വത്തിക്കാൻ റേഡിയോയ്ക്ക് 90 വയസ്സ്
ഇറ്റലിക്കാരനായ മാർക്കോണി വത്തിക്കാൻ തോട്ടത്തിൽ സ്ഥാപിച്ചതാണ് വത്തിക്കാൻ റേഡിയോ നിലയം...
ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ഫെബ്രുവരി 12-ന് വത്തിക്കാൻ റേഡിയോയ്ക്ക് 90 വയസ്സ് തികയുന്നു. 11-Ɔ൦ പിയൂസ് പാപ്പായുടെ അഭ്യർത്ഥന പ്രകാരം 1931 ഫെബ്രുവരി 12-നാണ് റേഡിയോ തരംഗങ്ങളുടെ ഉപജ്ഞാതാവായ വില്യം മാർക്കോണി വത്തിക്കാൻ തോട്ടത്തിൽ റേഡിയോ നിലയം സ്ഥാപിച്ചത്. ലോക മഹായുദ്ധത്തിന്റെ കെടുതിൽ കഴിഞ്ഞിരുന്ന മാനവികതയ്ക്ക് സമാധാനത്തിന്റെ സന്ദേശം പങ്കുവയ്ക്കുവാനും, സത്യസന്ധമായി വാർത്തകൾ കൈമാറുന്നതിനും, ക്രിസ്തുവിന്റെ സുവിശേഷം സഭയുടെ ആസ്ഥാനത്തുനിന്നും പങ്കുവയ്ക്കപ്പെടുക തന്നെവേണം എന്നീ ലക്ഷ്യങ്ങളോടെയാണ് പിയൂസ് 11-Ɔമൻ പാപ്പാ അന്നത്തെ ആധുനിക ആശയവിനിമയോപാധിയായ റേഡിയോ പ്രക്ഷേപണത്തിന് വത്തിക്കാനിൽ തുടക്കമിട്ടത്.
ആദ്യം ഇറ്റാലിയൻ ഭാഷാ പരിപാടികളുമായി തുടങ്ങിയ വത്തിക്കാൻ റേഡിയോയിൽ, ഇന്ന് മലയാളം ഉൾപ്പെടെ 41 ഭാഷകളിൽ വത്തിക്കാൻ റേഡിയോ പരിപാടികൾ ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുന്നുണ്ട്. 50 വർഷമായി പ്രവർത്തിക്കുന്ന മലയാളം പരിപാടികൾക്കൊപ്പം ദേശീയ ഭാഷയായ ഹിന്ദിയിലും, തമിഴിലും വത്തിക്കാൻ റേഡിയോ പരിപാടികൾ (പാപ്പായുടെ പ്രഭാഷണം, പരിപാടികൾ, സന്ദേശങ്ങൾ, വാർത്തകൾ, പ്രബോധനങ്ങൾ തുടങ്ങിയവ) പ്രക്ഷേപണം ചെയ്യുന്നുണ്ട്.
സാറ്റലൈറ്റ് സംവിധാനത്തിലൂടെ ലോകമെമ്പാടും എത്തുന്ന ഭാരതത്തിന്റെ മലയാളം, ഹിന്ദി, തമിഴ് പരിപാടികൾ കൂടാതെ, അൽബേനിയൻ, അമാറിക്, അറാബിക്, അർമേനിയൻ, ബെലറൂസിയൻ, ബ്രസീലിയൻ, ബൾഗേറിയൻ, ചെക്ക്, ചൈനീസ്, ക്രൊയേഷ്യൻ, ഇംഗ്ലിഷ്, എസ്പെരാന്തോ, എവോന്തോ, ഫ്രഞ്ച്, ജെർമ്മൻ, ഹങ്കേറിയൻ, ഇറ്റാലിയൻ, കിക്കോങ്കോ, കിന്യർവാന്ത, കിറൂന്തി, ലാറ്റിൻ, ലിത്വിയൻ, ലിങ്കാലാ, ലിത്വാനിയൻ, മലഗാസി, പോളിഷ്, പോർച്ചുഗീസ്, റൊമേനിയൻ, റഷ്യൻ, സ്ലൊവാക്, സ്ലൊവേനിയൻ, സൊമാ വിയറ്ലി, സ്പാനിഷ്, സ്വാഹിലി, ടിഗ്രീനിയ, ഷിലൂബാ, ഉക്രേനിയൻ, വിയറ്റ്‌നാമീസ് എന്നീഭാഷകളാണ് മറ്റുള്ളവ.
1931-മുതൽ 2017-വരെ ഈശോസഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന വത്തിക്കാൻ റേഡിയോ ഇപ്പോൾ വത്തിക്കാൻ മാധ്യമ വകുപ്പിന്റെ (Vatican’s Dicastery for Communications) കീഴിലാണ് പ്രവർത്തിക്കുന്നത്. വത്തിക്കാന്റെ ടെലിവിഷൻ, റേഡിയോ, പത്ര-മാസികകൾ, ലൊസർവത്തോരെ റൊമാനോ ദിനപത്രം എന്നീ പ്രസിദ്ധീകരണങ്ങളും, വത്തിക്കാൻ വെബ്സൈറ്റ്, ഫോട്ടോഗ്രാഫി, മുദ്രണാലയം, പ്രസാധകശാല എന്നിവയെല്ലാം ‘വത്തിക്കാൻ മാധ്യമങ്ങൾ’ എന്ന വകുപ്പിന്റെ കുടക്കീഴിൽ നീണ്ട പഠനങ്ങൾക്കും പരിചിന്തനത്തിനുംശേഷം 2015-മുതൽ കൊണ്ടുവന്നത് ഫ്രാൻസിസ് പാപ്പായുടെ സഭാനവീകരണ പദ്ധതിയുടെ ഭാഗമായിരുന്നു. “വത്തിക്കാന്‍ ന്യൂസ്” വത്തിക്കാന്റെ നവീകരിച്ച വാര്‍ത്താവിതരണ സംവിധാനമാണ്. പാപ്പാ ഫ്രാന്‍സിസിന്‍റെ സ്വാധികാര പ്രബോധനത്തില്‍ 2015 ജൂണ്‍ 27-നാണ് മാധ്യമവകുപ്പ് പിറവിയെടുത്തത്. ഇപ്പോൾ വത്തിക്കാൻ റേഡിയോയുടെ മേൽനോട്ടം വഹിക്കുന്നത് മാക്സ്മില്യാനോ മനിക്കേത്തിയാണ്.
കാലികമായ മാറ്റങ്ങളോടെ സാങ്കേതികതയിലും ഉള്ളടക്കത്തിലും കാലികമായി വിവിധ പരിഷ്ക്കാരങ്ങൾ വരുത്തിയിട്ടുള്ള വത്തിക്കാൻ റേഡിയോ ഇന്ന് വെബ്, പോഡ്കാസ്റ്റ്, ലൈവ് സ്ട്രീമിങ്, മറ്റു സാമൂഹ്യമാധ്യമങ്ങൾ എന്നിവയിലേയ്ക്കു വത്തിക്കാന്റെ വാർത്തകൾ, പാപ്പായുടെ സന്ദേശങ്ങൾ, പ്രഭാഷണങ്ങൾ ആരാധനക്രമ പരിപാടികൾ, സഭാപ്രബോധനങ്ങൾ എന്നിവ അനുദിനം പങ്കുവയ്ക്കുന്നുണ്ട്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക