സൈലന്റ് വാലിയുടെ നിഗൂഢ വനത്തിനുള്ളിൽ നൈസർഗ്ഗിക വനം നിർമ്മിച്ച് ചരിത്രം കുറിച്ച് പാലക്കാട് രൂപതാ കെ.സി.വൈ.എം.
നൈസർഗ്ഗിക വനം നിർമ്മിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് പാലക്കാട് രൂപതയിലെ താവളം ഫൊറോന സമിതി...
ജോസ് മാർട്ടിൻ
പാലക്കാട്: സൈലന്റ് വാലി നിഗൂഢ വനത്തിനുള്ളിൽ നൈസർഗ്ഗിക വനം നിർമ്മിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് പാലക്കാട് രൂപതയിലെ താവളം ഫൊറോന സമിതി. മുക്കാലി വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും കെ.സി.വൈ.എം. ന്റെയും സംയുക്ത കൂട്ടായ്മയിലാണ് “നിശബ്ദ താഴ്‌വര” എന്ന് ചരിത്രം വിളിക്കുന്ന സൈലന്റ് വാലിയുടെ നിഗൂഢമായ വനത്തിനുള്ളിൽ നൈസർഗ്ഗിക വനം നിർമ്മിച്ചത്.
ആദ്യഘട്ടമെന്ന നിലയിൽ ആയിരം മരങ്ങളാണ് സൈലന്റ് വാലിയിൽ കഴിഞ്ഞ ശനിയാഴ്ച്ചയും, ഞായറാഴ്ച്ചയുമായി കെ.സി.വൈ.എം. അംഗങ്ങൾ നട്ടുപിടിപ്പിച്ചത്. കേരളാ വനംവകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു പ്രോജക്റ്റ് അട്ടപ്പാടിയിൽ അരങ്ങേറിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കെ.സി.വൈ.എം. താവളം ഫൊറോന ഡയറക്ടർ ഫാ.ബിജു കല്ലിങ്കലിന്റെ നേതൃത്വത്തിൽ മുപ്പതോളം യുവജനങ്ങളാണ് ഈ സംരഭത്തിന് പിന്നിൽ പ്രവർത്തിച്ചത്. പക്ഷി-മൃഗാദികൾക്ക് ഭാവിയിൽ ഭക്ഷണമായും, അതുപോലെതന്നെ അവരുടെ അഭയകേന്ദ്രമായും ഒക്കെ ഈ മരങ്ങൾ മാറുമെന്നത് ഉറപ്പുള്ള കാര്യമാണെന്ന് ഫൊറോന സമിതി അംഗങ്ങൾ പറഞ്ഞു.
സി.എസ്.ടി. വൈദീകരായ ഫാ.ജോബി, ഫാ.ജോഫിൻ, ഫാ. ജിന്റോ, അഗളി അസിസ്റ്റൻറ് വികാരി ഫാ.ഫെമിൻ ചീരൻ, താവളം ഫൊറോനാ സമിതി ദാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.