World

ഫാ. സോളനസ് കാസേ വാഴ്ത്തപ്പെട്ട പദവിയിൽ

ഫാ. സോളനസ് കാസേ വാഴ്ത്തപ്പെട്ട പദവിയിൽ

വാഷിംഗ്ടൺ: ക്രിസ്തുവിന്റെ സ്നേഹവും കരുതലും അനേകര്‍ക്ക് പകര്‍ന്നു നല്‍കിയ അമേരിക്കന്‍ കപ്പൂച്ചിന്‍ വൈദികന്‍ ഫാ. സോളനസ് കാസേയെ കത്തോലിക്ക സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി. ശനിയാഴ്ച അമേരിക്കയിലെ ഡെട്രോയിറ്റിൽ നടന്ന ചടങ്ങിൽ എഴുപത്തിനായിരത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. യുഎസിൽ നടക്കുന്ന മൂന്നാമത്തെ വാഴ്ത്തപ്പെട്ട പദവി  പ്രഖ്യാപനമാണ് ഫാ. കാസേയുടേത്. കാസേയുടെ കബറിടത്തിൽ വന്ന് പ്രാർത്ഥിച്ച പനമാനിയൻ യുവതിയുടെ ത്വക്ക് രോഗം സുഖപ്പെട്ടതോടെയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്കു ഉയര്‍ത്തുവാനുള്ള നടപടികള്‍ക്ക് വത്തിക്കാന്‍ അംഗീകാരം നല്‍കിയത്.

തന്റെ രോഗശാന്തി സ്വപ്നതുല്യമാണെന്നും ഒരു കല്ലറയിൽ നിന്നും ജീവനിലേക്കുള്ള തുറവിയാണ് തനിക്ക് ലഭിച്ചതെന്നും നാമകരണ ചടങ്ങില്‍ അവര്‍ പറഞ്ഞു. വാഴ്ത്തപ്പെട്ട ഫാ.സോളനസിന്റെ അസ്ഥിയടങ്ങുന്ന തിരുശേഷിപ്പ് പേടകവുമായാണ് അവർ ചടങ്ങിൽ പങ്കെടുത്തത്. പ്രഖ്യാപനത്തിന് മുന്നോടിയായി വാഴ്ത്തപ്പെട്ട സോളനസിന്റെ ജീവചരിത്രം പ്രദർശിപ്പിച്ചു. നാമകരണത്തിന്നായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാൾ ആഞ്ചലോ അമാത്തോ വി.ബലിയ്ക്കും പ്രഖ്യാപനത്തിനും മുഖ്യകാർമ്മികത്വം വഹിച്ചു.

ഡിട്രോയിറ്റിലെ റിട്ടയേർഡ് ആർച്ച് ബിഷപ്പായ കർദിനാൾ ആദം മൈഡയും ബോസ്റ്റൺ കർദിനാളായ സീൻ ഒ മാലിയും മുൻപ് ഡിട്രോയിറ്റിലെ ഹോളി റെഡിമർ ഇടവകയിലെ വൈദികനും ഇപ്പോൾ നെവാർക്ക് എൻ ജെ അതിരൂപതയുടെ അദ്ധ്യക്ഷനുമായ കർദ്ദിനാൾ ജോസഫ് ടോബിനും അമാത്തയ്‌ക്കൊപ്പം തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. അഞ്ഞൂറോളം വൈദികർ പങ്കെടുത്ത ചടങ്ങ് ഇംഗ്ലീഷ്, കൽദായ, സ്പാനിഷ്, ടാകലോഗ്, വിയറ്റ്നാമീസ് ഭാഷകളിലും ക്രമീകരിച്ചിരുന്നു. മുന്നൂറോളം വരുന്ന ഫാ. കാസേയുടെ ബന്ധുമിത്രാദികളും പ്രഖ്യാപനത്തിന് സാക്ഷികളായി.

പ്രവചനവരവും രോഗശാന്തി വരവും വാഴ്ത്തപ്പെട്ട ഫാ.സോളാനൂസിന് ലഭിച്ച വരങ്ങളായിരുന്നുവെന്ന് കപ്പുച്ചിൻ സഭാംഗം റിച്ചാർഡ് മെർലിങ്ങ് പറഞ്ഞു. സകല മനുഷ്യർക്കും പ്രത്യേകമായി രോഗികൾക്കും ദരിദ്രർക്കും ദൈവസ്നേഹം പകർന്നു നല്കിയ മാതൃകയാണ് അദ്ദേഹത്തിന്റേത്. നാം എല്ലാവരും ഈ ദൗത്യത്തിനാണ് വിളിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1870 നവംബർ 25 നായിരുന്നു കാസെയുടെ ജനനം. തുടർന്ന് 17-ാം വയസിൽ ജോലിയന്വേഷിച്ച് വീട് വിട്ട കാസെ, ലംബർജാക്കിലെ ആശുപത്രിയിലും പിന്നീട് ജയിൽ വാർഡനായും ജോലി ചെയ്തു. മദ്യപാനിയായ നാവികൻ ഒരു സ്ത്രീയെ കുത്തിക്കൊലപ്പെടുത്തുന്നത് കാണാനിടയായതാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി മാറ്റിയത്.

തുടർന്ന്, ആരുമില്ലാത്തവരെ ശുശ്രൂഷിക്കുക എന്ന ആഗ്രഹത്തോടെ വൈദികനാകാൻ ശ്രമിച്ചെങ്കിലും തടസങ്ങൾ ഏറെയായിരുന്നു. ഔപചാരിക വിദ്യാഭ്യാസം ഇല്ലാത്തതായിരുന്നു പ്രധാന കാരണം. എന്നാൽ അത്ഭുതകരമാം വിധം 1898 ൽ അദ്ദേഹത്തിനുമുന്നിൽ ഡിട്രോയിറ്റിലെ കപ്പൂച്ചിൻ ഫ്രാൻസിസ്‌കൻ സെമിനാരി വാതിൽ തുറന്നു.

പിന്നീട് തിരുപട്ടം സ്വീകരിച്ച അദ്ദേഹം അനേകര്‍ക്ക് പ്രത്യാശ പകരുകയും നിരവധി രോഗികളെ യേശു നാമത്തിന്റെ ശക്തിയാല്‍ സൗഖ്യപ്പെടുത്തുകയും ചെയ്തു. രോഗശാന്തിവരമുള്ള മിസ്റ്റിക്കായി അറിയപ്പെടുമ്പോൾ തന്നെ ആശ്രമത്തിൽ സാധാരണക്കാരനായിട്ടായിരുന്നു കാസെയുടെ ജീവിതം. 1957 ജൂലൈ മൂന്നിന് 87-ാം വയസിൽ ഇഹലോകവാസം വെടിഞ്ഞ കാസേ 1995 ൽ ധന്യൻ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയായിരിന്നു. പൊതു വണക്കത്തിന് യോഗ്യനായ ഫാ.സോളനസിന്റെ തിരുന്നാൾ ജൂലായ് മുപ്പതിനാണ് ആഘോഷിക്കപ്പെടുക .

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker