Articles

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം ആചരിക്കുമ്പോൾ യൗസേപ്പിതാവിനെക്കുറിച്ച് കൂടുതൽ അറിയാൻ

ആ ജീവിതത്തെ വിവരിക്കുകയല്ല, രക്ഷാകരചരിത്രത്തില്‍ അദ്ദേഹത്തിന്റെ സവിശേഷ പങ്ക് വിവരിക്കുകമാത്രമാണ് ബൈബിള്‍ ചെയ്യുന്നത്...

ഫാ.ജോഷി മയ്യാറ്റില്‍

രക്ഷാകര ചരിത്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിനുള്ള പ്രാധാന്യവും പ്രസക്തിയും തിരിച്ചറിയാനുള്ള യഥാര്‍ത്ഥ ഇടം വിശുദ്ധഗ്രന്ഥമാണ്. വിശുദ്ധ യൗസേപ്പിതാവിനോടു നമുക്കുള്ള ഭക്തിയും സ്‌നേഹവും ആത്യന്തികമായി അധിഷ്ഠിതമായിരിക്കുന്നത് അദ്ദേഹത്തെക്കുറിച്ച് ബൈബിള്‍ നൽകുന്ന വിവരണങ്ങളിലാണ്. വിശുദ്ധന്റെ ജീവിതത്തെ ബൈബിള്‍ പരാമര്‍ശിക്കുന്നത് ചുരുങ്ങിയ വാക്കുകളിലാണ്. കാരണം, ആ ജീവിതത്തെ വിവരിക്കുകയല്ല, രക്ഷാകരചരിത്രത്തില്‍ അദ്ദേഹത്തിന്റെ സവിശേഷ പങ്ക് വിവരിക്കുകമാത്രമാണ് ബൈബിള്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ജീവിതം രക്ഷാകരചരിത്രത്തില്‍ നിമഗ്നമായിരുന്നു എന്നു തോന്നിപ്പിക്കുന്നത്ര ലഘുവും സംക്ഷിപ്തവുമാണ് അദ്ദേഹത്തെക്കുറിച്ചുള്ള വിശുദ്ധഗ്രന്ഥ പരാമര്‍ശങ്ങള്‍. ആഗോളസഭയില്‍ വി. യൗസേപ്പിതാവിനായി പ്രതിഷ്ഠിതമായിരിക്കുന്ന ഈ വര്‍ഷം ആ മഹാത്മാവിനെ ധ്യാനിച്ച്, ബൈബിളില്‍ കാണുന്ന അദ്ദേഹത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളെ ക്രോഡീകരിക്കാനുള്ള ഒരു ചെറിയ ശ്രമമാണ് ഈ ലേഖനം.

ഈ സ്വപ്നങ്ങള്‍ക്ക് എന്തൊരു പ്രഭ!

ജോസഫിനു ദൈവികവെളിപാടുകള്‍ ലഭിച്ചതു നിദ്രാവേളയില്‍ മാത്രമാണെന്നതു ചിന്തയ്ക്കു വിഷയീഭവിക്കേണ്ട ഒരു തിരുവചനസത്യമാണ്. നാലു പ്രാവശ്യമെങ്കിലും അദ്ദേഹത്തിനു സ്വപ്നത്തില്‍ ദൈവികനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതായി വി. മത്തായി സുവിശേഷകന്‍ രേഖപ്പെടുത്തുന്നുണ്ട് (1:20; 2:13,19,22). യാതൊരു തീര്‍ച്ചയും മൂര്‍ച്ചയുമില്ലാത്തതാണു സ്വപ്നം. ഉറപ്പിന്റെ ഉള്‍ക്കരുത്തു പകരാന്‍ സ്വപ്നങ്ങള്‍ക്കു കെല്പുണ്ടോ? അവ്യക്തതയുടെ ഇരുള്‍മൂലകളല്ലേ അവ? സ്വപ്നങ്ങളെ മുഖവിലയ്‌ക്കെടുക്കാന്‍ അധികമാരും തയ്യാറാകും എന്നു തോന്നുന്നില്ല. പക്ഷേ, ജോസഫിന് ആ സ്വപ്നങ്ങള്‍ നേര്‍ക്കാഴ്ചകളെക്കാള്‍ ഉറപ്പുള്ളവയായിരുന്നു. ‘നിദ്രയില്‍നിന്നുണര്‍ന്ന് കര്‍ത്താവിന്റെ ദൂതന്‍ കല്പിച്ചതുപോലെ’ പ്രവര്‍ത്തിക്കാന്‍ ജോസഫിന് എളുപ്പത്തില്‍ കഴിഞ്ഞു. വെറും കാഴ്ചയെക്കാള്‍ ജ്ഞാനത്തിന്റെ കാഴ്ച പതിവാക്കിയ ഒരു വ്യക്തിത്വമായിരുന്നു ജോസഫിന്റേത്. ‘ഞങ്ങള്‍ നയിക്കപ്പെടുന്നതു വിശ്വാസത്താലാണ്, കാഴ്ചയാലല്ല’ എന്നു കുറിച്ച വി. പൗലോസ് അപ്പസ്‌തോലന്റെ വാക്യം (2 കോറി 5:7) എത്രനാള്‍ മുന്നേ ആ ജീവിതത്തില്‍ പ്രതിധ്വനിച്ചിരുന്നു!

മേരീപതി

‘ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്’ അയയ്ക്കപ്പെട്ട ഗബ്രിയേല്‍ദൂതനെ പരാമര്‍ശിച്ചുകൊണ്ടാണ് വിശുദ്ധ ലൂക്കാ മംഗളവാര്‍ത്താവിവരണം ആരംഭിക്കുന്നത് (ലൂക്കാ 1:26-27). ‘വിവാഹനിശ്ചയം’ എന്നു മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്ന ‘എമ്‌നെസ്ത്യൂമെനെന്‍’ എന്ന ഗ്രീക്കു ക്രിയാപദത്തിന് നമ്മുടെ നാട്ടിലെ ‘മനസ്സമ്മതം’ എന്ന അര്‍ത്ഥമല്ല ഉള്ളത് എന്നു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നൈയാമികമായ വിവാഹംതന്നെയാണ് ഇവിടെ സൂചന. വിവാഹത്തിലേക്കു പ്രവേശിക്കാം എന്ന വാഗ്ദാനംചെയ്യല്‍ മാത്രമല്ല അത്. യഹൂദരുടെ വിവാഹത്തിനു രണ്ടു ഭാഗങ്ങളുണ്ടായിരുന്നു. വിവാഹവ്രതം എടുക്കുന്നതാണ് ആദ്യത്തേത്. ദൈവത്തിനുമുമ്പിലും നിയമത്തിനുമുമ്പിലും അന്നുമുതല്‍ അവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണ്. ഇതിനുശേഷം പുരുഷന്‍ മരിച്ചാല്‍ സ്ത്രീ വിധവയായി കണക്കാക്കപ്പെട്ടിരുന്നു. അയാളുടെ സ്വത്തിന് അവള്‍ അവകാശിയുമായിരുന്നു. സ്ത്രീ അവളുടെ ഭര്‍ത്താവിനോട് അവിശ്വസ്തതകാണിച്ചാല്‍ കല്ലെറിഞ്ഞു കൊല്ലപ്പെടുമായിരുന്നു. വിവാഹമോചനം നേടാതെ അവള്‍ക്ക് വേറൊരു വിവാഹത്തിനു മുതിരാന്‍ ആവുമായിരുന്നില്ല. രണ്ടാമത്തെ ഭാഗം വിവാഹത്തിന്റെ ആഘോഷമാണ്. വധൂവരന്മാരുടെ സാമ്പത്തികചുറ്റുപാട് അനുസരിച്ച് ഇത് നീളുമായിരുന്നു. വധുവിന്റെ വീട്ടിലേക്ക് വരന്‍ വന്ന് സാഘോഷം തന്റെ വീട്ടിലേക്ക് അവളെ കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങുണ്ടായിരുന്നു. അവര്‍ ഒരുമിച്ചുള്ള ജീവിതം അപ്പോഴാണ് ആരംഭിക്കുന്നത്. ലൂക്കാ 1:27-ല്‍ പരാമര്‍ശിക്കുന്ന ‘വിവാഹനിശ്ചയം’ മറിയവും ജോസഫും തമ്മിലുള്ള വിവാഹത്തിന്റെ ആദ്യഭാഗം കഴിഞ്ഞിരുന്നു എന്നാണ് വ്യക്തമാക്കുന്നത്. അതായത്, വിവാഹിതരുടെ അവകാശങ്ങളും കടമകളുമെല്ലാം അവര്‍ക്കുണ്ടായിരുന്നു.

ഈശോതാതന്‍

മറ്റു പല സംസ്‌കാരങ്ങളിലുമെന്നപോലെ യഹൂദസംസ്‌കാരത്തിലും മകന്‍ അറിയപ്പെടുന്നത് അപ്പന്റെ പേരുമായി ബന്ധപ്പെട്ടാണ്. നസറത്തിലെ സിനഗോഗില്‍ പ്രസംഗിച്ച യേശുവിനെക്കുറിച്ച് ‘ഇവന്‍ ജോസഫിന്റെ മകനല്ലേ?’ എന്ന ജനങ്ങളുടെ ചോദ്യം (ലൂക്കാ 4:22) ജോസഫിനെക്കുറിച്ചുള്ള സമകാലീനരുടെ ധാരണ വ്യക്തമാക്കുന്നു. അതേസമയം, ‘മേരിയുടെ മകന്‍’ (മര്‍ക്കോ 6:3) എന്ന പ്രയോഗം അത്ര നല്ല അര്‍ത്ഥമുള്ളതായിരിക്കണമെന്നില്ല. സുവിശേഷങ്ങള്‍, പ്രത്യേകിച്ച് വി. ലൂക്കായുടെ രണ്ടാം അധ്യായം, ജോസഫിനെ യേശുവിന്റെ പിതാവെന്നും മേരിയെ യേശുവിന്റെ മാതാവെന്നും വിളിക്കുന്നു. ശിശുവായ യേശുവിനെ ദേവാലയത്തിലേക്കു കൊണ്ടുവരുന്ന ജോസഫിനെയും മേരിയെയും മാതാപിതാക്കള്‍ (‘ഗൊണേയിസ്’) എന്നാണ് ലൂക്കാ 2:27-ല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ശിശുവിനെ കൈയിലെടുത്തുകൊണ്ടുള്ള ദൈവസ്തുതി കേട്ട് ‘പിതാവും മാതാവും അദ്ഭുതപ്പെട്ടു’ എന്നാണ് 33-ാം വാക്യം പറയുന്നത്. പിതാവിനെ സൂചിപ്പിക്കുന്ന സാധാരണ ഗ്രീക്കുപദം ‘പാത്തേര്‍’ ആണ് ഇവിടെ ജോസഫിനായി ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. പന്ത്രണ്ടുവയസ്സുള്ള യേശു പെസഹാത്തിരുനാളിന് ജറുസലെംദേവാലയത്തില്‍ പോകുന്നത് ‘മാതാപിതാക്കന്മാ’രുമൊത്താണ് (cf. v.41.43). ദേവാലയത്തില്‍ യേശുവിനെ കണ്ടെത്തിയപ്പോള്‍ അമ്മ കുഞ്ഞിനോട്, ‘നിന്റെ പിതാവും ഞാനും ഉത്ക്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു’ എന്നാണ് പറഞ്ഞത്.

യേശുവിന്റെ വംശാവലിയുടെ ആമുഖമായി വി. ലൂക്കാ കുറിച്ചിരിക്കുന്നു: ‘അവന്‍ ജോസഫിന്റെ മകനാണെന്നു കരുതപ്പെട്ടിരുന്നു’ (3:23). യേശുക്രിസ്തുവിന്റെ നൈയാമികാസ്തിത്വത്തിന്റെ ചവിട്ടുപലകയാണ് ഈ സങ്കല്പം. മനുഷ്യാവതാരത്തിന്റെ അനിവാര്യമായ ഒരു അടിത്തറയെയാണ് നാം ഇവിടെ തൊടുന്നത്. യേശുവിന്റെമേല്‍ യൗസേപ്പിതാവ് പൈതൃകാവകാശങ്ങള്‍ വിനിയോഗിച്ചിരുന്നു എന്നതിന് കാര്യമായ സൂചനകള്‍ വിശുദ്ധഗ്രന്ഥത്തിലുണ്ട്. ‘നീ അവന് യേശു എന്നു പേരിടണം’ എന്ന മാലാഖയുടെ വാക്യം (മത്താ 1:21) തന്റെ ഭാര്യ പ്രസവിച്ച കുഞ്ഞിനു പേരുനല്കാനുള്ള യൗസേപ്പിന്റെ അവകാശാധികാരങ്ങള്‍ വ്യക്തമാക്കുന്നു. യഹൂദപാരമ്പര്യത്തില്‍ കുഞ്ഞിനു പേരുനല്കുന്നത് പിതാവിന്റെ പ്രത്യേക അവകാശമായിരുന്നു. അങ്ങനെ യൗസേപ്പിതാവിന്റെ പൈതൃകാധികാരവിനിയോഗത്തിനു സ്വര്‍ഗംതന്നെയാണ് വഴിയൊരുക്കിയത്. ക്രിസ്തു ദാവീദിന്റെ പുത്രനെന്നു വിളിക്കപ്പെട്ടത് യൗസേപ്പിന്റെ പിതൃത്വത്തിന്റെ ലേബലിലാണെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന നിരീക്ഷണമാണ്.

ഇതൊക്കെയാണെങ്കിലും യേശു കന്യകയില്‍നിന്നാണു ജനിച്ചതെന്നും യൗസേപ്പ് യേശുവിന്റെ വളര്‍ത്തുപിതാവുമാത്രമാണെന്നും വ്യക്തമായും അസന്ദിഗ്ദ്ധമായും സ്ഥാപിക്കാന്‍ വി. മത്തായിയും വി. ലൂക്കായും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ‘ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ’ എന്ന മറിയത്തിന്റെ സന്ദേഹവും ‘പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും’ എന്ന ഗബ്രിയേല്‍ ദൂതന്റെ മറുപടിയും ഇത് അടിവരയിട്ടു സ്ഥാപിക്കുന്നു. ‘കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും’ എന്ന ഏശ 7:14 യേശുവിന്റെ ജനനസംബന്ധിയായി ഉദ്ധരിച്ചുകൊണ്ട് വിശുദ്ധ മത്തായിയും (1:22) അതു വ്യക്തമാക്കുന്നു. ‘പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല’ എന്ന 25-ാം വാക്യം യൗസേപ്പ് അല്ല യേശുവിന്റെ പിതാവ് എന്ന സത്യത്തിന് കൃത്യമായ ഊന്നല്‍നല്കുകയും ചെയ്യുന്നു. ഈ സത്യവും സാമാന്യജനത്തിന്റെ ധാരണയും ഒരുപോലെ പ്രകടമാക്കുംവിധം ലൂക്കാസുവിശേഷകന്‍ 3:23-ല്‍ കുറിച്ചിരിക്കുന്നു: ‘അവന്‍ ജോസഫിന്റെ മകനാണെന്നു കരുതപ്പെട്ടിരുന്നു’.

ജീവന്റെ നാഥന് ഒരു ജീവസംരക്ഷകന്‍

പൂജരാജാക്കന്മാരുടെ സന്ദര്‍ശനത്തിനുശേഷം ക്രുദ്ധനായ ഹേറോദുരാജാവു നടത്തിയ ശിശുവധത്തില്‍നിന്ന് പൈതലായ യേശുവിനെ രക്ഷിക്കാനായി ശിശുവിനെയും അമ്മയെയും കൊണ്ട് ഈജിപ്തിലേക്ക് ക്ലേശകരമായ യാത്രനടത്തിയ ജോസഫ് പിതാവിനടുത്ത സംരക്ഷണച്ചുമതല കൃത്യമായി നിറവേറ്റി. അപകടമൊഴിഞ്ഞപ്പോള്‍ തിരിച്ചുവന്ന് കൂടുതല്‍ സുരക്ഷിതമായ നസ്രത്തില്‍ താമസിക്കാനുള്ള ദൈവിക പദ്ധതി ജോസഫിനുതന്നെയാണ് വെളിപ്പെടുത്തപ്പെട്ടത്. മറിയത്തെയും കുഞ്ഞിനെയും അധ്വാനിച്ചു പോറ്റിയ യൗസേപ്പിതാവ് തിരുക്കുടുംബത്തിന്റെ നാഥനാണ്; എല്ലാ കുടംബനാഥന്മാരുടെയും മധ്യസ്ഥനുമാണ്.

മഹാഗുരുവിന്റെ ഗുരു

വി. മര്‍ക്കോസ് തന്റെ സുവിശേഷത്തില്‍ യേശുവിനെ മരപ്പണിക്കാരന്‍ എന്നു വിശേഷിപ്പിക്കുന്നുണ്ട് (6:3). യേശു മരപ്പണി ചെയ്തിരുന്നെങ്കില്‍ അതിനു പിന്നിലുള്ള കരങ്ങള്‍ യൗസേപ്പിന്റേതുതന്നെയായിരിക്കണം. തന്റെ സംരക്ഷണത്തില്‍ സ്വര്‍ഗം ഭരമേല്പിച്ച ദൈവപുത്രനെ തനിക്കറിയാവുന്ന കൈത്തൊഴില്‍ പഠിപ്പിക്കുന്ന കാര്യത്തില്‍ യൗസേപ്പ് വൈമുഖ്യം കാണിച്ചില്ല എന്നത് പാരെന്റിങ്ങിന്റെ ഉത്തമ മാതൃകയായി ചൂണ്ടിക്കാണിക്കാവുന്ന ഒന്നാണ്. തികച്ചും വ്യത്യസ്തനും സ്വര്‍ഗത്തിന്റെ കൈയൊപ്പുള്ളവനുമായ ഈ കുഞ്ഞിനെ ഓമനിച്ചു ലാളിച്ചു വഷളാക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ലെന്നു ചുരുക്കം. അധ്വാനിയായി മകനെ വളര്‍ത്താന്‍ ജോസഫിനു കഴിഞ്ഞു. ഈ പരിശീലനം തീര്‍ച്ചയായും മനുഷ്യനെന്ന നിലയില്‍ യേശുവിന്റെ രൂപീകരണത്തില്‍ വലിയ ഒരു പങ്കുവഹിച്ചുകാണും എന്നനുമാനിക്കുന്നതില്‍ ഞാന്‍ ഒരാപകതയും കാണുന്നില്ല.

നീതിയുടെ നൂതനത്വം

ജോസഫ് നീതിമാനായിരുന്നു എന്ന മത്താ 1:19-ലെ പ്രസ്താവം പുതിയനിയമത്തിലെ പുത്തന്‍ നീതിശൃംഖലയുടെ ഒന്നാമത്തെ കണ്ണിയാണ്. ദൈവനീതിയുടെ അപ്രതീക്ഷിത മുഖമാണ് ക്രിസ്തുവില്‍ തെളിഞ്ഞു കണ്ടതെങ്കില്‍ പുതിയനിയമംമുഴുവന്‍ ഈ പുത്തന്‍ നീതിസങ്കല്പത്താല്‍ നിറഞ്ഞിരിക്കുകയാണെന്നു പറയേണ്ടിവരും. ‘നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കു’ന്നതാണ് ക്രിസ്തുവിന്റെയും ക്രിസ്ത്യാനിയുടെയും നീതി. ‘ഈ ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്നതാണ്’ എന്ന റോമ 3:22-ലെ വാക്യം ക്രിസ്തുവിലെ ദൈവനീതിയുടെ പേര് കരുണയെന്നാണെന്നു സാക്ഷ്യപ്പെടുത്തുന്നു.

കരുണയുടെ കവിഞ്ഞൊഴുക്കാണ് മത്താ 1:19-ല്‍ കാണുന്നത്. താനറിയതെ ഗര്‍ഭിണിയായ തന്റെ ഭാര്യ മറിയത്തെ പരസ്യമായി ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കാരണം, മേരിയുടെ വധത്തിലേ അത് അവസാനിക്കൂ. മറിയത്തെ രഹസ്യമായി ഉപേക്ഷിക്കാന്‍ ജോസഫ് എടുക്കുന്ന തീരുമാനം ദൈവികനീതിയുടെ പ്രതിബിംബനംതന്നെയാണ്. എങ്ങനെയാണ് അദ്ദേഹത്തിന് മറിയത്തെ രഹസ്യമായി ഉപേക്ഷിക്കാന്‍ കഴിയുന്നത്? രണ്ടു സാധ്യതകളാണ് ഈ ലേഖകനു കാണാന്‍ കഴിയുന്നത്: (1) ആരാരുമറിയാതെ ജോസഫ് നാടുവിട്ടു പോകുക. ഇത് എല്ലാ പഴിചാരലും ജോസഫിലേക്കു കേന്ദ്രീകരിക്കാന്‍ ഇടയാക്കും; (2) നാട്ടില്‍ തന്നെ മൂരാച്ചിയെപ്പോലെ കഴിയുക. താന്‍ വിവാഹം ചെയ്തവളെ ഗര്‍ഭിണിയാക്കിയിട്ട് അവളെ തനിക്കു വേണ്ടാ എന്നു യുക്തിരഹിതമായി ശാഠ്യംപിടിക്കുന്ന ഒരുവനായി ജോസഫിനെ നാട്ടുകാര്‍ ഗണിക്കും. ഇവിടെയും പഴിയേല്ക്കുന്നതു ജോസഫുതന്നെ. ഇതാണു ജോസഫിന്റെ നീതി. ഒരുവിധത്തില്‍ ചിന്തിച്ചാല്‍, ക്രിസ്തുവില്‍ പ്രകടമായ ദൈവനീതിയുടെ ഒരു ചെറിയ മുന്‍പതിപ്പായിരുന്നില്ലേ ജോസഫിന്റെ ജീവിതം? കുരിശിലെ സ്വയബലിയിലൂടെ പ്രകടമായ ദൈവികനീതിയുടെ അഥവാ, ദൈവികകരുണയുടെ ഒരു മുന്നാസ്വാദനം ജോസഫിന്റെ ജീവിതത്തില്‍നിന്നു നമുക്കു ലഭിക്കുന്നു.

ഉപസംഹാരം

ബൈബിളിലെ നിശ്ശബ്ദനായ കഥാപാത്രമാണ് വി. യൗസേപ്പിതാവ്. നന്നായി പ്രവര്‍ത്തിക്കുന്ന മൈക്ക് ഓരിയിടാറില്ലല്ലോ. ബഹളങ്ങളില്ലാത്ത ജീവിതമായിരുന്നു വി. ജോസഫിന്റേത്. പരിപൂര്‍ണ നിശ്ശബ്ദതയില്‍ കുടുംബനാഥനടുത്ത എല്ലാ ഉത്തരവാദിത്വങ്ങളും അദ്ദേഹം സുന്ദരമായി നിറവേറ്റി. ന്യായമായും സംശയം ജനിപ്പിക്കുന്നതും കടുത്ത മനോസംഘര്‍ഷം ഉളവാക്കുന്നതുമായ സാഹചര്യത്തില്‍ മറിയത്തോടു കാണിച്ച കരുണയും ഔദാര്യവും വിശാലഹൃദയത്തിന്റെ ഉടമയാണ് യൗസേപ്പിതാവെന്ന് സംശയലേശമന്യേ തെളിയിക്കുന്നു. കുറ്റപ്പെടുത്തലുകളുടെയും വിധിപ്രസ്താവങ്ങളുടെയും ആക്രോശങ്ങള്‍കൊണ്ട് കുടുംബങ്ങളും ഇടവകകളും സമൂഹങ്ങളും മുഖരിതമാകുന്ന ഇക്കാലഘട്ടത്തില്‍ നമുക്ക് ഏറ്റവും പറ്റിയ ധ്യാനവ്യക്തിത്വമാണ് വി. യൗസേപ്പിതാവ്. യേശുവിന്റെ വളര്‍ത്തുപിതാവാണെങ്കിലും സ്വന്തം പിതാവിന്റെ ശുഷ്‌കാന്തിയോടും കരുതലോടുംകൂടി ദൈവപുത്രനെ ഭൂമിയില്‍ ദൈവ-മനുഷ്യപ്രീതിയിലും അധ്വാനശീലത്തിലും നീതിബോധത്തിലും പരിശീലിപ്പിച്ചു വളര്‍ത്തിയ യൗസേപ്പിതാവ് നല്ല പിതാക്കന്മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും പറ്റിയ മോഡലാണ്.

കാത്തലിക് വോകസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker