India

ബംഗളൂരുവിൽ യേശുവിന്റെ രൂപവും കൽകുരിശുകളും പൊളിച്ചു നീക്കി, മതസ്വാതന്ത്ര്യ ലംഘനമെന്ന് വിശ്വാസീ സമൂഹം – ആർച്ച് ബിഷപ്പ് പീറ്റർ മച്ചാടോ അപലപിച്ചു

പ്രതിമയും കുരിശുകളും തകര്‍ത്ത നടപടി സാമുദായിക ഐക്യത്തിന് തിരിച്ചടി...

ജോസ് മാർട്ടിൻ

ബംഗളൂരു/ദേവനഹള്ളി: മഹിമാ ബെഡയിലുള്ള യേശുവിന്റെ രൂപവും, കൽകുരിശുകളും നാലാം തീയതി ഉച്ചക്ക് ഒരു മണിയോടെ അധികൃതർ പൊളിച്ചുമാറ്റി. സംഭവത്തെ ബാംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാടോ അപലപിച്ചു. പ്രതിമയും കുരിശുകളും തകര്‍ത്ത നടപടി സാമുദായിക ഐക്യത്തിന് തിരിച്ചടിയാണെന്നും, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഇതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

ബംഗളൂരു നഗരത്തിൽ നിന്ന് 50 കിലോമീറ്റർ മാറി തൊണ്ടസാഗര ഹള്ളിയിലാണ് 20 വർഷം പഴക്കമുള്ള കൽക്കുരിശും, യേശുവിന്റെ രൂപവും സ്ഥാപിച്ചിരുന്നത്. നിയമവിരുദ്ധമായാണ് ഇവിടെ ആരാധനാലയം നിർമ്മിച്ചിരിക്കുന്നതെന്നും, യേശുവിന്റെ രൂപം പൊളിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകൾ പ്രധിഷേധ പ്രകടനം നടത്തിയിരുന്നു.

തുടർന്ന് അധികാരികൾ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് യേശുവിന്റെ രൂപവും കൽക്കുരിശുകളും പൊളിച്ചു മാറ്റിയത്. ക്രൈസ്തവ വിശ്വാസികൾക്ക് ആരാധനയ്ക്കും സിമിത്തേരിക്കുമായി കർണാടക സർക്കാർ സൗജന്യമായി വിട്ടുനൽകിയ നാലര ഏക്കർ സ്ഥലത്താണ് 12 അടി ഉയരമുള്ള യേശുവിന്റെ രൂപം ഉൾപ്പെടെ സ്ഥാപിച്ചിരുന്നത്. ബാംഗ്ലൂർ അതിരൂപതയിലെ വിശ്വാസികൾ ഈസ്റ്റർ-നോയമ്പ് കാലത്ത് കുരിശിന്റെ വഴി നടത്തിയിരുന്നു.

അധികൃതരുടെ ഈ നടപടിയെ ബംഗളൂരു അതിരൂപത ശക്തമായി അപലപിച്ചു. കൂടാതെ, പൊളിച്ചു മാറ്റിയ രൂപവും, കുരിശുകളും എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് ബംഗളൂരു അതിരൂപത സർക്കാരിനോട് ആവശ്യപ്പെട്ടു.

തദ്ദേശവാസികൾ ക്രിസ്ത്യൻ സമൂഹവുമായി യാതൊരു വിധ പ്രശ്നങ്ങളുമില്ലാതെ വളരെ രമ്യതയിലാണ് ഇവിടെ കഴിയുന്നതെന്നും, ലോക്കൽ പോലീസ് ജെ.സി.ബി. ഉപയോഗിച്ചാണ് രൂപവും, കുരിശിന്റെ വഴിയുടെ പതിനാലു സ്ഥലങ്ങളും തകർത്തതെന്നും ജെ.കാന്തരാജ് പറഞ്ഞു. ഇത് വിശ്വാസ സമൂഹത്തെ സംബന്ധിച്ച് വളരെയേറെ വേദനിപ്പിക്കുന്ന വിഷയമാണെന്നും, ഭൂമി വിട്ടു നൽകിയ അധികാരികളുടെ ഭാഗത്തുനിന്നുമുണ്ടായ ഈ നടപടി ക്രിസ്ത്യൻ സമൂഹത്തെ ഏറെ ദു:ഖിപ്പിച്ചുവെന്നും, നിയമപരമായി നേരിടുമെന്നും കാന്തരാജ് കൂട്ടിച്ചേർത്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker