ദൈവത്തിന് നന്ദി പറഞ്ഞ് മെസ്സിയും ഫാൽക്കോവായും
ദൈവത്തിന് നന്ദി പറഞ്ഞ് മെസ്സിയും ഫാൽക്കോവായും
സ്വന്തം ലേഖകൻ
മോസ്ക്കോ: ദൈവത്തിന് നന്ദി പറഞ്ഞ് മെസ്സിയും ഫാൽക്കോവായും. ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലെ അടുത്ത ഘട്ടത്തിലേയ്ക്ക് തങ്ങളുടെ ടീമുകൾ മുന്നേറുമ്പോൾ, ദൈവത്തിന് നന്ദിപറയുന്നു സൂപ്പർ താരങ്ങളായ മെസ്സിയും, ഫാൽക്കാവോയും.
ലോകകപ്പിന്റെ തുടക്കത്തിൽ തന്നെ പുറത്താകൽ ഭീഷണി നേരിട്ട അർജന്റീന തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നൈജീരിയയെ തോൽപ്പിച്ചാണ് പ്രീ ക്വാർട്ടർ തലത്തിലേയ്ക്ക് മുന്നേറിയത്. ഈ വലിയ വിജയത്തിന് ലയണൽ മെസ്സി മഹത്വം നൽകുന്നത് ദൈവത്തിനാണ്. മെസിയുടെ വാക്കുകൾ ഇങ്ങനെ: “ദൈവം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങളെ ടൂർണമെന്റിൽ നിന്നും പുറത്തു പോകാൻ ദൈവം അനുവദിക്കില്ല എന്ന വിശ്വാസം ടീം അംഗങ്ങൾക്ക് ഉണ്ടായിരുന്നു”. ഇതിലും വലിയൊരു സാക്ഷ്യം ഫുട്ബോൾ ലോകത്തുനിന്ന് ഉണ്ടാകുമോയെന്ന് പലരും കാത്തിരിക്കുന്നു.
അതുപോലെ, കൊളംബിയയുടെ ഏറ്റവും പ്രമുഖ താരമായ റാഡമൽ ഫാൽക്കാവോ ടീമിന്റെ വിജയത്തിനു ശേഷം ഇൻസ്റ്റാഗ്രാമിൽ കുറിച്ചതിങ്ങനെ: “വിശ്വാസിച്ചാൽ നീ ദൈവ മഹത്വം ദർശിക്കും”. യേശുവിലുളള വിശ്വാസം ലോകത്തിനു മുൻപിൽ ഏറ്റു പറയാൻ മടി കാണിക്കാത്ത താരമാണ് ഫാൽക്കാവോ. ഏതാനും നാളുകൾക്ക് മുൻപ് തന്റെ ക്രൈസ്തവ വിശ്വാസത്തെ ചൂണ്ടിക്കാട്ടി ഇങ്ങനെ പറഞ്ഞിരുന്നു: ‘എല്ലാം നേടാൻ നമ്മുക്ക് സാധിക്കുമെന്നും എന്നാൽ ആത്മീയ സംതൃപ്തി നേടാൻ സാധിച്ചില്ലായെങ്കിൽ നാം ഒന്നുമില്ലാത്തവരെ പോലെയായിരിക്കുമെന്നുമോർക്കുക’
ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ഏറ്റവും ആവേശത്തില്‍ നടക്കുമ്പോഴും കളിക്കളത്തില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചും, കുരിശ് വരച്ചും, ജപമാല അണിഞ്ഞും, ബൈബിള്‍ വചനങ്ങള്‍ സോഷ്യൽ മീഡിയകളിൽ കുറിച്ചിട്ടും തങ്ങളുടെ വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ താരങ്ങള്‍ മടി കാണിക്കുന്നില്ലായെന്നത് വളരെ ശ്രദ്ധേയമാണ്.