ബോണക്കാട് കുരിശുമല തീര്‍ഥാടനം ഏപ്രില്‍ 10 മുതല്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബോണക്കാട് കുരിശുമല തീര്‍ഥാടനം ഏപ്രില്‍ 10 മുതല്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അനിൽ ജോസഫ്
വിതുര: ‘കിഴക്കിന്‍റെ കാല്‍വരി’ എന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ 10 മുതല്‍ ഓശാന ഞായറായ ഏപ്രില്‍ 14-നും, ദുഖവെളളി ദിനമായ 19-നുമാണ് തീര്‍ഥാടനം ഒരുക്കിയിരിക്കുന്നത്. “വിശുദ്ധ കുരിശ് സാര്‍വത്രിക സഭയുടെ സ്രോതസ്” എന്നതാണ് ഇത്തവണത്തെ തീര്‍ത്ഥാടന ആപ്തവാക്യം.
തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി മതസൗര്‍ഹാര്‍ദ സമ്മേളനം, സഭാഐക്യ സമ്മേളനം, സാസ്കാരിക കൂട്ടായ്മ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും ബോണക്കാട് അമലോത്ഭവമാതാ ദേവാലയത്തില്‍ സമൂഹ ദിവ്യബലിയും കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പിയാത്ത വന്ദനവും ക്രമീകരിച്ചിട്ടുണ്ട്.
ഏപ്രില്‍ പത്തിന് തീര്‍ഥാടനത്തിന് മുന്നോടിയായി രാവിലെ നൂറ്കണക്കിന് മരിയ ഭക്തര്‍ പങ്കെടുക്കുന്ന ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം സംഘടിപ്പിക്കുന്ന ജപമാല പദയാത്ര ബോണക്കാടിലേക്ക് ഉണ്ടാവും. തുടര്‍ന്ന്, നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.
തീര്‍ത്ഥാടന ദിനങ്ങളില്‍ വിവിധ സഭാവിഭാഗങ്ങളുടെ മേലദ്ധ്യക്ഷന്‍മാര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ബോണക്കാട് നടക്കുന്ന വിവിധ ശുശ്രൂഷകള്‍ക്കും കുരിശിന്‍റെ വഴി പ്രാര്‍ത്ഥനയ്ക്കും നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ശുശ്രൂഷ പ്രതിനിധികൾ നേതൃത്വം നല്‍കും.
തീര്‍ത്ഥാടനത്തിന്‍റെ രക്ഷാധികാരി നെയ്യാറ്റിന്‍കര രൂപതാ ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവലാണ്. വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസാണ് സഹരക്ഷാധികരി. നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍ രക്ഷാധികാരിയും ഫ്രാന്‍സി അലോഷ്യസ് ജനറല്‍ കണ്‍വീനറുമായി 101 അംഗ തീര്‍ഥാടന കമ്മറ്റി രൂപീകരിച്ചു. കുരിശുമല റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണൂരിന്‍റെ നേതൃത്വത്തിലാണ് ഇത്തവണത്തെ തീര്‍ഥാടനം.