എസക്കിയേൽ 2:8-3,4
മത്തായി 18:1-5,10,12-14
“നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല”.
സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ ആരാണ്? എന്ന ചോദ്യത്തിന് ഉത്തരമായാണ് യേശു ഒരു ശിശുവിനെ കാണിച്ചിട്ട് പറയുന്നത് : “നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല”. അപ്പോൾ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനുള്ള മാനദണ്ഡം കൂടിയാണ് ശിശുവിനെ പോലെ ആവുക എന്നത്.
രണ്ടു കാര്യങ്ങൾ യേശു നമ്മുടെ ശ്രദ്ധയിൽപെടുത്തുന്നു:
1) മനസാന്തരപ്പെടുക
2) ശിശുക്കളെ പോലെയാവുക
മനസാന്തരപ്പെടൽ സംഭവിക്കണമെങ്കിൽ ആദ്യം സംഭവിക്കേണ്ടത് ‘ബലഹീനത ഉണ്ടെന്ന് തിരിച്ചറിയുകയാണ്’. ഈ തിരിച്ചറിവ് ഉണ്ടായാൽ മാത്രമേ മനസാന്തരത്തിനായുള്ള ആഗ്രഹം പോലും ഉണ്ടാവുകയുള്ളൂ.
ശിശുക്കളുടെ വലിയൊരു പ്രത്യേകത അവരിൽ കളങ്കം ഇല്ല എന്നുള്ളതാണ്. അതുപോലെ തന്നെ ഏതു നിമിഷവും മറക്കുവാനും പൊറുക്കുവാനും ഉള്ള ഹൃദയം ശിശുക്കളുടെ മാത്രം പ്രത്യേകതയാണ്. നമ്മൾ ഓർക്കണം, ഞാനും നിങ്ങളും ഒരിക്കൽ ശിശുക്കളുടെ നൈർമല്യത്തിൽ ആയിരുന്നു. പക്ഷെ, എപ്പോഴോ, എവിടെയോ അത് കൈമോശം വന്നുപോയി.
ഇനി എങ്ങനെയാണ് ശിശുക്കളെ പോലെയാവുക? ഇത് നമുക്ക് ഒരു വെക്കുവിളിയാണ്. ഒരുപക്ഷെ, ധുർദ്ധപുത്രനെപ്പോലെ മൂന്ന് അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വരും ശിശുവിനെപ്പോലെയാകാൻ.
1) തെറ്റുപറ്റി എന്ന ബോധ്യം
2) തിരിച്ചു വരുവാനുള്ള തീരുമാനം
3) തീരുമാനം നടപ്പിലാക്കാൻ.
ആത്മാർഥമായി പ്രാർഥിക്കാം ദൈവമേ, ശിശുക്കളുടെ നിഷ്കളങ്കത എന്നിൽ വളർത്തേണമേ. വീഴ്ചകളുണ്ടാകുമ്പോൾ തെറ്റുപറ്റി എന്ന ബോധ്യത്തോടെ, തിരിച്ചു വരുവാനുള്ള തീരുമാനമെടുത്ത്, ആ തീരുമാനം നടപ്പിലാക്കിക്കൊണ്ട് ദൈവരാജ്യത്തിന് ഞങ്ങളെയും അർഹരാക്കണമേ.