7th Sunday_Ordinary Time_Year A_നിയമങ്ങളുടെ പൊളിച്ചെടുത്ത്
ദൈവം എന്നോട് എപ്രകാരമാണോ, അപ്രകാരം ആയിരിക്കും ഞാൻ നിന്നോടും...
ആണ്ടുവട്ടം ഏഴാം ഞായർ
ഒന്നാം വായന – 19:1-2,17-18
രണ്ടാം വായന – 1 കൊറിന്തോസ് 3:16-23
സുവിശേഷം – വിശുദ്ധ മത്തായി 5:38-48.
ദിവ്യബലിക്ക് ആമുഖം
നിങ്ങൾ ദൈവത്തിന്റെ” ആലയമാണെന്നും, ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ?” എന്ന പൗലോസ് അപ്പോസ്തലന്റെ വാക്കുകളോടെയാണ് ആണ്ടുവട്ടത്തിലെ ഏഴാം ഞായറിൽ തിരുസഭ നമ്മെ സ്വാഗതം ചെയ്യുന്നത്. വിഭാഗീയതയും, വിഘടനവാദവും നിലനിന്നിരുന്ന കൊറിന്തോസിലെ സഭയിലെ വിശ്വാസികളോട്, ചില വ്യക്തികൾ മാത്രമല്ല അവരോരുത്തരോടും കൂട്ടായ്മയിൽ (ഇടവകയിൽ) പ്രധാനപ്പെട്ടവരും, ദൈവാത്മാവിനെ വഹിക്കുന്ന ദേവാലയമാണെന്നും അപ്പോസ്തലൻ പറയുന്നു. അയൽക്കാരനെയും, സഹോദരനെയും സ്നേഹിക്കാൻ ഒന്നാം വായന നമ്മെ പഠിപ്പിക്കുമ്പോൾ, ശത്രുക്കളെ സ്നേഹിക്കുന്ന പുതിയനിയമം സുവിശേഷത്തിൽ യേശു നമ്മെ പഠിപ്പിക്കുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്ക് ഒരുങ്ങാം.
ദൈവവചന പ്രഘോഷണകർമ്മം
കഴിഞ്ഞ ഞായറാഴ്ച നാം ശ്രവിച്ചത് സഹോദരനുമായി രമ്യതപ്പെടുക, വിവാഹജീവിതത്തിന്റെ അന്തസത്ത, ആണയിടരുത് തുടങ്ങിയ വിഷയങ്ങളാണ്. ഇതിന്റെ തുടർച്ചയായി യേശുവിന്റെ മലയിലെ പ്രസംഗത്തിലെ “പരസ്പര സ്നേഹത്തെ കുറിച്ചുള്ള” ഉപദേശങ്ങളാണ് നാമിന്ന് ശ്രവിച്ചത്. യഹൂദരുടെ ഇടയിൽ നിലനിന്നിരുന്ന മോശയുടെ നിയമത്തെയും, പരമ്പരാഗത കീഴ്‌വഴക്കങ്ങളെയും യേശു പൊളിച്ചെഴുതുന്നു.
1) കണ്ണിനു പകരം കണ്ണ്
“കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്” വ്യക്തികൾ തമ്മിലുള്ള തർക്കങ്ങളും, പ്രത്യേകിച്ച് ശാരീരിക ആക്രമണങ്ങൾക്കും പരിഹാരമുണ്ടാക്കാനായി കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഇത്. “കണ്ണിനു പകരം കണ്ണ്” എന്ന് പറയുമ്പോൾ അതിന്റെ അർത്ഥം നിനക്ക് നഷ്ടപ്പെട്ട ഒരു കണ്ണിനു പകരം, ‘അപരന്റെ ഒരു കണ്ണ് എങ്കിലും എടുക്കണം എന്നല്ല’ മറിച്ച് നഷ്ടപ്പെട്ട ‘ഒരു കണ്ണിനു പകരം അപരന്റെ ഒരു കണ്ണേ എടുക്കാവൂ’ എന്നാണ്. ഒരു കണ്ണിനു പകരം അപരനെ കൊന്നുകളയുന്ന രീതിയിൽ വരെയെത്തുന്ന ‘പക’ ഏഴു മടങ്ങും എഴുപത് മടങ്ങും വീട്ടുന്ന ഒരു ശൈലി ഉണ്ടായിരുന്നു (ഉല്പത്തി 4:23). ആക്രമണങ്ങൾക്കും, പ്രത്യാക്രമണങ്ങൾക്കും സന്തുലിത വരുത്താനാണ് അപരൻ നിനക്ക് എന്താണ് നഷ്ടപ്പെടുത്തിയത്, അവനിൽ നിന്ന് അതു മാത്രം എടുക്കുക എന്ന ശൈലി വന്നത്. ഈ ശൈലിയെ “നിന്റെ വലതു കരണത്ത് അടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചു കൊടുക്കുക’ എന്ന ഉപദേശത്തിൽ കൂടെ യേശു പൊളിച്ചെഴുതുകയാണ്. ക്രൈസ്തവ ധർമ്മം ‘പകപോക്കല്ല’ മറിച്ച് ‘ക്ഷമയാണ്’ എന്ന് യേശു വ്യക്തമാക്കുന്നു.
2) ഉടുപ്പ് ആഗ്രഹിക്കുന്നവന് മേലങ്കികൂടെ കൊടുക്കുക
യേശുവിന്റെ കാലത്ത് യഹൂദരുടെയിടയിൽ നീളംകൂടിയ ഉടുപ്പിന് മുകളിൽ അതുപോലെ തന്നെ നീളമുള്ള മേലങ്കിയും ധരിക്കുന്ന പതിവുണ്ടായിരുന്നു. ഈ മേലങ്കി തണുപ്പിൽ നിന്നും, പൊടിയിൽ നിന്നും സംരക്ഷിക്കുന്നു. മേലങ്കി യഹൂദരുടെ വസ്ത്രധാരണത്തിലെ ഒഴിച്ചുകൂടാനാകാത്ത വസ്ത്രമായിരുന്നു (യേശുവിനെ ക്രൂശിക്കുന്നത് മുമ്പായി യേശുവിന്റെ മേലങ്കിക്കായി പടയാളികൾ നറുക്കിടുന്നത് നമുക്ക് ഓർമ്മിക്കാം). ആരെങ്കിലും പണം കടം കൊടുക്കുന്നതിന് ഈടായി (പണയ വസ്തുവായി) മേലങ്കി സ്വീകരിച്ചിട്ടുണ്ടെങ്കിൽ, വൈകുന്നേരമാകുമ്പോൾ പണയംവച്ചവന് മേലങ്കി തിരികെ കൊടുക്കണം എന്നായിരുന്നു നിയമം. കാരണം, തണുപ്പിനെ പ്രതിരോധിക്കാൻ അത് അത്യാവശ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യേശു പറയുന്നത് “നിന്റെ ഉടുപ്പ് കരസ്ഥമാക്കാൻ ഉദ്യമിക്കുന്നത് മേലങ്കി കൂടി കൊടുക്കുക”. കാരണം, ഉടുപ്പു മാത്രം കൊണ്ട് അവന് തണുപ്പിൽ നിന്നും, പൊടിയിൽ നിന്നും സംരക്ഷക്കപ്പെടാൻ കഴിയില്ല, അതിനു മേലങ്കി കൂടി വേണം. ഒരുവന് ഉടുപ്പ് മാത്രം നൽകുന്നത് ഭാഗികമായ ഉപവി പ്രവർത്തനം മാത്രമേ ആകുകയുള്ളൂ. ക്രിസ്ത്യാനിയുടെ കാരുണ്യ പ്രവർത്തികൾ ഭാഗികം ആകരുത് പൂർണതയുള്ള ആകണം.
3) ഒരു മൈലിന് പകരം രണ്ടു മൈൽ പോകുക
ഇസ്രായേലിലെ യാത്രകൾ അത്ര സുരക്ഷിതമല്ലായിരുന്നു. ആക്രമണവും, പിടിച്ചുപറിയും, കൊള്ളയും യാത്രകളിൽ പ്രത്യേകിച്ച്, വലിയ യാത്രകളിൽ സർവ്വസാധാരണമായിരുന്നു (നല്ല സമരിയാക്കാരൻ ഉപമയിലെ യാത്രക്കാരനെ ഓർമ്മിക്കാം). അതുകൊണ്ടുതന്നെ ആരും ഒറ്റയ്ക്ക് ദീർഘദൂര യാത്ര പോകാൻ ആഗ്രഹിച്ചിരുന്നില്ല. എപ്പോഴും ഒരു സഹയാത്രികനെ ആഗ്രഹിച്ചിരുന്നു. അതോടൊപ്പം നിലനിന്നിരുന്ന മറ്റൊരു കാര്യം, ഒരു റോമൻ പടയാളി സഞ്ചരിക്കുമ്പോൾ തന്റെ അധികാരമുപയോഗിച്ച് ആ പ്രദേശത്തുള്ള ഓരോരുത്തരോടും ഓരോ മൈൽ അവന്റെ പെട്ടിയും മറ്റു സാമഗ്രികളും ചുമക്കാൻ ആവശ്യപ്പെടുമായിരുന്നു. ഈ കാരണങ്ങളുടെയും, യാഥാർഥ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് “ഒരു മൈൽ ദൂരം പോകാൻ തന്നെ നിർബന്ധിക്കുന്നവനോടു കൂടി രണ്ടു മൈൽ ദൂരം പോവുക” എന്ന് യേശു പറയുന്നത്. കാരണം, ഒരു ചെറിയ അളവ് ദൂരം മാത്രം ആവശ്യക്കാരനോട് കൂടെ പോകുന്നത് ഉപയോഗശൂന്യമാണ്, പ്രത്യേകിച്ച് അവൻ മറ്റൊരു സഹയാത്രികനെ കണ്ടെത്തുന്നതുവരെ എങ്കിലും കൂടെ പോകണം.
4) ശത്രുക്കളെ സ്നേഹിക്കുക
ഇന്നത്തെ ഒന്നാം വായനയിൽ ലേവ്യരുടെ പുസ്തകത്തിൽ നിന്ന് സഹോദരനെ വെറുക്കരുതെന്നും, നിന്റെ ജനത്തോട് പകയോ പ്രതികാരമോ പാടില്ലെന്നും, നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നും നാം ശ്രവിച്ചു. എന്നാൽ, അയൽക്കാരനെ മാത്രമല്ല ശത്രുവിനെ സ്നേഹിക്കാനും യേശു പഠിപ്പിക്കുന്നു. പഴയനിയമത്തിൽ നിന്റെ ജനത്തോട് പ്രതികാരമോ, പകയോ പാടില്ല എന്ന് പറയുമ്പോൾ “ജനം” എന്നതുകൊണ്ട് സ്വന്തം ജനമായ ഇസ്രായേലിനെയാണ് ഉദ്ദേശിക്കുന്നത്. എന്നാൽ സ്വന്തം ജനത്തോട് മാത്രമല്ല ഇസ്രായേൽജനം ശത്രുക്കളും, വിജാതീയരുമായി കാണുന്ന മറ്റു ജനവിഭാഗങ്ങളോടും ശത്രുത പാടില്ലെന്നും, അവരെ സ്നേഹിക്കണമെന്നുമാണ് യേശു പറയുന്നത്. ചുങ്കക്കാരെയും, വിജാതിയരെയും പുച്ഛത്തോടെ കൂടി കണ്ടിരുന്ന ഒരു ജനവിഭാഗത്തോടാണ് യേശു പറയുന്നത് ‘നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം നിങ്ങൾ സ്നേഹിക്കുകയും, സഹോദരങ്ങളെ മാത്രം അഭിവാദനം ചെയ്യുകയും ചെയ്യുന്നുവെങ്കിൽ’ ചുങ്കക്കാരനും, വിജാതിയരിൽ നിന്നും അവർക്ക് യാതൊരു പ്രത്യേകതയും ഇല്ലെന്നാണ് യേശു പറയുന്നത്.
‘ക്രൈസ്തവ ധർമ്മം’ എന്നത് നമ്മെ സഹായിക്കുവാൻ കഴിയുന്നവരെ മാത്രം സഹായിക്കുകയല്ല, നമ്മുടെ അന്തസ്സിനു ചേർന്നവരെ മാത്രം നമ്മുടെ സൗഹൃദവലയത്തിലാക്കുകയെന്നതുമല്ല മറിച്ച്, എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ്. “ദൈവം ശിഷ്‌ടരുടെയും, ദുഷ്‌ടരുടെയുംമേൽ സൂര്യനെ ഉദിപ്പിക്കുകയും, നീതിമാൻമാരുടെയും നീതിരഹിതരുടേയും മേൽ മഴ പെയ്യുകയും ചെയ്യുന്നു” എന്നുപറഞ്ഞാൽ; ദൈവം എല്ലാവരെയും സ്നേഹിക്കുന്നുണ്ടെന്നും, ദൈവം സ്നേഹിക്കുന്ന ഒരുവനെ സ്നേഹിക്കാൻ ഞാൻ ബാധ്യസ്ഥനാണെന്നുമാണ്.
ധ്യാനം
വിപ്ലവാത്മകവും, നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ളതെന്ന് തോന്നുന്നതുമായ കാര്യങ്ങളാണ് യേശു മുന്നോട്ടുവയ്ക്കുന്നത്. യേശുവിന്റെ വാക്കുകൾ ഇന്നും ഒരു വെല്ലുവിളിയാണ്. ഉന്നതമായ ആത്മീയ നിലവാരം ഉണ്ടെങ്കിൽ മാത്രമേ ഈ വാക്കുകളെ പ്രാവർത്തികമാക്കാൻ സാധിക്കുകയുള്ളൂ. സാധാരണ മനുഷ്യസ്വഭാവത്തിലും, പരസ്പരമുള്ള ഇടപെടലുകളിലുമുള്ളത് “നീ എന്നോട് എങ്ങനെയാണോ, അപ്രകാരമായിരിക്കും ഞാൻ നിന്നോടും”. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി പ്രതികരിക്കാനും, പ്രതികാരം ചെയ്യാതിരിക്കാനും, സമാധാനത്തിന് മുൻകൈ എടുക്കാനും, നീ എന്നോട് തെറ്റ് ചെയ്താലും നിന്നെ എന്റെ ശത്രുവാക്കാൻ എനിക്ക് താൽപര്യമില്ലെന്ന് വ്യക്തമാക്കുന്ന രീതിയിൽ, ഒരു വഴക്കിനും, വിദ്വേഷത്തിനും എനിക്ക് താൽപര്യമില്ലെന്ന് കാണിക്കുന്ന പെരുമാറ്റം ക്രിസ്ത്യാനിയുടെ ഭാഗത്തുനിന്നും ഉണ്ടാകണം. നമ്മോട് ശത്രുത കാണിക്കുവാൻ വരുന്നവനോട്, ഞാൻ നിന്നോട് സമാധാനമാണ് ആഗ്രഹിക്കുന്നത് എന്ന് വെളിപ്പെടുത്തണം. ഇതൊരു ചെറിയ കാര്യമല്ല. ദൈവവചനത്തെ അടിസ്ഥാനമാക്കിയ ‘ആത്മീയ പരിശീലനം’ ഉണ്ടെങ്കിലെ സാധിക്കുകയുള്ളൂ.
സമാധാനത്തിനു വേണ്ടിയുള്ള ആദ്യചുവട് നാം തന്നെ എടുക്കണം. ഇതിനുവേണ്ട ആത്മീയശക്തി എനിക്ക് എവിടുന്നാണ് ലഭിക്കുന്നത്? ദൈവം നമ്മോടും, നമ്മുടെ ജീവിതത്തോടും കാണിക്കുന്ന കരുണയും, സ്നേഹവും ഓർമ്മിച്ചാൽ മതി. എന്നിൽ കുറവുകളുണ്ടെങ്കിലും, ഞാൻ പാപം ചെയ്യുമെങ്കിലും ദൈവം എന്നെ സ്നേഹിക്കുന്നു. ദൈവത്തിന് എന്നോടുള്ള സ്നേഹത്തെ കുറിച്ചുള്ള ചിന്ത മറ്റുള്ളവരോട് സമാധാനത്തിൽ വർദ്ധിക്കാൻ നമ്മെ പ്രാപ്തരാക്കും. “നീ എന്നോട് എങ്ങനെയാണോ, അപ്രകാരം ആയിരിക്കും ഞാൻ നിന്നോടും” എന്നല്ല, മറിച്ച് “ദൈവം എന്നോട് എപ്രകാരമാണോ, അപ്രകാരം ആയിരിക്കും ഞാൻ നിന്നോടും” എന്നാകണം നമ്മുടെ നിലപാടുകൾ
ആമേൻ.