ഫാ.ജോസഫ് ഇലഞ്ഞിമറ്റം
ഇല്യൂമിനാറ്റി എന്ന നിഗൂഢ സംഘടനയുമായി ബന്ധമുള്ള ചില അടയാളങ്ങളും ആശയങ്ങളും ലൂസിഫര്‍ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നു എന്നുള്ള ചര്‍ച്ചകള്‍ക്ക് മികച്ച മൈലേജ് ലഭിക്കുന്നത് കാണുമ്പോള്‍ നിര്‍മാതാക്കള്‍ കൈയ്യടിച്ച് സന്തോഷിക്കുന്നുണ്ടാവണം. ഈ സിനിമയെ എത്രയധികം സജീവമായി ചര്‍ച്ചകളില്‍ നിര്‍ത്താമോ അത് അത്രയേറെ സാമ്പത്തിക ലാഭം അവര്‍ക്ക് നേടിക്കൊടുക്കും എന്നതു തന്നെ കാരണം.
ആരാണ് ഇല്യൂമിനാട്ടി?
1776ല്‍ ബവേറിയയില്‍ (ജര്‍മനി) ഒരു പുരോഗമന ചിന്താപ്രസ്ഥാനമായി രൂപീകരിക്കപ്പെട്ടതായിരുന്നു ഇല്യൂമിനാട്ടി. പൊതുസമൂഹത്തിലെ മതസ്വാധീനം തകര്‍ക്കല്‍, അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടം തുടങ്ങിയവയായിരുന്നു ധിഷണാശാലികളായി അറിയപ്പെട്ടിരുന്ന ഈ സംഘടനയിലെ അംഗങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ഒരു നവലോകക്രമത്തിനായി (New World Order) പ്രതിഞ്ജാബദ്ധരായ ഇവര്‍ സാത്താനിക ബിംബങ്ങളോട് പ്രതിപത്തിയുള്ളവരായിരുന്നു. കത്തോലിക്കാ സഭയുടെ നിര്‍ദേശപ്രകാരം ബവേറിയന്‍ ഭരണാധികാരിയായ ചാള്‍സ് തിയഡോര്‍ ഈ സംഘടനയെ അടിച്ചമര്‍ത്തി. 1790-റോടെ ഇവരുടെ പ്രവൃത്തനങ്ങളവസാനിച്ചെങ്കിലും പിന്നീടും യൂറോപ്പിലെ മറ്റു ചില സ്ഥലങ്ങളില്‍ ഇല്യൂമിനാട്ടി എന്ന പേരില്‍ ചില സംഘങ്ങള്‍ കുറഞ്ഞ കാലത്തേയ്ക്കു കൂടി പ്രവൃത്തിച്ചിരുന്നു.
ഇല്യൂമിനാട്ടിയുടെ സാന്നിധ്യത്തെപ്പറ്റിയുള്ള പ്രചാരവും അതിനോടനുബന്ധിച്ചുള്ള ഫിക്ഷനുകളും പിന്നീട് വ്യാപകമാകുന്നത് 1960കളിലാണ്. എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക ഇതേപ്പറ്റി പറയുന്നത്, വാരികകള്‍ക്കും പത്രങ്ങള്‍ക്കും വ്യാജ എഴുത്തുകള്‍ എഴുതിയിരുന്ന റോബര്‍ട്ട് വില്‍സണ്‍, കെറി തോണ്‍ലീ എന്നിവരാണ് ഇങ്ങനെയൊരു പുരാതന സംഘടനയുടെ പുനരവതാരത്തെപ്പറ്റിയുള്ള ഗൂഢാത്മക കഥകള്‍ക്ക് (conspiracy theories) പ്രചാരം നല്കിയത് എന്നാണ്.
ഫ്രഞ്ചു വിപ്ളവം, വാട്ടര്‍ലൂ യുദ്ധം, ജോണ്‍ എഫ് കെന്നഡിയുടെ വധം തുടങ്ങി പല സംഭവങ്ങളുടെയും സൂത്രധാരന്‍മാര്‍ ഇല്യൂമിനാട്ടിയാണെന്ന പ്രചരണം ഏറ്റെടുത്ത പലരുമുണ്ട്. തുടര്‍ന്ന് ഇല്യൂമിനാട്ടി കലയിലും സാഹിത്യത്തിലും സിനിമയിലും 1960കള്‍ക്കു ശേഷം വ്യാപകമായി ചര്‍ച്ചയാക്കപ്പെടുകയും അതുമായി ബന്ധമാരോപിക്കപ്പെടുന്നതിനെല്ലാം പ്രചാരം സിദ്ധിക്കുകയും ചെയ്തു. ജസ്റ്റിന്‍ ബീബറുടെയും മഡോണയുടെയും ആല്‍ബങ്ങള്‍ക്ക് വമ്പിച്ച പ്രചാരം ലഭിക്കാന്‍ ഇല്യൂമിനാട്ടി എന്ന പേരും അവരുടെ ചിഹ്നങ്ങളും കാരണമായി.
ഇല്യൂമിനാട്ടി ഇന്നും പ്രവൃത്തിക്കുന്നത് കെട്ടിച്ചമച്ച ഗൂഢാത്മക കഥകളിലാണ് (conspiracy theories) എന്നാണ് മിക്കവാറും പഠനങ്ങള്‍. മൊസ്സാദ്, സിഎ ഏ തുടങ്ങിയ കൂര്‍മ്മബുദ്ധികളായ ഇന്‍റലിജന്‍സ് – രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് പിടികൊടുക്കാതെ ഇത്രയും കാലമായിട്ടും ഇവര്‍ രഹസ്യമായി ലോകത്തെ നിയന്ത്രിച്ചുകൊണ്ട് തങ്ങളുടെ പ്രവൃത്തനം തുടരുന്നു എന്നു പറഞ്ഞാല്‍ അത് ദഹിക്കാന്‍ പ്രയാസമുണ്ട്. എന്നാല്‍ വലിയൊരു ബ്രാന്‍ഡെന്നോണം വളര്‍ന്ന ഇല്യൂമിനാട്ടി എന്ന ആശയത്തെ നന്നായി മാര്‍ക്കറ്റ് ചെയ്തവര്‍ ഏറെയുണ്ട്.
2003ല്‍ ഡാന്‍ ബ്രൗണ്‍ രചിച്ച ഡാവിഞ്ചി കോഡ് എന്ന നോവലും അതേത്തുടര്‍ന്നു വന്ന സിനിമയുമാണ് ഇല്യൂമിനാട്ടി ഏറ്റവുമധികം ചര്‍ച്ചയാക്കിയത്. ഇവ നിരോധിക്കണമെന്ന മുറവിളിയും ശക്തമായിരുന്നു. ഇതിന്‍റെ വിജയം ഇല്യൂമിനാട്ടി ആശയം ഉള്‍ച്ചേര്‍ത്തുള്ള Angels and Demons എന്ന അടുത്ത നോവലിനും സിനിമയ്ക്കും ഡാന്‍ ബ്രൗണിന് ഉത്തേജനം നല്കി.
മലയാളത്തിലെ ലൂസിഫറും ഇല്യൂമിനാട്ടിയും
സിനിമാ സംവിധായകന്‍റെ കാഴ്ചപ്പാടുകളും ആശയങ്ങളും സിനിമയില്‍ ചേര്‍ന്നു കാണാറുണ്ട് എന്നത് സത്യമാണ്. ഇല്യൂമിനാട്ടി എന്ന സംഘടനയെപ്പറ്റിയും അതിലെ അംഗങ്ങളെപ്പറ്റിയും നിഗമനങ്ങള്‍ മാത്രം നിലവിലിരിക്കേ ലൂസിഫര്‍ എന്ന മലയാള സിനിമ അത്തരമൊരു ആശയപ്രചാരത്തെ ഉദ്ദേശിക്കുന്നു എന്നു പറയാന്‍ മതിയായ തെളിവുകളില്ല. മലയാളത്തിലെന്ന പോലെ എല്ലാ ഭാഷകളിലും സിനിമയില്‍ തിന്മയുടെ അടയാളങ്ങള്‍ (evil symbolism) കഥയുടെ മിഴിവിനും ചിത്രീകരണത്തിന്‍റെ തികവിനുമായി ചേര്‍ക്കാറുണ്ട്. ഉദാഹരണമായി, ലൂസിഫര്‍ സിനിമയില്‍ 666 (ദുഷ്ടനായ നീറോ ചക്രവര്‍ത്തിയുടെ പേരിന്‍റെ സാംഖ്യക മൂല്യം പ്രതീകാത്മകമായി വെളിപാടു പുസ്തകത്തില്‍ ഉപയോഗിച്ചത്), ഇല്യൂമിനാട്ടിയുടേതിന് സമാനമായ മറ്റു ചില അടയാളങ്ങള്‍ എന്നിവ ഉപയോഗിച്ചതു പോലെ തന്നെ.
ലൂസിഫറും മിഖായേലും
അടുത്ത കാലത്തു പുറത്തിറങ്ങിയ മറ്റൊരു ചിത്രമായ മിഖായേല്‍ കുറെയധികം മാലാഖയുടേതായ ചില പോസിറ്റീവ് ചിത്രീകരണങ്ങള്‍ (positive symbolism) ഉള്ളതാണ്. ആ സിനിമ കണ്ട് ഭക്തരായി മാറിയവര്‍ കേരളത്തില്‍ ആരെങ്കിലും ഉള്ളതായി അറിവില്ല. ആ സിനിമ കണ്ടാല്‍ മിഖായേല്‍ മാലാഖയുടെ സംരക്ഷണം നമ്മുടെ കുടുംബത്തിന് ലഭിക്കും എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കാനും പോകുന്നില്ല. കാരണം ഒരു സഹോദരന്‍ തന്‍റെ സഹോദരിക്കു കൊടുക്കുന്ന സംരക്ഷണത്തിന്‍റെ കഥ പറയുന്ന സിനിമയ്ക്ക് ആ പേരിട്ടു എന്നു മാത്രം. ഇതുപോലെ മാത്രം മൂല്യം നല്കേണ്ട ഒരു കാര്യത്തെയാണ് ചിലയാളുകള്‍ ഭീതിജനകമായി ലൂസിഫര്‍ സിനിമയുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കുന്നത്.
മലയാളത്തില്‍ ഇതിനു മുന്‍പു പുറത്തിറങ്ങി വാണിജ്യവിജയം നേടിയ ഹൊറര്‍ ചിത്രങ്ങളായ അനന്തഭദ്രം, പകല്‍പ്പൂരം, ആകാശഗംഗ തുടങ്ങിയവയിലെ ആഭിചാര അടയാളങ്ങള്‍ (black magic symbolism) എത്ര പേരുടെ വിശ്വാസമാണ് നഷ്ടപ്പെടുത്തിയത്? അതൊക്കെ വെറും സിനിമകള്‍ മാത്രമാണ് എന്ന് മനസിലാക്കിയതുപോലെ ഇതും ഒരു സിനിമയാണ്. അടുത്ത സൂപ്പര്‍സ്റ്റാര്‍ ചിത്രം വരുമ്പോള്‍ ഇതിന്‍റെയും തരംഗം അവസാനിക്കും.
ഈ സിനിമ വിശ്വാസത്തെ തകര്‍ക്കുമോ?
ഏതൊരു സിനിമയും കലയും അത് പൊതുസമൂഹത്തിനായി പ്രദര്‍ശിപ്പിച്ചു കഴിഞ്ഞാല്‍ അത് വ്യാഖ്യാനിക്കാനുള്ള അവകാശം കാഴ്ചക്കാരന്‍റേതാണെന്ന് ആധുനിക സാഹിത്യപഠനങ്ങള്‍ പറയുന്നു. ഇനി ഈ സിനിമയുമായി ബന്ധപ്പെട്ട ചില നിഗൂഢാത്മക സിദ്ധാന്തങ്ങളിലേയ്ക്ക് (conspiracy theory) വരാം. സിനിമയിലെ സയീദ് മസൂദ് ലൂസിഫറുടെ സ്ഥാനത്തുള്ള ഇബ്രാഹീം ഖുറേഷിയോട് അപാര വിധേയത്വം കാട്ടുന്നത് ഇല്യുമിനാട്ടി കള്‍ട്ടായി ചിലര്‍ വ്യാഖ്യാനിക്കുന്നു. ”എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ മോഹൻലാലിനെത്തന്നെ നായകനായി കിട്ടണം എന്നതായിരുന്നു ചെറുപ്പം മുതലുള്ള ആഗ്രഹം. ലാലേട്ടന്റെ വലിയ ആരാധകനാണ് ഞാൻ,” എന്ന് സംവിധായകന്‍ തന്നെ പറഞ്ഞിട്ടുള്ളതിനാല്‍ അത് കാണിക്കാന്‍ സ്വന്തം സിനിമയില്‍ അഭിനയിച്ചപ്പോള്‍ അപ്രകാരം ചെയ്തു എന്നും ഇതിനെ വ്യാഖ്യാനിക്കാമല്ലോ. ആദ്യത്തേതിന് നിഗൂഢാത്മക വാദമല്ലാതെ ഉറച്ച തെളിവില്ല; രണ്ടാമത്തേതിന് സംവിധായകന്‍റെ തന്നെ വാക്കുകളില്‍ നിന്നും തെളിവുണ്ട്.
അല്ലെങ്കില്‍ സിനിമയുടെ അവസാനരംഗത്തില്‍ നായകന്‍ അന്താരാഷ്ട്ര തലത്തിലെത്തിയത് ലൂസിഫര്‍ ലോകം കീഴടക്കിയതിനെ സൂചിപ്പിക്കുന്നതാണെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു. അതേ സമയം അതു സാധാരണ ഡോണ്‍ ചിത്രങ്ങളിലേതുപോലെ (സാഗര്‍ ഏലിയാസ് ജാക്കി, റെഡ് ചില്ലീസ്) ഇന്‍റര്‍നാഷണല്‍ ഡോണ്‍ ആയ നായകനെ ചിത്രീകരിക്കുന്നത്രേയുള്ളൂ എന്നും വിശകലനം ചെയ്യാം. ആദ്യത്തേതിന് നിഗൂഢാത്മവാദം അല്ലാതെ വ്യക്തതയുള്ള തെളിവില്ല; രണ്ടാമത്തേതിന് മുന്‍ സിനിമകളുമായി ബന്ധപ്പെടുത്തി പറയാനുള്ള തെളിവുമുണ്ട്.
”ലൂസിഫർ ചർച്ചാവിഷയമാക്കാനല്ല, വാണിജ്യവിജയം ആകാനാണ് ഞാൻ ആഗ്രഹിക്കുന്നത്” എന്ന് തിരക്കഥാകൃത്ത് ഒരു ഇന്‍റര്‍വ്യൂവില്‍ പറയുമ്പോള്‍ കാര്യം സുവ്യക്തമാണ് – ഈ സിനിമയില്‍ നിന്നും സാമ്പത്തികലാഭം കൊയ്യുക. അങ്ങനെ വരുമ്പോള്‍ ഇപ്പറഞ്ഞ ഇല്യൂമിനാട്ടിയും അവരുടെ അടയാളങ്ങളുമൊക്കെ ഉപയോഗിച്ചു സമര്‍ത്ഥമായി ഒരു സിനിമ മാര്‍ക്കറ്റ് ചെയ്തു. ഇതേ സംവിധായകന്‍റെ മറ്റു ചിത്രങ്ങളുള്‍പ്പടെ മലയാളത്തിലിപ്പോള്‍ ഇറങ്ങുന്ന പല ചിത്രങ്ങളിലും പാശ്ചാത്യ സിനിമകളിലെന്നതുപോലെ ന്യൂ ഏജ് മൂവ്മെന്‍റ് സിംബോളിസം ഉണ്ട് എന്ന് സമ്മതിച്ചേ തീരൂ. അതിലധികവും ഒരു ട്രന്‍ഡി ന്യൂ ഏജ് കലാകാരനാണ് താനും എന്നുള്ള പ്രകടനാത്മകതയല്ലേ?
ചുരുക്കത്തില്‍ ലൂസിഫര്‍ സിനിമയില്‍ ആരോപിക്കപ്പെടുന്ന ഇല്യൂമിനാട്ടി കള്‍ട്ട് മറ്റൊരു നിഗൂഢാത്മ വാദമാണ് (conspiracy theory). ചലച്ചിത്ര നിരൂപണത്തിലെ ആദ്യ നിരീക്ഷണമായ Textual Analysis (സിനിമ അതില്‍ തന്നെ) സാത്താനിക ആരാധനയുടെ സാധ്യതയെ സൂചിപ്പിക്കുമ്പോഴും കുറച്ചുകൂടി വിശ്വസനീയമായ Contextual Analysis (പശ്ചാത്തല പഠനം) ആ വാദത്തെ മറികടക്കുന്നു. സിനിമയുടെ Textual Analysis എപ്പോഴും ഫിക്ഷന്‍ ഉണ്ടാവാനുള്ള സാധ്യതയെ മുന്‍കൂട്ടി കണ്ടിരിക്കുമല്ലോ.
എങ്കിലും സംശയിക്കപ്പെടുന്ന തരത്തിലുള്ള ആശയപ്രചാരണ താല്പര്യം സംവിധായകനുണ്ടെങ്കില്‍ തന്നെ അത്തരം ആശയങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ കാഴ്ചക്കാരന്‍ മാടോന്നുമല്ലല്ലോ! മൂന്നു സെക്കന്‍ഡു പോലും ദൈര്‍ഘ്യമില്ലാത്ത ചില വിഷ്വല്‍സ് വിശ്വാസത്തെ തകര്‍ക്കും എന്നുള്ള ഭയം ഇനിയുമേറെ വിശ്വാസമെന്ന ദാനത്തിനായി പ്രാര്‍ഥിക്കാനുള്ള പ്രേരണയാണ് ഒരാള്‍ക്ക് നല്കേണ്ടത്. ഒപ്പം സാധാരണജീവിതപരിസരത്തുള്ള നൂറുകണക്കിനു ഇതുപോലുള്ള വിഷ്വല്‍സിന്‍റെ സ്വാധീനത്തെ മറികടക്കാന്‍ യുവജനങ്ങളെയും കുട്ടികളെയും പരിശീലിപ്പിക്കുകയും വേണം.
യഥാര്‍ത്ഥ ലൂസിഫറില്‍ നിന്നും ഏന്താണ് രക്ഷ?
മനുഷ്യരുടെ പാപങ്ങളുടെ ആധിക്യം മൂലം പിശാചിനെ ഈശോ തന്നെ ഈ ലോകത്തിന്‍റെ അധികാരി എന്നു വിളിക്കുന്നുണ്ട്. എന്നാല്‍ ഈ അധികാരി ഈശോയുടെ രക്ഷാകര മരണത്തോടെ പുറന്തള്ളപ്പെടുന്നു (CCC 550). കര്‍ത്താവിന്‍റെ രണ്ടാമത്തെ ആഗമനത്തോടെ സാത്താന്‍റെ പരാജയം പൂര്‍ണ്ണമാകും (കൊളോ 1, 13).
എന്നാല്‍ ഈശോയുടെ കുരിശുമരണത്തില്‍ നിന്നും കൂദാശകള്‍വഴി ലഭിക്കുന്ന വരപ്രസാദം നഷ്ടപ്പെടുത്തിക്കളയുന്ന ഒരുവന്‍റെ ജീവിതത്തില്‍ പിശാചിന് പ്രവൃത്തിക്കാനാവും. അപ്പോള്‍ പിശാചിന്‍റെ തന്ത്രങ്ങളില്‍ നിന്നും രക്ഷ നേടേണ്ടതിന് ഒരുവന്‍ ചെയ്യേണ്ടത് പ്രസാദവരപൂര്‍ണ്ണമായ കൂദാശാജീവിതം നയിക്കുകയാണ്.
ഈ സിനിമയെപ്പറ്റി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഭയം ദുര്‍ബലമനസ്കര്‍ക്ക് ഉണ്ടാക്കുന്ന ആഘാതം വലുതാണ്. പിശാച് ഒരാളെ സ്വന്തമാക്കാന്‍ ഭയമെന്ന ആയുധം പ്രയോഗിക്കാം. അപ്പോഴും വിശ്വാസിയായ ഒരുവന്‍ ബലമര്‍പ്പിക്കേണ്ടത് പിശാചിനെ തകര്‍ത്ത ക്രിസ്തുവിനെയാണ്. വി. കുര്‍ബാന സ്വീകരിച്ച് അഭിഷേകത്തില്‍ ജീവിക്കുന്ന ഒരാളെ പിശാചിനു തകര്‍ക്കാനാവില്ല. ”ആകയാല്‍ ദൈവത്തിനു വിധേയരാകുവിന്‍; പിശാചിനെ ചെറുത്തു നില്ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍ നിന്ന് ഓടിയകന്നുകൊള്ളും.” (യാക്കോ 4,7)
ലൂസിഫറിന്‍റെ പ്രവത്തനം
പിശാച് ഒരാളുടെ ജീവിതത്തില്‍ ഇടപെടുന്നത് പ്രധാനമായും രണ്ടു വിധത്തിലാണ്. ഒന്നാമതായി, അനുദിന ജീവിതത്തിലെ പ്രലോഭനങ്ങള്‍ വഴി (temptation) പിശാച് മനുഷ്യനെ പാപത്തില്‍ വീഴിക്കാന്‍ ശ്രമിക്കുന്നു. അത്തരം പ്രലോഭനങ്ങള്‍ അതിജീവിക്കുന്ന മനുഷ്യന് അവ വിശുദ്ധിയിലേയ്ക്കുള്ള ചവിട്ടുപടികളാകുന്നു.
അതേസമയം തുടര്‍ച്ചയായി പ്രലോഭനങ്ങള്‍ക്ക് വഴങ്ങി അവസാനം മാരകപാപത്തോളം ഒരുവന്‍ എത്തുമ്പോള്‍ പിശാച് അയാളുടെ ജീവിതത്തെ സ്വന്തമാക്കുന്നു. കുമ്പസാരം (confession) അത്തരമാളുകളെ ദൈവപാതയിലേയ്ക്കു തിരിച്ചെത്തിക്കുന്നു.
രണ്ടാമതായി, ചിലരുടെ ജീവിതത്തെ പിശാച് ബാധിക്കുന്നു (posession). മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ അവസ്ഥകളിലൂടെ അങ്ങനുള്ളവര്‍ കടന്നു പോകുന്നു. ഇത്തരമാളുകളെ സഭാധികാരികള്‍ ചുമതലപ്പെടുത്തിയ അഭിഷിക്തന്‍റെ ബാധയൊഴിപ്പിക്കല്‍ കര്‍മത്തിലൂടെ (exorcism) സ്വതന്ത്രനാക്കാം (CCC 1673).
യഥാര്‍ത്ഥ ലൂസിഫര്‍ സാന്നിധ്യം
പിശാചും അതിന്‍റെ സ്വാധീനവും ബിഗ് സക്രീനിലൂടെയും ചുറ്റുപാടുമുള്ള ചില അടയാളങ്ങളിലൂടെയും മാത്രം വരുന്ന ഒന്നാണെന്നുള്ളത് തെറ്റിദ്ധാരണയാണ്. അനുദിന ജീവിതത്തില്‍ നന്മ ചെയ്യുന്നതില്‍ നിന്നും നമ്മെ തടസപ്പെടുത്തുന്നതും തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കുന്നതുമായ സാധാരണ ജീവിത പരിസരത്തെ അവന്‍റെ നിരന്തരസാന്നിധ്യത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ നമുക്ക് തെറ്റുപറ്റും (മത്താ 16, 23).
ഈശോയുടെ നാമം പറയുന്നിടത്ത് അവിടുത്തെ ശക്തിയുള്ളതുപോലെ പിശാചിന്‍റെ പേരു പറയുന്നിടത്ത് അവന്‍റെ ശക്തിയും പ്രവൃത്തിക്കും എന്നതരത്തില്‍ പിശാചിനെ ദൈവത്തിനു തുല്യശക്തിയായി ചിലര്‍ ചിത്രീകരിക്കുന്നതില്‍ ദൈവശാസ്ത്ര ഉള്‍ക്കാമ്പില്ല. അതുപോലെ ഒരു സാധാരണ മനുഷ്യന്‍ പിശാചിന്‍റെ പേരല്ല ഒരു സിനിമയുടെ പേരാണ് പറഞ്ഞതെന്ന് മനസിലാക്കാതെ കര്‍ത്താവ് അവനെ ശിക്ഷിക്കും എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്?
എന്താണ് സിനിമയുടെ സ്വാധീനം?
Magic Bullet Theory/Hypodermic Needle Effect തുടങ്ങി മാധ്യമങ്ങള്‍ നല്കുന്നതെല്ലാം അപ്പാടെ വിഴുങ്ങുന്നവരാണ് പ്രേക്ഷകര്‍ എന്ന കാഴ്ചപ്പാടിനേക്കാള്‍ Selective Perception & Retention അഥവാ ഒരാള്‍ കാണാന്‍ താല്പര്യപ്പെടുന്നത് കാണുകയും അതു മനസില്‍ സൂക്ഷിക്കുകയും അതിനാല്‍ അയാല്‍ നയിക്കപ്പെടുകയും ചെയ്യുന്നു എന്ന കുറച്ചുകൂടി വിശ്വസനീയവും ഗവേഷണഫലത്തിലൂന്നിയുള്ള മാധ്യമപഠനത്തെ ആസ്പദമാക്കി വേണം ഏതൊരു ചിത്രത്തിന്‍റേതുമെന്നതുപോലെ ഈ ചിത്രത്തിന്‍റെയും സ്വാധീനത്തെ മനസിലാക്കാന്‍.
സിനിമയെയും മറ്റു മാധ്യമങ്ങളെയും വിലയിരുത്താന്‍ ഏവരും പഠിക്കണമെന്ന് സഭ ആഗ്രഹിക്കുന്നു (Communio et Progressio 64) ആരും വിസ്മരിക്കാതിരിക്കട്ടെ. ഈ അവധിക്കാലത്തു തന്നെ നിരവധി കുട്ടികളും യുവജനങ്ങളും ആവേശത്തോടെ കാത്തിരിക്കുന്ന Avengers End Game സിനിമയും Game of Thrones ടിവി സീരീസിന്‍റെ അവസാന സീസണുമൊക്കെ വരുകയാണ് എന്നോര്‍ക്കണം.
ലൂസിഫറെന്ന ഈ സിനിമയുടെ വിജയം ഇതുപോലെയുള്ള മറ്റു സിനിമകള്‍ക്കും കാരണമാവും. Antichrist എന്നൊരു സിനിമ ഇതേ സംവിധാകന്‍റേതായി പുറത്തിറങ്ങാനിരുന്നത് വൈകാതെ ഇറങ്ങിയാലും അത്ഭുതപ്പെടാനില്ല. അതിനാല്‍ ഈ കാലഘട്ടത്തില്‍ വിശ്വാസത്തിന് ക്ഷതി സംഭവിക്കാതിരിക്കാന്‍ ഓരോരുത്തരും മാധ്യമബോധനം നേടേണ്ടതുണ്ട്; കുട്ടികളെ മാധ്യമങ്ങളെ വിലയിരുത്താന്‍ പഠിപ്പിക്കേണ്ടതുമുണ്ട്.
ഹാരി പോര്‍ട്ടര്‍ പോലെ ആദ്യാവസാനം നിഗൂഢത നിറഞ്ഞ നോവലുകള്‍ കുട്ടികളുടെ മനസിനെ ചീത്തയാക്കുമെന്ന് ബനഡിക്റ്റ് പാപ്പയും (വിശ്വാസതിരുസംഘത്തിന്‍റെ കര്‍ദ്ദിനാള്‍ ആയിരിക്കേ ഒരു കത്തില്‍) വത്തിക്കാന്‍ എക്സോര്‍സിസ്റ്റായിരുന്ന ഫാ. ഗബ്രിയേല്‍ അമോര്‍ത്തും പറഞ്ഞിട്ടുണ്ട് എന്നതും ഇത്തരുണത്തില്‍ സ്മരണീയമാണ്.
ഉപസംഹാരം
”Go see ‘Angels and Demons’ if you like a thriller or you enjoy computer-generated images [of the Vatican]; but please don’t be taken in by its underlying philosophy.”
ഇത് ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞാല്‍ ഏറ്റവുമധികം സോഷ്യല്‍ മീഡിയാ ഫോളോവേഴ്സുള്ള സഭാനേതാവായ അതിപ്രശസ്ത അമേരിക്കന്‍ സുവിശേഷപ്രസംഗകന്‍ ബിഷപ്പ് റോബര്‍ട്ട് ബാരണ്‍ 2009ല്‍ പുറത്തിറങ്ങിയ ഇല്യൂമിനാട്ടി ചര്‍ച്ചാവിഷയമായ Angels & Demons എന്ന സിനിമയുടെ റിവ്യു ചെയ്തതിന്‍റെ അവസാനഭാഗമാണ്. അദ്ദേഹമിതു പറഞ്ഞത് അതൊരു സിനിമ മാത്രമാണെന്നും അതിന്‍റെ പ്രതിപാദ്യവിഷയങ്ങള്‍ വെറും ഗൂഢാത്മക സിദ്ധാന്തങ്ങളെന്നും (conspiracy theory) മനസിലാക്കാന്‍ കഴിവുള്ള അമേരിക്കയിലെ വിശ്വാസികളോടെങ്കില്‍ ലൂസിഫര്‍ സിനിമയെപ്പറ്റിയും അതില്‍ ആരോപിക്കപ്പെടുന്ന സന്ദേശത്തെപ്പറ്റിയും തെറ്റായ മറ്റു സന്ദേശങ്ങളെപ്പറ്റിയും ഇതേ കാര്യം തന്നെയാണ് അതേ നിലവാരമുള്ള കേരളക്കരയിലെ വിശ്വാസികളോടു ഈ ലേഖകനു പറയാനുള്ളതും.
പിന്‍കുറിപ്പ്: ഈ സിനിമയിലും അതിന്‍റെ ട്രയിലറിലും കണ്ട ഒടിഞ്ഞ ക്രൂശിതരൂപം നോമ്പുകാലത്ത് നമുക്ക് ചെയ്യാവുന്ന ഒരു നന്മയിലേക്ക് വിരല്‍ ചൂണ്ടുന്നതാവട്ടെ. നമ്മുടെ വീട്ടില്‍ ഷെല്‍ഫിന്‍റെ മൂലയില്‍ പൊടിപിടിച്ചു കിടക്കുന്ന കൊന്തയോ ചുരുട്ടിയിട്ടിരിക്കുന്ന പഴയ കലണ്ടറിലെ തിരുഹൃദയ ഈശോയുടെ ചിത്രമോ ഉണ്ടെങ്കില്‍ അവയൊക്കെ പാവനമായി സൂക്ഷിക്കാനും പൊടിപിടിച്ച ബൈബിളോ രൂപങ്ങളോ ഉണ്ടെങ്കില്‍ അത് വൃത്തിയാക്കി സൂക്ഷിക്കാനുമുള്ള ഒരാഹ്വാനമാകട്ടെ അത്. അതുപോലെ നമ്മുടെ ദേവാലയ പരിസരത്തോ കപ്പേളയ്ക്കരുകിലോ ഒക്കെ മനുഷ്യര്‍ ചവുട്ടി കടന്നുപോകുന്ന രീതിയില്‍ മെഴുകുതിരിക്കൂടിലെ ഈശോയുടെ ചിത്രം കണ്ടാല്‍ അത് നമുക്ക് എടുത്തു മാറ്റാം; രൂപക്കൂട്ടില്‍ മാതാവിന്‍റെ കഴുത്തില്‍ ഉണങ്ങിയ പൂമാല കണ്ടാല്‍ അതും മാറ്റാം.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.