രീക്ക് സംസ്കാരമുള്ള എല്ലാ പ്രദേശങ്ങളിലും ജൂലിയസ് സീസറിനു വേണ്ടി അമ്പലങ്ങൾ നിർമ്മിക്കുവാൻ ആവശ്യപ്പെട്ടു. വ്യക്തികൾ മാത്രമല്ല ചക്രവർത്തിയുടെ നേതൃത്വത്തിൽ സൈന്യം ഒന്നടങ്കം ആരാധന നടത്തിയിരുന്നു. ഇപ്രകാരമുള്ള ആദരവ് ഭരിക്കുന്ന രാജാവിന് കൂടുതൽ വ്യക്തിപ്രഭാവം ലഭിക്കുക മാത്രമല്ല ദൈവീക വംശപരമ്പര ഉള്ളവരായി അഭിമാനിക്കുകയും മാത്രമല്ല ഭരണത്തിൽ വിനിയോഗിക്കുകയും ചെയ്തു. സാമ്രാജ്യത്വ ആരാധന റോമൻ ഭരണ പ്രദേശങ്ങളെ ഏകോപിപ്പിക്കുന്ന ഒരുഘടകമായിരുന്നു. ദൈവമായി ആരാധിക്കപ്പെടുന്ന രാജാവിന് തന്റെ ഭരണം കാര്യക്ഷമമായി നടപ്പിലാക്കാൻ ഈ ദൈവീകത വലിയ പരിധിവരെ സഹായിച്ചു. രാജാവിൽ ദൈവത്തിന്റെ മുഖം ദർശിക്കുന്നവർക്ക് രാജാവിന്റെ നിയമങ്ങളെയോ നിർദ്ദേശങ്ങളെയോ ചോദ്യം ചെയ്യുവാൻ സാധിക്കില്ല. ചക്രവർത്തിക്ക് ആരാധന അർപ്പിക്കാത്ത പ്രദേശങ്ങളിൽ രാജാവിനെതിരായും, രാജ്യത്തിനെതിരായും, വിധേയത്വമില്ലാതെ പ്രവർത്തിക്കുന്നവരെ തിരിച്ചറിയാൻ സാധിക്കുമായിരുന്നു. അതോടൊപ്പം ഇതുവഴി ജനങ്ങളാൽ ജനങ്ങളെ നിയന്ത്രിക്കുവാനും സാധിച്ചിരുന്നു.

ബൈബിൾ ചരിത്രത്തിന് ഇത് അപരിചിതമായ ഒരു വസ്തുതയായിരുന്നില്ല. സാമുവേലിന്റെ ഒന്നാം പുസ്തകത്തിൽ പ്രവാചകനായ സാമുവേൽ സാവൂളിവിനെ രാജാവായി വാഴിക്കുന്നത് ദർശിക്കാവുന്നതാണ്. പിന്നീട്, ദാവീദിനെ രാജാവാക്കുന്നതിലും ദൈവത്തിന്റെ കരം ദർശിക്കാവുന്നതാണ്. എന്നാൽ, ഇസ്രായേൽ ജനത്തിന് കർത്താവ് ആദ്യം രാജാവിനെ നൽകുവാൻ വിമുഖത പ്രകടിപ്പിച്ചു കാരണം, ഇസ്രായേൽ ജനത്തിന്റെ രാജാവ് ദൈവമായ കർത്താവാണ് എന്നതുതന്നെ.

ഇന്ത്യയിലും സ്ഥിതി വിപരീതമായിരുന്നില്ല. ഹിന്ദുമത പ്രകാരം ചക്രവർത്തി എന്നത് ഭൂമി മുഴുവനും ഭരിക്കുന്ന ശക്തനായ ഒരു ഭരണാധികാരിയാണ്. സനാതന ധർമ്മത്തിൽ (the Eternal way/Hinduism) ‘ദേവരാജൻ’ എന്നാണ് രാജാക്കന്മാരെ അഭിസംബോധന ചെയ്തിരുന്നത്. ദേവരാജൻ എന്നാൽ ലോകത്തെ ഭരിക്കുന്ന ദൈവതുല്യനായ ഒരു രാജാവ് എന്നാണ്. ശിവഭഗവാന്റെയും വിഷ്ണുഭഗവാന്റെയും പ്രതിപുരുഷനാണ് ദേവരാജൻ. അതീന്ദ്രിയ കഴിവുള്ള ഭൂമിയിലെ ജീവിക്കുന്ന ദൈവമാണ് ദേവരാജൻ. ഇവയെല്ലാംതന്നെ ഭരിക്കുന്ന രാജാവിന്റെ ഭരണത്തെ പിന്താങ്ങുവാനും ശക്തിപ്പെടുത്തുവാനും, ഒരുപരിധിവരെ ന്യായീകരിക്കുവാനും ഉപകരിച്ചിരുന്നു. ദ്രാവിഡ സംസ്കാരത്തിൽ രാജാവിനെ ‘കോ’ എന്നും രാജഭവനത്തെ ‘കോവിൽ’ എന്നും വിളിച്ചിരുന്നു. ദേവസാന്നിധ്യമുള്ള അമ്പലങ്ങൾക്കും കോവിൽ എന്നാണ് പറയുക. സാമൂഹികക്രമം നിലനിർത്തുന്നതിനും രാജാവിനോടുള്ള വിധേയത്വവും ഭക്തിയും ബഹുമാനവും പുലർത്തുന്നതിനും ഈ കാഴ്ചപ്പാട് ആവശ്യപ്പെടുന്നു.

പ്രബുദ്ധതയുടെ കാലത്ത് (Enlightenment Period, 1685-1815) ലിബറലിസം ഒരു ശക്തമായ രാഷ്ട്രീയ ചിന്താധാരയായിരുന്നു. ലിബറലിസത്തിന്റെ അടിസ്ഥാനം: സ്വാതന്ത്ര്യം, ജനഹിതാനുസൃതമായ സർക്കാരിന്റെ നിയമസാധുത (Consent of the governed), നിയമത്തിനുമുന്നിലുള്ള തുല്യനീതി എന്നിവയാണ്. ലിബറലിസം വ്യക്തികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകിക്കൊണ്ട് യുക്തിക്ക് അനുസൃതമായി ഭരണമികവ് പുലർത്തുവാൻ ഉത്തേജിപ്പിക്കുന്നു. അതിനാൽതന്നെ, ദൈവീക നിശ്ചയം അഥവാ ദൈവത്താൽ ഭരമേൽപ്പിക്കപ്പെട്ടത് എന്നൊക്കെയുള്ള രാജഭരണത്തിന് വിരാമമായി.

1776-ലെ അമേരിക്കൻ വിപ്ലവവും, 1789-ലെ ഫ്രഞ്ച് വിപ്ലവവും ലിബറലിസം എന്ന ചിന്തയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. തത്വശാസ്ത്രജ്ഞനായ ജോൺ ലോക്ക് (1632-1704) സാമൂഹിക കരാർ സിദ്ധാന്തത്തിന്റെ (Social contract theory) അടിസ്ഥാനത്തിൽ വാദിച്ചത്: ‘ഏതൊരു വ്യക്തിക്കും ജീവിക്കാനുള്ള പ്രകൃതിദത്തമായ അവകാശവും, സ്വാതന്ത്ര്യത്തിനും, വസ്തുവിനും (property) അവകാശങ്ങൾ ഉണ്ടെന്നും, അത് ഭരണകർത്താക്കൾക്ക് ലംഘിക്കുവാൻ പാടില്ലാത്തതുമാകുന്നു’ എന്നാണ്. ഈ ലിബറലിസത്തിന്റെ സിദ്ധാന്തങ്ങളിൽ രൂപപ്പെട്ടതാണ് ജനാധിപത്യം. അതിനാൽ തന്നെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്ര സംവിധാനത്തിന് ‘ദൈവനിശ്ചയം’ എന്ന ആശയം വിനിയോഗിച്ച് നിയമസാധുത നേടുക സാധ്യമല്ല.

2014-ൽ ഇന്ത്യയിൽ അധികാരത്തിൽ കയറിയ ശക്തനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ‘ഗുജറാത്ത് മാതൃക വികസനം’ എന്ന മുദ്രാവാക്യവുമായി അതിശക്തമായി അധികാരത്തിലെത്തിയ മോദിക്ക് രണ്ടാംതവണയും 2019-ൽ 43% വോട്ടുകൾ നേടി അധികാരത്തിലെത്താൻ കഴിഞ്ഞു. എന്നാൽ നോട്ടു നിരോധനം, അനുചിതമായ ജി.എസ്.ടി. നടപ്പാക്കൽ, അനിയന്ത്രിതമായ ഇന്ധനവില വർദ്ധനവ്, ന്യൂനപക്ഷ പീഡനം, മാധ്യമ നിയന്ത്രണം, അനിയന്ത്രിത കൊലപാതകങ്ങൾ, കോടതികളുടെ സംശയാസ്പദമായ വിധിന്യായങ്ങൾ, വെറുപ്പ് സംസ്കാരം പ്രോത്സാഹിപ്പിക്കൽ, തൊഴിലില്ലായ്മ, ഒടുവിൽ കർഷകരോടുള്ള വഞ്ചനയും ഈ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു.

ഇത്രയും പ്രതിസന്ധികൾക്കിടയിൽ പ്രധാനസേവകൻ പിടിച്ചു നിൽക്കുവാൻ പരിശ്രമിക്കുന്നത് അദ്ദേഹത്തിന്റെ വിജയകാരണമായ മതം ഉപയോഗിച്ചു തന്നെയാണ്. മോദിയുടെ ജീവചരിത്രം Narendra Modi: The Game changer സുധീഷ് വർമ 2014-ൽ പുറത്തിറക്കി. അതിൽ സന്യാസിയാകാനുള്ള മോദിയുടെ ആഗ്രഹത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 2006-ൽ മോദിക്കുവേണ്ടി ഗുജറാത്തിലെ രാജ്കോട്ടിൽ ക്ഷേത്രം നിർമ്മിക്കുകയുണ്ടായി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ 2019-ൽ മോദിയെ വിശേഷിപ്പിച്ചത് ‘മോദി ജനങ്ങൾക്ക് ദൈവമാണ്’ എന്നാണ്. 2020-ൽ ഡെറാഡൂണിൽ ഒരു സ്ത്രീ ‘മോദിയിൽ ദൈവത്തെ കണ്ടു’ എന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇവയൊക്കെ കാണിക്കുന്നത് രാജ്യം പിന്നിലേക്കു പോകുന്നു എന്നതാണ്. ജനത്തിന്റെ ഭദ്രതയ്ക്ക് തടസ്സം നിൽക്കുന്ന പലതും ഭരണകർത്താക്കൾ കൊണ്ടുവന്നിട്ടും ആരും ശബ്ദിക്കുന്നില്ല. മോദിയെ ദൈവതുല്യം പ്രകീർത്തിക്കുന്നു.

ലിബറലിസം കൊണ്ടുവന്ന തുല്യതയും, സ്വാതന്ത്ര്യവും, ഭരണകർത്താവിന്റെ നിയമസാധുതയും നഷ്ടപ്പെടുകയാണ്. ഭൂരിഭാഗം ജനങ്ങളും നിഷ്ക്രിയരായി കാണികളെ പോലെ നിൽക്കുന്നു. സ്വാതന്ത്ര്യവും നീതിയും ലഭ്യമാക്കാനുള്ള പുതിയ ചിന്താധാരയ്ക്ക് ഭാരതം കാതോർത്ത് നിൽക്കുന്നു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

vox_editor

Recent Posts

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

7 days ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

1 month ago