സമ്പത്തും സൗഹൃദവും (ലൂക്കാ 16:1-13)
ജൈവീകതയ്ക്ക് വിപരീതമായ പാതയിലൂടെ സഞ്ചരിക്കുന്ന ഒരു സൗഹൃദവും സൗഹൃദമേയല്ല
ആണ്ടുവട്ടത്തിലെ ഇരുപത്തിയഞ്ചാം ഞായർ
ചില രചനകളുണ്ട് ആദ്യവായനയിൽ സങ്കീർണം എന്ന പ്രതീതി നൽകിക്കൊണ്ട് നമ്മെ വീണ്ടും വായിക്കുവാൻ പ്രചോദിപ്പിക്കുന്നവകൾ. അങ്ങനെയുള്ള ഒരു രചനയാണ് ലൂക്കായുടെ സുവിശേഷത്തിലെ അവിശ്വസ്തനായ കാര്യസ്ഥന്റെ ഉപമ. തുറന്ന മനസ്സോടെ വായിക്കുക. യേശുവിന്റെ പഠനങ്ങളുടെ സംഗ്രഹം ഇതിൽ നിന്നും കിട്ടും.
നമുക്ക് ഉപമയുടെ ഉപസംഹാര സന്ദേശത്തിൽ നിന്നും തുടങ്ങാം: “കൗശലപൂര്‍വം പ്രവര്‍ത്തിച്ചതിനാല്‍ നീതിരഹിതനായ കാര്യസ്‌ഥനെ യജമാനന്‍ പ്രശംസിച്ചു” (v.8). മോഷണക്കേസിൽ ആണ് കാര്യസ്ഥനെ യജമാനൻ പിടിച്ചത്. അവനറിയാം താമസിയാതെ യജമാനൻ അവനെ പിരിച്ചുവിടുമെന്ന കാര്യം. അതുകൊണ്ട് അവൻറെ നിലനിൽപ്പിനുവേണ്ടി തനതായ രീതിയിൽ ചില കാര്യങ്ങൾ ആസൂത്രണം ചെയ്യുകയാണവൻ. അതിനു വേണ്ടി അവൻ സൗഹൃദത്തിന്റെ തന്ത്രം ഉപയോഗിക്കുന്നു. കടങ്ങൾ എഴുതി തള്ളി കൊണ്ട് അവൻ ചങ്ങാത്തത്തിന്റെ ഒരു വല നെയ്യുന്നു. നമ്മൾ ഇവിടെ ശ്രദ്ധിക്കേണ്ടത് കടങ്ങൾ എഴുതിത്തള്ളുക എന്ന പ്രവർത്തിയാണ്. അത് പ്രവചനാത്മകമായ ഒരു പ്രവർത്തിയാണ്. അത് ദൈവത്തിന്റെ പ്രവർത്തിയാണ്. നമുക്കറിയാം ദൈവത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തികളിൽ ചിലവകളാണ് നൽകുക, ക്ഷമിക്കുക, കടങ്ങൾ പൊറുക്കുക. ഇനി ഉപമ യിലേക്ക് വരാം. തിന്മ പ്രവർത്തിച്ചിരുന്ന കാര്യസ്ഥൻ നന്മ പ്രവർത്തിക്കുന്നവനാകുന്നു. അത് അവന്റെ സ്വന്തം കാര്യത്തിന് വേണ്ടിയാണ് ചെയ്തതെങ്കിൽ തന്നെയും അതിന്റെ ആഴമായ തലത്തിൽ ചില നന്മയുടെ കണികകൾ തെളിഞ്ഞു കിടക്കുന്നുണ്ട്. അവിടെ സമ്പത്തിന്റെ പരിപാലനത്തിൽ വ്യത്യാസം വരുന്നുണ്ട്. സമ്പത്ത് കുമിഞ്ഞു കൂടുന്നതിനു പകരം ദാനമായി മാറുന്നു. അത് സഹജീവികളെ ഒഴിവാക്കുന്ന ഒരു ഘടകമായി മാറുന്നില്ല. മറിച്ച് അതൊരു സൗഹൃദോപകരണമാകുന്നു.
ഉപമയിലെ ഏറ്റവും ഹൃദയഹാരിയായ കഥാപാത്രമായി തെളിഞ്ഞുനിൽക്കുന്നത് യജമാനനാണ്. അവൻ കൗശലക്കാരനായ കാര്യസ്ഥനെ പ്രകീർത്തിക്കുന്നുണ്ട്. എന്തിനാണവൻ പ്രകീർത്തിക്കുന്നത്? എല്ലാം കാര്യസ്ഥൻ സൗഹൃദത്തിനായി ചിലവഴിച്ചു എന്നതിനാണ്. വെറും സൗഹൃദമല്ല. നിത്യത പ്രദാനം ചെയ്യുന്ന സൗഹൃദമാണത്. അതാണ് ഉപമയുടെ മർമ്മ സന്ദേശം. “ഞാന്‍ നിങ്ങളോടു പറയുന്നു. അധാര്‍മിക സമ്പത്തുകൊണ്ട് നിങ്ങള്‍ക്കായി സ്‌നേഹിതരെ സമ്പാദിച്ചുകൊള്ളുവിന്‍” (v.9).
