ധനവാന്റെയും ലാസറിന്റെയും നിറവേറപ്പെടാത്ത ആഗ്രഹങ്ങള്‍
ധനവാന്‍റെയും ലാസറിന്റെയും നിറവേറപ്പെടാത്ത ആഗ്രഹങ്ങള്‍
ആണ്ടുവട്ടത്തിലെ ഇരുപത്തി ആറാം ഞായർ
ഒന്നാംവായന: ആമോസ് 6:1,4-7
രണ്ടാം വായന: 1 തിമോത്തിയോസ് 6:11-16
സുവിശേഷം: വി. ലൂക്കാ 16:19-31
ദിവ്യബലിക്ക് ആമുഖം
“വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെ പിടിക്കുകയും ചെയ്യുക” എന്ന വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ തിമോത്തിയോസിനെഴുതുന്ന ഒന്നാം ലേഖനത്തിലെ തിരുവചനങ്ങളോടെയാണ് തിരുസഭ ഇന്ന് നമ്മെ സ്വാഗതം ചെയ്യുന്നത്. എന്നാല്‍, നാം ജീവിക്കുന്ന സമൂഹത്തില്‍ വിശ്വാസത്തിന്റെ പോരാട്ടം നടത്തുക എങ്ങനെയാണന്നും, അവസാനം നിത്യജീവന്‍ കരസ്ഥമാക്കേണ്ടതെങ്ങനെയെന്നും ഇന്നത്തെ ഒന്നാം വയനയില്‍ ആമോസ് പ്രവാചകനും; സുവിശേഷത്തിൽ ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെ യേശുവും നമ്മെ പഠിപ്പിക്കുന്നു. തിരുവചനം ശ്രവിക്കാനും, ദിവ്യബലി അര്‍പ്പിക്കുവാനുമായി നമുക്ക് ഒരുങ്ങാം.
ദൈവ വചന പ്രഘോഷണ കര്‍മ്മം
സാമൂഹിക തലത്തിലും, ആത്മീയ തലത്തിലും നമുക്ക് ഇന്നത്തെ സുവിശേഷത്തെ മനസിലാക്കാം:
1) സാമൂഹിക തലത്തില്‍
ഇന്നത്തെ സുവിശേഷത്തിലെ 19 മുതല്‍ 21 വരെയുളള ആദ്യ മൂന്ന് വാക്യങ്ങള്‍ അക്കാലത്തെയും എക്കാലത്തെയും സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതിയെ വിളിച്ചോതുന്നു. സമ്പന്നനും ദരിദ്രനും തമ്മിലുളള വ്യത്യാസം കൃത്യമായി എടുത്ത് പറയുന്നു. നമുക്ക് ഈ വ്യത്യാസങ്ങളെ മനസിലാക്കാം.
ഇന്നത്തെ ഉപമയിലെ ധനവാന്‍ വെറുമൊരു സമ്പന്നനല്ല, മറിച്ച് ചെമന്ന പട്ടും മൃദുല വസ്ത്രങ്ങളും ധരിക്കുന്നവനായിരുന്നു. ‘പട്ട് വസ്ത്രം ധരിക്കുക’ എന്നത് യേശുവിന്റെ കാലത്ത് വലിയ സമ്പന്നന്‍മാര്‍ക്കും രാജകീയ പദവിയിലുളളവര്‍ക്കും മാത്രം സാധ്യമായ കാര്യമായിരുന്നു. കാരണം അക്കാലത്ത് ഇതിന്റെ നിര്‍മ്മാണം ചിലവേറിയതായിരുന്നു. ഇസ്രായേലിലും റോമിലും ചുമന്ന പട്ട് വസ്ത്രം അധികാരത്തിന്റെ അടയാളം കൂടിയായിരുന്നു. രണ്ടാമതായി, ധനവാന്‍ സുഭിക്ഷമായ ഭക്ഷണമുണ്ടായിരുന്നു. മൂന്നാമതായി, ധനവാന്‍ കൊട്ടാരത്തിനകത്തായിരുന്നു. എന്നാല്‍, ഈ ഉപമയിലെ ധനവാന് പേരില്ല.
