മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കേരള മെത്രാൻ സമിതി ഒരു കോടി രൂപ നൽകി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കേരള മെത്രാൻ സമിതി ഒരു കോടി രൂപ നൽകി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്, പ്രളയക്കെടുതിയെ അതിജീവിക്കുന്നത്തിനുള്ള കൈത്താങ്ങായി കേരള മെത്രാൻ സമിതി ഒരു കോടി രൂപ നൽകി.
ഇന്ന്‍ ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയ കെ.സി.ബി.സി. (കേരള കാത്തലിക് ബിഷപ്പ് കോൺഫറൻസ്) പ്രസിഡന്റ് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം നേരിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറിയത്.
സംസ്ഥാന സർക്കാർ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളോടുള്ള കത്തോലിക്ക സഭയുടെ ഐക്യദാർഢ്യമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നതെന്ന് കെ.സി.ബി.സി. പ്രസിഡന്റ് പറഞ്ഞു. കൂടാതെ, ദേശീയ മെത്രാന്‍ സമിതിയുടെ സാമൂഹ്യ ശുശ്രൂഷാ വിഭാഗമായ “കാരിത്താസ് ഇന്ത്യ” വഴിയും ദുരിതബാധിതർക്കുള്ള പ്രത്യേക ദുരിതാശ്വാസ പദ്ധതികൾ കേരളത്തില്‍ നടപ്പിലാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൂടെയുണ്ടാകുമെന്ന് ആർച്ച് ബിഷപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു.
ഇന്നു തന്നെ, വെട്ടുകാട് ഇടവകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 10 ലക്ഷം രൂപ സംഭാവനയായി നൽകി. വെട്ടുകാട്, മാദ്രെ ദേ ദേവൂസ് ഇടവക വികാരി ജോസഫ് ബാസ്റ്റിനും, ഇടവക കമ്മിറ്റിയും ചേർന്നാണ് തുക കൈമാറിയത്.
നേരത്തെ, വെട്ടുകാട് നിന്ന് ധാരാളം മത്സ്യതൊഴിലാളികൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് വെട്ടുകാട് ഇടവകയുടെ യശസുയർത്തിയിരുന്നു.
പ്രളയക്കെടുതിയെ അതിജീവിക്കുന്നതിനായി, കേരള സമൂഹത്തിന്റെ പുനരുദ്ധാരണ ലക്‌ഷ്യത്തോടെ കത്തോലിക്കാ സഭ ഒന്നായി പരിശ്രമിക്കുമെന്നതിൽ സംശയം ഇല്ല.