സാക്ഷ്യവും എതിർ സാക്ഷ്യവും
സാക്ഷ്യം പലപ്പോഴും ജീവന്മരണ പോരാട്ടത്തിലേക്ക് നമ്മെ നയിച്ചെന്നുവരാം...
കടലാസിൽ “പഞ്ചസാര” എന്ന് എഴുതിയിട്ട് രുചിച്ചു നോക്കിയാൽ മധുരം കാണില്ല. എന്തുകൊണ്ട്? എന്ന ചോദ്യത്തിന് ഉത്തരം വളരെ ലളിതമാണ്. വാക്കും പ്രവർത്തിയും തമ്മിൽ പരസ്പരപൂരകമാകണം. സാക്ഷ്യം എന്നുവച്ചാൽ തെളിവു നൽകുന്ന ലക്ഷ്യമാണ്. സാക്ഷികൾ പലവിധത്തിലുള്ള സ്വാധീനത്തിൽപ്പെട്ട് “കൂറു മാറുന്ന” ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വിശ്വാസ ജീവിതത്തിലും സാക്ഷ്യം നൽകേണ്ടവർ ലക്ഷ്യം മറന്ന് “എതിർ സാക്ഷ്യം” നൽകുന്ന പരിതാപകരമായ അവസ്ഥ നമുക്ക് ചുറ്റും കാണുന്നുണ്ട്. സ്നാപകയോഹന്നാൻ ജീവിക്കുന്ന ദൈവപുത്രന് വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സാക്ഷ്യം നൽകിയപ്പോൾ, വിലയായി നൽകിയത് സ്വന്തം ശിരസ്സാണ്. സാക്ഷ്യം പലപ്പോഴും ജീവന്മരണ പോരാട്ടത്തിലേക്ക് നമ്മെ നയിച്ചെന്നുവരാം. സാക്ഷ്യം ആത്മവിമർശനത്തിലേക്കും, ആത്മപ്രകാശനത്തിലേക്കും, സാക്ഷ്യത്തിന്റെ വിളംബരത്തിലേക്കും നമ്മെ നയിക്കേണ്ടതാണ്. സാക്ഷ്യത്തിലേക്ക് ധാരമുറിയാതെ നടന്നു കയറുവാൻ പലവിധത്തിലുള്ള “വൈതരണി”കളെ അഭിമുഖീകരിക്കേണ്ടിവരും.
യേശുശിഷ്യനായിരുന്ന യൂദാസിന് സാക്ഷ്യം മറന്ന് എതിർ സാക്ഷ്യം നൽകാൻ 30 വെള്ളിക്കാശ് വേണ്ടിവന്നു. എതിർ സാക്ഷ്യം നൽകിയപ്പോൾ മനസ്സിന്റെ സമനില തെറ്റി. വെള്ളിനാണയത്തുട്ടുകൾ വലിച്ചെറിഞ്ഞതോടൊപ്പം തന്റെ ജീവനും ദാരുണമായ അന്ത്യത്തിലേക്ക് വലിച്ചെറിഞ്ഞു എന്നത് ചരിത്രം. വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാൻ രക്തസാക്ഷിത്വം വരിച്ച ധ്യാനാത്മാക്കൾ നമ്മുടെ മുൻപിൽ ഉദാത്ത മാതൃകകളായി നിലകൊള്ളുന്നുണ്ട്. വിശുദ്ധരുടെ പുണ്യജീവിത മാതൃകകൾ നൽകുന്ന സാക്ഷ്യം തിരുസഭ എന്നും കൃതജ്ഞതയോടെ സ്മരിക്കുന്നു. ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ വ്യക്തിയും “ത്രിവിധ” ധർമ്മങ്ങളിലൂടെ (പൗരോഹിത്യ, പ്രവാചക, രാജകീയ) ഈ സാക്ഷ്യം നിർവഹിക്കുവാൻ വിളിക്കപ്പെട്ടവരാണ്.
അപ്പോസ്തല നടപടി പുസ്തകം മൂന്നാം അധ്യായം ഒന്നുമുതൽ പത്തുവരെയുള്ള വചന ഭാഗത്ത് ഇന്നത്തെ സഭാനേതൃത്വവും, സഭാ ശുശ്രൂഷകരും നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുവാൻ പത്രോസും, യോഹന്നാനും നൽകുന്ന അതീവ ഹൃദയസ്പർശിയായ ഒരു സംഭവം വിവരിക്കുന്നുണ്ട്. “സുന്ദര കവാട”ത്തിന് അരികിൽ “ദൈവാലയ”ത്തിൽ പ്രാർത്ഥിക്കാൻ പോകുന്നവരോട് ഭിക്ഷ യാചിക്കാൻ ഒത്തിരി ആൾക്കാർ കിടക്കുന്നുണ്ടാവും. അക്കൂട്ടത്തിൽ ഒരു മുടന്തനും ഉണ്ടായിരുന്നു. പത്രോസിനോടും അവൻ ഭിക്ഷ യാചിച്ചു. ഇതിനകം ശിഷ്യന്മാർ അത്ഭുതങ്ങളിലൂടെയും, അടയാളങ്ങളിലൂടെയും അനേകം പേർക്ക് രോഗശാന്തിയും, സൗഖ്യവും നൽകുകനിമിത്തം പേരും, പ്രശസ്തിയും, ജനങ്ങളുടെ ആദരവും സമ്പാദിച്ചിരുന്നു. അതുകൊണ്ടുതന്നെ, ശിഷ്യന്മാരിൽ നിന്ന് ഒരു നല്ല തുക അവൻ പ്രതീക്ഷിച്ചിട്ടായിരുന്നു ഭിക്ഷ ചോദിച്ചത്. (ഭിക്ഷ കൊടുക്കാൻ പത്രോസ് തന്റെ കീശയിൽ കയ്യിട്ടു. പത്രോസിന്റെ ഉടുപ്പിൽ പോക്കറ്റ് ഇല്ലായിരുന്നു!) പത്രോസ് മുടന്തനെ നോക്കി പറഞ്ഞു; “വെള്ളിയോ സ്വർണ്ണമോ എന്റെ കയ്യിലില്ല. എനിക്കുള്ളത് ഞാൻ നിനക്കു തരുന്നു… നസ്രായനായ യേശുവിന്റെ നാമത്തിൽ എഴുന്നേറ്റു നടക്കുക. മുടന്തന്റെ തളർന്ന കാലുകൾ ബലപ്പെട്ടു. അവൻ സന്തോഷത്താൽ കുതിച്ചുചാടി. അവരോടൊപ്പം ദേവാലയത്തിൽ പ്രവേശിച്ച് ദൈവത്തെ സ്തുതിച്ചു.
നാം ഇന്ന് അനുഭവിക്കുന്ന വിശ്വാസ തകർച്ചയ്ക്കും, ജീർണ്ണതയ്ക്കും, എതിർ സാക്ഷ്യത്തിനും അടിസ്ഥാനകാരണം എന്തെന്ന് “ആത്മാർഥവും, സത്യസന്ധവും, യുക്തിഭദ്രവുമായി ചിന്തിച്ചാൽ, ആത്മശോധന ചെയ്താൽ, പത്രോസ് നൽകിയ “ക്രിസ്തു സാക്ഷ്യം” നൽകാൻ സഭയ്ക്ക് കഴിയാതെ പോകുന്നു എന്ന് “വിനയപൂർവ്വം” തുറന്നുപറയേണ്ടതായിവരും. ഒരുവേള പത്രോസിന്റെ പോക്കറ്റിൽ കാശുണ്ടായിരുന്നുവെങ്കിൽ… കുറച്ചു കാശ് നൽകുമായിരുന്നു. പക്ഷേ ജീവിതകാലം മുഴുവൻ മുടന്തൻ, മുടന്തനായ കഴിയേണ്ടി വരുമായിരുന്നു. യേശുവിനെ കൊടുത്തപ്പോൾ മുടന്തന് സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞു…ദൈവത്തെ ആരാധിക്കാൻ കഴിഞ്ഞു… നമുക്ക് ഏറ്റുപറയാം, എന്റെ പിഴ – എന്റെ വലിയ പിഴ.