Kazhchayum Ulkkazchayum

തോൽക്കുമ്പോൾ തളർന്നു പോകാതിരിക്കാൻ

കാലത്തിന്റെ ചുവരെഴുത്തുകളെ നോക്കി വായിക്കുവാനും, കാലോചിതമായ രീതിയിൽ വ്യാഖ്യാനിക്കുവാനും നമുക്ക് കഴിയണം

സ്കൂൾ വാർഷികത്തിന്റെ ഭാഗമായി കലാ-കായിക മത്സരം നടത്തുകയാണ്. ഓട്ട മത്സരത്തിൽ പങ്കെടുക്കുവാനുള്ളവർ “ചെസ്റ്റ് നമ്പർ” വാങ്ങിക്കണം. കുട്ടികളുടെ പേര് വിളിച്ചു. യു.പി. വിഭാഗം റോഷൻ ആന്റണി പേര് വിളിച്ചിട്ടും ഗ്രൗണ്ടിൽ എത്തിയില്ല. അധ്യാപകരും കുട്ടികളും നോക്കിനിൽക്കെ അവൻ അതാ പള്ളിയിൽ നിന്ന് സന്തോഷത്തോടെ ഇറങ്ങിവരുന്നു. അധ്യാപകൻ റോഷനോട് ചോദിച്ചു “മത്സരത്തിൽ ജയിക്കാൻ” പ്രാർത്ഥിക്കാൻ പോയതാണോ? റോഷൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു “മത്സരത്തിൽ തോറ്റാൽ തളർന്നു പോകാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കാൻ പോയതാണ്”. റോഷന്റെ മനോഭാവം ജീവിതത്തിൽ അനുകരിക്കാൻ പറ്റുന്ന നല്ലൊരു മാതൃകയാണ്. ജീവിതത്തിൽ സുഖവും, ദുഃഖവും, ജയവും, പരാജയവും സ്വാഭാവികമാണ്. എല്ലായ്പ്പോഴും എല്ലാ കാര്യത്തിലും എല്ലാവർക്കും വിജയം ലഭിക്കണമെന്നില്ല. എന്നാൽ തോൽവി സംഭവിക്കുമ്പോൾ അത് എങ്ങനെ നേരിടണം എന്ന് നമുക്ക് അറിയില്ല. പരിശ്രമിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മളെക്കാൾ കൂടുതൽ കഴിവും പരിശീലനവും കിട്ടിയവർ ജയിക്കുക എന്നത് സ്വാഭാവികം. അത് അംഗീകരിക്കുവാനുള്ള നല്ല മനസ്സും മനോഭാവവും വളർത്തിയെടുക്കുക എന്നത് പരമപ്രധാനമാണ്. ജീവിതത്തിൽ തോൽവി ഉണ്ടാകുമ്പോൾ തളർന്ന്, നിരാശരായി, അന്തർമുഖന്മാരായി ലഹരിക്ക് അടിമപ്പെടുന്നവരെ നാം കാണാറുണ്ട്. എന്നാൽ പ്രാർത്ഥനയിലൂടെ, യോഗയിലൂടെ, ധ്യാനത്തിലൂടെ, സംസർഗത്തിലൂടെ പരാജയങ്ങളെ വിജയത്തിലേക്കുള്ള സാധ്യതകളാക്കി മാറ്റാൻ നമുക്ക് കഴിയണം. എല്ലാവർക്കും എല്ലാകാര്യത്തിലും മികവ് പുലർത്താൻ കഴിയുകയില്ലെന്ന യാഥാർത്ഥ്യവും നാം അംഗീകരിച്ചേ മതിയാവൂ. മറ്റുള്ളവരുടെ കഴിവുകളെയും വിഷയങ്ങളെയും ആദരിക്കുകയും, അംഗീകരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക “മാനസിക പക്വത”യുടെ ലക്ഷണമാണ്.

ദൈവദാനമായി കിട്ടുന്ന താലന്തുകളെ (കഴിവുകളെ) പ്രാർത്ഥനാപൂർവ്വം പരിശീലിപ്പിച്ച് മികവു പുലർത്തേണ്ടത് നമ്മുടെ കടമയാണ്. ഒരു സുപ്രഭാതത്തിൽ ആരും കലാകാരന്മാരോ, കായിക താരങ്ങളോ ആകുന്നില്ല. ചിട്ടയായ ജീവിതചര്യ, നിരന്തരമായ പരിശ്രമം, ജ്വലിക്കുന്ന ആഗ്രഹം, ലക്ഷ്യബോധം, ഉന്നതമായ ചിന്തയും, ഉൾക്കാഴ്ചയും ഉന്നത വിജയത്തിലേക്ക് നമ്മെ കൈ പിടിച്ചു നടത്തുന്ന ഘടകങ്ങളാണ്. നമുക്കറിയാവുന്നത് പോലെ അടിസ്ഥാനം നന്നായാൽ മാത്രമേ മെച്ചപ്പെട്ട വിധത്തിൽ തുടർന്ന് പണിതുയർത്താൻ കഴിയൂ.

പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന മക്കളും മാതാപിതാക്കളും ഇക്കാര്യം ഓർത്തിരിക്കണം. താഴ്ന്ന ക്ലാസുമുതൽ പ്രാഥമികപാഠങ്ങൾ സ്വായക്തമാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. കുട്ടികൾ വളർന്നുവരുമ്പോൾ പ്രാഥമിക പാഠങ്ങൾ അനുഭവത്തിൽ നിന്ന് പഠിച്ചു കൊള്ളുമെന്ന വികലമായ കാഴ്ചപ്പാടാണ് ഇന്നത്തെ വിദ്യാഭ്യാസ നയം. “ആശയവും ആമാശയവും” ഒന്നല്ല എന്ന തിരിച്ചറിവുണ്ടാകണം. കാലത്തിന്റെ ചുവരെഴുത്തുകളെ നോക്കി വായിക്കുവാനും, കാലോചിതമായ രീതിയിൽ വ്യാഖ്യാനിക്കുവാനും നമുക്ക് കഴിയണം. അനുഭവജ്ഞാനമില്ലാത്ത, ഉപരിപ്ലവമായി ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന ഒരു പുത്തൻ തലമുറ വളർന്നു വരുന്നുണ്ട്. ജാഗ്രതയോടെ അവരെ ദിശാബോധത്തോടെ നയിച്ചില്ലെങ്കിൽ ഭാവി ഇരുണ്ടടഞ്ഞതായിത്തീരും. സമഗ്രമായ വ്യക്തിത്വത്തിന്റെ ഉടമകളായിത്തീരാൻ സനാതന മൂല്യങ്ങളെയും, ബോധ്യങ്ങളെയും മുറുകെപ്പിടിച്ച് മുന്നേറുന്ന, ദൈവ ഭയമുള്ള, ദൈവ മയമുള്ള ഒരു പുത്തൻ സംസ്കാരത്തിനായി നമുക്ക് യത്നിക്കാം. ദൈവ അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker