സെന്റ് സേവ്യേഴ്സ് സെമിനാരി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്...
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിനു പിന്നാലെ രൂപതയുടെ മൈനർ സെമിനാരിയുടെ ജൂബിലി ആഘോഷങ്ങൾക്കും തുടക്കമായിരിക്കുകയാണ്. പേയാട് സെന്റ് സേവ്യേഴ്സ് സെമിനാരിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ദിനത്തിൽ ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ നേതൃത്വത്തിൽ അർപ്പിച്ച ആഘോഷമായ ദിവ്യബലിയോടെയാണ് വൈദീക രൂപീകരണത്തിനായുള്ള മൈനർ സെമിനാരിയുടെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായത്. നെയ്യാറ്റിൻകരയുടെ സാഹചര്യ ചുറ്റുപാടുകളിൽ തദേശീയ വൈദീകരുടെ സാന്നിധ്യത്തിന്റെ ആശ്യകതയും പ്രാധാന്യവും വ്യകതമാക്കുന്നതായിരുന്നു സെമിനാരി രൂപീകരണത്തിന് പ്രഥമ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള രൂപതയുടെ തീരുമാനവും.
സെമിനാരി രൂപീകരണ ചരിത്രം ഇങ്ങനെ:
1997 ഫെബ്രുവരിയിൽ കൊട്ടിയത്ത്, രൂപതയുടെ ഭാവിശുശ്രൂഷയുടെ ദർശനവും ലക്ഷ്യങ്ങളും വ്യക്തമാക്കുന്നതിനായി വൈദീകരും സന്യസ്തരും അല്മായ പ്രതിനിധികളും ഉൾപ്പെടുന്ന ഒരു ഒത്തുവാസം ചേർന്നു. അവിടെവച്ചാണ് മൈനർ സെമിനാരിയുടെ രൂപീകരണം ഔദ്യോഗികമായി തീരുമാനിക്കപ്പെട്ടത്.
തുടർന്ന്, 1997 നവംബർ 1-ന് നെയ്യാറ്റിൻകര രൂപതയുടെ പ്രഥമ മെത്രാൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പേയാടിലെ ഈഴക്കോട് സ്ഥിതിചെയ്യുന്ന സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് സെമിനാരിയുടെ ആശീർവാദവും ഉദ്ഘാടനവും നിർവ്വഹിച്ചു. എന്നാൽ, സെമിനാരി കെട്ടിട പണിപൂർത്തിയാകാത്ത സാഹചര്യത്തിൽ 1997-’98 അധ്യയന വർഷത്തിലെ വൈദീകാർത്ഥികളുടെ ആദ്യ ബാച്ച് പാങ്ങോട് കാർമ്മൽ ഹിൽ ആശ്രമത്തിൽ താമസിച്ച് വൈദീക പരിശീലനം ആരംഭിച്ചു.
1998-’99 അധ്യയന വർഷത്തിൽ ജൂനിയറേറ്റ് കോഴ്‌സിലെ വിജയികളായ വിദ്യാർത്ഥികൾക്കായി പ്രീ-ഡിഗ്രി കോഴ്‌സ് ആരംഭിച്ചു. 2000-01 അധ്യയന വർഷത്തിൽ പ്ലസ് ടു (ഹ്യുമാനിറ്റീസ്) സ്ട്രീമും ബിരുദവും (സോഷ്യോളജി) പുതിയ സെമിനാരിയിൽ തന്നെ ആരംഭിച്ചു.
2002 ജൂൺ 10-ന് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് സെമിനാരിയിൽ 50 ഓളം വൈദീക വിദ്യാർഥികൾക്ക് താമസിക്കാൻ കഴിയുന്ന ബ്ലോക്ക് എ, ബ്ലോക്ക് ബി കെട്ടിടങ്ങൾ ആശീർവദിക്കപ്പെട്ടു.