മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ്; ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ
14 വർഷമായിട്ടും മൂലമ്പിള്ളി പാക്കേജ് പൂർണമായും നടപ്പിലാക്കാനാവാത്തത് എന്തുകൊണ്ട്?
ജോസ് മാർട്ടിൻ
എറണാകുളം: മാന്യമായി ജീവിക്കുക എന്നുള്ളത് ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണെന്നും അതാർക്കും നിഷേധിക്കപ്പെടരുതെന്നും വരാപ്പുഴ അതിരൂപതാ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. മൂലമ്പിള്ളി പുന:രധിവാസപാക്കേജ് പൂർണ്ണമായി നടപ്പാക്കാത്ത വിഷയത്തിൽ വരാപ്പുഴ അതിരൂപതാ രാഷ്ട്രീയകാര്യ സമിതി സംഘടിപ്പിച്ച കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
14 വർഷമായിട്ടും മൂലമ്പിള്ളി പാക്കേജ് പൂർണമായും നടപ്പിലാക്കാനാവാത്തത് എന്തുകൊണ്ട് എന്ന വസ്തുതകൾ വിലയിരുത്തപ്പെടേണ്ടതുണ്ടെന്നും വാസയോഗ്യമായ ഭൂമി, വാഗ്ദാനംചെയ്ത തൊഴിൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ കുടിയിറക്കപ്പെട്ടവർക്ക് അവകാശമായി ലഭിക്കേണ്ടതാണെന്നും അതിനുവേണ്ടി മുഖ്യമന്ത്രിക്കും, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്കും താൻ കത്തുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ അധ്യക്ഷതവഹിച്ച പരിപാടിയിൽ കൺവീനർ അഡ്വ.ഷെറി.ജെ. തോമസ് പുന:രധിവാസ പാക്കേജ് സംബന്ധിച്ച വിഷയമവതരിപ്പിച്ചു. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ഉമാ തോമസ് എം.എൽ.എ.യെ അനുമോദിച്ചു.
ഹൈബി ഈഡൻ എം.പി., വികാർ ജനറൽമാരായ മോൺ.മാത്യു കല്ലിങ്കൽ, മോൺ.മാത്യു ഇലഞ്ഞിമറ്റം, ഉമാ തോമസ് എം.എൽ.എ., ജോസഫ് ജൂഡ്, റോയി പാളയത്തിൽ, അഡ്വ. എൽസി, ആഷ്‌ലിൻ പോൾ, കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികളായ ഫ്രാൻസിസ് കുളത്തുങ്കൽ, വി പി വിൽസൺ, ആൻറണി സെലസ്റ്റിൻ പനക്കൽ, മേരി ഫ്രാൻസിസ്, പി എ ജസ്റ്റിൻ, എന്നിവർ പ്രസംഗിച്ചു.
പുന:രധിവാസ പാക്കേജ് പൂർണ്ണമായും നടപ്പാക്കുന്നതിനുള്ള ഇടപെടലുകൾക്കായി പൂർണ്ണ പിന്തുണ ആർച്ച് ബിഷപ്പ് നൽകിയ സാഹചര്യത്തിൽ രാഷ്ട്രീയകാര്യ സമിതി, പാക്കേജ് സംബന്ധിച്ച നിജസ്ഥിതി വിലയിരുത്തി തുടർനടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചതായും വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി കൺവീനർ അഡ്വ.ഷെറി.ജെ. തോമസ് അറിയിച്ചു.