നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ ദിനം ആഘോഷിച്ചു
നെയ്യാറ്റിൻകര രൂപതയിലെ എല്ലാ വീടുകളും ദേവാലയങ്ങളായി മാറി...
അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത പെന്തക്കുസ്താ തിരുനാളായ മെയ് 31 വിദ്യാഭ്യാസ ദിനമായി ആഘോഷിച്ചു. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ വിദ്യാഭ്യാസ ദിനാഘോഷം ദേവാലയങ്ങളിൽ ആചരിക്കാൻ സാധിക്കാത്തതിനാൽ അന്നേ ദിവസം എല്ലാ വീടുകളും ദേവാലയങ്ങളായി മാറി.
മെയ് 31-ന് വികാരിയച്ചന്മാർ വിശുദ്ധ കുർബാനയിൽ വിദ്യാർത്ഥികളെ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിച്ചു. വൈകുന്നേരം ആറുമണിക്ക് വിദ്യാർത്ഥികൾ അതാത് ഭവനങ്ങളിൽ മാതാപിതാക്കളോടൊപ്പം ഒത്തുചേർന്ന് ഈ ദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാരംഭം കുറിക്കുവാൻ ആഗ്രഹിച്ചവർ അതാത് വികാരിയച്ചന്മാരെ സമീപിക്കുകയും, നിശ്ചിതസമയത്ത് സാമൂഹ്യ അകലവും മറ്റു നിർദേശങ്ങളും പാലിച്ച് ആദ്യാക്ഷരം കുറിക്കുകയും ചെയ്തു.
ഭവനങ്ങളിൽ നടത്തുന്ന പ്രാർത്ഥനയുടെ ആരാധനാക്രമം ഇടവകവികാരിമാർക്കും, ഇടവക വിദ്യാഭ്യാസ സെക്രട്ടറിമാർക്കും നൽകുകയും തുടർന്ന് കുടുംബങ്ങളിൽ എത്തിക്കുകയും ചെയ്തു. സർക്യൂലറിൽ നൽകിയിരുന്ന നിർദേശങ്ങൾ അനുസരിച്ച് വീടുകളിൽ കുടുംബനാഥൻ പൊതുവായി ഒരു തിരി തെളിയിക്കുകയും, തുടർന്ന് കുടുംബാംഗങ്ങൾ ഒന്നുചേർന്ന് പരിശുദ്ധാത്മാവിന്റെ ഗാനം ആലപിക്കുകയും ചെയ്തു. അതിനുശേഷം കുടുംബനാഥൻ പ്രധാന തിരിയിൽ നിന്നും വിദ്യാർത്ഥികളുടെ കൈയിലെ മെഴുകുതിരിയിലേക്ക് പ്രകാശം പകർന്നു നൽകി. അപ്പോ. 2:1-4 വരെയുള്ള വാക്യങ്ങൾ വായിക്കുകയും, തുടർന്ന് പരിശുദ്ധാത്മ അഭിഷേക പ്രാർഥന ഏറ്റു ചൊല്ലുകയും, മാതാപിതാക്കളും മറ്റു മുതിർന്ന അംഗങ്ങളും ഓരോ വിദ്യാർത്ഥിയുടെയും തലയിൽ കൈവച്ചു കൊണ്ട് ആശീർവാദം നൽകുകയും ചെയ്തു.