Categories: Meditation

കൃതജ്ഞതയിൽ പൂവിടുന്ന വിശ്വാസം (ലൂക്കാ 17:11-19)

സുഖം പ്രാപിച്ചവരിൽ ഒമ്പത് പേർ അവരുടെ ആനന്ദത്തിന്റെ ചക്രവാളത്തിൽ മറയുന്നു...

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ

ഒരു ഗ്രാമത്തിന്റെ പ്രവേശന കവാടത്തിനരികിൽ പത്തു കുഷ്ഠരോഗികൾ നിൽക്കുന്നു. ഒൻപതുപേർ യഹൂദരാണ്. ഒരുവൻ സമരിയാക്കാരനും. പരസ്പരം വിദ്വേഷത്തിൽ ജീവിക്കുന്ന കൂട്ടരാണ് യഹൂദരും സമരിയരും. സഹനം ഇതാ അവരെ ഒന്നിപ്പിച്ചിരിക്കുന്നു. വേദനയുടെയും ഒറ്റപ്പെടലിന്റെയും മുൻപിൽ വിദ്വേഷത്തിനും വെറുപ്പിനും ചെറുത്തു നിൽക്കാൻ സാധിക്കില്ല. അവകൾ ആവികളായി പോകും. രണ്ടു പ്രളയത്തിലൂടെ ഈ ഒരു സത്യം നമ്മൾ നല്ലതുപോലെ പഠിച്ചിട്ടുണ്ട്. അതുപോട്ടെ, വചനത്തിലേക്ക് വരാം. അങ്ങനെ ഈ പത്ത് പേർ വിദ്വേഷ രഹിതരായി യേശുവിൻറെ മുമ്പിൽ വരുന്നു. സുവിശേഷം പറയുന്നു, യേശവിനെ ദൂരെനിന്നും കണ്ടപ്പോൾ തന്നെ അവർ സ്വരമുയർത്തി യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമേ എന്ന് അപേക്ഷിച്ചു. രണ്ടു കാര്യം ഇവിടെ നമ്മൾക്ക് ശ്രദ്ധിക്കാം. ഒന്ന്, യേശു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ തന്നെ ഈ കുഷ്ഠരോഗികൾ അവനെ കണ്ടു എന്നതാണ്. അതിൽ സൗഖ്യപ്പെടാനുള്ള അവരുടെ ത്വരയുടെ തീക്ഷ്ണതയടങ്ങിയിട്ടുണ്ട്. അതിൽ അവരുടെ തിടുക്കം അനുഭവവേദ്യമാകുന്നുണ്ട്. രണ്ട്, അവർ യേശുവിനെ അഭിവാദ്യം ചെയ്യുന്ന വാക്ക്. മലയാളം വിവർത്തനത്തിൽ ‘യേശുവേ, ഗുരോ’ എന്നാണ് എഴുതിയിരിക്കുന്നത്. പക്ഷേ ഗുരു എന്നതിനേക്കാൾ ഉചിതം ‘യേശുവേ, നായകാ’ എന്നേ ചേരുകയുള്ളൂ. എന്തെന്നാൽ ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്നത് റബ്ബി എന്ന പദം അല്ല. ‘എപ്പിസ്താത’ എന്ന പദമാണ്. യേശു മുന്നിൽ നടക്കുകയാണ്. നയിക്കുകയാണ്. ജറുസലേമിലേക്ക് തൻറെ മരണം മുന്നിൽ കണ്ടു കൊണ്ട് തന്നെ. ഇവിടെ അവൻ ഗുരു അല്ല. നായകനാണ്. കരുണയുള്ള നായകൻ. ജീവൻ നൽകികൊണ്ട് മരണത്തിലേക്ക് നടന്നു നീങ്ങുന്ന നായകൻ.

യേശു അവരോടു പറയുന്നു; “പോയി നിങ്ങളെത്തന്നെ പുരോഹിതന്മാർക്ക് കാണിച്ചു കൊടുക്കുവിൻ” (v.14). ആ പത്ത് പേരും ഒരു വിശദീകരണവും അവനോട് ചോദിക്കുന്നില്ല. പിന്നീട് നമ്മൾ കാണുന്നത് പൂർണ്ണ അനുസരണ ത്തിൻറെ ഒരു ചിത്രമാണ്. അവർ പുരോഹിതന്മാരുടെ അടുത്തേക്ക് യാത്ര തിരിക്കുന്നു. പോകുംവഴി അവർ സുഖം പ്രാപിച്ചു. നന്മയോടുള്ള അനുസരണവും വിധേയത്വവും നമ്മെ നയിക്കുക പ്രകാശത്തിലേക്ക് മാത്രമായിരിക്കും.

സുഖം പ്രാപിച്ചവരിൽ ഒമ്പത് പേർ തിരിച്ചു വന്നില്ല എന്ന് സുവിശേഷം പറയുന്നുണ്ട്. അവർ അവരുടെ ആനന്ദത്തിന്റെ ചക്രവാളത്തിൽ മറയുന്നു. അവരുടെ സൗഖ്യത്തിൽ സന്തോഷിക്കുന്ന സ്വന്തക്കാരുടെ ആലിംഗനത്തിൽ ലയിക്കുന്നു. സ്വാതന്ത്രത്തിന്റെയും ശാരീരിക-മാനസിക അംഗീകാരത്തിന്റെയും ആഘോഷത്തിൽ അവർ സ്വയം മുഴുകുന്നു. പക്ഷേ ഒരുവൻ, ഒരു അന്യജാതിക്കാരൻ, ഒരു സമരിയാക്കാരൻ തിരിച്ചുവരുന്നു. അവൻ തന്റെ ഹൃദയതുടിപ്പിന് ചെവിയോർത്തവനായിരുന്നു. അവനൊരു ഉള്ളുണർവ്വ് ഉണ്ടായിട്ടുണ്ടകണം. സൗഖ്യം തന്നത് പുരോഹിതരല്ല യേശുവാണെന്ന ഉള്ളുണർവ്വ്. നിയമമോ ആചാരമോ പ്രാവർത്തികമാക്കിയിട്ടില്ല, യേശുവുമായുള്ള കണ്ടുമുട്ടലിൽ നിന്നാണെന്ന ഉള്ളുണർവ്വ്.

ഉളളം കാണുന്നവനാണ് യേശു. അവന് മതത്തിൻറെയോ രാഷ്ട്രത്തിൻറെയോ അതിരുകളില്ല. അവനറിയാം വിശ്വാസം കൂടൊരുക്കുന്നത് ഹൃദയത്തിലാണെന്ന്. ഉള്ളത്തിൻറെ ഉണർവിൽ തിരിച്ചുവരുന്നവനോട് അവൻ പറയുന്നു; “നിൻറെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” (v.19).

ഒൻപതുപേർ സൗഖ്യം നേടി ഒരാൾ മാത്രം രക്ഷിക്കപ്പെട്ടു. അവനോടുള്ള അനുസരണ സൗഖ്യം നൽകി, അവനിലുള്ള വിശ്വാസം രക്ഷയും. അപ്പോൾ ഈ സുവിശേഷഭാഗം ചിത്രീകരിക്കുന്നത് സൗഖ്യത്തിന്റെ ഒരു കഥയല്ല. വിശ്വാസത്തിൻറെ, രക്ഷയുടെ ഒരു സംഭവമാണ്. ഈ ചിത്രീകരണത്തിൽ വിശ്വാസം അതിൻറെ പക്വതയിൽ എത്തുന്ന മൂന്ന് പടികളെ വ്യക്തമാക്കുന്നുണ്ട്. അവകളെ നമുക്ക് ആവശ്യം ആശ്രയം, കൃതജ്ഞത എന്ന് വിളിക്കാം.

ആവശ്യം: ആവശ്യത്തിൽ നിന്നാണ് വിശ്വാസം ജനിക്കുന്നത്. സഹനത്തിന്റെ ഒരു ‘ആവശ്യ പശ്ചാത്തലം’ സുവിശേഷം ചിത്രീകരിക്കുന്നുണ്ട്. അവിടെ ശാരീരിക-മാനസിക ആത്മീയമായ സഹനത്തിന്റെ പ്രാപഞ്ചികമായ നിലവിളിയുണ്ട്. നിലവിളികൾ ഉച്ചത്തിലാകാം നിശബ്ദമാകാം. അവിടെ ദാഹമുണ്ട്. വിശപ്പുണ്ട്. ജീവനോടുള്ള, മൂല്യത്തിനോടുലുള്ള, സ്നേഹത്തിനായുള്ള, ആരോഗ്യത്തിനായുള്ള വിശപ്പിൽ നിന്നാണ് വിശ്വാസം ആരംഭിക്കുന്നത്. ചില കാര്യങ്ങൾ നിന്റെ ശക്തിയിലും കഴിവിലും ഒതുങ്ങാതെ വരുമ്പോൾ നീ മുകളിലേക്ക് കൈനീട്ടും. ആ നീട്ടിപ്പിടിച്ച കരത്തിൽ നിന്നാണ് വിശ്വാസം ആരംഭിക്കുന്നത്.

ആശ്രയം: ആശ്രയത്തെ വിശ്വാസത്തിന്റെ ഒരു പര്യായമായിട്ടാണ് നമ്മൾ കരുതുന്നത്. ആശ്രയം എന്നത് വിശ്വാസത്തിലേക്കുള്ള രണ്ടാമത്തെ പടിയാണ്. ആവശ്യക്കാരന്റെ കാത്തിരിപ്പിൽ, ആഗ്രഹത്തിൽ, അലമുറയിൽ ആത്മവിശ്വാസം നിറയെയുണ്ട്. ആരെങ്കിലും തന്നെ കേൾക്കും, തന്നിലേക്ക് വരും എന്ന ആത്മവിശ്വാസം. ആ പത്ത് പേരും യേശുവിലേക്ക് വരുന്നത് അവർക്ക് സൗഖ്യം കിട്ടുമെന്ന ആത്മവിശ്വാസത്തോടെയാണ്. ആ ആത്മവിശ്വാസം പിന്നീട് ആശ്രയവും അനുസരണയുമാകുന്നുണ്ട്. ആശ്രയം അവർക്ക് സൗഖ്യം നൽകി. പക്ഷേ വിശ്വാസത്തിൻറെ പൂർണതയിലേക്ക് എത്തിച്ചേരുവാൻ ഒൻപതുപേർക്കു സാധിക്കുന്നില്ല. അപൂർണമായ വിശ്വാസം പലതും മറന്നു പോകും. അങ്ങനെ ആ ഒൻപതുപേരും മറന്നുപോയ വിശ്വാസത്തിന്റെ ഒരു തലമുണ്ട്. അതാണ് കൃതജ്ഞത.

കൃതജ്ഞത: കൃതജ്ഞതയിലാണ് വിശ്വാസം അതിന്റെ പൂർണ്ണതയിൽ എത്തുന്നത്. സമരിയക്കാരന്റെ ആ തിരിച്ചുവരവിൽ അത് തീർത്തും പ്രകടമാകുന്നുണ്ട്. ജർമൻ ചിന്തകനായ മാർട്ടിൻ ഹൈഡഗർ പറയുന്നുണ്ട് denken ist danken (to think is to thank). ചിന്തിക്കുകയെന്നാൽ കൃതജ്ഞതയാണ്. ഓർക്കുക, നമ്മളെല്ലാവരും കടക്കാരാണ്; എല്ലാവരോടും എല്ലാത്തിനോടും. അങ്ങനെയാകുമ്പോൾ ആദ്യം ഓടി ചെല്ലേണ്ടത് അവന്റെയടുത്തേക്കാണ്. ജന്മം ദാനമായി നൽകിയ ദൈവത്തിന്നടുത്തേക്ക്; കുഞ്ഞ് തൻറെ അമ്മയുടെ അടുത്തേക്കന്നപോലെ, പ്രണയിനി തൻറെ പ്രാണേതാവിന്റെ അടുത്തേക്കെന്നപോലെ.

എല്ലാവർക്കും അവനിൽ നിന്നും അനുഗ്രഹം ലഭിച്ചു, ഒരാൾ മാത്രം തിരിച്ചുവന്നു. വിശ്വാസമെന്നത് ദൈവത്തിൻറെ പ്രണയാഭ്യർത്ഥനയോടുള്ള നമ്മുടെ സ്വതന്ത്രമായ മറുപടിയാണ്. സ്വതന്ത്രമായ ബന്ധങ്ങളിലെ കൃതജ്ഞതയുടെയും ആദരത്തിന്റെയും വിത്തുകൾ തളിർകു. അങ്ങനെയുള്ള ബന്ധങ്ങളിൽ നന്ദിയുടെ കുളിർമ കരങ്ങളിലും കണ്ണുകളിലും ചുണ്ടുകളിലുമുണ്ടാകും. നൽകലുകളിൽ നന്മയുണ്ടാകും. നോട്ടങ്ങളിൽ കരുണയുണ്ടാകും. ചിരികളിൽ സ്നേഹമുണ്ടാകും.

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

2 weeks ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago