“ശിക്ഷാവിധിയിൽ വീഴാതിരിക്കാൻ നിങ്ങൾ അതേ എന്നു പറയുമ്പോൾ അതേ എന്നും അല്ല എന്ന് പറയുമ്പോൾ അല്ല എന്നും ആയിരിക്കട്ടെ.”
“ശിക്ഷാവിധിയിൽ വീഴാതിരിക്കാൻ നിങ്ങൾ അതേ എന്നു പറയുമ്പോൾ അതേ എന്നും അല്ല എന്ന് പറയുമ്പോൾ അല്ല എന്നും ആയിരിക്കട്ടെ.”
അനുദിന മന്നാ
യാക്കോ:- 5: 9a – 12
മാർക്കോ:- 10: 1-12
“ശിക്ഷാവിധിയിൽ വീഴാതിരിക്കാൻ നിങ്ങൾ അതേ എന്നു പറയുമ്പോൾ അതേ എന്നും അല്ല എന്ന് പറയുമ്പോൾ അല്ല എന്നും ആയിരിക്കട്ടെ.”
സത്യമായവ അസത്യമെന്നു വരുത്തിതീർക്കുന്നതും അസത്യമായവ സത്യമെന്നു വരുത്തിത്തീർക്കുന്നതും പാപത്തിന് കാരണമാകുന്നു. സത്യമല്ലാത്തവ സത്യമാക്കി തീർക്കുമ്പോൾ അല്ലെങ്കിൽ സത്യമായവ സത്യമല്ലാതാക്കി തീർക്കുമ്പോൾ സ്നേഹബന്ധങ്ങളെ നാശത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.
നിസ്സാരമായ സന്തോഷത്തിനു വേണ്ടിയും നശ്വരമായവയ്ക്കുവേണ്ടിയും സത്യത്തെ വളച്ചൊടിക്കുകയും അസത്യത്തെ സത്യമാക്കി തീർക്കുകയും ചെയ്യുന്നത് തെറ്റാണെന്ന് മനസ്സിലാക്കി തരുകയും ഓർമ്മപ്പെടുത്തിത്തരുകയും ചെയ്യുന്ന വരികൾ: “അതേ എന്ന് പറയുമ്പോൾ അതേ എന്നും അല്ല എന്നു പറയുമ്പോൾ അല്ല എന്നും ആയിരിക്കട്ടെ”.
സ്നേഹമുള്ളവരെ, സുവിശേഷത്തിലുടനീളം നമുക്ക് കാണാൻ കഴിയുന്ന ഒരു വാക്യമാണ് “സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു” എന്നത്. ക്രിസ്തുനാഥന്റെ ഈ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് താൻ പഠിപ്പിക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ പറയുന്ന കാര്യങ്ങൾ സത്യമായ കാര്യങ്ങളാണ് എന്നതുതന്നെയാണ്. ക്രിസ്തുവിന്റെ അനുയായികളായ നാം ഓർക്കേണ്ട ഒരു കാര്യവും ഇതു തന്നെയാണ് എപ്പോഴും സത്യമായ കാര്യങ്ങൾ മാത്രം പറയുകയെന്നത്.
നമ്മുടെ ദൈനംദിന ജീവിതത്തിൽ പലപ്പോഴും നാം പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് വരുത്തിത്തീർക്കാൻ ആണയിട്ടുകൊണ്ട് സംസാരിക്കാറുണ്ട്. ആണയിട്ടതുകൊണ്ട് സത്യം അസത്യമാവുകയോ, അസത്യം സത്യമാവുകയോയില്ലായെന്ന് ഓർക്കുക. ആയതിനാൽ ആണയിട്ടുകൊണ്ട് സത്യത്തെ അസത്യമാക്കാനോ, അസത്യത്തെ സത്യമാക്കാനോ പോകാതെ സത്യമായ കാര്യങ്ങൾ പറയുകയും, സത്യമായ കാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്യാനായി നമുക്ക് പരിശ്രമിക്കാം.
അസത്യമായ കാര്യങ്ങൾ പറഞ്ഞു നടക്കുമ്പോൾ നമുക്ക് നഷ്ടമാകുന്നത് സഹോദര ബന്ധങ്ങളും അവർക്ക് നമ്മിലുള്ള വിശ്വാസവുമാണ്. ആയതിനാൽ അസത്യം പറഞ്ഞു കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കാതെയും, അവരുടെ ബന്ധത്തിന് കളങ്കം വരുത്താതെയും, അവർക്ക് നമ്മിലുള്ള വിശ്വാസത്തിന് കോട്ടം വരുത്താതെയും സത്യം മാത്രം പറയുകയും പ്രവർത്തിക്കുകയും ചെയ്യാം.
നന്മകളുടെ ഉറവിടമായ കർത്താവേ, സത്യത്തിനു വേണ്ടി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് അങ്ങേ ഇഷ്ട്ടമക്കളായി ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേ.