Daily Reflection

മുൻഗണന നിത്യജീവിതത്തിന്

മുൻഗണന നിത്യജീവിതത്തിന്

ഏതു പദ്ധതി നടപ്പാക്കുമ്പോഴും നമുക്ക് അത്യാവശ്യം വേണ്ട ഒന്നാണ് മുൻഗണനാക്രമം: ആദ്യം ചെയ്യേണ്ടത് എന്ത്? പിന്നീട് നിർവഹിക്കേണ്ടത് എന്ത്? എന്നുള്ള ക്രമം. ജീവിത വിജയത്തിനും ഒരു മുൻഗണനാക്രമം അത്യന്താപേക്ഷിതമാണ്. ഇന്നത്തെ ദിവ്യബലിയിലെ വചനഭാഗങ്ങൾ ഒരു “മുൻഗണനാക്രമം” തയ്യാറാക്കുന്നതിനെപ്പറ്റിയാണ് നമ്മോടു സംസാരിക്കുന്നത്. നിയമാവർത്തന പുസ്തകത്തിൽ നിന്നുള്ള വായനയിൽ, മോശ ഇസ്രായേൽ ജനത്തിന് മുൻപിൽ ജീവനും മരണവും തമ്മിലുള്ള തെരഞ്ഞെടുപ്പ് നടത്താൻ ആഹ്വാനം ചെയ്യുന്നു. ഇതിൽ ജീവൻ തെരഞ്ഞെടുക്കാൻ ചെയ്യേണ്ടത് എന്തെന്ന് മോശ വ്യക്തമാക്കുന്നുണ്ട്: “നിന്റെ ദൈവമായ കർത്താവിനെ സ്നേഹിച്ച്,
അവിടുത്തെ വാക്കു കേട്ട്, അവിടുത്തോടു ചേർന്ന് നിൽക്കുക; നിനക്ക് ജീവനും ദീർഘായുസ്സും ലഭിക്കും” (നിയമാവർത്തനം 30,20). ദൈവമായ കർത്താവിനോടുചേർന്ന് നിൽക്കുന്നത് ജീവനും അകന്നു നിൽക്കുന്നത് മരണവും. എങ്ങിനെയാണ് ദൈവത്തോട് ചേർന്നു നിൽക്കാൻ സാധിക്കുന്നത്? “നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുകയും അവിടുത്തെ മാർഗത്തിൽ ചരിക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും” (നിയമാവർത്തനം 30,16) ചെയ്യുന്നതിലൂടെ.

ഇന്നത്തെ സുവിശേഷഭാഗത്തിനു മേല്പറഞ്ഞതിനോട് പ്രത്യക്ഷത്തിൽ വൈരുദ്ധ്യമുള്ളതായി തോന്നാം. ഈശോ തന്റെ ശിഷ്യരോട്‌ പറയുന്നു, “സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അത് നഷ്ടപ്പെടുത്തും; എന്നെപ്രതി സ്വജീവൻ നഷ്ടപ്പെടുത്തുന്നവൻ അതിനെ രക്ഷിക്കും” (ലൂക്ക 9,24). ഈ വചനം മനസ്സിലാക്കാനുള്ള താക്കോൽ; “എന്നെപ്രതി”; എന്നുള്ള വാക്കാണ്. ഈശോ തന്റെ പീഡാനുഭവ-മരണ-ഉതഥാനങ്ങൾ പ്രവചിക്കുന്നതിന്റെ പശ്ച്ചാത്തലത്തിലാണ് ഈ വചനം. അതുകൊണ്ടുതന്നെ, നാം മനസ്സിലാക്കേണ്ടത്, ഈശോയോട് ചേർന്ന് നിൽക്കുന്നതിനെപ്രതിയുള്ള സഹനങ്ങളിൽ നിന്നും കഷ്ടതകളിൽ നിന്നും ഓടിയകന്ന് തന്റെ ജീവനെ രക്ഷിക്കാൻ ശ്രമിക്കുന്നവൻ യഥാർത്ഥത്തിൽ അത് നഷ്ടപ്പെടുത്തുകയാണെന്നും, സഹനങ്ങളുടെ നടുവിൽപ്പോലും ക്രിസ്തുവിനുവേണ്ടി തന്റെ ജീവനെ നഷ്ടപ്പെടുത്തുന്നവൻ യഥാർത്ഥത്തിൽ അത് നിത്യജീവനുവേണ്ടി ഭദ്രമാക്കുകയാണെന്നും ആണ്. അപ്പോൾ, നമ്മുടെ മുൻഗണനാക്രമത്തിൽ ആദ്യം വരേണ്ടത് നിത്യജീവനും അത് നേടിയെടുക്കാൻവേണ്ടി ദൈവത്തോടുള്ള ചേർന്ന് നിൽപ്പുമാണ്. ദൈവത്തോട് ചേർന്നുനിൽക്കാനും അതിനുവേണ്ടി മറ്റെല്ലാം നഷ്ടപ്പെടുത്താനുള്ള മനോഭാവം നേടിയെടുക്കാനും ഈ നോമ്പുകാലം നമ്മെ പ്രാപ്തരാക്കട്ടെ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker