വാടയ്ക്കൽ കടപ്പുറത്തിന് സ്വർണ്ണ തിളക്കം
കേരള സർവകലാശാല കായികമേളയിൽ 200 മീറ്റർ ഓട്ടത്തിൽ വിജയ് നിക്സണ് ഒന്നാം സ്ഥാനം...
ജോസ് മാർട്ടിൻ
ആലപ്പുഴ: കേരള സർവകലാശാല കായികമേളയിൽ 200 മീറ്റർ ഓട്ടത്തിൽ വിജയ് നിക്സൺ സ്വർണം നേടി. ആലപ്പുഴ S.D. കോളേജ് വിദ്യാർത്ഥിയായ വിജയ്, ആലപ്പുഴ രൂപതയിലെ അറപ്പക്കൽ അമലോൽഭവ മാതാ ഇടവകാംഗമാണ്.
ആലപ്പുഴ വാടയ്ക്കൽ കടപ്പുറത്തെ ചൊരി മണലിൽ ഓടി പരിശീലിച്ച വിജയ് കേരളാ സർവ്വകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2021- ൽ
200 മീറ്ററിൽ സ്വർണ്ണവും, 100 മീറ്ററിൽ വെള്ളിയും, 4×100 മീറ്റർ റിലേയിൽ വെള്ളിയുംകരസ്ഥമാക്കി. കേരളാ സർവ്വകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2020-ൽ 100 മീറ്റർ, 200 മീറ്റർ ഓട്ട മത്സരങ്ങളിൽ ഇരട്ട സ്വർണ്ണവും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, ഡൽഹിയിൽ വച്ച് നടന്ന അണ്ടർ 23 നാഷണൽ മീറ്റിലും പങ്കെടുത്തിട്ടുണ്ട്.
മത്സ്യത്തൊഴിലാളിയായ നിക്സൺ, പരേതയായ ഫിലോമിന ദമ്പതികളാണ് മാതാപിതാക്കൾ. സഹോരൻ അജയ് നിക്സൺ.
പുന്നപ്ര സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ കായികാധ്യാപകനായിരുന്ന എബിൻ, ആലപ്പുഴ ലിയോ അക്കാദമിയിലെ ജോസഫ് ആന്റണി തുടങ്ങിയവരുടെ കീഴിലുള്ള ചിട്ടയായ പരിശീലനവും അവരുടെ പ്രോത്സാഹനങ്ങളുമാണ് തന്റെ വിജയത്തിന്റെ പിന്നിലെന്ന് വിജയ് പറഞ്ഞു. ഈ വിജയം കാണാൻ തന്റെ മാതാവ് ഇന്ന് തന്നോടൊപ്പം ഇല്ലെന്ന വേദന തുറന്നു പറഞ്ഞ വിജയ് ഈ ഗോൾഡ് അമ്മയ്ക്കുള്ളതാണെന്നും പറഞ്ഞു.