Articles

ധ്യാനകേന്ദ്രങ്ങളിൽ ഇനി വേണ്ടത് സ്വപ്നദർശിയായ ജോസഫിന്റെ ആത്മീയത

ആർപ്പുവിളിയിലല്ല അഭിഷേകം; ആത്മനിയന്ത്രണത്തിലാണ്...

മാർട്ടിൻ എൻ ആന്റണി

റോമിൽ ഇന്ത്യൻ എംബസി സ്ഥിതിചെയ്യുന്ന വഴിയിൽ (Via XX Settembre) നിഷ്പാദുക കർമ്മലീത്ത സന്യാസിമാരുടെ ഒരു പള്ളിയുണ്ട്; Our Lady of Victory. അതിനുള്ളിൽ ലോറൻസോ ബെർനീനി നിർമ്മിച്ച പ്രശസ്തമായ ഒരു ശിൽപമുണ്ട്; The ecstasy of Saint Theresa. അമ്മത്രേസ്യയ്ക്കുണ്ടായ ആത്മീയ ഹർഷോന്മാദത്തിന്റെ ശില്പ ചിത്രീകരണമാണത്. ദൈവസ്നേഹാനുഭവത്തിന്റെ മൂർദ്ധന്യാവസ്ഥയെ എല്ലാ ഭാവങ്ങളോടെയും കൊത്തിയെടുത്തിരിക്കുന്ന ഒരു അമൂല്യ ശില്പം. ഈ ശില്പം കാണുന്നതിനു വേണ്ടി മാത്രമാണ് നല്ല ശതമാനം സഞ്ചാരികളും ആ ദേവാലയത്തിൽ പോകുന്നത്. (ഡാൻ ബ്രൗണിന്റെ Angels and Demons എന്ന നോവലിൽ ഈ ശിൽപമുള്ള കപ്പേളയെ altar of fire ന്റെ പ്രതീകമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്). പക്ഷേ ഈ ശില്പത്തിന്റെ എതിർവശത്തായിട്ട് മറ്റൊരു ശിൽപം കൂടി ആ പള്ളിയിലുണ്ട്. ഡൊമിനിക് ഗുയിഡിയുടെ The dream of Saint Joseph ആണത്. ഒരു വശത്ത് അമ്മത്രേസ്യയുടെ എക്സ്റ്റസിയും മറു വശത്ത് ഔസേപ്പിതാവിന്റെ സ്വപ്നവും. ദൈവാനുഭവത്തിന്റെ രണ്ട് വ്യത്യസ്ത തലങ്ങളാണിത്. അഹത്തിന്റെ കെട്ടുപാടുകളിൽ നിന്നും പുറത്തേക്കുവരുന്ന ആത്മീയ അനുഭവമാണ് എക്സ്റ്റസി അഥവാ ആത്മീയഹർഷം. ദൈവവുമായുള്ള ബന്ധം അതിന്റെ മൂർധന്യത്തിലെത്തുമ്പോൾ മനസ്സ് ശരീരത്തിൽ നിന്നും വേർപെട്ട് ദൈവത്തിൽ വിലയം പ്രാപിക്കുന്ന അനുഭവമാണത്. പക്ഷേ സ്വപ്നം നേർവിപരീതമാണ്. സ്വപ്നത്തിൽ നമ്മൾ നമ്മിലേക്ക് തന്നെ പ്രവേശിക്കുന്നു. നമ്മുടെ സ്വത്വത്തിന്റെ മറുതലത്തെ നമ്മൾ തിരിച്ചറിയുന്നു. ബോധമനസ്സിൽ അറിയില്ലാത്ത പലതിനെയും സ്വപ്നങ്ങൾ മനസ്സിലാക്കിത്തരുന്നു, നമ്മിലെ ദൈവിക സാന്നിധ്യത്തെ പോലും.

അമ്മത്രേസ്യയുടെ എക്സ്റ്റസിയെ ഒരു മാലാഖ അമ്പുകൊണ്ട് അവളുടെ ഹൃദയത്തിൽ കുത്തുന്നതായിട്ടാണ് ബെർനീനി ചിത്രീകരിക്കുന്നത്. ഔസേപ്പിതാവിന്റെ സ്വപ്നത്തെ ഗുയിഡി പ്രതിഫലിപ്പിക്കുന്നത് ഒരു മാലാഖ ജോസഫിന്റെ തോളത്തു തൊട്ടുകൊണ്ട് വഴികാട്ടുന്നതായിട്ടാണ്. സ്വപ്നവും, ദൈവിക ഇടപെടലും, ദൈവിക സാന്നിധ്യവും ജോസഫിന്റെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യം ഉണ്ടായിരുന്നുവെന്ന് ശിൽപം വ്യക്തമാക്കുന്നു.

നിശബ്ദനായ സാത്വികനാണ് ജോസഫ്. ഒരു സ്വപ്നാടകനല്ല അവൻ. മറിച്ച് സ്വയം ഉള്ളിലേക്ക് പ്രവേശിച്ചു അവിടെ ദൈവീകത ദർശിച്ചവനാണ്. തന്നിൽ നിന്നും ഒരു നൊമ്പരവും ആർക്കും ഉണ്ടാകരുത് എന്നു വിചാരിച്ച ദൈവിക ചിന്തകനും നീതിമാനും ആണവൻ. ബഹളമയമല്ലായിരുന്നു അവൻ്റെ ജീവിതവും ആത്മീയതയും. അതുകൊണ്ടാണ് മൗനത്തിന്റെ വാചാലതയിൽ ദൈവത്തിന്റെ സ്വരം ശ്രവിക്കാനും നിദ്രയുടെ ഇരുളിമയിൽ ദൈവിക പദ്ധതിയെ ദർശിക്കാനും അവനു സാധിച്ചത്. നിശബ്ദമായ ഈ ശ്രവണത്തിലും ദർശനത്തിലും നിന്നാണ് ജീവിത ഉത്തരവാദിത്വങ്ങളെ നിറവേറ്റുന്നതിനായുള്ള ഊർജ്ജം അവൻ സംഭരിച്ചത്.

ഇതായിരുന്നു, ഇങ്ങനെയായിരുന്നു ആദിമകാല ക്രൈസ്തവ ആത്മീയത. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ മുറി അടച്ചിരുന്നു പ്രാർത്ഥിക്കാൻ പറഞ്ഞവന്റെ ആത്മീയതയും ഇതു തന്നെയായിരുന്നു. നിശബ്ദതയിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം അനുഭവിച്ചിരുന്ന ഒരു വിശ്വാസി സമൂഹമായിരുന്നു അത്. അതിൽ നിന്നും ലഭിച്ച ഊർജ്ജമാണ് കൃപയുടെ പ്രഘോഷണമായി മാറിയത്. രക്തസാക്ഷിത്വത്തിനു പോലും ശക്തി നൽകുന്ന അനുഭവമായിരുന്നു അത്. ഈ നിശബ്ദതയുടെ ആത്മീയതയെയാണ് പ്രൊട്ടസ്റ്റന്റുകാരും കരിസ്മാറ്റിക്ക്കാരും കൂടി നശിപ്പിച്ചു കളഞ്ഞത്. ബഹളം വച്ച് പരിശുദ്ധാത്മാവിനെ വലിച്ചിറക്കി കൊണ്ടുവരുന്ന പ്രാർത്ഥനാ ശൈലികൾ അവർ രൂപീകരിച്ചു. ഹൈ ഡെസിബൽ ശബ്ദത്തിലുള്ള സ്തുതിപ്പും ഹാല്ലേലൂയ വിളികളും കൂടി ഉണ്ടാകുന്ന മാനസികമായ ഉന്മേഷത്തെ അല്ലെങ്കിൽ ട്രാൻസ് അനുഭവത്തെ എക്സ്റ്റസിയായി ചിത്രീകരിച്ച്, അതാണ് പരിശുദ്ധാത്മാവിന്റെ അഭിഷേകമെന്ന് പലരെയും തെറ്റിദ്ധരിപ്പിച്ചു. ഇത്തിരി നേരമെങ്കിലും മൗനമായി പ്രാർത്ഥിക്കാം, ധ്യാനിക്കാം എന്ന് ആരെങ്കിലും പറഞ്ഞാൽ എവിടെ നിന്നെങ്കിലും യേശുവേ സ്തോത്രം എന്ന് ആരെങ്കിലും വിളിച്ചു കൂവും. പിന്നെ എങ്ങനെയാണ് ഔസേപ്പിതാവിനെ പോലെ ഉള്ളിലുള്ള ദൈവിക സാന്നിധ്യത്തിന്റെ സ്വരം ശ്രവിക്കാനും ആ സാന്നിധ്യത്തെ ദർശിക്കാനും നമുക്ക് സാധിക്കുക?

ട്രാൻസ് അനുഭവം ലഹരിയാണ്. ഒപ്പം അത് Pseudo-ecstacy യുമാണ്. ആ അനുഭവം യഥാർത്ഥമായ മിസ്റ്റിക് അനുഭവമല്ല. അത് മാനസിക രോഗത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അതിഥിയാണ്. ആ അതിഥി ഒന്നോ രണ്ടോ പ്രാവശ്യം നിന്നെ സന്ദർശിച്ചാൽ പിന്നീടത് നിന്നെ സ്വന്തമാക്കും. ഒരു ലഹരി എന്ന പോലെ അത് നിന്നെ വട്ടം കറക്കും. നീ വിചാരിക്കും ആ ലഹരി പരിശുദ്ധാത്മാവാണെന്ന്. അല്ല. അത് ആത്മാവല്ല. അത് നിന്റെ മനസ്സിന്റെ കടിഞ്ഞാൽ നഷ്ടപ്പെടുന്നതിന്റെ ആദ്യ പടിയാണ്. ആത്മീയ അടിമവൽക്കരണത്തിന്റെയും ആദ്യ ചുവടുവയ്പ്പ് തുടങ്ങുന്നതും ഇവിടെനിന്നാണ്.

നിശബ്ദത പടിയിറങ്ങിപ്പോയ നമ്മുടെ ധ്യാനകേന്ദ്രങ്ങളിൽ ഇനി നമുക്ക് വേണ്ടത് സ്വപ്നദർശിയായ ജോസഫിന്റെ ആത്മീയതയായിരിക്കണം. ആത്മീയ ഹർഷോന്മാദം എന്ന പേരിൽ പകർന്നു കൊടുക്കുന്ന ട്രാൻസ് അനുഭവങ്ങൾക്കും ആർക്കും മനസ്സിലാകാത്ത ഭാഷാവരങ്ങൾക്കും പകരം സ്വത്വത്തിന്റെ ഉള്ളിലെ ദൈവിക സാന്നിധ്യത്തെ ദർശിക്കാൻ സാധിക്കുന്ന ആത്മീയതയ്ക്ക് നമ്മൾ പ്രാധാന്യം കൊടുക്കണം. ജോസഫിന്റെ സ്വപ്നത്തെ പോലെ നിശബ്ദതയുടെ തണലിൽ ദൈവീക ചോദനകളെ തിരിച്ചറിയുവാനുള്ള കഴിവ് ധ്യാനകേന്ദ്രങ്ങൾ വിശ്വാസികൾക്ക് പകർന്നു കൊടുക്കണം. ആർപ്പുവിളിയിലല്ല അഭിഷേകം; ആത്മനിയന്ത്രണത്തിലാണ്. അപ്പോഴും ഓർക്കണം, ഒന്നും സ്ഥിരമല്ല, ഒന്നും താൽക്കാലികവുമല്ല. കൃപയും അഭിഷേകവും നിന്റെ കഴിവു കൊണ്ടൊ പ്രയത്നം കൊണ്ടൊ ആർജ്ജിച്ചെടുക്കുന്ന പ്രതിഫലമല്ല; ദാനമാണ്. തുറന്നും കമിഴ്ന്നും ഇരിക്കുന്ന കുടങ്ങളിൽ മഴ പെയ്യുന്നത് പോലെയുള്ള ദാനം. തുറന്നിരിക്കുന്ന കുടം നിറയുന്നു. കമിഴ്ന്നിരിക്കുന്നതോ?… അപ്പോൾ അത്രയുള്ളു കാര്യം. തുറവിയുള്ളവരായിരിക്കുക; ജോസഫിനെ പോലെ. അപ്പോൾ മാലാഖ നിനക്ക് വഴികാട്ടി തരും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker