തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷന്റെ ഹ്രസ്വചിത്രം ‘കയർ’ പ്രദർശനത്തിനെത്തുന്നു
തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷന്റെ ഹ്രസ്വചിത്രം 'കയർ' പ്രദർശനത്തിനെത്തുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മീഡിയ കമ്മീഷൻ തയ്യാറാക്കിയ ‘കയർ’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രിവ്യു, അതായത് പരസ്യ പ്രദര്‍ശനത്തിനു മുമ്പുള്ള സ്വകാര്യപ്രദര്‍ശനം നടത്തപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട സദസ്സിനു മുന്നിൽ ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ക്യാമ്പസിലെ, ബിഷപ്പ് ബെൻസിഗർ ഹാളിൽ വച്ചായിരുന്നു പ്രദർശനം.
പത്തുമിനിറ്റ് മാത്രം ദൈർഖ്യമുള്ള ഈ ഹ്രസ്വചിത്രത്തിനുവേണ്ടി, ഉദ്ദേശിക്കുന്ന ആശയം സമൂഹത്തിൽ എത്തിക്കുന്നതിന് വേണ്ടി തീക്ഷ്ണതയോടും ത്യാഗത്തോടും കൂടി തങ്ങളുടെ സമയവും കഴിവുകളും സംയോജിപ്പിക്കാൻ കാണിച്ച ഇച്‌ഛാശക്‌തിയെ അഭിനന്ദിക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് സൂസൈപാക്യം പറഞ്ഞു. തുടർന്ന്, ഈ ഹ്രസ്വചിത്രത്തിന്റെ യാഥാർഥ്യത്തിനായി ഒത്തുകൂടിയവരാരും ഇതോടുകൂടി പിരിഞ്ഞു പോകരുത്, ഇനിയും കൂടുതൽ ഉദ്യമങ്ങളുമായി മുന്നോട്ട് പോകണമെന്ന് ബിഷപ്പ് ക്രിസ്തുദാസ് ആഹ്വാനം ചെയ്തു.
ഒരു മൽസ്യതൊഴിലാളിയുടെ കഥ പറയുന്നതാണ് ഈ ഹ്രസ്വചിത്രമെന്നും, മൽസ്യതൊഴിലാളികളുടെ അതിജീവനത്തിന്റെയും അവരുടെ വിശ്വാസ തീക്ഷ്ണതയുടെയും വരച്ചുകാട്ടലാണ് ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജീവൻ കൊണ്ട ഈ ഹ്രസ്വചിത്രമെന്ന് ഫാ.ദീപക് പറഞ്ഞു.
അതുപോലെതന്നെ, മികച്ച ഡോക്യുമെന്റെറിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ കെ.വി. സെൽവമണിയെയും, ഈ ഹ്രസ്വചിത്രത്തിന്റെ പൂർത്തികരണത്തിനായി വിവിധ മേഖലകളിൽ പ്രവർത്തിച്ചവരെയും ആദരിച്ചു.
കെ.സി.ബി.സി.യുടെ ഹ്രസ്വചിത്ര മത്സരത്തിന്റെ ഭാഗമായിക്കൂടെയാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ഫാ. ദീപക്കിന്റെ നേതൃത്വത്തിലാണ് ഈ ഹ്രസ്വചിത്രം പൂർത്തിയായിരിക്കുന്നത്.