Categories: Meditation

ആർദ്രതയുടെ ആഘോഷം (മർക്കോ 14:12-16, 22-26)

മുന്നിലുള്ള മരണത്തിന്റെ പുരാവൃത്തത്തെ ആഘോഷമാക്കി മാറ്റുന്ന ദൈവികമാന്ത്രികതയാണത്...

ദിവ്യകാരുണ്യത്തിന്റെ തിരുനാൾ

ഒരു അത്താഴത്തിന്റെ നഖചിത്രത്തിനുള്ളിൽ വിരിയുന്ന നിത്യതയുടെ പരികല്പനകൾ. സ്നേഹത്തിന്റെ ഏകപക്ഷീയമായ ഇടപെടലിൽ വാക്കുകൾ പോലും മറന്നു നിൽക്കുന്നു ഒരു ചെറു ഗണം. തള്ളിപ്പറയേണ്ടവനും ഒറ്റിക്കൊടുക്കേണ്ടവനും ഓടിയൊളിക്കേണ്ടവരും ആ കൂട്ടത്തിലുണ്ട്. അവർക്ക് കൽപലകകളിൽ കൊത്തിയ നിയമങ്ങൾ ദൈവതനയൻ നൽകുന്നില്ല. മറിച്ച്, സ്വയം നൽകികൊണ്ടവൻ അവരെ ദേവതുല്യരാക്കാൻ ശ്രമിക്കുന്നു. ദൈവത്തെ പ്രീതിപ്പെടുത്താൻ ഇനിയാരും മുറിവേൽക്കണമെന്നില്ല, ബലിയർപ്പിക്കണമെന്നുമില്ല. ഇതാ, ദൈവം സ്വയം മുറിച്ചു നൽകുന്നു, സ്വയം ഒരു ബലിയായി മാറുന്നു. രോഷാകുലനായ ദൈവത്തിന്റെ ചിത്രം ഇനിയില്ല. അനേകർക്കായി രക്തം ചിന്തുന്നവനെ കാൽവരിയുടെ വിരിമാറിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. അങ്ങനെ തലയോടിടം എന്നറിയപ്പെട്ട കാൽവരി ജീവന്റെ ശ്രീകോവിലായി മാറുന്നു.

ഒരു കുടം വെള്ളം ചുമന്നുകൊണ്ടു വരുന്നവനെ നിങ്ങൾ കണ്ടുമുട്ടും അവന്റെ വീട്ടിലെ മാളികമുറിയിൽ പെസഹ ഒരുക്കുവിൻ. ആഘോഷമാണ് പശ്ചാത്തലം. ആ മാളികമുറിയിൽ തിരുനാളും വിരുന്നും ബലിയും സംഗമിക്കുന്നു. ശരിയാണ്, നാളെ ദുഃഖവെള്ളിയാണ്. എങ്കിലും ഈ അത്താഴം ഗുരുവിന്റെ മരണത്തിനാമുഖമാണെന്ന ശോകവ്യാഖ്യാനത്തിന് സ്ഥാനമില്ല. അവന്റെ അന്ത്യഅത്താഴത്തിന് ഖിന്നഭാവമില്ല. അത് ജീവന്റെ ആഘോഷമാണ്. മുന്നിലുള്ള മരണത്തിന്റെ പുരാവൃത്തത്തെ ആഘോഷമാക്കി മാറ്റുന്ന ദൈവികമാന്ത്രികതയാണത്. സ്വയം മുറിച്ചു നൽകുന്ന ഈ അത്താഴം ഉത്ഥാനത്തിന്റെ പ്രതിബിംബനമാണ്. വരാനിരിക്കുന്ന നൊമ്പരങ്ങളുടെ മുകളിൽ ഉദിക്കുന്ന ജീവസൂര്യന്റെ പ്രസന്നതയാണത്.

എപ്പോഴെല്ലാം യേശു തന്റെ മരണത്തെക്കുറിച്ച് പറയുന്നുവോ അപ്പോഴെല്ലാം അവന്റെ വാക്കുകളിൽ അടയാളങ്ങളും പ്രതീകങ്ങളും അലങ്കാരങ്ങളുമുണ്ടാകും. പക്ഷേ ജീവനെ കുറിച്ച് പറയുമ്പോൾ അനന്തമായ അഭിനിവേശമാണ് അവനിൽ നിറയുന്നത്. അതുകൊണ്ടാണ് അവനൊരു ഹൃദയമന്ത്രണം എന്നപോലെ ശിഷ്യരുടെ കാതുകളിൽ ഓതുന്നത്: “ഇതു സ്വീകരിക്കുവിൻ; ഇത് എന്റെ ശരീരമാണ്…, ഇത് എന്റെ രക്തമാണ്”.

നിത്യത പരിമിതിയെ തേടുന്നു! ഇതാണ് അത്ഭുതം, ഹൃദയസ്പന്ദനം, വിസ്മയം: ദൈവം നമ്മളിൽ! നിത്യത നമ്മുടെ ഹൃദയത്തെ ആഗിരണം ചെയ്യുന്നു. ഒപ്പം യേശുവെന്ന പച്ചയായ മനുഷ്യനെ നമ്മൾ ഉൾക്കൊള്ളുന്നു. അത് അനിർവചനീയമായ സ്വർഗ്ഗീയ മോഹനമാണ്. ക്രിസ്തു ഞാനായി മാറുന്ന ശൂന്യവൽക്കരണവും ഞാൻ ക്രിസ്തുവായി മാറുന്ന മഹത്വീകരണവും സംഭവ്യമാകുന്ന ആത്മീയനുഭവം!
ഇതെന്റെ ശരീരമാണ് എന്ന മന്ത്രണത്തിൽ ദൈവപുത്രന്റെ ഇതിഹാസം മുഴുവനുമുണ്ട്. കാലിത്തൊഴുത്തുണ്ട്, പാംസുലമായ നിരത്തുകളുണ്ട്, മലയുണ്ട്-കടലുണ്ട്- വയലേലകളണ്ട്, നിസ്സംഗമായ ചില മുഖങ്ങളുണ്ട്, കുരിശിന്റെ ഭാരമുണ്ട്, നിർദ്ദയമായ അവഗണനയുടെ അനുഭവങ്ങളുണ്ട്, ശൂന്യമായ കല്ലറയുണ്ട്, അതിൽ പൂവണിയുന്ന ജീവചേതസ്സുണ്ട്.

എന്റെ ശരീരം സ്വീകരിക്കുവിൻ: അതായത് നിന്റെ ലോകത്തിലേക്ക് എന്റെ സ്നേഹത്തെ, നൊമ്പരത്തെ, ആർദ്രതയെ, ആഘോഷത്തെ സ്വീകരിക്കുവിൻ. ഇതെന്റെ രക്തമാണ് – തീവ്രമായ വിശ്വസ്തതയോടുള്ള അഭിനിവേശത്തിന്റെ ചായില്യം. നിന്റെ നാഡികളിൽ ഊഷ്മളചൈതന്യമായി അതു പടരട്ടെ. നിന്റെ ഹൃദയത്തിൽ ആർദ്രതയുടെ വേരുകൾ ആഴ്ന്നിറങ്ങട്ടെ. നീയാകും സക്രാരിയിൽ ഞാനെന്നും വസിക്കട്ടെ. അതെ, നിത്യതയുടെ ഉടമ്പടിയായ ക്രിസ്തുവിന്റെ ശരീരരക്തങ്ങളുടെ സ്വീകരണത്തിലൂടെ നമ്മൾ അവന്റെ ദേവാലയമായി മാറുന്നു. ഇനി ദൈവത്തെ അന്വേഷിച്ച് അലയേണ്ട കാര്യമില്ല. കാരണം, ദൈവം നമ്മുടെ ഉള്ളിൽ തന്നെയുണ്ട്; ശരീരത്തിന്റെ ശരീരമായും രക്തത്തിന്റെ രക്തമായും.

vox_editor

Recent Posts

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

  യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…

1 day ago

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

1 week ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

2 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

2 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

3 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 weeks ago