ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി എന്ന അതികായൻ കടന്നുപോയി
താമരശ്ശേരി രൂപതയുടെ വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ രംഗത്തും വലിയ സംഭാവനകൾ നൽകിയ വ്യക്തി...
സ്വന്തം ലേഖകൻ
കോഴിക്കോട്: താമരശ്ശേരി രൂപതയുടെ ബിഷപ്പ് എമിരിത്തുസ് മാർ പോൾ ചിറ്റിലപ്പിള്ളി അന്തരിച്ചു, 87 വയസായിരുന്നു. ഹൃദയാഘത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെയായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1997-ൽ താമരശ്ശേരി രൂപതയുടെ ബിഷപ്പായി ചുമതലയേറ്റ അദ്ദേഹം 13 വർഷത്തോളം താമരശ്ശേരി രൂപത അധ്യക്ഷനായിരുന്നു. 2010-ൽ സ്ഥാനം ഒഴിഞ്ഞശേഷം, വിശ്രമ ജീവിതം നയച്ചുവരുകയായിരുന്നു.
താമരശ്ശേരി രൂപതയുടെ വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ രംഗത്തും വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് മാർ പോൾ ചിറ്റിലപ്പിള്ളി. സിപിഎം എംഎൽഎയായ മത്തായി ചാക്കോ മരണത്തെത്തുടർന്നുണ്ടായ വിവാദങ്ങളിൽ ചിറ്റിലപ്പി പിതാവിനെ പിണറായി വിജയൻ നികൃഷ്ട ജീവിയെന്ന് വിശേഷിപ്പിച്ചത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
തൃശൂർ അതിരൂപതയിൽ മറ്റം ഇടവകയിൽ ചിറ്റിലപ്പിള്ളി ചുമ്മാർ-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളിൽ ആറാമനായി 1934 ഫെബ്രുവരി 7-നായിരുന്നു ജനനം. 1953 ൽ സെമിനാരിയിൽ ചേർന്നു.1958-ൽ മംഗലപ്പുഴ മേജർ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉർബാനിയാ യൂണിവേഴ്സിറ്റിയിൽ ചേർന്നു. തുടർന്ന്, 1961 ഒക്ടോബർ 18-ന് മാർ മാത്യു കാവുകാട്ടിൽ പിതാവിൽ നിന്നു റോമിൽ വച്ച് പൗരഹിത്യം സ്വീകരിച്ചു.
അതിനുശേഷം, റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി, 1966-ൽ കേരളത്തിൽ തിരിച്ചെത്തി. തുടർന്ന് ആളൂർ, വെള്ളാച്ചിറ എന്നീ ഇടവകകളിൽ സഹവികാരിയായും, 1967-1971 കാലത്തിൽ വടവാതൂർ മേജർ സെമിനാരിയിൽ പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 1971-ൽ കുണ്ടുകുളം പിതാവിന്റെ ചാൻസലറായി നിയമിക്കപ്പെടുകയും, 1978 മുതൽ 1988 വരെ തൃശൂർ അതിരൂപതയുടെ വികാരി ജനറാളായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
പിന്നീട് 1988-ൽ സീറോ-മലബാർ വിശ്വാസികൾക്കുവേണ്ടി കല്യാൺ രൂപത സ്ഥാപിതമായപ്പോൾ ആ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു. 10 വർഷത്തോളം കല്യാൺ രൂപതയിൽ ശുശ്രൂഷ ചെയ്ത ശേഷമാണ് താമരശ്ശേരി രൂപതയുടെ ബിഷപ്പായി നിയമിതനായത്. സഭാ നിയമങ്ങളെ വ്യക്തമായ കാഴ്ചപാടുകളോടെ അജപാലന ശുശ്രൂഷയുടെ ഭാഗമാക്കിയ ഒരു കർമ്മയോഗിയായിരുന്നു മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ്.