Articles

സോഷ്യൽ മീഡിയായിലെ വില്ലൻതാരങ്ങൾ

ഏകദൈവ വിശ്വാസികളാണ് മുസ്ലീങ്ങളും ക്രൈസ്തവരുമെങ്കിലും അവരുടെ ദൈവസങ്കല്പങ്ങൾ തികച്ചും വ്യത്യസ്തമാണ്...

ഫാ.ജോഷി മയ്യാറ്റിൽ

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ, മറ്റു മതങ്ങളെക്കുറിച്ചുള്ള ഡിക്രിയിലെ 3-Ɔο നമ്പറും, തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖയിലെ 16-Ɔο നമ്പറും, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 841-Ɔο നമ്പറും ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വില്ലൻ പരിവേഷത്തിൽ വിലസുകയാണ്.

ഒരു സുഹൃത്തിന്റെ പ്രസ്താവന ഇങ്ങനെ: ഞാൻ 99% വും കത്തോലിക്കാ പ്രബോധനങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, എന്നാൽ അതിനുള്ളിൽ കയറിപ്പറ്റിയ ഒരു ശതമാനം തെറ്റായ കാര്യങ്ങളെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.

എന്താണ് അദ്ദേഹത്തിന്റെ പ്രശ്നം?

അദ്ദേഹത്തിന് CCC 841-Ɔο നമ്പർ അംഗീകരിക്കാൻ തീരെ സാധിക്കുന്നില്ല. LG 16-Ɔο നമ്പറിലും NA 3-Ɔο നമ്പറിലും വിശദമായി പറഞ്ഞിട്ടുള്ളവ കാച്ചിക്കുറുക്കി കുറിച്ചിരിക്കുകയാണ് CCC 84l-ൽ എന്ന് അറിയാമെങ്കിലും അവയേട് അദ്ദേഹത്തിനുള്ള നീരസത്തിന് കാരണങ്ങൾ മൂന്നാണ്:

1) രക്ഷയുടെ പദ്ധതി സ്രഷ്ടാവിനെ അംഗീകരിക്കുന്നവരെക്കൂടി ഉൾക്കൊള്ളുന്ന ഒന്നാണ് എന്ന പ്രസ്താവന അദ്ദേഹത്തിനു സ്വീകാര്യമല്ല. ക്രിസ്തുവിനും 600 വർഷങ്ങൾക്കു ശേഷം ക്രിസ്തുവിലൂടെയുള്ള രക്ഷാപദ്ധതിയെ നഖശിഖാന്തം എതിർക്കുകയും അതിനെ പൂർണ്ണമായി തള്ളിക്കളയുകയും ചെയ്തവർ എങ്ങനെയാണ് രക്ഷാ പദ്ധതിയിൽ ഉൾപ്പെടുന്നത്?

മറുപടി: ദൈവത്തിന്റെ രക്ഷാപദ്ധതി (cf. ഉത്പ 3:15) എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണെന്നതിൽ ആർക്കും സംശയമുണ്ടാകില്ലല്ലോ. യേശുക്രിസ്തു ലോകത്തിലേക്കു വന്നത് എല്ലാവരെയും രക്ഷിക്കാൻ വേണ്ടിയാണ്. രക്ഷ ക്രിസ്തുവിലൂടെ മാത്രമുള്ളതാണെന്നും നമുക്കറിയാം.

LG 16-Ɔο ഖണ്ഡിക ആരംഭിക്കുന്നത് “ഇതുവരെ സുവിശേഷം സ്വീകരിക്കാത്തവർ ദൈവജനത്തോട് വിവിധ തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു” എന്ന വാക്യത്തോടെയാണ്. തുടർന്ന് യഹൂദരെ ‘ദൈവത്തിന്റെ ഇഷ്ടഭാജനമായ ജനത’ എന്നു വിശേഷിപ്പിച്ച്, മുസ്ലീംകളെക്കുറിച്ചു പരാമർശിക്കുന്നിടത്താണ് രക്ഷാപദ്ധതിയെക്കുറിച്ചുള്ള മേൽപറഞ്ഞ വാക്യം കാണുന്നത്. തുടർന്നുള്ള ഭാഗം വായിച്ചാൽ, തത്സംബന്ധിയായി ഉയരുന്ന സംശയങ്ങൾക്ക് വിരാമമാകും. “എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നാണ് രക്ഷകൻ ആഗ്രഹിക്കുന്നത് (തിമോ 2:4). അതുകൊണ്ട് മിശിഹായുടെ സുവിശേഷത്തെയും, അവിടത്തെ സഭയെയും സ്വന്തം കുറ്റം കൊണ്ടല്ലാതെ അറിയാതെയിരിക്കുകയും എന്നാൽ, ആത്മാർത്ഥഹൃദയത്തോടെ ദൈവത്തെ തേടുകയും, അവിടത്തെ ഇഷ്ടം മനസ്സാക്ഷിയുടെ പ്രേരണയ്ക്കനുസൃതമായി പ്രവൃത്തികളാൽ പൂർത്തീകരിക്കുന്നതിന് പ്രസാദവരത്തിന്റെ പ്രചോദനത്താൽ പരിശ്രമിക്കുകയും ചെയ്യുന്നവർക്ക് നിത്യരക്ഷ പ്രാപിക്കാൻ കഴിയും. സ്വന്തം കുറ്റത്താലല്ലാതെ ദൈവത്തെ ഇനിയും സ്പഷ്ടമായി അംഗീകരിക്കാതിരിക്കുകയും, ദൈവവരപ്രസാദത്തോടു കൂടിത്തന്നെ ശരിയായ ജീവിതം നയിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നവർക്ക് ദൈവപരിപാലനം രക്ഷയ്ക്കാവശ്യകമായ സഹായങ്ങൾ നിഷേധിക്കുകയില്ല. നന്മയായിട്ടോ, സത്യമായിട്ടോ അവരിൽ കണ്ടെത്തുന്നവയെല്ലാം തന്നെ സുവിശേഷ സ്വീകരണത്തിനു വേണ്ടിയുള്ള ഒരുക്കമായിട്ടാണ് സഭ കണക്കിലെടുക്കുന്നത്”.

2) അവരിൽ ഒന്നാമതായിട്ടുള്ളത്, അബ്രാഹത്തിന്റെ വിശ്വാസം പുലർത്തുന്നു എന്നു പ്രഖ്യാപിക്കുന്ന മുസ്ലീംകളാണ് എന്ന പ്രസ്താവന യഹൂദർക്കും മുന്നേ മുസ്ലീംകളെ സ്ഥാപിക്കുന്നതിൽ അദ്ദേഹം അസ്വസ്ഥനാണ്.

മറുപടി: മുൻ-പിൻഭാഗങ്ങൾ വായിച്ചു നോക്കാതെ, അവിടെ നിന്നും ഇവിടെ നിന്നും ചിലത് അടർത്തിയെടുക്കുമ്പോൾ സംഭവിക്കുന്ന പ്രശ്നമേ ഇവിടെയുള്ളൂ. 839-Ɔο നമ്പറിൽ, “ഇതുവരെ സുവിശേഷം സ്വീകരിച്ചിട്ടില്ലാത്തവരും, ദൈവജനത്തോട് പല വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു” എന്ന പ്രസ്താവനയ്ക്കു ശേഷം പരാമർശിക്കുന്നത് യഹൂദ ജനതയെയാണ്. “മറ്റ് അക്രൈസ്തവ മതങ്ങളിൽ നിന്നു വ്യത്യസ്തമായി, പഴയ ഉടമ്പടിയിലെ ദൈവത്തിന്റെ വെളിപ്പെടുത്തലിനോടുള്ള ഒരു പ്രത്യുത്തരം തന്നെയാണ് യഹൂദ വിശ്വാസം” എന്ന് അതു പ്രസ്താവിക്കുന്നു. യഹൂദർക്കും, ക്രൈസ്തവർക്കും സമാനമായ ലക്ഷ്യങ്ങളാണ് മുന്നിലുള്ളത് – മിശിഹായുടെ വരവ്: ഒരു കൂട്ടർക്ക്, മരിച്ച് ഉയിർത്തെഴുന്നേറ്റ് സ്വർഗാരോഹണം ചെയ്ത മിശിഹായുടെ വിധിയാളനായുള്ള വീണ്ടും വരവ്; മറ്റൊരു കൂട്ടർക്ക്, അന്ത്യകാലത്തോളം അജ്ഞാതമായ സവിശേഷതകളോടുകൂടിയ മിശിഹായുടെ വരവ്. ഇത്രയും കാര്യങ്ങൾ പ്രതിപാദിച്ചതിനു ശേഷമാണ് മുസ്ലീംകളെക്കുറിച്ചുള്ള പരാമർശമുള്ളത്. അത് ആരംഭിക്കുന്നതു തന്നെ യഹൂദരെക്കുറിച്ചുള്ള മുൻ പരാമർശം, ‘കൂടി’ എന്ന വിഭക്തിപ്രത്യയത്തിലൂടെ വ്യംഗ്യമായി സൂചിപ്പിച്ചു കൊണ്ടാണ്: ”രക്ഷയുടെ പദ്ധതി സ്രഷ്ടാവിനെ അംഗീകരിക്കുന്നവരെക്കൂടി ഉൾക്കൊള്ളുന്ന ഒന്നാണ്”.

3) ‘അവർ നമ്മോടൊപ്പം ഏകനും കാരുണ്യവാനും, മനുഷ്യരെ – നമ്മെ അന്തിമ ദിവസം വിധിക്കാനിരിക്കുന്നവനുമായ ദൈവത്തെ ആരാധിക്കുന്നു’ എന്ന പ്രസ്താവന എങ്ങനെ ശരിയാകും എന്ന് അദ്ദേഹത്തിനു മനസ്സിലാകുന്നില്ല. യേശുക്രിസ്തുവിനെ പ്രവാചകനായി തരംതാഴ്ത്തിയ ഇസ്ലാമിന്റെ അള്ളാഹുവാണോ ക്രിസ്ത്യാനിയുടെ ദൈവം എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

മറുപടി: മുസ്ലീംകൾ ഏകനും കരുണാർദ്രനും മനുഷ്യകുലത്തിന്റെ വിധിയാളനുമായ ദൈവത്തെ ആരാധിക്കുന്നു എന്ന പ്രസ്താവന വി.ഗ്രിഗറി ഏഴാമൻ പാപ്പാ 1076-ൽ മൗറത്താനിയായിലെ (ഇന്നത്തെ അൾജീരിയ) മുസ്ലീം രാജാവായ അൽ നാസീറിന് എഴുതിയ കത്തിലെ പരാമർശമാണ് എന്നത് പലരും ശ്രദ്ധിക്കാറില്ല. അദ്ദേഹം എഴുതി: “നിങ്ങളും ഞങ്ങളും ഒരു ദൈവത്തിൽ വിശ്വസിക്കുകയും സ്വാഭാവികമായി, വ്യത്യസ്ത രീതികളിൽ അവിടത്തെ ഏറ്റുപറയുകയും ചെയ്യുന്നു.

ഇവിടെ ‘ഒരു ദൈവം’ എന്നാണ് കുറിച്ചിരിക്കുന്നത്, ‘ഒരേ ദൈവം’ എന്നല്ല. ഇംഗ്ലീഷിൽ the one God എന്നു പരിഭാഷപ്പെടുത്തി കാണാറുണ്ട്. ലത്തീനിൽ ആർട്ടിക്കിൾ ഇല്ലാത്തതിനാൽ ഇംഗ്ലീഷ് പരിഭാഷയിലെ the പ്രയോഗം തെറ്റിദ്ധാരണാജനകമാണ്.

ഏകദൈവ വിശ്വാസികളാണ് മുസ്ലീങ്ങളും ക്രൈസ്തവരുമെങ്കിലും അവരുടെ ദൈവസങ്കല്പങ്ങൾ തികച്ചും വ്യത്യസ്തമാണ്. കേവല ഏകാകിത്വമാണ് (Absolute Singularity) ഇസ്ലാമിന്റേതെങ്കിൽ, ത്രിത്വമാണ് (Trinity) ക്രൈസ്തവരുടേത്. ഈ രണ്ടു ദൈവസങ്കല്പങ്ങളും സമ്മാനിക്കുന്ന ലോക ദർശനവും തികച്ചും വ്യത്യസ്തമാണ്. കേവല ഏകത്വത്തിന്റെ മുഖ്യപദം ‘മാത്രം’ എന്നതാകയാൽ എക്സ്ക്ലൂസിവിസമായിരിക്കും ആ വിശ്വാസത്തിന്റെ മുഖ്യധാര. ഏകത്വത്തിലെ കൂട്ടായ്മയാണ് ത്രിത്വത്തിന്റെ ഊന്നൽ എന്നതിനാൽ സ്നേഹത്തിലൂന്നിയ ഇൻക്ലൂസിവിസമായിരിക്കും ആ വിശ്വാസത്തിന്റെ മുഖ്യധാര. ത്രിത്വവിശ്വാസം ആഴപ്പെട്ടിട്ടുള്ളയിടങ്ങളിൽ വ്യക്തിസ്വാതന്ത്ര്യവും, വ്യക്തി-സമൂഹ പാരസ്പര്യവും, സ്ത്രീ-പുരുഷ സമത്വവും ഏതു തൊഴിലിന്റെയും മാന്യതയും, മതസ്വാതന്ത്ര്യവും സാരവത്തായ ജനാധിപത്യവും നിലനില്ക്കുന്നതിന്റെ കാരണം മറ്റെങ്ങും തേടേണ്ടതില്ല.

