മാന്ത്രിക കണ്ണട
ഉൾക്കാഴ്ചയുടെ "കണ്ണടകൾ" കരുതി വെക്കാം മനുഷ്യരെയും മൃഗങ്ങളെയും "വേർതിരിച്ചറിയാൻ"...
മാന്ത്രിക കണ്ണടയോ? കുറച്ചുപേരെങ്കിലും ആദ്യം ചോദിക്കുക ഈ കണ്ണട എവിടെ കിട്ടും എന്നതായിരിക്കും. അന്ധവിശ്വാസം കുത്തിനിറച്ച് ആൾദൈവങ്ങളെ സൃഷ്ടിക്കുന്ന ഭൂത – പ്രേത – പിശാചുക്കളുടെ സിദ്ധികൾ വർണ്ണിച്ച് സാധാരണക്കാരന്റെ ബലഹീനതയെ ചൂഷണം ചെയ്യാനുള്ള ഉപാധിയായിട്ട് ഈ കണ്ണടയെ കാണാൻ ഇടയാകരുത്. ഇതൊരു കഥയാണ്. വരികൾക്കിടയിലൂടെ ചില സത്യങ്ങളും, ഉൾക്കാഴ്ചകളും വായിച്ചെടുക്കാനുള്ള ശ്രമം.
അന്ന്, ആ നാട്ടിലെ ഒരു മുതലാളിയുടെ മകളുടെ കല്യാണം നടക്കുകയാണ്. ആർഭാടപൂർവമായ വിവാഹം. ജീവിതത്തിന്റെ നാനാതുറകളിലുള്ള പ്രമുഖന്മാരും, MLA, മന്ത്രി etc. etc. പങ്കെടുക്കുന്ന വിവാഹം. തൊട്ടടുത്ത ഗ്രാമത്തിൽ പഠിപ്പും പ്രായവും പക്വതയുമുള്ള ഒരു സന്യാസി താമസിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനും വിവാഹത്തിന് ക്ഷണമുണ്ടായിരുന്നു. എന്നാൽ, ചില പ്രായോഗിക ബുദ്ധിമുട്ട് കാരണം അദ്ദേഹത്തിന് കല്യാണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഉച്ചയോടടുത്ത സമയം സന്യാസി പുറത്തേക്ക് പോയപ്പോൾ വാടിത്തളർന്ന മുഖവുമായി, ദുഃഖിതനായി ഒരു വൃദ്ധൻ എതിരെ വരുന്നുണ്ടായിരുന്നു. എന്താ സഹോദരാ, താങ്കൾ വല്ലാതെ വേദനിക്കുന്നുണ്ടല്ലോ? എന്തുപറ്റി? നെറ്റിയിൽ നിന്നും മൂക്കിൽ നിന്നും ചോര വരുന്നുണ്ടല്ലോ? വൃദ്ധൻ മടിച്ചുമടിച്ച് സങ്കടത്തോടെ പറഞ്ഞു… ഞാൻ കല്യാണമണ്ഡപത്തിൽ പോയപ്പോൾ ക്ഷണിക്കപ്പെടാതെ പോയതിനാൽ പ്രധാന കവാടത്തിൽ നിന്ന് ചിലർ എന്റെ കഴുത്തിന് പിടിച്ചു തള്ളി; മുഖം അടിച്ചു വീണു. വിശപ്പും ദാഹവും ക്ഷീണവും ആ വൃദ്ധനെ വല്ലാതെ തളർത്തിയിരുന്നു. സന്യാസിക്ക് ഒരേസമയം ദുഃഖവും അമർഷവും തോന്നി. സന്യാസി ആ വൃദ്ധനോട് പറഞ്ഞു, “നിങ്ങൾ ഒരിക്കൽ കൂടെ അവിടെ പോകണം”. പോക്കറ്റിൽ നിന്ന് ഒരു ‘കണ്ണട’ വൃദ്ധ നേരെ നീട്ടിയിട്ട് പറഞ്ഞു: “ഈ കണ്ണട വച്ചിട്ട് നോക്കുമ്പോൾ, “മനുഷ്യരായി” കാണുന്നവരുടെ അടുത്തുചെന്ന് വിശക്കുന്നു എന്ന് പറഞ്ഞാൽ അവർ ഭക്ഷണം തരും”. പക്ഷേ വൃദ്ധൻ വല്ലാതെ ഭയപ്പെട്ടു. പോകാൻ വിസമ്മതിച്ചു. ഒടുവിൽ സന്യാസിയുടെ നിർബന്ധപ്രകാരം കണ്ണടയും വാങ്ങി യാത്ര തിരിച്ചു.
പുറത്ത് അപ്പോഴും ഒത്തിരിപ്പേർ സദ്യ കഴിക്കാൻ നിൽക്കുകയാണ്. വൃദ്ധൻ പ്രധാന കവാടത്തിൽ ചെന്നിട്ട് സന്യാസി കൊടുത്ത കണ്ണട വച്ചു. വൃദ്ധൻ വല്ലാതെ ഞെട്ടി, പരിഭ്രമിച്ചു. കണ്ണട എടുത്തുമാറ്റി. അതെ അവിടെ നിൽക്കുന്നവരെല്ലാം മനുഷ്യർ തന്നെ. വൃദ്ധൻ വീണ്ടും കണ്ണട എടുത്തു വച്ചു. ചുറ്റും നിന്നവരെ നോക്കി. ആശ്ചര്യം! സിംഹം, കടുവ, പാമ്പ്, ചെന്നായ, കഴുകൻ… അകലെ രണ്ട് പ്രായമുള്ളവരെ “മനുഷ്യരായി” കണ്ടു. അവരെ സമീപിച്ചിട്ട് തനിക്ക് വിശക്കുന്നു എന്ന് അറിയിച്ചു. അതിനെന്താ നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം… വരൂ എന്നു പറഞ്ഞു അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി വേണ്ടുവോളം ഭക്ഷണം നൽകി.
ഇവിടെ സന്യാസിയും, വൃദ്ധനും, കണ്ണാടിയും, മൃഗങ്ങളും ഒക്കെ ചില അടയാളങ്ങളും പ്രതീകങ്ങളും ആണ്. നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മളെല്ലാവരും മനുഷ്യരല്ലാ എന്ന പരമാർത്ഥം. മനുഷ്യപ്പറ്റ്, ആർദ്രത, സ്നേഹം, കാരുണ്യം നമ്മളിൽ നിന്ന് അന്യമായി തീരുമ്പോൾ നാം “ഇരുകാലി മൃഗങ്ങളായിട്ട്”, വിഷപ്പാമ്പുകളായിട്ട്, മാംസദാഹികളായ കഴുകന്മാരായിട്ട് മാറുകയാണ്. മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. ആർക്കും ഒറ്റയ്ക്ക് വളരാൻ കഴിയില്ല. നാം ഉടുക്കുന്ന വസ്ത്രവും കഴിക്കുന്ന ഭക്ഷണവും, താമസിക്കുന്ന വീടും ഒക്കെ അനേകം ആൾക്കാരുടെ ചോരയും, നീരും, വിയർപ്പും, കണ്ണീരും കൊണ്ട് രൂപപ്പെട്ടതാണെന്ന സത്യം വിസ്മരിക്കരുത്.
നമുക്ക് പുതിയ കാഴ്ചകൾ കാണാൻ, കാലത്തിന്റെ രുചിഭേദങ്ങളറിയാൻ, അനുഭവത്തിന്റെ, തിരിച്ചറിവിന്റെ, ഉൾക്കാഴ്ചയുടെ “കണ്ണടകൾ” കരുതി വെക്കാം. മനുഷ്യരെയും മൃഗങ്ങളെയും “വേർതിരിച്ചറിയാൻ” അനുഭവസമ്പത്തിന്റെ, വിവേകത്തിന്റെ “കണ്ണടകൾ” ധരിക്കാം. ജാഗ്രത!!!