പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്ന വ്യവസ്ഥകൾ റദ്ദാക്കണം; കെ.എൽ.സി.എ.
കെ.എൽ.സി.എ. ആലപ്പുഴ രൂപതാ സമിതി പ്രതിഷേധ ധർണയും ജ്വാല തെളിയിക്കലും സംഘടിപ്പിച്ചു...
ജോസ് മാർട്ടിൻ
ആലപ്പുഴ: കേരള ഗവൺമെന്റ് നടപ്പിലാക്കാൻ പോകുന്ന മത്സ്യലേല-വിപണന നിയമത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്ന വ്യവസ്ഥകൾ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എൽ.സി.എ. ആലപ്പുഴ രൂപതാ സമിതി പ്രതിഷേധ ധർണയും ജ്വാല തെളിയിക്കലും സംഘടിപ്പിച്ചു. ആലപ്പുഴ കോൺവെന്റ് സ്ക്വയർ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല തെളിയിക്കൽ പരിപാടി ആലപ്പുഴ രൂപത എപ്പിസ്കോപ്പൽ വികാർ ഫാ.പോൾ.ജെ. അറയ്ക്കൽ ഉദ്ഘാടനം ചെയ്തു.
നിലവിൽ പുന:ർഗേഹം ഉൾപ്പെടെയുള്ള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താൽപര്യങ്ങളെ കണക്കിലെടുക്കാതെ ഉള്ളതാണെന്ന് ഫാ.പോൾ.ജെ. അറയ്ക്കൽ പറഞ്ഞു. പ്രസിഡന്റ് പി.ജി.ജോൺ ബ്രിട്ടോ, ക്ലീറ്റസ് കളത്തിൽ, ഹെലൻ എവ ദേവൂസ്, ഉമ്മച്ചൻ ചക്കുപുരയ്ക്കൽ സജി കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. ജയ ജോൺ ദീപ്തി, സൈറസ് ലോപ്പസ് ആന്റണി, ബിജു ജെയിംസ്, ടെൽസൺ ജോൺകുട്ടി, ഷൈജൻ രാജേഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.