ജീവന്റെ വാതായനങ്ങളെ കൊട്ടിയടക്കുന്നു, നിർബന്ധിത വന്ധ്യംകരണത്തിന് സർക്കാരുകളുടെ ഒത്താശയും…
കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് പത്തനംതിട്ട മലങ്കര കത്തോലിക്കാ രൂപത
ജോസ് മാർട്ടിൻ
പത്തനംതിട്ട: ആഗോള കത്തോലിക്കാ സഭ കുടുംബവർഷമായി ആചരിക്കുമ്പോൾ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് പത്തനംതിട്ട രൂപത. കർത്താവിന്റെ ദാനമാണ് മക്കളെന്നും, ‘നാം ഒന്ന് നമുക്ക് ഒന്ന്, നാം രണ്ട് നമുക്ക് രണ്ട്’ എന്നിങ്ങനെയുള്ള ആപ്തവാക്യങ്ങൾ സൃഷ്ടിച്ച് ജീവന്റെ വാതായനങ്ങളെ സർക്കാരുകൾ കൊട്ടിയടക്കുകയും, നിർബന്ധിത വന്ധ്യംകരണത്തിന് നേതൃത്വം നൽകുകയും ചെയ്യുന്നുവെന്നും ഡോ.സാമുവേൽ മാർ ഐറേനിയോസ് പറഞ്ഞു.
രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപതാ അംഗങ്ങള്‍ക്കാണ് സഹായനൽകുക. നാലോ അതിലധികമോ കുട്ടികളുളള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപത നല്‍കുന്നതാണ് പദ്ധതി. കൂടാതെ, നാലാമത്തെ കുഞ്ഞിന്റെ ജനനം മുതല്‍ പ്രസവ ചെലവിലേക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ നല്‍കുമെന്നും, ഇത്തരം കുടുംബങ്ങളില്‍ നിന്നുളളവര്‍ക്ക് സഭാ സ്ഥാപനങ്ങളില്‍ ജോലിക്ക് മുന്‍ഗണന നല്‍കുമെന്നും, ഈ കുടുംബങ്ങളിൽ നിന്നുളള കുഞ്ഞുങ്ങൾക്ക് രൂപതയുടെ സ്കൂളുകളിൽ അഡ്മിഷന് മുൻഗണന നൽകുകയും ഈ കുടുംബങ്ങളുടെ ആത്മീയ കാര്യങ്ങൾ നിറവേറ്റുന്നതിനും അവരെ സഹായിക്കുന്നതിനും ഒരു വൈദികനെ അവരുടെ ആദ്ധ്യാത്മിക നിയന്താതാവായി നിയമിക്കുമെന്നും, ഒരു സിസ്റ്ററിനെ ഇവരുടെ ആനിമേറ്ററായി നൽകുമെന്നും സർക്കുലറിൽ പറയുന്നു. കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ദമ്പതികളെ ഒരുക്കുന്നതിനു വേണ്ടി, കുടുംബവര്‍ഷാചരണവുമായി ബന്ധപ്പെട്ടാണ് ഈ നടപടികളെന്നും രൂപതാ അധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് വിവരിക്കുന്നുണ്ട്.
കൂടാതെ, വർഷത്തിൽ ഒരിക്കൽ ഈ കുടുംബങ്ങളെ ഒന്നിച്ച് കൂട്ടി രൂപതാധ്യക്ഷൻ അവരോടൊപ്പം സമയം ചെലവഴിക്കുന്നതാണെന്നും ജീവന്റെ മൂല്യത്തെപ്പറ്റി ആവശ്യമായ ബോധവൽക്കരണം നൽകുന്നതിനും, കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ദമ്പതികളെ ഒരുക്കുന്നതിനും വേണ്ടി പ്രോ ലൈഫ് മിനിസ്ട്രി കുടുംബപ്രേഷിത കാര്യാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നതാണെന്നും പത്തനംതിട്ട രൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
സർക്കുലറിന്റെ പൂർണ്ണരൂപം