ഇനി ലാസറിന്റെ കാര്യം. ഒന്നാമതായി, ലാസറെന്ന പേരിന്റെ അര്‍ത്ഥം തന്നെ ‘ദൈവം സഹായിക്കുന്നു’ എന്നതാണ്. അതായത് ഉപമയിലെ ധരിദ്രന് ഒരു പേരുണ്ട്. രണ്ടാമതായി, ലാസര്‍ കൊട്ടാരത്തിന് പുറത്തായിരുന്നു. മൂന്നാമതായി, അവന്‍ വ്രണബാധിതനായിരുന്നു. ഇസ്രായേല്‍ അശുദ്ധ മൃഗമായി കണ്ടിരുന്ന തെരുവ് നായ്ക്കള്‍ പോലും അവന്റെ വ്രണങ്ങള്‍ നക്കിയിരുന്നു എന്ന് പറയുന്നത് അവന്‍ അനുഭവിച്ചിരുന്ന കൊടിയ ദാരിദ്രത്തിന്റെ അവസ്ഥകാണിക്കുവാനാണ്. നാലാമതായി, അവന്റെ ആഗ്രഹം ധനവാന്റെ മേശയില്‍ നിന്ന് വീണിരുന്ന ആഹാരമെങ്കിലും ഭക്ഷിക്കുക എന്നതാണ്. എന്നാല്‍ ഈ ആഗ്രഹം പോലും സാധ്യമാകുന്നില്ല.
സമ്പന്നതയുടെയും ദാരിദ്ര്യത്തിന്റെയും, അകത്ത് മേശക്ക് അരികിലായിരിക്കുന്നതിന്റെയും പുറത്ത് നായ്ക്കളോടെപ്പം ആയിരിക്കുന്നതിന്റെയും, ആഹാരത്തിന്റെയും വിശപ്പിന്റെയും വ്യത്യാസങ്ങള്‍ വരച്ച് കാട്ടികൊണ്ട് സമൂഹത്തിലെ സാമ്പത്തിക അന്തരത്തെ വിമര്‍ശനാത്മകമായി യേശു ചിത്രീകരിക്കുന്നു. ഈ വ്യത്യാസങ്ങള്‍ യേശുവിന്റെ കാലത്ത് മാത്രമല്ല, ഇന്ന് നമ്മുടെ രാജ്യത്തും സമൂഹത്തിലും ഉണ്ടെന്ന് നമുക്കറിയാം. സമ്പത്ത് ഉണ്ടായിരിക്കുന്നത് ഒരു തെറ്റല്ല. എന്നാല്‍, ഒരുവന്‍ സമ്പന്നനായിരിക്കുമ്പോള്‍ അവന്റെ വീട്ടിനടുത്തുളള ദരിദ്രനെ അവഗണിക്കുന്നത് തെറ്റുതന്നെയാണെന്നാണ് യേശു പറയുന്നത്. അമിതമായ ധനം ആ ധനികനെ സാമൂഹിക അന്ധനാക്കി. അമിതമായ പണം മാത്രമല്ല മനുഷ്യനെ അന്ധനാക്കുന്നത് പണത്തെക്കാളുപരി കഴിവിന്റെയും, ശക്തിയുടെയും, അധികാരത്തിന്റെയും, വിജയത്തിന്റെയും കാര്യത്തില്‍ സമ്പന്നരുണ്ട്. ഇവ ആന്തരികമായി സമ്പന്നതകളാണ്. ഇവയും സഹജീവികളെ അവഗണിക്കുന്ന രീതിയില്‍ മനുഷ്യനെ അന്ധനാക്കുന്നു. സുവിശേഷത്തിന്റെ 2- ാം ഭാഗത്തുളള ധനവാനും അബ്രഹാമുമായുളള സംഭാഷണത്തില്‍ നിന്നും ഇത് വ്യക്തമാണ്.
സമ്പന്നതയില്‍ സുരക്ഷിതത്വം കണ്ടെത്തുന്നവര്‍ക്ക് നാശം
‘സാമ്പത്തിക അന്തരത്തെ വിമര്‍ശിക്കുന്ന സുവിശേഷ’ത്തിന്റെ അടിസ്ഥാനത്തിൽ വേണം ഇന്നത്തെ ഒന്നാം വായനയിലെ ആമോസ് പ്രവാചകന്റെ വാക്കുകളെ നാം മനസിലാക്കേണ്ടത്. ബി.സി. 782-747 കാലഘട്ടത്തില്‍ ജറോബോവാം രാജാവിന്റെ കാലഘട്ടത്തില്‍ സമറിയ തലസ്ഥാനമായുളള വടക്കന്‍ ഇസ്രായേലിന് സമ്പല്‍ സമൃദ്ധിയുടെ കാലമായിരുന്നു. സ്വാഭാവികമായും സമൂഹത്തിലെ മേലാളന്‍മാരും അധികാരികളും മതപ്രമുഖരും കൂടുതല്‍ സമ്പന്നരായി; ധാരാളിത്തത്തിലും സുഖലോലുപതയിലും ജീവിച്ച അവർ സാധാരണക്കാരെ (ദരിദ്രരെ) ചൂഷണം ചെയ്യ്തു. ഇത്തരമൊരു ധാരാളിത്ത സമൂഹത്തിനെതിരെ ആമോസ് പ്രവാചകന്‍ പ്രതികരിക്കുന്നു. ആദ്യമായി, ഇത്തരക്കാരെ ദന്തനിര്‍മ്മിതമായ തല്‍പ്പങ്ങളില്‍ വിരിച്ച മെത്തകളില്‍ നിവര്‍ന്ന് ശയിക്കുന്നവരെന്ന് വിളിക്കുന്നു. സുഖലോലുപതയുടെയും അധികാരികള്‍ക്കും നേതാക്കന്‍മാര്‍ക്കും യോജിക്കാത്ത മതിയുടെയും അലസതയുടെയും അടയാളമാണിത്. രണ്ടാമതായി, ഇവരെ ആട്ടിന്‍പറ്റത്ത് നിന്ന് കുഞ്ഞാടുകളെയും, കാലിക്കൂട്ടത്തില്‍ നിന്ന് പശുകിടാങ്ങളെയും ഭക്ഷിക്കുന്നവരെന്ന് വിളിക്കുന്നു. കുഞ്ഞാടുകളും പശുകിടാങ്ങളും ഭാവിയിലേക്കുളള മൂലധനമാണ്. ബുദ്ധിയുളളവരാരും ഇവയെ കൊന്ന് ഭക്ഷിക്കില്ല. വിത്തെടുത്ത് പുഴുങ്ങിതിന്നുന്നതിന് തുല്ല്യമാണിത്. മൂന്നാമതായി, ഇവരെ വീണാ നാദത്തോടൊപ്പം വ്യര്‍ഥ ഗീതങ്ങളാലപിക്കുന്നവരെന്ന് വിളിക്കുന്നു-മദ്യപിച്ച് സുബോധമില്ലാതെ നിര്‍ത്തുവാന്‍ സാധിക്കാതെ പാടുന്നതിന് തുല്ല്യമാണ്. അന്നത്തെ സാമൂഹ്യ സാമ്പത്തിക വ്യവസഥയിലെ ഉച്ചനീചത്വങ്ങളെയും, പൊളളത്തരങ്ങളെയും നിശിതമായി വിമര്‍ശിക്കുന്ന പ്രവാചകന്‍ സുഖിച്ച് മദിക്കുന്ന ഈ തലമുറ, നശിച്ച് പ്രവാസികളായി മാറുമെന്ന് പ്രവചിക്കുന്നു. അവര്‍ പ്രവാചകന്റെ വാക്കുകളെ അവഗണിച്ചു. എന്നാല്‍, ആമോസ് പ്രവാചകന്‍ പറഞ്ഞത് അക്ഷരംപ്രതി സംഭവിച്ചു. ബി.സി. 722-ല്‍ അസറിയാക്കാര്‍ വടക്കന്‍ ഇസ്രായേലിനെ ആക്രമിക്കുകയും, ഈ പ്രദേശത്തെ നാമാവശേഷമാക്കുകയും ചെയ്തു.
2) ആത്മീയ തലത്തില്‍
സുവിശേഷത്തിലെ രണ്ടാംഘട്ടം 22 മുതല്‍ 31 വരെയുളള വാക്യങ്ങളാണ്. ധനവാനും ലാസറും മരിക്കുന്നു. ലാസറിനെ ദൈവദൂതന്‍മാര്‍ അബ്രഹാത്തിന്റെ മടിയിലേക്ക് സംവഹിക്കുന്നു. ധനികന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുന്നു. ഇവടെ ശ്രദ്ധേയമായ ചില ആത്മീയ യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഒന്നാമതായി, ധനികന്‍ അപേക്ഷിക്കുന്നത് തന്റെ വിരല്‍ തുമ്പ് വെളളത്തില്‍ മുക്കി അവന്റെ നാവ് തണുപ്പിക്കാനായി ലാസറിനെ അയക്കണമേ എന്നാണ്. ഭൂമിയിലായിരുന്നപ്പോള്‍ ലാസറിന്റെ വ്രണങ്ങളില്‍ നായ നക്കിയിരുന്നതിന് തുല്ല്യമായ, ഭയാനകമായ രംഗമാണിത്. എന്നാല്‍, അബ്രഹാം ഈ അപേക്ഷ ചെവിക്കൊളളുന്നില്ല. യഹൂദര്‍ അബ്രഹാത്തിന്റെ മക്കളായിരുന്നത് കൊണ്ട് മരണത്തിന് ശേഷം അവരുടെ രക്ഷക്കായി അബ്രഹാം ദൈവത്തോട് വാദിക്കുമെന്നുളള യഹൂദ ചിന്താഗതിക്കുളള യേശുവിന്റെ താക്കീതാണിത്. രണ്ടാമതായി, ലാസറിനെ ധനികന്റെ പിതൃഭവനത്തിലേക്ക് അയച്ച് അയാളുടെ അഞ്ച് സഹോദരന്‍മാര്‍ക്ക് ഈ അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് കൊടുക്കാനായി ധനികന്‍ പറയുന്നു. അതിന് മറുപടിയായും അബ്രഹാം പറയുന്നത് അവര്‍ക്ക് മോശയും പ്രവാചകന്‍മാരും ഉണ്ടെന്നാണ്. അതായത്, യഹൂദ ബൈബിളിലെ രണ്ട് സുപ്രധാന ഘടകങ്ങള്‍ – ഒരു വ്യക്തിക്ക് ആത്മരക്ഷ പ്രാപിക്കെണ്ടതെല്ലാം ഇവയിലുണ്ട്. മറ്റൊരത്ഥർത്തില്‍ പറഞ്ഞാല്‍ നിന്റെ അഞ്ച് സഹോദരന്‍മാര്‍ക്കും ഈ ഒരവസ്ഥ ഉണ്ടാകാത്ത രീതിയില്‍ ഭൂമിയില്‍ ജീവിക്കാനുളള എല്ലാ നിര്‍ദേശങ്ങളും വിശുദ്ധ ഗ്രന്ഥത്തിലുണ്ട്. അവര്‍ അത് വായിച്ച് മനസിലാക്കി അതനുസരിച്ച് ജീവിച്ചാല്‍ മാത്രം മതി. അതിന് വേണ്ടി ഇനി മരിച്ചവന്‍ തിരികെ പോയി പറയേണ്ട ആവശ്യമില്ല. ഭൂമിയിലായിരുന്നപ്പോള്‍ ലാസറിന്റെ ഒരാഗ്രഹമേ നിറവേറ്റപ്പെടാതെ പോയുളളൂ. മരിച്ചതിന് ശേഷം ധനവാന്റെ മൂന്നാഗ്രഹങ്ങളും നിറവേറ്റപ്പെടാതെ പോകുന്നു. അബ്രഹാമിന്റെ മടിയിലെ ലാസറിനെയും ധനികനെയും തമ്മില്‍ വേര്‍തിരക്കുന്ന അഗാതമായ ഗര്‍ത്തം ഇവര്‍ ജീവിച്ചിരുന്ന കാലത്ത് ലാസറില്‍ നിന്ന് ധനികന്‍ പുലര്‍ത്തിയ അകലം തന്നെയാണ്.
ഇന്നത്തെ തിരുവചനം സ്വര്‍ഗ്ഗത്തിലെത്താനുളള വഴിയേത് എന്ന ചോദ്യത്തിനുളള ഉത്തരം നലകുന്നു. ഉത്തരം ഇതാണ്: ഒന്ന് – നമ്മുടെ അയല്‍വക്കത്തെ ദരിദ്രനെ അവഗണിക്കാതിരിക്കുക.
രണ്ട് – ദൈവ വചനം വായിക്കുകയും മനസിലാക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുക.
ആമേന്‍