നെയ്യാറ്റിന്‍കരയില്‍ രൂപതാ സിനഡ് ശനിയാഴ്ച വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജില്‍
രൂപതാ സിനഡ് പരിപാടികള്‍ നെയ്യാറ്റിന്‍കര രൂപതാ ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്യും.
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തിരിക്കുന്ന 2023 ഒക്ടോബറിലെ ആഗോള സിനഡിന്റെ ഭാഗമായി 2021 ഒക്ടോബറില്‍ ആരംഭം കുറിച്ച നെയ്യാറ്റിന്‍കര രൂപതാ സിനഡ് ശനിയാഴ്ച നടക്കും.
രാവിലെ 10.30 ന് വാഴിച്ചല്‍ ഇമ്മാനുവേല്‍ കോളേജില്‍ നടക്കുന്ന രൂപതാ സിനഡ് പരിപാടികള്‍ നെയ്യാറ്റിന്‍കര രൂപതാ ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്യും.
സിനഡുമായി ബന്ധപ്പെട്ട് നടക്കുന്ന വിവിധ പരിപാടികളില്‍ രൂപതാ വികാരി ജനറല്‍ മോണ്‍. ജി ക്രിസ്തുദാസ്, മോണ്‍.വിന്‍സെന്റ് കെ പീറ്റര്‍ , മോണ്‍. വി പി ജോസ്, മോണ്‍. റൂഫസ് പയസലിന്‍, മോണ്‍. സെല്വരാജന്, ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍ തുടങ്ങിയവര്‍ സംസാരിക്കും.
പരിപാടികള്‍ക്ക് മുന്നോടിയായി രൂപതാധ്യക്ഷന്‍ ഡോ വിന്‍സെന്റ് സാമുവലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും. സഭയിലെ എല്ലാവരുടെയും സ്വരം ശ്രവിക്കപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് ഫ്രാന്‍സിസ് പാപ്പാ 2021 ഒക്ടോബര്‍ 9-ന് വത്തിക്കാനില്‍ വച്ച് സിനഡ് ഉദ്ഘാടനം ചെയ്തത്.
നെയ്യാറ്റിന്‍കര രൂപതയില്‍ നാലുഘട്ടങ്ങളിലായാണ് സിനഡ് പ്രക്രിയ ക്രമീകരിച്ചത്. കുടുബ-ബി.സി.സി.-ഇടവക സിനഡുകള്‍ വിശ്വാസികളില്‍ വലിയ ഉണര്‍വ് സമ്മാനിച്ചിരിക്കുകയാണ്.
ശനിയാഴ്ച്ച വാഴിച്ചല്‍ ഇമ്മാനുവേല്‍ കോളേജില്‍ വച്ച് നടക്കുന്ന നെയ്യാറ്റിന്‍കര രൂപതാ സിനഡില്‍ പാറശ്ശാല മുതല്‍ പൊന്മുടി വരെയുള്ള ദേവാലയങ്ങളില്‍ നിന്ന് ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും.
ഓരോ ഇടവക ദേവാലയങ്ങളില്‍ നിന്നും ആശയസമന്വയ രേഖയിലൂടെ രൂപതയില്‍ എത്തിയ ആശയങ്ങളും നിര്‍ദേശങ്ങളും കൂട്ടായി അവലോകനം ചെയ്യുകയും, ചര്ച്ചാസൂചകങ്ങളുടെ സഹായത്തോടെയുള്ള സിനഡല്‍ ചര്‍ച്ചയും സംവാദവും നടക്കും.