ഒരു ആജ്ഞാ രൂപത്തിലാണ് “സ്നേഹിതരെ സമ്പാദിച്ചു കൊള്ളുവിൻ” എന്ന് സുവിശേഷം പറയുന്നത്. ഓർക്കുക, സൗഹൃദം എന്ന സങ്കല്പത്തിന് വിശുദ്ധഗ്രന്ഥത്തിൽ സ്വർഗ്ഗത്തോളം മൂല്യമുണ്ട്. സൗഹൃദം അളക്കുന്നത് ജൈവികതയുടെയും സന്തോഷത്തിന്റെയും തുലാസുകൾ കൊണ്ടാണ്. ഇവിടെ ജീവനും സന്തോഷവും പ്രതിനിധീകരിക്കുന്നത് മാനവികതയേയും നിത്യതയേയുമാണ്. അതുകൊണ്ടാണ് സൗഹൃദം എന്ന സങ്കല്പത്തിൽ നിത്യജീവൻ എന്ന യാഥാർത്ഥ്യം അന്തർലീനമായിട്ടുണ്ട് എന്ന് പറയുന്നത്. യഥാർത്ഥമായ ഒരു സൗഹൃദവും മരണത്തിലേക്ക് നയിക്കില്ല. ആത്മാർത്ഥമായ സൗഹൃദം പരസ്പരം കൈമാറുക ജീവന്റെ പ്രസരിപ്പുകൾ മാത്രമായിരിക്കും. ജൈവീകതയ്ക്ക് വിപരീതമായ പാതയിലൂടെ സഞ്ചരിക്കുന്ന ഒരു സൗഹൃദവും സൗഹൃദമേയല്ല.
യേശുവിന്റെ പഠനങ്ങളിൽ സമ്പാദ്യം എന്ന സങ്കൽപത്തിന് അത്ര മതിപ്പു നൽകുന്നതായിട്ട് കാണാൻ സാധിക്കുന്നില്ല. അത് അത്ര അത്യാവശ്യമുള്ള സംഗതിയായി സുവിശേഷങ്ങൾ ഒരു സ്ഥലത്തും ചിത്രീകരിക്കുന്നുമില്ല. സമ്പത്ത് ധാർമികമായോ അധാർമികമായോ സമ്പാദിച്ചാലും നിത്യജീവനിലേക്ക് പ്രവേശിക്കാൻ അവയെ കൊണ്ട് ഒരു ഉപകാരവും ഇല്ലെങ്കിൽ അത് വെറും വ്യർത്ഥമാണെന്ന ചിന്ത യേശു നേരത്തെതന്നെ പങ്കുവച്ചിട്ടുണ്ട്. സ്വരൂപിക്കുന്നത് എന്തുമായിക്കൊള്ളട്ടെ എങ്ങനെയുമായിക്കൊള്ളട്ടെ പക്ഷേ ആ സ്വരൂപണം നിന്നെ നിത്യജീവിതത്തിലേക്ക് നയിക്കുന്നുണ്ടോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. കാര്യസ്ഥൻ കൗശലമായ രീതിയിലാണ് സമ്പാദിച്ചതെങ്കിൽ തന്നെയും അതിലൂടെ അവൻ നിത്യ ജീവിതത്തിലേക്കുള്ള സൗഹൃദവലയം സൃഷ്ടിക്കുന്നുണ്ട്. അവൻ സമ്പാദിച്ചതിനേക്കാൾ മുകളിൽ വ്യക്തി ബന്ധത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. പറഞ്ഞുവരുന്നത് സമ്പത്തല്ല സൗഹൃദമാണ് പ്രധാനം എന്നതാണ്. സമ്പത്ത് ഇല്ലാതാകുന്ന ഒരു ദിനം ഉണ്ടാകും. അന്ന് നിത്യ കൂടാരങ്ങളിൽ നിന്നെ സ്വീകരിക്കാൻ ഉണ്ടാകുക സൗഹൃദവലയത്തിലെ പുണ്യജന്മങ്ങൾ മാത്രമായിരിക്കും (v.9). ദൈവവുമായി കണ്ടുമുട്ടുന്നതിന് മുന്നേ ചിലപ്പോൾ നീ കാണുവാനിരിക്കുന്നത് നിൻറെ കൈകളിൽ നിന്നും സഹായം സ്വീകരിച്ചവരെയായിരിക്കും. നീ ഹൃദയം പകുത്ത് നൽകി സ്നേഹിച്ചവരെയായിരിക്കും. നിന്നിൽ നിന്നും ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിച്ച ഏതോ ഒരുവൻ ആയിരിക്കും നിന്നെ വന്ന് ആദ്യം ആലിംഗനം ചെയ്യുക. അങ്ങനെ ആരെങ്കിലും ആലിംഗനം ചെയ്തു കൂടെ കൂട്ടി കൊണ്ടു പോകാനുണ്ടെങ്കിൽ, ഓർക്കുക, ദൈവ ഭവനത്തിൽ നിനക്കും ഒരു മുറിയുണ്ട്.
സുവിശേഷം പിന്നീട് പറയുന്നുണ്ട്; “ഒരു ഭൃത്യനു രണ്ട് യജമാനന്മാരെ സേവിക്കാൻ സാധിക്കുകയില്ല” (v.13). കാര്യം വളരെ വ്യക്തമാണ്. ധനവും ഭൗതികമായ എല്ലാ സാധനങ്ങളും സ്നേഹവും സൗഹൃദവും വളർത്തുന്നതിനു വേണ്ടിയുള്ള ഉപാധികൾ മാത്രമാണ്. സമ്പത്തും ധനവും നമ്മെ സേവിക്കാനുള്ളതാണ്. ഭരിക്കാനുള്ളതല്ല. ധനവും സമ്പത്തും അതിൽ തന്നെ മോശമായ സംഗതിയല്ല. പക്ഷേ ഒരു കാര്യം ഓർക്കണം, ഇവകൾക്ക് ഒരു വിഗ്രഹമായി മാറാൻ സാധിക്കും. വിഗ്രഹങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. അവകൾ അടിമകളായ ഭക്തരെ സൃഷ്ടിക്കും. ആ ഭക്തരുടെ ചോരയും നീരും ഊറ്റി കുടിച്ചു വിഗ്രഹങ്ങൾ വളർന്നു വലുതാകും. അടിമകളായ ഭക്തർ പതിയെ കൂട്ടിലടച്ച ഒരു മൃഗത്തെ പോലെയാകും. അവർ എന്നും എപ്പോഴും അവരുടെ വിഗ്രഹമായ സമ്പത്തിനെക്കുറിച്ച് മാത്രം ചിന്തിച്ചു കൊണ്ടിരിക്കും. അങ്ങനെ അവരിൽ നിന്നും സ്നേഹത്തിന്റെ തരികൾ എന്നെന്നേക്കുമായി മാഞ്ഞു പോകുകയും സൗഹൃദം ഒരു മരീചികയായി മാറുകയും ചെയ്യും.
നമ്മുടെ ഇടയിലെ സാമ്പത്തിക വിചാരങ്ങൾ തകിടംമറിക്കുന്ന ഒരു ഉപമ കൂടിയാണിത്. മാർക്കറ്റിലെ നിയമമാണ് ഇന്ന് എല്ലാം തീരുമാനിക്കുന്നത്. അധിക ധനം അധിക സന്തോഷം, കുറച്ച് ധനം കുറച്ച് സന്തോഷം എന്നൊരു ചിന്താഗതിയാണ് ഇന്നിനെ നയിക്കുന്നത്. നമ്മുടെ ഇടയിലെ ഈ പൊതു നിയമത്തിന് ഒരു മാറ്റം വരേണ്ടിയിരിക്കുന്നു. സ്വരൂപണതിനെക്കാളുപരി സൗഹൃദത്തിനും സ്വാർത്ഥതയെക്കാളുപരി സാഹോദര്യത്തിനും പ്രാധാന്യം നൽകുകയാണെങ്കിൽ ജീവിതം സുന്ദരമാകും. ഒരു കാര്യം എപ്പോഴും നീ ഓർക്കണം. മുന്നിലേക്കുള്ള യാത്രയിൽ പല വാതിലുകളും നിനക്ക് തനിയെ തുറക്കാൻ സാധിച്ചേക്കാം, പക്ഷേ ഏറ്റവും അവസാനം ഉള്ള വാതിൽ നിനക്കൊരിക്കലും ഒറ്റയ്ക്ക് തുറക്കാൻ സാധിക്കില്ല. അത് നിനക്കായി തുറന്നു തരിക നിന്നിൽ നിന്നും നന്മകൾ സ്വീകരിച്ചിട്ടുള്ള ഏതെങ്കിലും എളിയവൻ ആയിരിക്കും. അതുകൊണ്ട് നിത്യ കൂടാരത്തിലേക്ക് നിന്നെ നയിക്കുന്ന സൗഹൃദങ്ങൾ ഉണ്ടാക്കുവാൻ ശ്രമിക്കുക.