മാത്രമല്ല, യേശുക്രിസ്തുവിനെ ദൈവമായി കാണാൻ ഇസ്ലാമിന് ആവില്ല. യേശുക്രിസ്തു പഠിപ്പിച്ച ത്രിയേക ദൈവസങ്കല്പത്തെ സ്വീകരിക്കാൻ അവർക്കു കഴിയാത്തതിന് അത് ഒരു കാരണവുമാണ്. അവർക്ക് അവിടന്ന് വെറും പ്രവാചകനാണ്. അവിടത്തെ കുരിശുമരണവും ഉത്ഥാനവുമൊന്നും അവർ അംഗീകരിക്കുന്നില്ല. അങ്ങനെ നോക്കിയാൽ, ഒരു കാര്യം വ്യക്തമാണ് – ബൈബിളിലെ യേശുക്രിസ്തുവല്ല ഖുറാനിലെ ഈസാ നബി. യേശുവിനും ആറു നൂറ്റാണ്ടുകൾക്കു ശേഷം ആര്യൻ-നെസ്റ്റോറിയൻ പാഷണ്ഡികളിൽ നിന്നു മുഹമ്മദിനു കൈമാറിക്കിട്ടിയ ഈസായ്ക്ക് ബൈബിളിലെ യേശുക്രിസ്തുവുമായി ഒരു ബന്ധവുമില്ല എന്നു തന്നെ നാം പറയേണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് എട്ടാം നൂറ്റാണ്ടിൽത്തന്നെ സഭാപിതാവായ വി.ജോൺ ഡമഷീൻ (675-749) തന്റെ ‘ഇസ്മായേല്യ പാഷണ്ഡത’, ‘ഒരു ക്രിസ്ത്യാനിയും സരസേനനും തമ്മിലുള്ള തർക്കം’ എന്നീ ഗ്രന്ഥങ്ങളിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

മുസ്ലീംകൾക്ക് അബ്രാഹത്തിന്റെ വിശ്വാസമോ?

തങ്ങൾ അബ്രാഹത്തിന്റെ വിശ്വാസം പുലർത്തുന്നു എന്നാണ് മുസ്ലീങ്ങൾ പ്രഖ്യാപിക്കുന്നത്. അക്കാര്യം അതുപോലെ പറഞ്ഞുവയ്ക്കുക മാത്രമാണ് വത്തിക്കാൻ കൗൺസിൽ ചെയ്തിരിക്കുന്നത്. എന്നാൽ, അബ്രഹാമിന്റെ വിശ്വാസം മുസ്ലീംകൾ എത്ര കൃതതയോടെയാണു മനസ്സിലാക്കിയതെന്ന് രേഖ പറയുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ, എക്യുമേനിക്കൽ കൗൺസിൽ എന്ന നിലയിൽ, ഒന്നിപ്പിക്കുന്ന ഘടകങ്ങൾക്കാണ്, ഭിന്നിപ്പിക്കുന്നവയ്ക്കല്ല രണ്ടാം വത്തിക്കാൻ കൗൺസിലിൽ ഊന്നൽ നല്കിയത്.

അബ്രാഹത്തിന്റെ സന്തതിയായ ഇസഹാക്കിലൂടെയാണ് ദൈവവുമായുള്ള ഉടമ്പടി മുന്നോട്ടു പോയതെന്ന് (cf. ഉത്പ 17:21) വിശുദ്ധ ഗ്രന്ഥം വായിക്കുന്ന എല്ലാവർക്കും അറിയാം. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെത്തുമ്പോൾ യേശുവിന്റെ വംശാവലി ആരംഭിക്കുന്നതുതന്നെ അബ്രാഹത്തിലാണെന്നതു പ്രത്യേകം ശ്രദ്ധേയമാണ്.

ബൈബിളിലെ ഇസ്മായേലിന്റെ പിന്തുടർച്ചയാണ് ഇസ്ലാം എന്ന് മുസ്ലീംകൾ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് രേഖാപരമായ ഒരു തെളിവും – ഒരു വംശാവലി പോലും – അവർക്കില്ല. ബൈബിളിലെ ഇസ്മായേല്യർക്ക് ഇസ്ലാമിക ചരിത്രം ഉയർത്തിക്കാണിക്കുന്ന ഖുറേഷി ഗോത്രവുമായോ, മക്കയിൽ അധിവസിച്ചിരുന്ന മറ്റേതെങ്കിലും ഗോത്രവുമായോ ചരിത്രപരമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നെന്നു തെളിയിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഇസ്മായേലിനെക്കുറിച്ചുള്ള ബൈബിൾ കാഴ്ചപ്പാടാകട്ടെ, ഉത്പ 16:1.12; 17:20.21; 21:20.21; 25:12-18; സങ്കീ 83:6-8.17; ഗലാ 4:22-31 എന്നിവയിൽ വ്യക്തമാണുതാനും. “സാറായിൽ നിന്ന് അടുത്ത വർഷം ഈ സമയത്ത് നിനക്കു ജനിക്കാൻ പോകുന്ന ഇസഹാക്കുമായിട്ടാണ് എന്റെ ഉടമ്പടി ഞാൻ സ്ഥാപിക്കുക” എന്നു തിരുവചനം വ്യക്തമായി പ്രസ്താവിക്കുന്നു (ഉത്പ 17:21).

യഹൂദർക്കു മാത്രമുണ്ടായിരുന്ന ഒരു പരമ്പര്യം (ഉത്പ 16:1-16; 17:15-21; 21:9 -21) ഏകപക്ഷീയമായി കടംകൊണ്ടതല്ലാതെ, മുഹമ്മദു നബിക്ക് 2500 വർഷങ്ങൾക്കു മുമ്പ് അബ്രാഹത്തിന്റെയും ഹാഗാറിന്റെയും പുത്രനായി ജനിച്ച ഇസ്മായേലുമായുള്ള ബന്ധം തെളിയിക്കാൻ ആർക്ക് എങ്ങനെയാണ് സാധിക്കുന്നത്?

ഹൃദയപൂർവകമായ ഒരു അഭ്യർത്ഥന

അപ്പസ്തോലന്മാരെ നിയോഗിച്ചത് കർത്താവായ യേശുക്രിസ്തുവാണ്. സഭയുടെ പ്രബോധനാധികാരത്തിനു വേണ്ടിത്തന്നെയാണ് പത്രോസിന്റെ നേതൃത്വത്തിൽ അപ്പസ്തോലസംഘത്തെ ഈശോ ഒരുക്കിയത്. “പഠിപ്പിക്കുവിൻ” എന്ന് അവിടന്ന് അധികാരപ്പെടുത്തിയത് അവരെയാണ് (മത്താ. 28:20). രണ്ടായിരം വർഷത്തെ പഴക്കമുണ്ട് സഭയുടെ പ്രബോധനാധികാരത്തിന്. ഇതിനിടയിൽ എത്രയെത്ര പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ടായി? എത്രയെത്ര പാഷണ്ഡതാ പ്രളയങ്ങൾ! എന്നാൽ 21 സാർവത്രിക കൗൺസിലുകളിലൂടെയും പാപ്പാമാരുടെ രേഖകളിലൂടെയും സഭാ നൗകയെ അവിടന്ന് സുരക്ഷിതമായി നയിക്കുകയായിരുന്നു. “സത്യാത്മാവ് നിങ്ങളെ സത്യത്തിന്റെ പൂർണ്ണതയിലേക്കു നയിക്കും” (യോഹ. 16:13) എന്ന വാഗ്ദാനത്തിലൂടെ അവിടന്നു വ്യക്തമാക്കിയത് സത്യവിശ്വാസത്തിന്റെ സമഗ്രതയും കാലപ്രസക്തിയും സഭയ്ക്ക് പരിശുദ്ധാത്മാവു സമ്മാനിക്കും എന്നു തന്നെയാണ്. അതു മുഖ്യമായും സാക്ഷാത്കൃതമാകുന്നത് സഭയുടെ പ്രബോധനാധികാരത്തിലൂടെയാണ്.

അതിനാൽ, സഭാപ്രബോധനങ്ങളെ തള്ളിപ്പറയുകയും, സഭാധികാരികളെ വിഗണിക്കുകയും ചെയ്യുന്നവർ പരിശുദ്ധാത്മാവിനോടാണ് മല്ലടിക്കുന്നത് എന്നോർക്കുക. ലേശം എളിമയും, വായിക്കാനും പഠിക്കാനും അന്വേഷിക്കാനും അല്പം ക്ഷമയുമുണ്ടെങ്കിൽ പരിശുദ്ധാത്മാവിനെ ദു:ഖിപ്പിക്കാത്ത ക്രൈസ്തവരായി നമുക്കു ജീവിക്കാനാകും. 99% സ്വീകരിച്ച് 1% ഉപേക്ഷിക്കുന്നവർ 100% ഉപേക്ഷിക്കുന്നതിനു തുല്യമായ അവിശ്വാസത്തിലാണു നിപതിച്ചിരിക്കുന്നത് എന്നു തിരിച്ചറിയുന്നത് നന്നായിരിക്കും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker